(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) മാര്‍ച്ച്, 1985
1956-ലാണെന്ന് തോന്നുന്നു, ദല്‍ഹിയില്‍ ഒരു അഖിലേന്ത്യാ പുസ്തകപ്രദര്ശനം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍. നമ്മുടെ ഡോക്ടര്‍ കെ. എം. ജോര്‍ജ് അന്ന് അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയാണ്. ഇന്ന് നാഷണല്‍ ബുക് ട്രസ്റ്റ് ചെയര്‍മാനായിരിക്കുന്ന കെ. ആര്. കൃപലാനിയാണ് അന്നത്തെ സെക്രട്ടറി.
ആറാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം.
മലയാളപുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യാനുള്ള ചുമതല എന്റെ തലയില്‍ വന്നുകൂടി.
മലയാളവിഭാഗം മോശമായിക്കൂടാ; പ്രത്യേകിച്ചു ജോര്‍ജുകൂടി അവിടെ ഉള്ളപ്പോള്‍.
അന്ന് മലയാളത്തില്‍ കിട്ടാവുന്ന ഭേദപ്പെട്ട പുസ്തകങ്ങളെല്ലാം പ്രദര്‍ശിപ്പിക്കണം. ‘കിട്ടാവുന്ന’ എന്നു പറഞ്ഞാല്‍ വില്പനയ്ക്കുള്ള എന്ന അര്‍ത്ഥത്തിലേ എടുക്കാവൂ. അതു സംഭരിക്കാന്‍ എനിക്ക് ഒട്ടും ക്ലേശിക്കേണ്ടിവന്നില്ല. ഞാന്‍ അന്ന് നാഷനല്‍ ബുക്സ്റ്റാളിന്റെ ജനറല്‍ മാനേജരാണ്. അവിടെ, കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും വില്പനയ്ക്കുണ്ടായിരുന്നു. എത്ര ക്ലേശം സഹിച്ചും എല്ലാ മലയാളപുസ്തകങ്ങളും സംഭരിച്ചുവയ്ക്കുന്ന ഒരു ഏര്‍പ്പാടാണ് അക്കാലത്തുണ്ടായിരുന്നത്.
(എന്‍.ബി.എസ്.ന്റെ അന്നത്തെ മുദ്രാവാക്യംതന്നെ ‘എല്ലാ മലയാളപുസ്തകങ്ങള്ക്കും എന്‍. ബി. എസ്.’ എന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍ എന്‍. ബി. എസ്. ഇന്ന് അവിടെനിന്നും വളരെ ദൂരം പിന്നോട്ട് പോയിരിക്കുന്നു.) അപ്പോള്‍ പിന്നെ കിട്ടാനില്ലാത്ത അപൂര്‍വ ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ മാത്രം എനിക്കു ശ്രദ്ധിച്ചാല്‍മതി. അതത്ര എളുപ്പമുള്ള കാര്യമല്ല. ഏതാണ്ട് രണ്ടു നൂറ്റാണ്ടുകാലത്തെ പുസ്തകങ്ങളാണ് വേണ്ടത്. 18-ാം നൂറ്റാണ്ടില്‍ ഒരൊറ്റ പുസ്തകമേ മലയാളത്തില്‍ ഉണ്ടായിട്ടുള്ളു. അടുത്ത നൂറ്റാണ്ടില്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങളില്‍ ശ്രദ്ധിേക്കണ്ടവ പത്തിലധികമില്ല. ഇവയുടെ ഓരോ പ്രതി സമ്പാദിക്കാനുള്ള ശ്രമം തുടങ്ങി ഞാന്‍.
മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകംതന്നെ ആദ്യം തേടിപ്പിടിച്ചുകളയാം. 1772-ല്‍ റോമില്‍ അച്ചടിച്ച, ഫാദര്‍ ക്ലെമന്റ് പിയാനിയസ് എഴുതിയ, സംക്ഷേപവേദാര്ത്ഥമാണത്. അന്നേക്ക് 184 വര്‍ഷം മുമ്പു പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണെങ്കിലും അതിന്റെ മൂന്നോ, നാലോ പ്രതി കേരളത്തില്‍ ഉള്ളതായി എനിക്കറിയാം. അതിലൊന്ന് എറണാകുളത്തെ എ. ഡി. ഹരിശര്‍മയുടെ കൈവശമാണെന്നും ഞാന്‍ അറിഞ്ഞിരുന്നു. അദ്ദേഹത്തെ കണ്ട്, അതു വാങ്ങി. എന്റെ ഏറ്റം അടുത്ത ഒരു സുഹൃത്തായിരുന്നു ശര്‍മ. എങ്കിലും പുസ്തകം എന്നെ ഏല്പിച്ചുതരാന് അദ്ദേഹത്തിനു സ്വല്പം വിഷമമുണ്ടായിരുന്നു. ദല്‍ഹിക്കു കൊണ്ടുപോകാനല്ലേ. വല്ലേടത്തും നഷ്ടപ്പെട്ടാലോ. അന്ന് ആ പുസ്തകം വിദേശമാര്ക്കറ്റില് എങ്ങാനും എത്തിച്ചു കൊടുത്താല്‍ ഒന്നോ, അതിലധികമോ ലക്ഷം രൂപ കിട്ടും.
