പഴയ സോവിയറ്റ് യൂണിയനിലെ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാണിച്ചു. നമ്മുടെ നാട്ടിലേതുപോലുള്ള സിനിമകള്‍ സെക്സും അക്രമവും കുത്തിനിറച്ചവ അവിടെ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. മുതിര്‍ന്നവര്‍ക്കു കാണാന്‍ അനുവദിച്ചിട്ടുള്ള പല സിനിമകളും കുട്ടികളുടെ മുമ്പില്‍ പ്രദര്ശിക്കുന്നതിനെയും അവിടെ നിരോധിച്ചിട്ടുണ്ട്.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഏപ്രില്‍ 5, 1994
സുപ്രീംകോടതിയുടെ ഒരു വിധിയെപ്പറ്റി ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഞാന്‍ വളരെക്കാലമായി പറയുന്നതും എഴുതുന്നതുമായ കാര്യങ്ങളുടെ വിജയം എന്ന നിലയിലും ഞാന്‍ വിധി കാണുന്നു. ചരിത്രപ്രസിദ്ധമാകാവുന്ന ഈ വിധി വന്നത് ഏപ്രില്‍ അഞ്ചിനാണ്. വിധികര്‍ത്താക്കള്‍ ജസ്റ്റീസ് കെ.ജയചന്ദ്രറെഡ്ഡിയും ജസ്റ്റീസ് ജി.എന്‍. റേയും. സെക്സും അക്രമങ്ങളും കുത്തിനിറച്ച ചലച്ചിത്രങ്ങള്‍ക്കു പ്രദര്‍ശനാനുമതി നല്കരുതെന്നു സെന്‍സര്‍ ബോര്‍ഡിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജീവിതമൂല്യങ്ങളെ ഹനിക്കാത്ത ചിത്രങ്ങള്‍ക്കു മാത്രമേ അനുമതി നല്‍കാവൂ.
മദ്രാസിലെ ഓട്ടോ ശങ്കറും കൂട്ടുകാരും വധശിക്ഷയ്ക്ക് എതിരെ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടുള്ളതാണ് വിധി. ഓട്ടോ ശങ്കറുടെ കഥ വായനക്കാര്‍ മറന്നിരിക്കും. പത്തുപന്ത്രണ്ട് വര്‍ഷം മുമ്പാണെന്നു തോന്നുന്നു ശങ്കറിന്റെ പേരില്‍ കേസ് എടുത്തത്. ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടിരുന്ന ശങ്കര്‍ പലവിധ മറിമായങ്ങളിലൂടെ കോടീശ്വരനായി മാറുന്നു. പോലീസ് ഉദ്യോഗസ്ഥന്മാര്ക്ക് അയാളുടെ നേരെ നോക്കാന്‍പോലും ധൈര്യമില്ലാത്ത അവസ്ഥ ഉണ്ടായി. ഭരണകര്‍ത്താക്കളില്‍ ചിലരുടെ മനസ്സറിവോടെയാണത്രെ ശങ്കര്‍ പല കുറ്റകൃത്യങ്ങളും ചെയ്തിരുന്നത്. കൊലപാതകം അയാളുടെ ഒരു ഹോബിയായിരുന്നുപോലും. കൊല ചെയ്യപ്പെട്ടവരെ, ശങ്കര്‍ തന്റെ വിശാലമായ ‘കൊട്ടാര’ത്തിന്റെ അകത്തളങ്ങളിലും ഇടവഴികളിലുമൊക്കെ കുഴിച്ചുമൂടിയിരുന്നു. സി.ബി.ഐ.യാണ്, ഇയാളുടെ പേരില്‍ കേസ് എടുത്തതെന്ന് ഓര്‍മ്മ. തെളിവുകിട്ടിയത് ആറ് കൊലപാതങ്ങള്‍ക്ക് മാത്രം!
ശങ്കര്‍ സുപ്രീംകോടതിയില്‍ നല്കിയ ദയാഹര്‍ജിയില്‍, സിനിമയിലെ അക്രമങ്ങളും സെക്സുമാണ്, തന്നെ കൊലപാതകങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നു പറഞ്ഞിരുന്നു. അയാളുടെ അഭിഭാഷകനായ എസ്. മുരളീധര്‍, ഇത്തരം സിനിമ നിര്‍മ്മിക്കുന്നതും ഓട്ടോ ശങ്കര്‍ കുറ്റവാളിയായതിന് ഉത്തരവാദികളാണെന്നു വാദിച്ചു. ഈ വാദത്തോട് കോടതി യോജിപ്പു പ്രകടിപ്പിക്കയുണ്ടായി. ചലച്ചിത്രങ്ങള്‍ വിദ്യാഭ്യാസമൂല്യം ഉള്ക്കൊള്ളുന്നവയായിരിക്കണമെന്നു കോടതി എടുത്തുപറഞ്ഞു. സിനിമയിലെ പല അനാശാസ്യമായ കീഴ്വഴക്കങ്ങളും മാറ്റണമെന്നും കോടതിക്ക് അഭിപ്രായമുണ്ട്. സിനിമയുടെ പ്രാഥമികലക്ഷ്യം കലയുടെയും സംസ്കാരത്തിന്റെയും പ്രോത്സാഹനമാണെന്നിരിക്കേ അശ്ലീലവും ക്രൂരതയും അതുപോലുള്ള അസംബന്ധങ്ങളും എന്തിനിങ്ങനെ പെരുപ്പിച്ചുകാണിക്കുന്നു എന്നു കോടതി ചോദിച്ചു. ”നായികമാര്‍ ശരീരത്തിന്റെ മുക്കാല്‍ഭാഗവും പ്രദര്ശിപ്പിച്ചുകൊണ്ടേ സ്ക്രീനില്‍ പ്രത്യക്ഷപ്പെടാവൂ എന്ന് എവിടെ പറഞ്ഞിരിക്കുന്നു?” 76 പേജ് വരുന്ന വിധിന്യായത്തില്‍ ജഡ്ജിമാര്‍ ചോദിച്ചു. മനുഷ്യജീവിതത്തിലെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം ഓരോ സിനിമയിലും ഉണ്ടാവണമെന്ന് സെന്‍സര്‍ ബോര്‍ഡ് ഉറപ്പാക്കണം, കോടതി ചൂണ്ടിക്കാട്ടി. വിധിയില്‍ നാലുപേജ് മുഴുവനും സിനിമയെ നന്നാക്കാന്‍ വേണ്ടി മാറ്റിവെച്ചിരിക്കയാണ്.
