(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഫെബ്രുവരി 6, 1986
സുപ്രീംകോടതി ജഡ്ജി ആയിരുന്ന വി.ആര്. കൃഷ്ണയ്യര്‍ രണ്ടാഴ്ചമുമ്പ് കാബൂള്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന് പ്രസിഡണ്ട് എന്ന നിലയിലാണ് അദ്ദേഹം അവിടെ പോയത്. അഫ്ഗാന് ലോയേഴ്സ് അസോസിയേഷന്റെ ക്ഷണമനുസരിച്ച്.
കാബൂളില്‍ കണ്ട കാര്യങ്ങളും അതിന്റെ വിലയിരുത്തലും ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. അത് വായിച്ചപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് കാബൂളില്‍ കഴിച്ചുകൂട്ടിയ ഒരു ദിവസത്തിന്റെ ഓര്മ പൊന്തിവന്നു.
28 വര്‍ഷം മുമ്പത്തെ കാര്യമാണ്. ശരിക്കു പറഞ്ഞാല്‍ 1959 ജൂലൈ. മോസ്കോയിലേക്കുള്ള യാത്രയ്ക്കിടയില്‍ കാബൂളില്‍ തങ്ങിയതാണ്. തങ്ങേണ്ടിവന്നതാണ് എന്നു പറയുന്നതാവും കൂടുതല്‍ ശരി.
ദല്‍ഹിയില്‍നിന്ന് കാബൂളിലേക്കു പോയത് അഫ്ഗാന് എയര്വോസുകാരുടെ ഒരു വിമാനത്തിലാണ്. ഒരു ദിവസം പാതിരാ കഴിഞ്ഞ് വിമാനം ദല്‍ഹിയില്‍നിന്നു ഞങ്ങളെയുംകൊണ്ട് പറന്നുയര്‍ന്നു. കുറച്ചു മിനിറ്റുകള്‍ക്കുശേഷം തിരിയെ താഴെയിറങ്ങി. അടുത്ത ദിവസത്തേക്കു മാറ്റി യാത്ര. അന്ന് അതിരാവിലെ പുറപ്പെട്ടു. ഇടയ്ക്ക് അമൃത്സരസ്സിലിറങ്ങി കാപ്പികുടിച്ചു. ഇന്ത്യാകാഫിഹൗസുകാരുടെ റെസ്റ്റോറന്റ്. മിസ്സിസ് കൃഷ്ണയ്യരും ഞാനുംകൂടി ഒരു മേശയില്‍. കൃഷ്ണയ്യര്‍ കുറെ ദൂരം ഒറ്റയ്ക്ക്. റൊട്ടിയും ബട്ടറും കട്ലറ്റുമായിരുന്നു കാപ്പിക്ക് വിഭവങ്ങള്‍. ഞങ്ങള്‍ പ്രത്യേകം പറഞ്ഞ് വെജിറ്റബിള്‍ കട്ലറ്റ് വാങ്ങി. കൃഷ്ണയ്യര്‍ കട്ലറ്റ് എടുത്തു കടിച്ചിട്ട് വായ് കോട്ടുകയും കണ്ണുരുട്ടുകയുമൊക്കെ ചെയ്യുന്നതു കണ്ടു. ഞങ്ങള്‍ക്കു കാര്യം പിടികിട്ടി. മട്ടനാണ് അദ്ദേഹത്തിനു കിട്ടിയതെന്നു വ്യക്തം. അദ്ദേഹവും കടുത്ത സസ്യഭുക്കാണ്.
അമൃത്സരസ്സില്നിന്ന് വീണ്ടും പറന്ന് കാബൂളിലെത്തി. ഭാഗ്യം. ആ വിമാനത്തെപ്പറ്റി ഞാന്‍ എന്‍.ബി.എസ്സിലെ വാസുപിള്ളയ്ക്ക് എഴുതിയത് ‘ഒളശ്ശബസ്സിനെക്കാള് മോശമായ വാഹനം’ എന്നാണ്. ‘വാസുപിള്ള ദിവസവും കോട്ടയം-ഒളശ്ശബസ്സില് യാത്രചെയ്യുന്ന ആളാണ്, അന്നും ഇന്നും.’
