(കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 23.8.1996
ആഗസ്റ്റ് 18. പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസേനാസമിതിയുടെ വാര്‍ഷികം. എസ്.ദാമോദരന്‍ എക്സ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം മുന്ഗവര്ണര് കെ.എം. ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യസമരഭടന്മാരെ വേണ്ടവിധം അംഗീകരിക്കുന്ന കാര്യത്തില്‍ ഗവണ്മെന്റ് കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ന്യായമായ എല്ലാ അവകാശങ്ങളും അംഗീകരിക്കപ്പെടണം. ഇതിനാവശ്യമായ എല്ലാ പിന്തുണയും താന്‍ നേതൃത്വം നല്കുന്ന ഫ്രീഡംഫൈറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ നല്‍കുമെന്നും പ്രൊഫ. ചാണ്ടി ഓര്‍മ്മിപ്പിച്ചു.
പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസേനാസമിതിയില് മാത്രമേ 100 ശതമാനം യഥാര്‍ത്ഥ ഭടന്മാരുള്ളു എന്നു ഞാന്‍ ആമുഖമായി പ്രസ്താവിച്ചു. ഞാന്‍ പ്രസിഡണ്ടായുള്ള സംഘടന ഉള്‍പ്പെടെ എല്ലാ സംഘടനകളിലും ‘വ്യാജന്മാര്’ ധാരാളമുണ്ടെന്നും ഞാന്‍ ചൂണ്ടിക്കാണിച്ചു. ധാരാളംപേര്‍ അനര്‍ഹമായ പെന്ഷന് വാങ്ങുന്നു. 1991-ല്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ച ഒരാനുകൂല്യമാണ്, കെ.എസ്.ആര്.ടി.സി. ബസ്സുകളില്‍ സ്വാതന്ത്ര്യസമരഭടന്മാര്ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നുള്ളത്. അത് ഇന്നുവരെ നടപ്പിലാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രി നായനാരും ട്രാന്‍സ്പോര്‍ട്ട് മന്ത്രി കുറുപ്പും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. കൂത്താട്ടുകുളം മാത്യുജോണും വാവച്ചനും കെ.പി.ഗോപാലനും മറ്റും തുടര്‍ന്നു പ്രസംഗിച്ചു. ഉച്ചകഴിഞ്ഞുള്ള യോഗത്തില്‍ സി.പി.എം. സെക്രട്ടറി ചടയന്‍ഗോവിന്ദന്‍ മുഖ്യപ്രസംഗകനായിരുന്നു. പുന്നപ്ര-വയലാര്‍ സമരസേനാനികള്‍ പൊരുതുന്ന ജനങ്ങളുടെ ആവേശമായി എന്നും നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണ്ണായകപങ്ക് വഹിച്ചവരാണ് ഇവര്‍. ഈ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കാണാത്തവര്‍ തൊഴിലാളികളുടെ പങ്കിനെ നിഷേധിക്കുന്നവരത്രെ. നാട്ടുരാജ്യങ്ങളുടെ ഭരണമവസാനിപ്പിച്ച് ഉത്തരവാദഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരമായിരുന്നു പുന്നപ്ര-വയലാര്‍ സമരം. ഇത് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന നിലപാട് തീര്‍ത്തും തെറ്റാണെന്നും ചടയന്‍ അഭിപ്രായപ്പെട്ടു.
പുന്നപ്ര-വയലാര്‍ സമരത്തിന്റെ 50-ാം വാര്‍ഷികം ചേര്‍ത്തലയില്‍ ഒക്ടോബര്‍ 27-നു വലിയതോതില്‍ ആചരിക്കുമെന്നു സമിതിയുടെ ജനറല്‍ സെക്രട്ടറി എന്‍.കെ.രാഘവന് അറിയിച്ചു. (1946 ഒക്ടോബര്‍ 13-നു സര് സി.പി.രാമസ്വാമിഅയ്യര് പട്ടാളഭരണം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23 മുതല്‍ 27 വരെയായിരുന്നു വയലാറിലെ സമരം. 600-ലധികം പേര് ഇവിടെമരിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്. പുന്നപ്രയില്‍ 166 പേരും.) പുന്നപ്ര-വയലാറിനെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ എം.ടി. ചന്ദ്രസേനന്റെ ‘പുന്നപ്ര-വയലാര്‍ ജ്വലിക്കുന്ന അധ്യായങ്ങള്‍’ എന്ന പുസ്തകവും കെ.സി. ജോര്‍ജ് രചിച്ച ‘പുന്നപ്രവയലാറും’ ആണ്.