പ്രകാശനം നടത്തിയതു നാലുമണിക്കായിരുന്നു. വൈകുന്നേരമല്ല, പുലര്‍ച്ചെ. ഈ സമയത്തു പുസ്തകപ്രകാശനം നടക്കുന്നത് ലോകപുസ്തകപ്രകാശനചരിത്രത്തില് ആദ്യമാവണം.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) സെപ്തംബര്‍, 1984
പുസ്തകപ്രകാശനം ഇന്ന് സര്‍വസാധാരണമാണ്. പട്ടണങ്ങളില്‍നിന്ന് ഉള്‍നാടുകളിലേക്കും ഇതു വ്യാപിച്ചുകഴിഞ്ഞു. എന്തെന്തു വൈവിധ്യങ്ങളാണ് പുസ്തകപ്രകാശനത്തില്‍ കാണുന്നതെന്നോ? ഇവയില്‍ പലതിനും ഞാന്‍തന്നെ ഉത്തരവാദിയായിരുന്നിട്ടുണ്ട്.
പുസ്തകപ്രകാശനം എന്ന വിദ്യ കണ്ടുപിടിച്ചതുതന്നെ ഞാനാണെന്നു ചിലര്‍ പറഞ്ഞുപരത്തിയിട്ടുണ്ടത്രെ. അത് എന്തായാലും ഒരു കാര്യം തീര്‍ച്ചയാണ്; ഏറ്റവുമധികം പുസ്തകപ്രകാശനങ്ങളുടെ ചുമതല വഹിച്ചിട്ടുള്ള ആള് കേരളത്തില്‍ ഞാനാണ്. പക്ഷേ, ഗിന്നസ് ബുക്കില്‍ കയറിക്കൂടെന്നുമില്ല.
പത്തിരുപത്തഞ്ചു വര്‍ഷം മുമ്പാണ്, (ഏപ്രില്‍ 10-1958) ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും‘ പ്രസിദ്ധപ്പെടുത്തിയപ്പോള്‍, ഒരേദിവസം ഒരേസമയത്ത് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ നാലു സ്ഥലങ്ങളില്‍ പ്രകാശനം നടന്നു. ഡോ. ജോണ്‍ മത്തായിയെപോലുള്ള പ്രഗല്ഭന്മാരായിരുന്നു കാര്‍മികത്വം വഹിച്ചത്.
മറ്റൊരിക്കല്‍ കെ.പി.എസ്.മേനോന്റെ ‘ദല്‍ഹി ചുങ്കിങ്’ മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിയ കാലം. പ്രകാശനം കോട്ടയത്തായിരുന്നു. മേനോന് അന്ന് മോസ്കോയില്‍ ഇന്ത്യയുടെ അംബാസിഡറാണ്. മാമ്മന്‍ മാപ്പിളഹാളിലെ ചടങ്ങില്‍ മേനോന് മാത്രമല്ല സംബന്ധിച്ചത്; ദല്‍ഹിയിലെ റഷ്യന്‍ അംബാസിഡര്‍ പനമരങ്കോവും എത്തിയിരുന്നു. ഹാള്‍ നിറഞ്ഞു കവിഞ്ഞ ആള്‍ക്കൂട്ടവും.
1976 മാര്‍ച്ചിലാണ്, രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്- ഇംഗ്ലീഷ്- മലയാളം നിഘണ്ടു (മൂന്നു വാല്യം) പ്രസിദ്ധപ്പെടുത്തിയത്. പ്രകാശനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി സി. അച്യുതമേനോന് നിര്‍വഹിച്ചു. രാവിലെ എട്ടു മുതല്‍ അസംബ്ലി. ഉച്ചകഴിഞ്ഞ് കാബിനറ്റ് മീറ്റിങ്ങും. മുഖ്യമന്ത്രി പത്തുമിനിറ്റു താമസിച്ചാണ് വൈ. ഡബ്ല്യു. സി.എ.ഹാളിലെത്തിയത്. വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. വന്നപാടേ തന്റെ കസേരയില്‍ ചെന്നിരുന്നു, താടിക്കു കൈയും കൊടുത്ത്. ഒരു മിനിറ്റു കഴിഞ്ഞു തലയുയര്‍ത്തി ഹാളിലേക്കു നോക്കി. എല്ലാ സീറ്റും നിറഞ്ഞിരിക്കുന്നു. മുഖത്തു ചിരിവിടര്‍ന്നു. എന്നെ അടുത്തേക്കു വിളിച്ചു ചോദിച്ചു: ‘നറുക്കെടുപ്പുണ്ടല്ലേ?’
ശരിയായിരുന്നു. ഗവ. സെക്രട്ടറിമാരും വകുപ്പദ്ധ്യക്ഷന്മാരുമൊക്കെ മുന്‍നിരയില്‍.
മറ്റൊരിക്കല്‍ ലക്ഷദ്വീപിനെക്കുറിച്ചുള്ള ഒരു പുസ്തകം പ്രകാശിപ്പിച്ചത്, കടലില്‍, ‘ലക്ഷദ്വീപ്’ എന്നു പേരുള്ള കപ്പലില്വച്ചായിരുന്നു. പ്രകാശനം നടത്തിയത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും.
കഴിഞ്ഞവര്‍ഷം ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു (സംഗൃഹീതപതിപ്പ്) പ്രകാശിപ്പിച്ചത് ന്യൂയോര്ക്കില്വച്ചായിരുന്നു, മലയാളിസമ്മേളനം നടന്ന ഹാളില്‍. കാര്മികന് ലോകപ്രസിദ്ധ ശാസ്ത്രജ്ഞനായ ഇ.സി.ജി. സുദര്‍ശനും.