ഈ ലേഖനത്തിന്റെ തലക്കെട്ട് ‘ആദ്യത്തെ പുസ്തകം തേടി’ എന്നാണ്. ആദ്യത്തെ പുസ്തകം കിട്ടിയല്ലോ എന്നും വായനക്കാര്‍ക്കു തോന്നാം; എന്നിട്ട്, വായന ഇവിടെ അവസാനിപ്പിക്കാമല്ലോ എന്നും. പക്ഷേ, നിങ്ങള്‍ക്കു തെറ്റി.
ഞാന്‍ ഇവിടെ ആദ്യത്തെ പുസ്തകം എന്നുദ്ദേശിച്ചത്, മലയാളനാട്ടില് ആദ്യം അച്ചടിച്ച പുസ്തകമാണ്. അത് ബൈബിളിലെ പുതിയ നിയമമാണ്. 1828-ല്‍ കോട്ടയത്ത് അച്ചടിച്ചതാണ് എന്നൊക്കെ നിങ്ങള്‍ പറയുമെന്ന് എനിക്കറിയാം. ശരി.
(ഇംഗ്ലണ്ടില്‍നിന്ന് 1817-ല്‍ കോട്ടയത്തെത്തിയ ബെഞ്ചമിന്‍ ബെയിലിയാണ് കേരളത്തില്‍ മലയാളം അച്ചടി നടപ്പാക്കിയത്. കോട്ടയത്ത് 1821-ല്‍ അദ്ദേഹം ഒരച്ചുക്കൂടം സ്ഥാപിച്ചു—ഇന്നത്തെ സി. എം. എസ്. പ്രസ്സ്. ഇവിടെ ആദ്യം അച്ചടിച്ച പുസ്തകം ‘പുതിയ നിയമം’ ആണെന്നാണ് 1980 ജനുവരി വരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ 1924-ല്‍ ഇതേ പ്രസ്സില്‍ അച്ചടിച്ച ‘ചെറുപൈതങ്ങളുടെ ഉപകാരാര്‍ത്ഥം ഇംക്ലീശില്നിന്നു പരിഭാഷപ്പെടുത്തിയ കഥകള്‍’ എന്ന 197 പേജുള്ള ഒരു പുസ്തകം ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയില്‍ നിന്നു കണ്ടുപിടിച്ചതോടെ ആദ്യത്തെ പുസ്തകത്തെപ്പറ്റിയുള്ള ധാരണ മാറ്റേണ്ടിവന്നു. 1824-നു മുമ്പ് രണ്ടോ, മൂന്നോ ലഘുഗ്രന്ഥങ്ങള്‍ അച്ചടിച്ചിട്ടുണ്ടെന്നു വരാം. കേനോപനിഷത്ത്, ഈശാവാസ്യോപനിഷത്ത്, വിശുദ്ധ മത്തായിയുടെ സുവിശേഷം ഇവയില്‍ ഏതെങ്കിലും ഒന്നോ, രണ്ടോ അല്ലെങ്കില്‍ എല്ലാമോ ആവാം, അതെന്നും സംശയിക്കാന്‍ ന്യായമുണ്ട്.)
പുതിയ നിമയം തേടിയുള്ള യാത്ര അത്ര വിഷമംപിടിച്ച യാത്ര എന്നു പറയാനൊന്നുമില്ല. കോട്ടയത്തുതന്നെയല്ലേ? എളുപ്പം ഞാന്‍ സി. എം. എസ്. പ്രസ്സിലെത്തി, ഒരു ദിവസം രാവിലെ 10 മണിക്ക്. മാനേജരോട് ദല്‍ഹിയിലെ പുസ്തകപ്രദര്‍ശനത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞു. അവിടെ നമ്മുടെ പുസ്തകം — കോട്ടയത്തിന് എന്നും അഭിമാനിക്കാവുന്ന ആദ്യത്തെ പുസ്തകം — പ്രദര്‍ശിപ്പിക്കണമല്ലോ. എന്റെ വിശദീകരണമെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ പ്രസ്സ് മാനേജരുടെ മറുപടി ഏതാണ്ടിങ്ങനെയായിരുന്നു:
‘പുതിയ നിയമം ഇവിടെ അടിച്ചതാണെന്നും ഞാനും കേട്ടിട്ടേയുള്ളു. ഞാനതു കണ്ടിട്ടില്ല. 125-ലധികം വര്‍ഷമായില്ലേ? അതൊക്കെ നശിച്ചിരിക്കും. ഏതായാലും ഇവിടെ ആ പുസ്തകമില്ല. എന്നെനിക്കുറപ്പുണ്ട്.’
