(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഡിസംബര്‍ 17, 1993
ആകാശവാണിയുടെ മലയാള പ്രക്ഷേപണത്തിന്റെ സുവര്‍ണ്ണജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ഗവര്‍ണര്‍ വക്കം പുരുഷോത്തമന് ചെയ്ത പ്രസംഗത്തില്‍നിന്നു കുറച്ചു കാര്യങ്ങള്‍ മാത്രം ഇവിടെ ചേര്‍ക്കുന്നു. ”കേരളത്തിലെപ്പോലെ പത്രം വായിക്കുന്ന ഒരു ജനത ലോകത്തില്‍ മറ്റെങ്ങുമില്ല. വികസിതരാജ്യങ്ങളില്‍ വളരെ കുറച്ചുപേര്‍ മാത്രമാണു പത്രം വായിക്കുന്നത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും പത്രം വായിക്കുന്നവരുടെ എണ്ണം തീരെ കുറവാണ്.” കേരളത്തിലെ ഒരു പത്രമാണ് ഇന്ത്യയിലെ ഏറ്റവും പ്രചാരം കൂടിയ പത്രമെന്ന കാര്യത്തില്‍ മലയാളികള്‍ക്കാകമാനം അഭിമാനിക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി. പത്രംപോലെതന്നെ കേരളത്തിലെ എല്ലാ കുടിലുകളിലും റേഡിയോ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു. താന്‍ കേരളത്തില്‍ കാര്ഷികമന്ത്രിയായിരുന്ന കാലത്താണ് ആകാശവാണി കാര്‍ഷികരംഗം തുടങ്ങുന്നതെന്ന കാര്യം വക്കം ഓര്‍മ്മിച്ചു. അദ്ദേഹം തുടര്‍ന്നു: ”ടി.വി. യുടെ പ്രവര്‍ത്തനം ആകാശവാണിയെ കുറച്ചൊക്കെ അപകടത്തിലാക്കിയിട്ടുണ്ടാവും. പുസ്തകത്തിന് എന്തു സംഭവിച്ചിട്ടുണ്ടെന്ന് ഡീസിക്കേ പറയാനാവൂ.”
പിന്നെ, ആന്‍ഡമാന്‍സ് ദ്വീപുകളെപ്പറ്റി കുറേയധികം വിവരം അദ്ദേഹം നിരത്തിവച്ചു; നമ്മള് കേട്ടിട്ടുള്ളതും ഇല്ലാത്തതും എല്ലാം. ഇതാ, അതില്‍ ചിലത്, ”വെള്ളം കയറി മൂടിക്കിടക്കുമ്പോള്‍ ഞങ്ങള്‍ക്ക് 300 ദ്വീപുമാത്രമേയുള്ളു. വെള്ളം ഇറങ്ങിയാല്‍ അത് 500 ആകും. വളരെ കുറച്ച് ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളു. അതിമനോഹരമായ ഈ ദ്വീപുകളില്‍ 85 ശതമാനവും വനമാണ്. ഇത് എങ്ങനെ നശിപ്പിക്കാതിരിക്കാമെന്നുള്ള ശ്രമത്തിലാണ്, ഞങ്ങള്‍ ഭരണാധികാരികള്‍. വികസനപ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നു എന്നു പറഞ്ഞുകൂടാ. കൃഷിക്കും വ്യവസായത്തിനും വളരെ സാദ്ധ്യതയുള്ള സ്ഥലമാണ്, ആന്‍ഡമാന്‍. താത്പര്യമുള്ളവരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. മത്സ്യബന്ധത്തിനുള്ള സാദ്ധ്യതയും ഏറെയുണ്ട്. പക്ഷേ, ഒന്നും നടക്കുന്നില്ല. മീനെല്ലാം വയസ്സ് ചെന്നു ചാകുന്നു! ഈയിടെ തായ്ലാണ്ടില്നിന്നുവന്ന ഒരു കപ്പല്‍ നമ്മുടെ കടലില്‍ അനധികൃതമായി മീന്‍പിടിച്ചു. അവരെ നമ്മള് പിടികൂടി. അമ്പതു ലക്ഷം രൂപയുടെ മീനുണ്ടായിരുന്നു കപ്പലില്‍. ആന്‍ഡമാനിലെ കുടിയേറ്റക്കാരില്‍ ഒന്നാംസ്ഥാനം ബംഗാളികള്‍ക്കാണ്. രണ്ടാംസ്ഥാനം തമിഴര്‍ക്കും മൂന്നാം സ്ഥാനം മലയാളികള്ക്കുമത്രെ. ഇവിടെ 30 ഭാഷകള്‍ സംസാരിക്കുന്നു. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്രയധികം, ഭാഷകള്‍ സംസാരിക്കുന്നില്ല. സ്കൂളുകളില്‍ ആറേഴു ഭാഷകള്‍ പഠിപ്പിക്കുന്നുണ്ട്.
(ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ വിസ്താരം 8249 ച.കി. മീറ്ററാണ്. ജനസംഖ്യ 2,78,000 മാത്രം. തലസ്ഥാനം പോര്‍ട്ട്ബ്ലയര്‍. പ്രധാന ഭാഷകള്‍ ബംഗാളി, ഹിന്ദി, നിക്കോബാറീസ്, തെലുങ്ക്, തമിഴ്, മലയാളം. സാക്ഷരത 74 ശതമാനം. ആകെ 3,000 ദ്വീപുകളാണുള്ളത്. ഒട്ടുമുക്കാലും തീരെ ചെറുത്. മദ്രാസില്നിന്നും കല്‍ക്കത്തയില്‍നിന്നും കപ്പലുണ്ട്. കല്ക്കത്തയില്നിന്ന് എയര്‍ സര്‍വീസും.)
എന്റെ പ്രസംഗത്തില്‍, ആന്‍ഡമാന്റെ ഒരു പ്രത്യേകതകൂടി ചൂണ്ടിക്കാണിച്ചു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഒട്ടുവളരെ പേരെ ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കിലേറ്റി. വളരെയധികം പേരെ മര്‍ദ്ദിച്ചുകൊന്നു. ഇനിയും ഒരു കൂട്ടം ആളുകളെ ആന്‍ഡമാനില്‍ തടവിലാക്കി. അങ്ങനെ കുറ്റവാളികളെ നാടുകടത്തുന്ന സ്ഥലമായി ആന്‍ഡമാനെ മാറ്റിയിരുന്നു. പ്രധാനപ്പെട്ട ജയില്‍ ഇന്നൊരു ദേശീയ സ്മാരകമായി സൂക്ഷിക്കുന്നുണ്ട്.
ദൂരദര്‍ശനുമായുള്ള മത്സരത്തില്‍ ആകാശവാണി ആദ്യമൊന്നു മങ്ങിപ്പോയെങ്കിലും പെട്ടെന്നു പിടിച്ചുകയറി എന്നും ഞാന്‍ പറഞ്ഞു. മത്സരത്തില്‍ അവര്‍തന്നെ മുന്നിലെത്തി. പ്രഭാതഭേരി ഏറെ പ്രസിദ്ധമായ പരിപാടിയത്രെ. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ തുറന്നുകാട്ടുന്നതില്‍ ആകാശവാണി അങ്ങേയറ്റം വിജയിച്ചു എന്നു പറയാതെ തരമില്ല. മലയാള പ്രക്ഷേപണത്തിന്റെ 50-ാം വാര്‍ഷികമാഘോഷിക്കുന്ന ഈ സമയത്തെങ്കിലും മലയാളവാര്ത്തയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. രാത്രി 10 മണികഴിഞ്ഞ് അഞ്ചുമിനിറ്റായാലും പ്രധാന ലോകവാര്‍ത്തകള്‍ മലയാളത്തില്‍ പ്രക്ഷേപണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഗോപി കൊടുങ്ങല്ലൂരാണ്, ആകാശവാണിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പ്രബന്ധം അവതരിപ്പിച്ചത്. ടി.വി. ഏബ്രഹാം, കെ.എം. റോയി, പി.കെ. നാരായണന്, രാമചന്ദ്രന് കടന്നപ്പള്ളി, ഫാദര്‍ ജോര്‍ജ്ജ് ഇടയാടി, കുര്യന് ജോയി, കുറിച്ചി സദന്, കെ.സി. വേണു എന്നിവരും പ്രസംഗിച്ചു.