(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) സെപ്റ്റംബർ 27, 1996
പരലോകത്തുനിന്നു കിട്ടിയ ഒരു കത്ത് ഞാന്‍ രഹസ്യമായി സൂക്ഷിക്കാമെന്നുവച്ചു, ആദ്യം. പിന്നെ തോന്നി വേണ്ട, എന്റെ വായനക്കാര്‍ അതറിയട്ടെ എന്ന്. കത്തിലെ ചുരുക്കം മാത്രം താഴെ ചേര്‍ക്കുന്നു:
ഗാന്ധിജി ഇവിടെ എത്തിയത് 1948 ജനുവരി 30-നാണ്. 1964 മെയ് 27-നു ജവഹര്‍ലാല്‍ എത്തിയപ്പോള്‍ ഗാന്ധിജി അദ്ദേഹത്തെ സ്വീകരിക്കാന്‍ മുന്നിലെത്തി. 1984 ഒക്ടോബര്‍ 31-ന് ഇന്ദിരാഗാന്ധി എത്തിയെന്നറിയിച്ചപ്പോള് ഗാന്ധി സ്വീകരിക്കാനെത്തിയില്ല. രാജീവ്ഗാന്ധി ഉള്‍പ്പെടെ പലരുടെ കാര്യത്തിലും ഈ നിലപാട് തന്നെ ഗാന്ധിജി സ്വീകരിച്ചു. പലരും ഇതേപ്പറ്റി അദ്ദേഹത്തോട് സംസാരിച്ചു. പുഞ്ചിരിതൂകി അതെല്ലാംകേട്ട ഗാന്ധിജി ഒടുവില്‍ ഇങ്ങനെ പറഞ്ഞു. ”ഇനി ഞാന്‍ ഒരാളെ സ്വീകരിക്കാന്‍ മാത്രമേ വരൂ.”
എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. ആരാണത്, ആരാണത്? പലരും പതുക്കെ പറഞ്ഞു. നെഹ്റു ഉച്ചത്തില്‍ ചോദിച്ചു, ”ബാപ്പുജീ ആരാണത്?”
മഹാത്മാവ് സ്വരം ഉയര്‍ത്തി ഇങ്ങനെ പറഞ്ഞു:
”റാവു, നരസിംഹറാവു. അദ്ദേഹം മാത്രമാണ്, എന്റെ ആഗ്രഹം സാധിച്ചത്. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് 1947-ല്‍തന്നെ ഞാന്‍ പറഞ്ഞിരുന്നു. ആരും അത് ഗൗനിച്ചില്ല. റാവു ഇപ്പോള്‍തന്നെ 90 ശതമാനം നടപ്പാക്കി. ഇങ്ങോട്ടുവരുംമുമ്പ് 100 ശതമാനം തികയ്ക്കുമെന്ന് എനിക്കുറപ്പുണ്ട്.”