( ‘കാലത്തിന്റെ നാള്‍വഴി‘ യില്‍ നിന്നും ) മാര്‍ച്ച്, 1991
അരവിന്ദന് അന്തരിച്ചിട്ട്, മൂന്നാം ദിവസമാണ് ഇതെഴുതുന്നത്. ശനി യാഴ്ച വെളുപ്പിന് അഞ്ചുമണിക്ക്, പത്രങ്ങള്‍ കിട്ടിയ ഉടനെ പതിവു പോലെ ആദ്യം മനോരമ എടുത്തു. ഒന്നാം പേജില്‍ വളരെ പ്രാധാന്യം നല്‍കിയാണ് വാര്‍ത്ത ചേര്‍ത്തിരിക്കുന്നത്. പടവുമുണ്ട്. എങ്കിലും വായിക്കാന്‍ കഴിഞ്ഞില്ല. ഞെട്ടലല്ല, തലകറങ്ങുന്നതുപോലെയുള്ള തോന്നല്‍. അരവിന്ദന്റെ പിതാവ്, സാഹിത്യകാരനും അഭിഭാഷകനുമായ എം.എന്‍.ഗോവിന്ദന് നായര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.
അന്താരാഷ്ട്ര ചലച്ചിത്രരംഗത്ത് മലയാള സിനിമയെ പ്രതിഷ്ഠിച്ച അരവിന്ദനെപ്പറ്റി അച്ഛനുണ്ടായിരുന്ന അഭിമാനം കുറച്ചൊന്നുമല്ല. ആര്‍ക്കെങ്കിലും തന്നെ പരിചയപ്പെടുത്തുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു: ‘ഞാന്‍ അരവിന്ദന്റെ അച്ഛനാണ്.’ ശനിയാഴ്ചതന്നെ ദീപികയ്ക്ക് അനുവദിച്ച ഒരഭിമുഖത്തില്‍ ഗോവിന്ദന് നായര്‍ പറഞ്ഞത്, തനിക്കും അരവിന്ദനെപ്പോലെതന്നെ സിനിമ ഒരു ഭ്രാന്തായിരുന്നു എന്നാണ്. താന്‍ തിരുവനന്തപുരത്ത്, നിയമത്തിനുള്പ്പെടെ പഠിച്ചിരുന്ന ആറ് വര്‍ഷവും അവിടെ വന്ന ഒരൊറ്റ സിനിമപോലും കാണാതെ വിട്ടിട്ടില്ല എന്നും അദ്ദേഹം ഓര്‍മ്മിച്ചു. അരവിന്ദനെപ്പറ്റി അച്ഛന് പറഞ്ഞ ഒരു കാര്യം കേള്‍ക്കുക. ‘ഇഷ്ടപ്പെട്ട സിനിമ എത്ര കണ്ടാലും അവനു മതിവരില്ല. ആയിടയ്ക്ക് ഒരു തമിഴ്സിനിമ വന്നു — ജഗതല പ്രതാപന്. പി.യു.ചിന്നപ്പ ഒരേസമയം അഞ്ചു റോളിലാണഭിനയിക്കുന്നത്. അരവിന്ദന് ആ പടം പതിനാറു തവണ കണ്ടു.
ഇതു കേട്ടപ്പോള്‍ എനിക്കു തോന്നിയ ഒരു സംഗതി ഇവിടെ കുറിക്കട്ടെ. അടൂര്‍ ഗോപാലകൃഷ്ണന് മുതല്‍ ഇന്ത്യയിലെ പ്രസിദ്ധരായ സംവിധായകരൊക്കെ സിനിമാവിദ്യാലയത്തിന്റെ സന്തതികളാണ്. അരവിന്ദന് ആ വഴിക്കെങ്ങും പോയിട്ടില്ല. ചെറുപ്പത്തില്‍ തമിഴ് സിനിമ കണ്ടിട്ടുണ്ടായ ‘വൈരാഗ്യ’മാവണം അദ്ദേഹത്തെ ഉയര്‍ന്ന നിലവാരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ‘ഞാന്‍ കൊതിച്ചത് അവന് നേടി’ എന്നു ഗോവിന്ദന് നായര്‍ പറയുന്നു. ബി.എ. ജയിച്ചു കഴിഞ്ഞപ്പോള്‍ (അറുപതു വര്‍ഷം മുമ്പ്) സിനിമയിലേക്ക് പോകാന്‍ കൊതിച്ച ആളാണ് അദ്ദേഹം. പക്ഷെ വീട്ടുകാര്‍ അനുവദിച്ചില്ല. അങ്ങനെയാണ്, ബി.എല്‍.– നു പോകേണ്ടിവന്നത്. ഏത് അവാര്‍ഡ് കിട്ടിയാലും അതത്ര കാര്യമായി എടുക്കുന്ന പ്രകൃതമായിരുന്നില്ല അരവിന്ദന്റേത്. പത്മശ്രീ ലഭിച്ചപ്പോള്‍ കോട്ടയം മുനിസിപ്പാലിറ്റി ഒരു സ്വീകരണം നല്കാന് നിശ്ചയിച്ചെങ്കിലും അരവിന്ദന് അതിനു വഴങ്ങിയില്ലെന്ന് ഗോവിന്ദന്‍നായര്‍ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വര്‍ഷമാണെന്നു തോന്നുന്നു അരവിന്ദനു പത്മശ്രീ ബഹുമതി ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന അത്യുന്ന ബഹുമതികളില്‍ (പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്, ഭാരതരത്ന) ഇങ്ങേയറ്റത്ത് നില്‍ക്കുന്നതാണ് പത്മശ്രീ. ഇത്ര വലിയ ഒരു കലാകാരനെ കുറെക്കൂടി ബഹുമാനത്തോടെ സര്‍ക്കാര്‍ കാണേണ്ടതായിരുന്നു എന്ന് അന്നുതന്നെ എനിക്കു തോന്നിയതാണ്. ഏതായാലും സംസ്ഥാനസര്‍ക്കാര്‍ മരണശേഷമെങ്കിലും എല്ലാ ബഹുമതികളും നല്കി എന്ന കാര്യത്തില്‍ സന്തോഷമുണ്ട്.