അന്ന്, സോവിയറ്റ് യൂണിയന്റെ ഏറോഫ്ളോട്ട് ഇന്ത്യയിലേക്കു വരാന്‍ തുടങ്ങിയിട്ടില്ല. എയര്‍ ഇന്ത്യ മോസ്കോയ്ക്കും (ഇതേപ്പറ്റി ഒടുവില്‍ സ്വല്പംകൂടി പറയാനുണ്ട്). ദല്‍ഹിയില്‍നിന്ന് കാബൂള്‍, അവിടെനിന്ന് താഷ്കണ്ട്. പിന്നെ താഷ്കണ്ട്-മോസ്കോ ഇങ്ങനെവേണം യാത്ര.
ഞങ്ങളുടെ ‘ഒളശ്ശബസ്’ കാബൂളിലെത്തിയപ്പോള് താഷ്കണ്ടിലേക്കുള്ള വിമാനം പോയിക്കഴിഞ്ഞിരുന്നു. അന്നവിടെ തങ്ങിയേ മതിയാവൂ. പലര്‍ക്കും നിരാശ. എനിക്ക് സന്തോഷം. കാരണം, അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം ഒരു ദിവസംകൊണ്ടെങ്കിലും കാണാമല്ലോ എന്ന വിചാരം.
ഉച്ചഭക്ഷണം കഴിഞ്ഞ് നഗരം കാണാന്‍ പരിപാടിയിട്ടു. പ്രധാന മാര്‍ക്കറ്റിലേക്കു പോകാനാണ് പ്ലാന്‍. ഒരു ടോംഗാ ഏര്‍പ്പാടുചെയ്തു. ഞങ്ങളുടെ പാര്‍ട്ടിയില്‍ കൃഷ്ണയ്യര്‍ ദമ്പതികള്‍ക്കു പുറമെ മറ്റൊരു മാന്യന്കൂടി ഉണ്ട്. കൃഷ്ണയ്യരെപ്പറ്റി ഒരു കാര്യം പറയാന്‍ വിട്ടുപോയി. അന്ന് അദ്ദേഹം കേരളത്തില്‍ മന്ത്രിയാണ്. ഇ.എം.എസ്. മന്ത്രിസഭയില്‍ നിയമവും ജലസേചനവും മറ്റുമായിരുന്നു വകുപ്പുകള്‍.
ടോംഗാക്കാരനോട് പേശി ചാര്‍ജ് ഏര്‍പ്പാടുചെയ്തത് ഞാനാണ്. എനിക്ക് അക്കാലത്ത് കുറച്ചു ഹിന്ദിവശമുണ്ടായിരുന്നു. ഹിന്ദി അറിയാമെങ്കില്‍ ഉറുദുവിന്റെ കാര്യം കുഴപ്പമില്ല. ഉറുദുവും പേര്‍ഷ്യനുമായി എന്തോ ബന്ധമുണ്ട്. അതുകൊണ്ടാണ് ഞാന്‍ കാബൂളില്‍ കഴിച്ചുകൂട്ടിയത്. എന്റെ ഹിന്ദിയിലെ പത്തുവാക്കില്‍ കഷ്ടിച്ചു മൂന്നോ നാലോ വാക്ക് ടോംഗാവാലയ്ക്ക് മനസ്സിലായിരിക്കും. അയാള്‍ പറയുന്നതില്‍ അത്രയുമൊക്കെ എനിക്കും. ഏതായാലും വണ്ടിയുടെ ചാര്‍ജ് നിശ്ചയിച്ചത് ഞങ്ങള്‍ ഇരുവര്‍ക്കും കാര്യം മനസ്സിലായിട്ടാണ്. മാര്‍ക്കറ്റില്‍ പോയിവരാന്‍ ഏഴര രൂപയാണ് ഉറപ്പിച്ച കൂലി. അല്പസ്വല്പം പേശിയെന്നു പറഞ്ഞല്ലോ.
