ഈ ‘പരസ്യരോഗം’പടര്‍ന്നുപിടിച്ചത് ഏതാണ്ട് 1970-നു ശേഷമാണ് എന്നു തോന്നുന്നു. റീത്ത് വയ്ക്കുന്നവരുടെ പേര് പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങിയതോടെ രോഗം വര്‍ദ്ധിച്ചുവെന്നു പറയാം.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഏപ്രില്‍, 1985
ഞാന്‍ അന്നുച്ചയ്ക്ക് തൃശൂര്നിന്ന് കോട്ടയത്തേക്കു പുറപ്പെടാനായി ഇറങ്ങിയതാണ്. ഇടയ്ക്ക് ഊണുകഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി. അപ്പോള്‍ കറന്റ് ബുക്സില്‍നിന്ന് ജയപാല്‍ വന്ന് എന്നോടു പറഞ്ഞു, നമ്മുടെ ഉറൂബ് മരിച്ചുപോയി, എന്ന്.
വിശ്വസിക്കാന്‍ തോന്നിയില്ല. തലേദിവസം വൈകിട്ടാണു ഞാന്‍ കോട്ടയത്തുനിന്നു പോന്നത്. അന്നോ ഒരു ദിവസം മുമ്പോ ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു.
സാഹിത്യ അക്കാദമിയിലേക്ക് ഫോണ്‍ ചെയ്തു. സംഗതി വാസ്തവമാണ്. മൃതദേഹം വൈകുന്നേരം തൃശൂരെത്തുമെന്നും അക്കാദമിഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്നുംകൂടി മനസ്സിലായി. അന്ന് പി. സി. കുട്ടിക്കൃഷ്ണന് അക്കാദമിയുടെ പ്രസിഡണ്ടാണ്.
ഞാന്‍ നേരേ അക്കാദമിയിലേക്കു പോയി. കറന്റ് ബുക്സിലേക്കു വിളിച്ച് ഒരു റീത്ത് ശരിപ്പെടുത്തിക്കൊടുത്തയയ്ക്കാന് പറഞ്ഞു. താമസിയാതെ റീത്തു കിട്ടി.
മൃതദേഹം എത്തിച്ചേര്‍ന്നു. റീത്തുസമര്പ്പണമാണ് ആദ്യത്തെ ചടങ്ങ്. റീത്ത് വയ്ക്കുന്നതിന് ഓരോരുത്തരെയായി വിളിച്ചു. എന്റെ മുറ വന്നപ്പോള്‍, ഞാന്‍ റീത്തെടുത്ത്, പൊതിഞ്ഞിരുന്ന കടലാസ് അഴിച്ചുമാറ്റി. പ്രതീക്ഷിക്കാത്ത, ഞാന്‍ പറയാത്ത ഒരു കാര്യം പെട്ടെന്നു കണ്ണില്‍പ്പെട്ടു. റീത്തിന്റെ മദ്ധ്യത്തില്‍ കുറുകെ ‘ഡി. സി. ബുക്സ് കോട്ടയം’ എന്ന് ഇംഗ്ലീഷില്‍ സാമാന്യം വലിയ അക്ഷരത്തില്‍ എഴുതിയ ഒരു ബാനര്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. നിമിഷങ്ങള്‍ക്കകം ആ ബാനര്‍ അഴിച്ചുമാറ്റിയിട്ട് റീത്ത് സമര്‍പ്പിച്ചു.
എന്നിട്ടു മാറിനിന്നു നോക്കിയപ്പോള്‍ എല്ലാ റീത്തിലും പേര് തുന്നിച്ചേര്ത്തിട്ടുണ്ടെന്നു മനസ്സിലായി. പിന്നെയും പലരും റീത്തു വയ്ക്കുന്നുണ്ട്. എല്ലാത്തിന്റെയും കഥ തഥൈവ. ഹോ, ഭാഗ്യം ഒരു റീത്തുകൂടി പേരില്ലാതെ വയ്ക്കുന്നു — സി. അച്യുതമേനോന്. മുപ്പതിലേറെ റീത്തുകളുണ്ടായിരുന്നു. അതില്‍ രണ്ടു മാത്രമാണ് പരസ്യത്തിന്റെ ചുവയില്ലാത്തത്.
വലിയൊരു ഫലിതപ്രിയന്കൂടി ആയിരുന്ന കാമ്പിശ്ശേരി കരുണാകരന്, മെഡിക്കല്‍കോളേജ് ആശുപത്രിയില്‍വച്ചാണു മരിച്ചത്. മരിക്കുന്നതിനുമുമ്പ് നിര്‍ബന്ധമായി പറഞ്ഞുവച്ച കാര്യങ്ങളിലൊന്ന് തന്റെ മൃതദേഹത്തില്‍ ആരെയും റീത്തുവയ്ക്കാന്‍ അനുവദിച്ചുകൂടാ എന്നായിരുന്നു. തന്റെ മൃതശരീരം പരസ്യങ്ങള്‍ പതിക്കാനുള്ള ഒരു സ്ഥലമായിരിക്കരുതെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കണം.
ഈ ‘പരസ്യരോഗം’പടര്‍ന്നുപിടിച്ചത് ഏതാണ്ട് 1970-നു ശേഷമാണ് എന്നു തോന്നുന്നു. റീത്ത് വയ്ക്കുന്നവരുടെ പേര് പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങിയതോടെ രോഗം വര്‍ദ്ധിച്ചുവെന്നു പറയാം.
ഇന്ന് കെ. പി. കരുണാകരപ്പിഷാരടിയുടെ ശവസംസ്കാരത്തിനു ചെന്നപ്പോള്‍ കണ്ട റീത്തുകളുടെ കഥയും മുമ്പു പറഞ്ഞതുതന്നെ.