നിത്യചൈതന്യയതിയുടെ ബൃഹദാരണ്യകോപനിഷത്ത് മധുകാണ്ഡമാണ് (750 പേജ്) ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇനി രണ്ടു വാല്യങ്ങള്‍കൂടി വ്യാഖ്യാനിച്ചുവരുന്നു. മധുകാണ്ഡം ഇംഗ്ലീഷിലും പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു, ദല്‍ഹിയില്‍നിന്ന്.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) 1994 ജനുവരി 30
ഇനി ഒരു പുസ്തകപ്രകാശനത്തിലേക്കു തിരിയാം. പുസ്തകം എന്നു പറഞ്ഞാല്‍ സാധാരണ പുസ്തകമല്ല. ഗ്രന്ഥകാരനും സാധാരണക്കാരനല്ല. പ്രകാശിപ്പിച്ച ആളിന്റെ കഥയും അങ്ങനെതന്നെ. പുസ്തകം ബൃഹദാരണ്യകോപനിഷത്ത്: വ്യാഖ്യാനം ഗുരുനിത്യചൈതന്യയതി. പ്രകാശനം നിര്‍വ്വഹിച്ചത് വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയും. സ്വാഗതപ്രസംഗകന് തകഴിയെ വിശേഷിപ്പിച്ചപ്പോള്‍ ‘പത്മശ്രീ’ എന്നു കൂട്ടിച്ചേര്‍ത്തു! ഞാന്‍ അടുത്തിരുന്ന തകഴിയോടു രഹസ്യമായി പറഞ്ഞു. ആലപ്പുഴ ജില്ലക്കാര്‍ക്കൊക്കെ കാലം മോശമാണ്. ഗൗരിയമ്മയെ സ്റ്റേറ്റ് കമ്മിറ്റിയില്‍നിന്നു ജില്ലാകമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ഇപ്പോള്‍ പത്മഭൂഷന്‍ തകഴിയെ പത്മശ്രീയിലേക്കും. തെറ്റ് മനസ്സിലാക്കിയ പ്രസംഗകന് പിന്നീട് തകഴിക്ക് ശരിയായ ബഹുമതിതന്നെ നല്കി.
തകഴി പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്റെ അസുഖങ്ങളെപ്പറ്റിയും മറ്റും പറഞ്ഞിട്ട് ഇങ്ങനെ തുടര്‍ന്നു: ”എനിക്ക് വ്യാകരണമറിയില്ല. നാലാംക്ലാസ് വരെ മാത്രം മലയാളം പഠിച്ചിട്ടുള്ളു. പിന്നെ ഒരു ചങ്കൂറ്റംകൊണ്ടിങ്ങനെയൊക്കെ എഴുതുന്നു. തത്ത്വചിന്തയുടെ ഉറവിടമായ ബൃഹദാരണ്യകോപനിഷത്ത് പ്രകാശിപ്പിക്കാന്‍ എനിക്ക് എന്തു യോഗ്യതയാണുള്ളത്? ‘മല്ലന്‍പിള്ളയെ ആനകുത്തിക്കൊന്ന കഥ’ പോലുള്ള വല്ലതുമാണെങ്കില്‍ ഞാനതിന് യോഗ്യനാണ്.”
”2500 വര്‍ഷം മുമ്പ് രചിക്കപ്പെട്ടതാണ് ഈ ഉപനിഷത്ത് എന്ന് ഏകദേശമായി നമുക്കറിയാം. പക്ഷേ, എവിടെവച്ച് എഴുതി? അന്നത്തെ ജനങ്ങളുടെ ഭാഷ എന്തായിരുന്നു, തൊഴില്‍ എന്തായിരുന്നു, സാമ്പത്തികസ്ഥിതി എങ്ങനെയായിരുന്നു ഇതൊന്നും നമുക്കറിയില്ല. ഗവേഷണബുദ്ധിയോടെ ഇതൊക്കെ പഠിക്കേണ്ടതല്ലേ?” തകഴി ചോദിച്ചു. ജില്ലാ പ്രസിഡണ്ട് ടി.വി. ഏബ്രഹാം ആദ്യപ്രതി ഏറ്റുവാങ്ങി.
നിത്യചൈതന്യയതിയുടെ ബൃഹദാരണ്യകോപനിഷത്ത് മധുകാണ്ഡമാണ് (750 പേജ്) ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇനി രണ്ടു വാല്യങ്ങള്‍കൂടി വ്യാഖ്യാനിച്ചുവരുന്നു. മധുകാണ്ഡം ഇംഗ്ലീഷിലും പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു, ദല്‍ഹിയില്‍നിന്ന്.
ഉപനിഷത്തുകള്‍ 200 ലധികം ഉണ്ടെന്നു പറയപ്പെടുന്നു. ചില കണക്കുപ്രകാരം 108 ആണുള്ളത്. ഇവയില്‍ മുഖ്യം പത്തെണ്ണമത്രെ. ശങ്കരാചാര്യര്‍ ഇവയ്ക്കു ഭാഷ്യം രചിച്ചിട്ടുണ്ട്. ഈ പത്തില്വച്ച് ബൃഹദാരണ്യകവും ഛാന്ദോഗ്യവുമാണ്, ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം ഏറെ സമ്പന്നം. മാക്സ്മുള്ളര്‍ 12 ഉപനിഷത്തുകള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്–1857 മുതല്‍.
ബി.സി. എട്ടും ഏഴും നൂറ്റാണ്ടുകളിലാണ് ഇവ രചിക്കപ്പെട്ടത്, ബുദ്ധനുമുമ്പ്. ഉപനിഷത്തുക്കളുടെ പല തര്‍ജ്ജമകളും മലയാളത്തില്‍ വന്നിട്ടുണ്ട്. ഉപനിഷത്തുക്കളെ അടിസ്ഥാനപ്പെടുത്തിയുള്ള ചില സ്വതന്ത്രകൃതികളും നമുക്കുണ്ട്. ഹരിനാമകീര്‍ത്തനവും ജ്ഞാനപ്പാനയും.