( കാലത്തിന്റെ നാള്‍വഴിയില്‍നിന്നും ) ആഗസ്റ്റ്9, 1992
ഇന്ന് 1992 ആഗസ്റ്റ് ഒമ്പതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഉറച്ച സ്ഥാനം പിടിച്ച ഒരു ദിവസം. 1942 ആഗസ്റ്റ് 9-നാണ് ഗാന്ധിജി തുടങ്ങിയ ക്വിറ്റിന്ത്യാസമരം. കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ജയിലില്‍ അടച്ചത് ജൂലൈ 14-ന്. കോണ്‍ഗ്രസ് വര്‍ക്കിങ്കമ്മിറ്റി വാര്‍ദ്ധായില്‍ കൂടി അംഗീകരിച്ച ‘ക്വിറ്റിന്ത്യാ’ പ്രമേയം ആഗസ്റ്റ് 7,8 തീയതികളില്‍ എ.ഐ.സി.സി. അംഗീകരിക്കാന്‍ വച്ചിരുന്നു. ബോംബെയില്‍ രണ്ടു ദിവസം നീണ്ടുനിന്ന ചര്‍ച്ച നടത്തുകയും ചെയ്തു.
ജവാഹര്‍ലാല്‍ നെഹ്രു അവതരിപ്പിച്ച ക്വിറ്റ് ഇന്ത്യാ പ്രമേയം വളരെ നീണ്ടതായിരുന്നു.”ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ തുടര്‍ന്നുകൂടാ. അവര്‍ എത്രയും വേഗം ഇന്ത്യ വിടണം.” ഇതായിരുന്നു പ്രമേയത്തിന്റെ സത്ത്. അന്നു രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലമാണ്. സ്വതന്ത്ര ഇന്ത്യ യുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കുമെന്നുകൂടി പറഞ്ഞിരുന്നു.
എങ്കിലും ഒമ്പതാം തീയതി വെളുപ്പിനുതന്നെ നേതാക്കന്മാരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. അറസ്റ്റ് ഉണ്ടായേക്കുമെന്ന് ഗാന്ധിജിക്കറിയാമായിരുന്നു. പക്ഷേ, അന്ന്, അത് സംഭവിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. പതിവുപോലെ വെളുപ്പിനു നാലുമണിക്കുണര്ന്ന ഗാന്ധിജിയെ സ്വാഗതം ചെയ്തത് പോലീസ് കമ്മീഷണറാണ്. മറ്റു നേതാക്കന്മാരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.
നേതാക്കന്മാരെല്ലാം ജയിലിലായപ്പോള്‍ സമരം സാമാന്യജനം ഏറ്റെടുത്തു. പ്രത്യേകിച്ചും യുവജനങ്ങളും വിദ്യാര്‍ത്ഥികളും. ഗവണ്മെന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ എന്തെല്ലാം ചെയ്യാമോ അതു മുഴുവന്‍ ചെയ്തു. അതു ഫലിക്കുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ഫലപ്രദമായ അദ്ധ്യായം എന്ന് ആഗസ്റ്റ് വിപ്ലവത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. പിന്നെ വളരെ താമസിക്കേണ്ടിവന്നില്ല–സ്വാതന്ത്ര്യസമ്പാദനത്തിന്.