ടെലിവിഷനിലൂടെ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളെയും കോടതി വെറുതെ വിട്ടിട്ടില്ല. സിനിമയ്ക്കു ബാധകമായ എല്ലാ നിയമങ്ങളും ടെലിവിഷനും ബാധകമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ”ടി.വി.യില്‍ പ്രദര്‍ശിപ്പിക്കാന്‍ ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണം. മനുഷ്യന്റെ സ്വഭാവരൂപീകരണത്തില്‍ കാര്യമായ പങ്ക് വഹിക്കാന്‍ സിനിമയ്ക്കും ടി.വി.ക്കും കഴിയും. കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും യുവജനങ്ങളുടെയും വസ്ത്രധാരണത്തിലും ചലനങ്ങളിലും പെരുമാറ്റത്തിലുമെല്ലാം സിനിമയുടെയും ടെലിവിഷന്റെയും സ്വാധീനം വളരെ പ്രകടമാണ്. അതുപോലെ സിനിമയിലെ നായകന്റെയോ വില്ലന്റെയോ ശൈലിയിലാണ്, ചില കുറ്റവാളികള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതും.” ജഡ്ജിമാര്‍ തുടര്‍ന്നു.
(ഓട്ടോ ശങ്കര്‍ എന്നറിയപ്പെടുന്ന ഗൗരീ ശങ്കര്‍, എല്ഡിന് എന്ന ആല്‍ബര്‍ട്ട്, ശിവജി എന്നിവരെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ചെങ്കല്‍പെട്ട് സെഷന്‍കോടതി 1991-ലാണ് വിധി പ്രസ്താവിച്ചത്. മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും കീഴ്ക്കോടതി വിധി ശരിവെച്ചു. സുപ്രീം കോടതി, ഓട്ടോ ശങ്കര്‍, എല്ഡിന് എന്നിവരുടെ വധശിക്ഷ ശരിവയ്ക്കുകയും ശിവജിയുടെ ശിക്ഷ ജീവപര്യന്തമാക്കുകയും ചെയ്തു.)
കഴിഞ്ഞ വെള്ളിയാഴ്ച (ഇതെഴുതുന്നത് 15-ാം തീയതി വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ്.) വൈകിട്ട് കുറവിലങ്ങാട് ഹൈസ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട സാംസ്കാരികസമ്മേളനത്തില്‍, ജസ്റ്റീസ് റെഡ്ഡിയുടെയും ജസ്റ്റീസ് റേയുടെയും ഈ വിധിയുടെ കാര്യം ഞാന്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. നമ്മുടെ സാംസ്കാരികചരിത്രത്തിലെ ഒരു സംഭവം എന്ന നിലയില്‍ ഇത് കാണണമെന്ന് അവിടെ കൂടിയിരുന്ന രക്ഷാകര്‍ത്താക്കളോടും അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ഞാനപേക്ഷിച്ചു. പഴയ സോവിയറ്റ് യൂണിയനിലെ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാണിച്ചു. നമ്മുടെ നാട്ടിലേതുപോലുള്ള സിനിമകള്‍ സെക്സും അക്രമവും കുത്തിനിറച്ചവ അവിടെ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല. മുതിര്‍ന്നവര്‍ക്കു കാണാന്‍ അനുവദിച്ചിട്ടുള്ള പല സിനിമകളും കുട്ടികളുടെ മുമ്പില്‍ പ്രദര്ശിക്കുന്നതിനെയും അവിടെ നിരോധിച്ചിട്ടുണ്ട്. നമ്മുടെ ടി.വി.യില്‍, ദൂരദര്ശന് മാത്രമല്ല ഇനി വരാന്‍ പോകുന്ന കൂട്ടരും, സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരിക്കുന്ന പരിധിക്കപ്പുറത്തേക്കു കടന്നാല്‍ ഇന്ത്യയില്‍ എവിടെയായാലും ഏതു കോടതിയിലും കേസ് കൊടുക്കണം. ഗാട്ടിനെ എതിര്‍ക്കുന്നവര്‍, എന്തുകൊണ്ട് നമ്മുടെ മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ‘പാശ്ചാത്യസംസ്കാരത്തിന്റെ കളി’കളുടെ നേരെ കണ്ണടയ്ക്കുന്നു?