പാതിരി ഇതു കൂടാതെ രണ്ടു നിഘണ്ടുക്കള്കൂടി രചിച്ചിട്ടുണ്ട്. എങ്കിലും അതിന്റെ കൈയെഴുത്തുകോപ്പി നഷ്ടപ്പെട്ടിരിക്കണം. കിട്ടിയ നിഘണ്ടു പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ച അക്കാദമിയെയും പ്രസിഡണ്ട് ഗുപ്തന്‍നായരെയും അഭിനന്ദിച്ചേ മതിയാവൂ.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) നവംബര്‍, 1986
അര്‍ണോസ് പാതിരിയുടെ പ്രസിദ്ധമായ മലയാളം-പോര്‍ത്തുഗീസ് നിഘണ്ടു, കേരള സാഹിത്യ അക്കാദമി അച്ചടിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. ബര്‍ലിനില്‍ നടന്ന ലോകമലയാളസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിക്ക് പ്രൊഫ. എസ്. ഗുപ്തന്നായര് (അക്കാദമിയുടെ പ്രസിഡണ്ട്കൂടിയാണദ്ദേഹം). നിഘണ്ടുവിന്റെ അച്ചടിച്ചുകഴിഞ്ഞ ഫാറങ്ങള്‍ എന്നെ കാണിച്ചു. 600-ല്‍ പരം പേജാണ് ആകെയുള്ളത്. അതില്‍ പകുതി അച്ചടിച്ചുകഴിഞ്ഞിരുന്നു, അന്ന്. അതു കുത്തിക്കെട്ടി ഒരു കവറുമിട്ട് ഗുപ്തന് നായരുടെ കൈവശമിരിക്കുന്നു.
ഇതു കണ്ടപ്പോള്‍ എനിക്ക് ഒരു ഐഡിയ. ഈ നിഘണ്ടുവിന്റെ പ്രകാശനം നമുക്ക് ബര്‍ലിനില്‍ നടത്തണം. പാതിരിയെ അനുസ്മരിക്കാന്‍ ഒരു പ്രത്യേക സമ്മേളനം തന്നെ നടക്കുന്നുണ്ട്. അവിടെവച്ചു പുസ്തകം പ്രകാശിപ്പിക്കണമെന്നായി ഞാന്‍. പൂര്‍ണ്ണമാകാതെ പ്രകാശിപ്പിക്കാമോ എന്ന് ഗുപ്തന്‍നായര്‍ക്കു സംശയം. ‘സാരമില്ല. ഒന്നാം ഭാഗം എന്നു പറയാം.’ എന്നായിരുന്നു എന്റെ സമാധാനം. എത്രയോ പുസ്തകങ്ങള്‍ കവറുമാത്രം അച്ചടിച്ചിട്ട് അകത്ത് എന്തെങ്കിലും കുത്തിനിറച്ചു പ്രകാശനം നടത്തുന്നതു കണ്ടിട്ടില്ലേ? ഇവിടെ സത്യവിരുദ്ധമായി ഒന്നുമില്ല. വാല്യം ഒന്ന് എന്നു പറഞ്ഞാല്‍ 100 ശതമാനം സത്യം. ഗുപ്തന്നായര് എന്റെ അഭിപ്രായത്തോടു തൊണ്ണൂറു ശതമാനം യോജിച്ചു.
എന്നിട്ടെന്തു സംഭവിച്ചു? രണ്ട് അക്കാദമി നേതാക്കന്മാരോട്-തകഴി ശിവശങ്കരപിള്ള, കെ.എം.ജോര്‍ജ് അഭിപ്രായം ആരാഞ്ഞു (തകഴി അക്കാദമിയുടെ മുന്പ്രസിഡണ്ടാണ്; ജോര്‍ജ് വൈസ് പ്രസിഡണ്ടുമായിരുന്നു). ‘അങ്ങനെ വേണ്ട’ എന്നവര്‍ പറഞ്ഞു. ‘ഡീസി ഇങ്ങനെ പല വിവരക്കേടും പറയും; അതൊന്നും കേള്‍ക്കാന്‍ പോകരുത് എന്നുകൂടി അവര്‍ പറഞ്ഞോ എന്നറിഞ്ഞുകൂടാ. ഏതായാലും ഗുപ്തന്നായര് പരിപാടി ഉപേക്ഷിച്ചു.