എനിക്കു തലചുറ്റലോ, ബോധക്കേടോ വരുമെന്നു തോന്നി. ഇനി എവിടെനിന്നാണ്, ആ പുസ്തകം കണ്ടുകിട്ടുക? ഈ പുസ്തകം കിട്ടാത്ത സ്ഥിതിക്കു മറ്റേ ‘പുതിയ നിയമം’ (1811-ല്‍ ബോംബെയില്‍ അച്ചടിച്ചത്. ഇന്ത്യയില്‍ ആദ്യം അച്ചടിച്ച മലയാളപുസ്തകം) കിട്ടുന്ന കാര്യത്തെപ്പറ്റി ആലോചിക്കയേ വേണ്ട. അങ്ങനെ ഏതാണ്ടൊരു അര്‍ദ്ധബോധാവസ്ഥയില്‍ താടിക്കു കൈയും കൊടുത്ത് ഒന്നും സംസാരിക്കാനാവാതെ പത്തോ പതിനഞ്ചോ മിനിറ്റ് ഞാനവിടെ ഇരുന്നു. നിരാശയുടെ നെല്ലിപ്പലക കണ്ടിരിക്കുന്നു. ഇനി എന്തിന് ദല്ഹിപ്രദര്ശനത്തില് പങ്കെടുക്കണം എന്ന ചിന്തയോടെ ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ ആ മുറിയില്‍ മാനേജരുടെ ഇരിപ്പിടത്തുനിന്നു മൂന്നടിയകലെ ഒരു അലമാരിയില്‍ എന്റെ ശ്രദ്ധ എങ്ങനെയോ എത്തിപ്പിടിച്ചു. ഏഴടിയില്‍ കുറയാതെ പൊക്കമുള്ള മരംകൊണ്ടുള്ള അലമാരിയാണ്. അതിന്റെ മുകളില്‍ കുറെ പലകക്കഷണങ്ങളും മറ്റും കൂട്ടിവച്ചിട്ടുണ്ട്. ഏറ്റവും മുകളിലിരിക്കുന്നത് ഏതോ പുസ്തകമാണെന്നു തോന്നി. അരനൂറ്റാണ്ടു കാലത്തെയെങ്കിലും പൊടിമൂടിയ ഒരു സാധനം.
ഞാന്‍ ഒരു സ്റ്റൂള് എടുത്തിട്ട് അതില്‍ കയറിനിന്നുകൊണ്ട് മുകളിലത്തെ പുസ്തകം എത്തിപ്പിടിച്ചെടുത്തു. അനങ്ങാതെ അതുകൊണ്ടിറങ്ങി മുറ്റത്തു ചെന്ന് പൊടിതട്ടിക്കളഞ്ഞിട്ടു പുസ്തകം തുറന്നു. ഞാന്‍ തേടിച്ചെന്ന പുസ്തകംതന്നെ — പുതിയനിയമം. അതു കണ്ടുകിട്ടിയതില്‍ എന്നെക്കാള്‍ അത്ഭുതം മാനേജര്‍ക്ക്. പുസ്തകം മേശപ്പുറത്തുവച്ചിട്ട് വീണ്ടും കയറി. മറ്റൊരു പുസ്തകംകൂടി കണ്ടെടുത്തു. അതിന്റെ സൈസ് ആദ്യം കിട്ടിയ പുസ്തകത്തിന്റെ ഇരട്ടിയുണ്ട്. സി. എം. എസ്. പ്രസ്സില്‍ അച്ചടിച്ച നിഘണ്ടുക്കളില്‍ ഏതോ ഒന്നാവണം. പൊടി കളഞ്ഞു തുറന്നപ്പോള്‍ അത്ഭുതം ഇരട്ടിച്ചു. 1811-ല്‍ ബോംബെയില്‍ അച്ചടിച്ച പുതിയ നിയമം.
ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരുന്നു അത്. രണ്ടു പുസ്തകവും ഞാന്‍ എടുത്തുകൊണ്ടുപോന്നു. ഭംഗിയായി തോല്ബയന്റ് ചെയ്തു. ദല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചു. ഒടുവില്‍ രണ്ടുംകൂടി ഒരു കടലാസുപെട്ടിയിലാക്കി. പെട്ടിയുടെ മുകളില്‍ കട്ടികൂടിയ അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതി ഒട്ടിച്ചു: ‘1829-ല്‍ സി. എം. എസ്. പ്രസ്സില്‍ അച്ചടിച്ച പുതിയ നിയമവും 1811-ല്‍ ബോംബെയിലടിച്ച പുതിയ നിയമവും. രണ്ടും വളരെ വിലപിടിച്ച പുസ്തകങ്ങളാണ്. ഭദ്രമായി സൂക്ഷിക്കുക. ആരെങ്കിലും വന്നുചോദിച്ചാല്‍ എടുത്തുകൊടുക്കരുത്.’