( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 08-06-1991
വീട്ടിലെത്തിയപ്പോള്‍ ആദ്യമേ കിട്ടിയ വിവരം ബാബു ചാഴിക്കാടന് സ്വല്പം മിനിട്ടുകള്‍ക്കുമുമ്പ് ഇടിമിന്നലേറ്റ് മരിച്ചു എന്ന ദുഃഖവാര്‍ത്തയാണ്. ഏറ്റുമാനൂരെ നിയമസഭാ സ്ഥാനാര്‍ത്ഥി. വളരെ നല്ല ചെറുപ്പക്കാരന്. വയസ്സ് 30. എന്റെ സുഹൃത്ത്.
അന്നും പിറ്റേന്നും മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ട്, അതിനടുത്ത ദിവസം രാവിലെ കേരളാ കോണ്‍ഗ്രസ്സിന്റെ കേന്ദ്ര ആഫീസില്‍ ദര്‍ശനത്തിനു വച്ചു. രാവിലെ 10 മണി. വലിയ തിരക്ക്. ഉന്തിലും തള്ളിലുംപെട്ട് അരമണിക്കൂര്‍ ശ്രമിച്ചിട്ട് ഞാന്‍ പിന്മാറി. എങ്ങനെയും അകത്ത് കടത്തി വിടാമെന്നു പറഞ്ഞ ഒരു സുഹൃത്തിനോട് പറഞ്ഞു: ‘അങ്ങ് (സ്വര്‍ഗ്ഗം) ചെല്ലുമ്പോള്‍ കണ്ടുകൊള്ളാം, സൗകര്യപ്പെട്ടാല്‍.
ഞാന്‍ മടങ്ങിപ്പോന്നു. പിറ്റേ ദിവസത്തെ പത്രത്തില്‍ റീത്ത് വച്ചവരുടെ കൂട്ടത്തില്‍ എന്റേയും പേര് വന്നു! ഞാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന സമയം മുഴുവന്‍ മൈക്ക് വച്ച് അകത്തു പ്രാര്‍ത്ഥന നടത്തുകയാണ് – മെത്രാനും വൈദികരും കന്യാസ്ത്രീ കളുമെല്ലാം കൂടി. അപ്പോഴാണ്, കേരളാ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക മതം ഏതാെണന്നു മനസ്സിലായത്.