ബര്‍ലിനില്‍ ഒരാഴ്ച താമസിച്ചിട്ടു ഞങ്ങള്‍ ഒരു ഹ്രസ്വസന്ദര്‍ശനത്തിന് പാരീസിലേക്കു പോയി. വീണ്ടും ജര്‍മനിയുടെ മറ്റൊരു ഭാഗത്തെത്തി. മ്യൂനിസ്റ്ററിന്റെ അടുത്തുള്ള ഹോഫ്സ്റ്റണില് ഡോ. മാത്യു മണ്ഡപത്തിന്റെ അതിഥികളായി ഞങ്ങള്‍ ഒന്നുരണ്ടു ദിവസം കഴിച്ചുകൂട്ടി. അതിനിടയില്‍ ഒരു ദിവസത്തെ പരിപാടി അര്‍ണോസ് പാതിരിയുടെ നാട്ടില്‍ ഞങ്ങളെ കൊണ്ടുപോകുക എന്നതായിരുന്നു. അതു കേട്ടപ്പോള്‍തന്നെ ഞങ്ങളില്‍ പലരും തുള്ളിച്ചാടി. ഓസ്റ്റര്‍ കാപ്പണ് എന്ന ഗ്രാമത്തിലാണ് പാതിരി ജനിച്ചത്. ജോണ്‍ ഏണസ്റ്റസ് ഹാന്ക്സെല്ഡന് എന്നായിരുന്നു ശരിക്കുള്ള പേര്. 1680-ലാണ് ഏണസ്റ്റിസിന്റെ ജനനം; ശരിക്കും 306 വര്‍ഷം മുമ്പ്. അവരുടെ കുടുംബത്തില്‍പ്പെട്ട ആരും ഇപ്പോള്‍ ആ പ്രദേശത്തെങ്ങുമില്ല. എങ്ങോട്ടു പോയി എന്നറിയാനും മാര്‍ഗ്ഗമില്ല. എങ്കിലും ഏണസ്റ്റസിനെ മാമ്മോദീസ മുക്കിയ പള്ളിയുണ്ട്. മനോഹരമായ ഒരു പള്ളി. മാമ്മോദീസ രജിസ്റ്ററില്‍നിന്നു കിട്ടുന്ന വിവരങ്ങള്‍ മാത്രമേ ആകെക്കൂടി കിട്ടാനുള്ളു.
ഓസ്റ്റര്‍ കാപ്പണില്വച്ച് അര്‍ണോസ് പാതിരിയുടെ നിഘണ്ടുവിന്റെ പ്രകാശനം നടത്താമെന്നു ഞാന്‍ വീണ്ടും പറഞ്ഞു. ഗുപ്തന്നായര് നിര്‍ദേശം സ്വീകരിച്ചു. തകഴിയും ജോര്‍ജും ഞങ്ങളുടെ കൂടെ ഇല്ലാതിരുന്നതു ഭാഗ്യമായി.
സുഗതകുമാരിയും പുതുശ്ശേരി രാമചന്ദ്രനും പന്മന രാമചന്ദ്രന്‍നായരും ഉള്‍പ്പെടെ പത്തറുപതുപേരുടെ സാന്നിദ്ധ്യത്തില്‍ ഏണസ്റ്റസിനെ മാമ്മോദീസ മുക്കിയ പള്ളിയില്‍ (മാമ്മോദീസത്തൊട്ടിക്കു സമീപംവച്ചുതന്നെ) നിഘണ്ടുവിന്റെ പ്രകാശനം നടന്നു. ഞങ്ങളുടെ ആതിഥേയനായ ഡോ.മണ്ഡപമാണ്, ആദ്യപ്രതി സ്വീകരിച്ചത്. സമയം പതിനൊന്നു മണി. നല്ല ചൂടും. പള്ളിയുടെ മുറ്റത്തുനിന്ന ആപ്പിള്മരങ്ങളില് ധാരാളം പഴങ്ങള്‍. ഞങ്ങള്‍ അതു പറിച്ചു മതിവരുവോളം തിന്നു. യൂറോപ്പിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നു ലഭിച്ച ആപ്പിളിനൊന്നും ഇത്ര ഹൃദ്യമായ രുചി ഉണ്ടായിരുന്നില്ല എന്നു തോന്നി.