കോട്ടയത്ത് ദീപകയില്വച്ചു നടന്ന ഒരു പുസ്തകപ്രകാശനം. ആര്‍ച്ച് ബിഷപ്പ് ആന്റണി പടിയറയായിരുന്നു പ്രകാശനം നിര്‍വഹിച്ചത്. പുസ്തകം സ്വീകരിച്ചത് ഞാനും. ഫോട്ടോഗ്രാഫര്‍ക്കു പടം ശരിക്കും കിട്ടിയില്ല. അദ്ദേഹം എന്നെ സമീപിച്ചു പറഞ്ഞു. ഒന്നുകൂടി പുസ്തകംവാങ്ങല്‍ അഭിനയിക്കണമെന്ന്. ആര്ച്ചുബിഷപ്പിനെപ്പോലുള്ള ഒരാളോട് ഇക്കാര്യം പറയുന്നതു ശരിയല്ലെന്നു ഞാന്‍ മറുപടി പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത്, ‘സംക്ഷേപവേദാര്‍ത്ഥ’ത്തിന്റെ പ്രകാശനച്ചടങ്ങ്. ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടചെല്ലമായിരുന്നു പ്രകാശിപ്പിച്ചത്. വൈസ് ചാന്‍സലര്‍ സുകുമാരന്‍നായര്‍ പുസ്തകം ഏറ്റുവാങ്ങി. ദീപികയിലെ സംഭവം ആവര്‍ത്തിച്ചു—ഫോട്ടോ കിട്ടിയില്ല. യോഗത്തിന്റെ നടത്തിപ്പുകാരനായ എന്റെ അടുക്കലേക്കു ഫോട്ടോഗ്രാഫര്‍ വന്നില്ല. ഗവര്‍ണ്ണറോടു നേരേ പറഞ്ഞു, പുസ്തകം ഒരു പ്രാവശ്യംകൂടി കൊടുക്കാന്‍. ഗവര്‍ണരും വൈസ്ചാന്‍സലറും വഴങ്ങിക്കൊടുത്തു.
കഴിഞ്ഞ വര്‍ഷം, തിരുവനന്തപുരത്ത് ‘അറുകൊലക്കണ്ടം’ എന്നൊരു പുസ്തകം പ്രകാശിച്ചപ്പോള്‍ പ്രസംഗത്തിനു വെച്ചിരുന്നത് 27 പേരെയാണ്. അതില്‍ ഏഴുപേര്‍ മന്ത്രിമാരും. പക്ഷേ, പേരുവച്ച 27-ല്‍ 24 പേരും യോഗത്തില്‍ സംബന്ധിച്ചില്ല.
കോട്ടയത്തും പല പുസ്തകപ്രകാശനയോഗങ്ങളിലും ഒരു ഡസന്‍ പ്രസംഗകരെ വയ്ക്കുന്ന ഏര്‍പ്പാടുണ്ട്. എന്നിട്ട് ഒന്നും ഒന്നരയും മണിക്കൂര്‍ താമസിച്ചു യോഗം തുടങ്ങുകയും.
‘കുറച്ചു ദിവസം മുമ്പ് കോട്ടയത്ത് ‘തെങ്ങുംമൂട്ടില്‍ വര്‍ഗീസ് മാപ്പിള’യുടെ ജീവചരിത്രം പ്രകാശനം ചെയ്തു. ആശംസാപ്രസംഗം നിര്‍വഹിച്ച ഉലഹന്നാന് മാപ്പിള 45 മിനിറ്റു പ്രസംഗിച്ചു (സദസ്സില്‍ സംബന്ധിച്ചവര്‍ 30 ആയിരുന്നു). അതില്‍, താന്‍ മോസ്കോയില്‍ ചെന്നപ്പോള്‍ ലെനിന്റെ മൃതദേഹം കണ്ടതിനെപ്പറ്റിയായിരുന്നു 15 മിനിറ്റു സംസാരിച്ചത്.
ഗുരുവായൂരില്‍ അടുത്തയിടെ ഒരപൂര്‍വ പുസ്തകപ്രകാശനം നടന്നു. ഒന്നല്ല രണ്ടു പുസ്തകങ്ങള്‍—ശ്രീമന്നാരായണീയവും നാരായണകവചസ്തോത്രവും. പ്രകാശനം നിര്‍വഹിച്ചത് മുഖ്യമന്ത്രി കരുണാകരന്.
ഇതിലെന്താ ‘അപൂര്‍വ’മായ സംഗതി എന്നല്ലേ? പ്രകാശനം നടത്തിയതു നാലുമണിക്കായിരുന്നു. വൈകുന്നേരമല്ല, പുലര്‍ച്ചെ. ഈ സമയത്തു പുസ്തകപ്രകാശനം നടക്കുന്നത് ലോകപുസ്തകപ്രകാശനചരിത്രത്തില് ആദ്യമാവണം.
ഈയിടെ തിരുവനന്തപുരത്തു നടന്ന ഒരു പ്രകാശനത്തെപ്പറ്റിക്കൂടി കേള്‍ക്കുക. വെളുപ്പിനല്ല വൈകുന്നേരമാണ്. ഇ. എം. എസ്. ന്റെ ഒരു പുസ്തകം ബാസവ പുന്നയ്യ പ്രകാശിപ്പിച്ചു. തുടര്‍ന്ന് ബാസവ പുന്നയ്യയുടെ പുസ്തകം ഇ. എം.എസും. പ്രകാശിപ്പിക്കുകയുണ്ടായി.
‘നീയെന്‍ പൃഷ്ഠം താങ്ങീടില് ഞാന്‍ നിന് പൃഷ്ഠം താങ്ങാ’മെന്നു പറഞ്ഞത് അമ്പാടി നാരായണപ്പുതുവാളാണെന്നാണ് ഓര്മ.