വണ്ടിയില്‍ കയറാന്‍നേരത്ത് കൃഷ്ണയ്യര്‍ ചോദിച്ചു: ‘ഡീസീ കൂലി ഉറപ്പിച്ചിട്ടാണോ വണ്ടി ഏര്‍പ്പാടു ചെയ്തത്.’ ‘ആണല്ലോ. ബിസിനസ് ആണ് എന്റെ തൊഴില്‍ എന്നറിയില്ലേ’ എന്നായിരുന്നു മറുപടി. ഏഴരരൂപയാണ് കൂലിയെന്നു കേട്ടപ്പോള്‍ അവര്‍ ഞെട്ടി. വണ്ടി വേണ്ടാ, നടന്നുപോകാമെന്ന് അഭിപ്രായമുണ്ടായി. അന്നത്തെ ഏഴര രൂപയ്ക്ക് ഇന്നത്തെ എഴുപത്തഞ്ചുരൂപയുടെ വലിപ്പമുണ്ട്, പിന്നെ ഞങ്ങളുടെ കൈയില്‍ വളരെ കുറച്ചു തുകയേ ഉള്ളുതാനും. സാരമില്ല വണ്ടിയില്‍തന്നെ പോകാമെന്ന് ഞാനും. ‘ഗുട്ടന്‍സ്’ ആദ്യം ഞാന്‍ വിട്ടുകൊടുത്തില്ല. ഒടുവില്‍ പറഞ്ഞു:
ഒരു ഇന്ത്യന്‍ രൂപയ്ക്ക് പത്ത് അഫ്ഗാന് രൂപ കിട്ടും, അന്നത്തെ ഔദ്യോഗികനിരക്കനുസരിച്ച്. മാര്‍ക്കറ്റില്‍ 13 രൂപയും കിട്ടും. അപ്പോള്‍ ഏഴര രൂപയെന്നു കാബൂളില്‍വച്ചു പറഞ്ഞാല്‍ 75 ഇന്ത്യന്‍ പൈസ എന്നാണര്‍ത്ഥം. ഞാന്‍ കാബൂളില്‍ പോയതിനെപ്പറ്റി മുമ്പൊരിക്കല്‍ ഈ കോളത്തില്‍ത്തന്നെ പറഞ്ഞിരുന്നു. ആദ്യമായി ഇന്ത്യയ്ക്കു പുറത്തു കാലുകുത്തിയ ദിവസം. പക്ഷേ, ഞാനവിടെ ഇറങ്ങിയ ഉടനെ ചെയ്ത കാര്യം എന്റെ വാച്ച് കാബൂള്‍ സമയമനുസരിച്ചു തിരിച്ചുവച്ചു. പിന്നെ 15 മിനിറ്റിനകം ഇന്ത്യന്‍രൂപയും അഫ്ഗാന്രൂപയുമായുള്ള ബന്ധവും മനസ്സിലാക്കി. ഇന്നും ഞാന്‍ ഏതു വിദേശരാജ്യത്ത് എത്തിയാലും ആദ്യം ചെയ്യുന്നത് ഈ രണ്ടു കാര്യങ്ങളാണ്.
ഞങ്ങള്‍ കാബൂളില്‍നിന്ന് താഷ്കണ്ടിലേക്കും അവിടെനിന്ന് മോസ്കോയിലേക്കും പോയി. കുറെ ദിവസം കഴിഞ്ഞ് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്കോമിനും. തിരിയെ മോസ്കോയില്‍ വന്നിട്ട് വിചാരിച്ചതിലധികം കാലം അവിടെ കഴിച്ചുകൂട്ടി. മോസ്കോയിലുള്ള സമയത്ത് പലപ്പോഴും നമ്മുടെ അംബാസഡര്‍ കെ.പി.എസ്. മേനോനെ കാണും. ഒരു ദിവസം മേനോന് പറഞ്ഞു: ‘മോസ്കോ-ദല്‍ഹി സര്‍വീസ് തുടങ്ങുന്നു. പ്രാരംഭപറക്കലായി നമ്മുടെ ഒരു വിമാനം അടുത്തയാഴ്ച വരും. കമ്യൂണിക്കേഷന്‍സ് സെക്രട്ടറി എം.എം. ഫിലിപ്പ് ആണ് സംഘത്തിന്റെ നേതാവ്. ഡീസീക്കു വേണമെങ്കില്‍ അതില്‍ പോകാം രാജകീയമായിട്ട്.’
എനിക്ക് അന്ന് ദല്‍ഹിക്കു മടങ്ങാന്‍ തരപ്പെട്ടില്ല. പിന്നീട് റഷ്യക്കാരുടെ ഏറോഫ്ളോട്ടിലാണ് ഞാന്‍ വന്നത്. അക്കാലത്താണ് ദല്‍ഹി-മോസ്കോ സര്‍വീസ് തുടങ്ങിയതെന്ന് ഓര്മിപ്പിക്കാന്വേണ്ടിയാണ് ഇവിടെ ഇക്കാര്യം സൂചിപ്പിച്ചതുതന്നെ.