ഗുണ്ടര്‍ട്ട് സ്മാരകമായിരുന്നു ബര്ലിന്സമ്മേളനംതന്നെ. ഗുണ്ടര്‍ട്ടിന്റെ സ്റ്റുട്ട്ഗര്‍ട്ടില്‍ പോകണമെന്നാഗ്രഹിച്ചെങ്കിലും അതു സഫലമായില്ല. ആ നിലയ്ക്ക് അര്‍ണോസ് പാതിരിയുടെ നാട്ടിലെ പള്ളിയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ എന്ന സംതൃപ്തി എല്ലാവര്ക്കും എന്നും ഉണ്ടായിരിക്കും.
പാതിരിയുടെ ഈ നിഘണ്ടു (മലയാളം-പോര്‍ത്തുഗീസ്)വിനെപ്പറ്റി കൂടി രണ്ടു വാക്ക്.
Vocabularium Malabaricum Lustianum എന്നാണ് ശരിക്കുള്ള പേര്. ഇതിന്റെ കൈയെഴുത്തുപ്രതി വത്തിക്കാന്‍ ലൈബ്രറിയില്‍നിന്ന് കണ്ടെടുത്ത് കേരളത്തില്‍ കൊണ്ടുവന്നതിന്റെ ബഹുമതി പ്രൊഫ. പി.വി. ഉലഹന്നാന്മാപ്പിളയ്ക്കുള്ളതാണ്.
പോര്ത്തുഗീസിനോടൊപ്പം ഇംഗ്ലീഷും കൂടി ചേര്‍ത്താണ് ഇപ്പോള്‍ അച്ചടിക്കുന്നത്.
പാതിരി ഇതു കൂടാതെ രണ്ടു നിഘണ്ടുക്കള്കൂടി രചിച്ചിട്ടുണ്ട്. എങ്കിലും അതിന്റെ കൈയെഴുത്തുകോപ്പി നഷ്ടപ്പെട്ടിരിക്കണം. കിട്ടിയ നിഘണ്ടു പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ച അക്കാദമിയെയും പ്രസിഡണ്ട് ഗുപ്തന്‍നായരെയും അഭിനന്ദിച്ചേ മതിയാവൂ.
ഒരുപക്ഷേ, ഇന്ത്യയിലെതന്നെ ആദ്യത്തെ നിഘണ്ടുകാരന് എന്ന ബഹുമതി, അക്കാദമിയുടെ പ്രസിദ്ധീകരണം പുറത്തുവരുന്നതോടെ അര്‍ണോസ് പാതിരിക്കു ലഭിച്ചെന്നു വരാം. അര്‍ണോസ് പാതിരി 1732-ല്‍ കേരളത്തില്‍ വെച്ചു മരിച്ചു. 100 വര്‍ഷത്തിനുശേഷം 1836-ലാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഇന്ത്യയിലെത്തുന്നത്.
‘പുത്തന്‍ പാനയാണു മലയാളികളുടെ ഇടയില്‍ ഏറ്റവുമധികം പ്രചരിച്ച കൃതി. ഹൈന്ദവ കുടുംബങ്ങളില്‍ രാമായണം എന്നപോലെ ക്രിസ്ത്യാനികള്‍ പുത്തന്‍ പാന ഉപയോഗിച്ചിരുന്നു ഇന്നു കുറെയൊക്കെയുണ്ട്. ചതുരന്ത്യം, ഉമാപര്വ്വം, വ്യാകുലപ്രബന്ധം, ആത്മാനുതാപം എന്നിവയാണു മറ്റു പാതിരികൃതികള്. പാതിരിയെ സംസ്കരിച്ചിരിക്കുന്നത് തൃശ്ശൂരിനടുത്തുള്ള പഴുവില്പള്ളിയിലാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗമായിരുന്ന വേലൂര്പള്ളിയോടു ചേര്‍ന്നുള്ള കെട്ടിടമാണ്, അര്‍ണോസ് പാതിരി സ്മാരകമായി ഇന്നു നമുക്കുള്ളത്. ഇതും തൃശ്ശൂരിനു സമീപമത്രെ. സ്മാരകം വേണ്ടവിധം സംരക്ഷിക്കാന്‍ നമുക്ക് (സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കോ) കഴിയുന്നില്ല എന്നതു ലജ്ജാകരമാണ്. അപ്പന്തമ്പുരാന് സ്മാരകം പോലെ അര്‍ണോസ് സ്മാരകം കൂടി അക്കാദമിക്ക് ഏറ്റെടുത്തുകൂടേ?