( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 6-1-90
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മലയാളിയായ ശങ്കരപ്പിള്ള. അദ്ദേഹം അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു പുസ്തകത്തിന്റെ പേര് ‘ശങ്കര്‍, എന്നെ വെറുതെ വിടരുത്’ എന്നാണ്. പ്രധാനമന്ത്രി നെഹ്റുവിനെപ്പറ്റി 1964 വരെയുള്ള 16 വര്‍ഷങ്ങളില്‍ ശങ്കര്‍ വരച്ച നൂറുകണക്കിനുള്ള കാര്‍ട്ടൂണുകളുടെ സമാഹാരമാണ് പ്രസ്തുതഗ്രന്ഥം. നെഹ്റുവിന്റെ ഭരണകാലം മുഴുവനുംതന്നെ വരകളില്‍ക്കൂടി നമുക്കു കാണിച്ചുതരികയാണ്, ഇവിടെ ശങ്കര്‍. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും എത്രയോ മുഖ്യമന്ത്രിമാരും മന്ത്രിമാരും രാഷ്ട്രീയനേതാക്ക•ാരും ഒക്കെ ചാട്ടവാറുകൊണ്ടുള്ള അടിയെക്കാള്‍ അന്ന് ശങ്കറിന്റെ പേനയെ ഭയപ്പെട്ടിരുന്നു.
രാഷ്ട്രീയക്കാര്‍ മാത്രമല്ല, വ്യവസായരംഗത്തും ബിസിനസ് ലോകത്തുമുള്ള മഹാരഥ•ാരും മതനേതാക്കളും എല്ലാം. മഹാരാജാക്ക•ാരും തഥൈവ. പക്ഷേ, ഈ ചിത്രങ്ങള്‍ അങ്ങേയറ്റം ആസ്വദിച്ചിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു അക്കാലത്ത്- ജവാഹര്‍ലാല്‍ നെഹ്റു. അദ്ദേഹം ശങ്കറിനോട് അപേക്ഷിച്ചതിങ്ങനെയാണ്: ‘ശങ്കര്‍, എന്നെ വെറുതെ വിടരുത്!’ നെഹ്റുവിന്റെ വാക്കുകള്‍തന്നെയാണ്, പുസ്തകത്തിന്റെ പേര്. ഈ ആസ്വാദനശക്തി നമ്മുടെ നേതാക്ക•ാരില്‍ എത്ര ശതമാനത്തിനുണ്ട്? ഒന്നോ ഒന്നരയോ എന്നായിരിക്കും ഉത്തരം. 1947 മുതല്‍ കുറെ വര്‍ഷങ്ങളില്‍, ഈ ലേഖകന്‍ എ.വി.ജോര്‍ജ്ജ് നടത്തിയിരുന്ന കേരളഭൂഷണം ദിനപത്രത്തില്‍ ഒരു ‘കോളം’ എഴുതിയിരുന്നു, എല്ലാ ദിവസവും.
‘കറുപ്പും വെളുപ്പും’ എന്നായിരുന്നു കോളത്തിന്റെ പേര്. പട്ടം താണുപിള്ളയും പറവൂര്‍ ടി. കെ നാരായണപിള്ളയും എ.ജെ.ജോണും സി. കേശവനും എല്ലാം ആ കാലഘട്ടത്തില്‍ മുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. പിന്നെ പേര് പറയാന്‍ എളുപ്പമല്ലാത്തിടത്തോളം മന്ത്രിമാരും.
ഇവരിലധികം പേരുമായും എനിക്കു വളരെ അടുത്ത സുഹൃദ്ബന്ധമുണ്ടായിരുന്നു. എങ്കിലും എന്നും രാവിലെ അന്നത്തെ പത്രങ്ങള്‍ വായിച്ചിട്ട് അതില്‍നിന്നു കിട്ടുന്ന ‘കഷണങ്ങള്‍’ തപ്പിയെടുത്ത് അല്പം പൊടിപ്പും തൊങ്ങലുമൊക്കെ വച്ച് വായനക്കാരുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കുമ്പോള്‍ സുഹൃദ്ബന്ധത്തെപ്പറ്റി ഞാന്‍ ഓര്‍മിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ, ഒട്ടുവളരെ നേതാക്ക•ാരും മന്ത്രിമാരും ഇതുമൂലം വളരെ അസ്വസ്ഥരായിരുന്നു. ഒടുവില്‍ ഒരു മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന്റെ (പത്ര ഉടമയുടെ മേല്‍) ഫലമായി ‘കറുപ്പും വെളുപ്പും’ അവസാനിപ്പിക്കേണ്ടിവന്ന കാര്യവും ഇവിടെ ഓര്‍മിക്കുന്നു.
മറിച്ചുള്ള അനുഭവവും ഉണ്ട്. നെഹ്റു, ശങ്കറിന്റെ കാര്‍ട്ടൂണ്‍ ആസ്വദിച്ചിരുന്നപോലെ എന്റെ കോളം ആസ്വദിച്ചിരുന്ന ഒരു മഹാനുണ്ടായിരുന്നു, കോട്ടയത്ത്- കെ.സി മാമ്മന്‍ മാപ്പിള. അദ്ദേഹം അന്ന്, മനോരമയുടെ സര്‍വസ്വവുമാണ്. മനോരമയെയും മാമ്മന്‍ മാപ്പിളയെയും കുറിച്ച് എന്റെ കോളത്തില്‍ എന്നും എന്തെങ്കിലും ഉണ്ടാകുക പതിവാണ്. അതു വായിച്ചു പൊട്ടിച്ചിരിക്കാന്‍ കഴിവുള്ള ഒരു വലിയ ഹൃദയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. എ. വി. ജോര്ജിനെപ്പറ്റിക്കൂടി ഇവിടെ രണ്ടുവാക്കു പറഞ്ഞേ മതിയാവൂ. തോട്ടവ്യവസായവും ബിസിനസും നടത്തിയിരുന്ന ജോര്‍ജിന്റെ മറ്റു വശങ്ങളെപ്പറ്റി പലര്‍ക്കും അറിവുണ്ടായിരിക്കയില്ല. ഫലിതം ആസ്വദിക്കാനും ഫലിതം കൈകാര്യം ചെയ്യാനും വലിയ കഴിവുള്ള സഹൃദയനായിരുന്നു ജോര്‍ജ്.
