സാഹിത്യകാരിയെന്ന നിലയില്‍ അവര്‍ ചെയ്തുകൂട്ടിയിട്ടുള്ള കാര്യങ്ങള്‍ കുറച്ചൊന്നുമല്ല. 75 ലധികം കൃതികളുടെ കര്ത്രിയാണവര്. കര്ത്രിയെന്ന പ്രയോഗം സ്വല്പമൊന്നു മാറ്റാവുന്നതാണ്; കാരണം ഒട്ടേറെ കൃതികള്‍ വിവര്ത്തനമത്രെ.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) 1993 ഒക്ടോബര്‍ 25
ആനി തയ്യില്‍ എറണാകുളത്ത് അന്തരിച്ചത് ഒക്ടോബര്‍ 21 നായിരുന്നു. ആനി, രണ്ടുമൂന്നാഴ്ച ആശുപത്രിയില്‍ കിടന്നെങ്കിലും, മരിക്കുന്നതിനു മൂന്നുമണിക്കൂര്‍മുമ്പ് മാത്രമാണ് ഞാനറിയുന്നത്. എന്നെപ്പോലെതന്നെയായിരുന്നു മറ്റു സുഹൃത്തുക്കളുടെ കാര്യവും. തലേദിവസം, അവര്‍ ഒരു ഓപ്പറേഷനു വിധേയയാകേണ്ടിവന്നു. ആനിക്ക് ഈ ഓപ്പറേഷന് നടത്തിക്കൂടെന്നു ചില സുഹൃത്തുക്കളും ഡോക്ടര്‍മാരും നിര്‍ബന്ധിച്ചു എന്നാണ് കേട്ടത്. ഓപ്പറേഷന് മുറിയിലേക്കു രോഗി പോയതുതന്നെ പത്രവും വായിച്ചുകൊണ്ടായിരുന്നുവത്രെ. മരണം ഇത്ര അടുത്തെത്തി എന്ന് അവര്‍ അറിഞ്ഞിരുന്നില്ലെന്നു ചുരുക്കം.
ആനി ആദ്യം ആനി ജോസഫായിരുന്നു. നാല്പതു വര്‍ഷത്തിലേറെയായി എനിക്കവരെ പരിചയമുണ്ടായിരുന്നു. ഏതെല്ലാം രംഗങ്ങളിലാണവര്‍ പ്രവര്‍ത്തിച്ചിരുന്നത്! രാഷ്ട്രീയം ആനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമായിരുന്നു. അര്‍ഹിച്ചതൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്ന തോന്നല്‍ അവര്‍ക്കുണ്ടായിരുന്നു. ആ വിചാരം തെറ്റാണെന്നു പറഞ്ഞുകൂടാതാനും. കൊച്ചിയിലും തിരു-കൊച്ചിയിലും അവര്‍ എം. എല്‍. എ. ആയിരുന്നു. പല പ്രാവശ്യം മത്സരിച്ചു തോറ്റിട്ടുമുണ്ട്. ഇന്ദിരാഗാന്ധി ആനിയുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമെടുത്തതിന്റെ ഫലമായിട്ടാണ്, ന്യൂനപക്ഷ കമ്മീഷന് അംഗമായത്. സാമൂഹികരംഗത്തും ആനി വിലപ്പെട്ട സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യകാരിയെന്ന നിലയില്‍ അവര്‍ ചെയ്തുകൂട്ടിയിട്ടുള്ള കാര്യങ്ങള്‍ കുറച്ചൊന്നുമല്ല. 75 ലധികം കൃതികളുടെ കര്ത്രിയാണവര്. കര്ത്രിയെന്ന പ്രയോഗം സ്വല്പമൊന്നു മാറ്റാവുന്നതാണ്; കാരണം ഒട്ടേറെ കൃതികള്‍ വിവര്ത്തനമത്രെ. ടോള്‍സ്റ്റോയിയും ഡിക്കന്‍സും തോമസ് ഹാര്ഡിയുമൊക്കെ അവരെ സഹായിക്കാനെത്തി. യുദ്ധവും സമാധാനവും, അന്നാകരിനീന, മൂന്നു പോരാളികള്‍, മോണ്ടിക്രിസ്റ്റോ, രണ്ടു നഗരങ്ങളുടെ കഥ, ഷേക്സ്പിയര് കഥകള്‍ ഇവയൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നു. നോവലും കഥയും ആത്മകഥയും ജീവചരിത്രവും മാത്രമല്ല ഏതാനും നിയമഗ്രന്ഥങ്ങളുമുണ്ട്. ബൈബിള്‍ കഥകള്‍, ചെയ്തുകൂട്ടിയതിനു കണക്കില്ല. പത്രാധിപ എന്ന നിലയിലും ജോസഫ് മുണ്ടശ്ശേരിയോടൊത്ത് ആനി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യപരിഷത്തിലും സാഹിത്യ അക്കാദമിയിലും അവര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ആദ്യകാലാംഗങ്ങളില് ഒരാളായിരുന്നു ആനി തയ്യില്‍. അവരുടെ പ്രസംഗം ഒരിക്കല്‍ കേട്ടിട്ടുള്ളവര്‍ അത് മറക്കുകയില്ല. ഇത്ര മൂര്‍ച്ചയുള്ള പ്രസംഗം ചെയ്യാന്‍ കഴിവുള്ള നേതാക്കള്‍ നമ്മുടെ ഇടയില്‍ അപൂര്‍വ്വമത്രെ. ബിസിനസ്സ് രംഗത്തും അവരുടെ കഴിവ് പ്രശംസിക്കത്തക്കതായിരുന്നു. ദീപികയുടെ എറണാകുളം ലേഖകനായിരുന്ന, രണ്ടുവര്‍ഷം മുമ്പ് അന്തരിച്ച കുര്യന് തയ്യില്‍ ആനിയുടെ ഭര്‍ത്താവ്. ഇവര്‍ക്കു മക്കളില്ല. വലിയൊരു സ്വത്തിന്റെ ഉടമയായിരുന്നു, ആനിയെന്നുംകൂടി അറിയുക.