അഞ്ചാറുവര്‍ഷം തുടര്‍ച്ചയായി ഞാന്‍ കേരളഭൂഷണത്തില്‍ ‘കറുപ്പും വെളുപ്പും’ എഴുതിയിരുന്നു; ഓരോ ദിവസവും ആറോ ഏഴോ ഇനങ്ങളുണ്ടാവും. ഒരൊറ്റ ഇനത്തെപ്പറ്റിയെങ്കിലും അദ്ദേഹം അസ്വസ്ഥനായിട്ടില്ല. ‘ഇതു വേണ്ടായിരുന്നു’ എന്നൊരിക്കലും പറഞ്ഞിട്ടുമില്ല. ഒരിക്കല്‍ ജോര്‍ജ് ഒരു കുറിപ്പ് എഴുതി എനിക്കു കൊടുത്തയച്ചു. എന്റെ സമ്മതമുണ്ടെങ്കില്‍ ‘കറുപ്പും വെളുപ്പും’ കോളത്തില്‍ കൊടുക്കാന്‍വേണ്ടി ഞാന്‍ അതു വായിച്ചുനോക്കി. ഒന്നാംതരം. ആയിടയ്ക്ക് ഡോ.ജോണ്‍ മത്തായി കേരളത്തില്‍ ഒരു പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു. ആ സംഭവത്തിന്റെ പ്രാധാന്യത്തെപ്പറ്റി മനോരമ ഒരു മുഖപ്രസംഗം എഴുതി. ഒരു മുഖപ്രസംഗം എന്നു പറഞ്ഞാല്‍ പോരാ, ഒരു ‘തുടര്മുഖപ്രസംഗം.’ മൂന്നോ നാലോ ലക്കത്തില്‍ തുടര്‍ച്ചയായി ഒരേ മുഖപ്രസംഗം. ഓരോ ദിവസവും മൂന്നാലു കോളമുണ്ടാവും. ഇതേപ്പറ്റിയാണ് ജോര്‍ജ് എനിക്കു കുറിപ്പു കൊടുത്തയച്ചത്. അതിങ്ങനെയായിരുന്നു:
‘ഡോ. ജോണ്‍മത്തായി ടാറ്റായില്നിന്നു മൂന്നു മാസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുന്നു’ വാര്‍ത്ത. ‘മനോരമയുടെ മുഖപ്രസംഗം വായിക്കുന്നതിനായിരിക്കും.’ വായനക്കാര്‍ക്കു വളരെ ഇഷ്ടപ്പെട്ട ഒരിനമായിരുന്നു ഇത്. ഇതിന്റെ ക്രെഡിറ്റ് ജോര്ജിനല്ല എനിക്കാണു ലഭിച്ചിരുന്നതെന്നുമാത്രം. രണ്ടുമൂന്നു മാസംമുമ്പ് എറണാകുളത്ത് ഇന്ത്യയിലെ അതിപ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്ത ഒരു ക്യാമ്പു നടന്നു. ഒരു ചിത്രകാരന്‍കൂടിയായ നമ്മുടെ മുഖ്യമന്ത്രി കരുണാകരന് അവിടെവച്ചു പറഞ്ഞു: ‘കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍, സര്‍ക്കാരിന്റെ വിമര്‍ശനമാകുമ്പോള്‍ അവ ശ്രദ്ധിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇന്ന് അവ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെങ്കില്‍ അതിനു മാറ്റം വരുത്തും.’ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ കണ്ടാല്‍ താന്‍ തളരില്ലെന്നും പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ വിമര്‍ശനം കേള്‍ക്കാന്‍ തയ്യാറാകണമെന്നുംകൂടി മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കൂടെയുള്ള മന്ത്രിമാര്‍ക്കും നേതാക്ക•ാര്ക്കുംകൂടി പറഞ്ഞുകൊടുത്താല്‍ നന്ന്.
ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവാണ്, ഇന്ന് ഏതു രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ആവശ്യമായ ഒരു ഗുണം. ‘ശങ്കര്‍, എന്നെ വെറുതെ വിടരുത്’ എന്നു പറഞ്ഞ നെഹ്റുവിനെ അവര്‍ ഓര്‍മിക്കട്ടെ. (നെഹ്റുവിന്റെ 20-ാം ചരമവാര്‍ഷികദിനത്തിലാണ് ഞാന്‍ ഇതെഴുതുന്നത്.)
മെയ്, 1984
ഞാന്‍ കല്‍പ്പറ്റയ്ക്കു പോകുംവഴി കോഴിക്കോട്ട് കെ.ഗോമതിയമ്മ (സ്വദേശാഭിമാനിയുടെ മകള്‍)യുടെ വീട്ടില്‍ കയറി. അവരുടെ മകന് കെ. രാമകൃഷ്ണന് ഡല്‍ഹിയില്‍നിന്ന് അവിടെ വന്നിരുന്നു. രാമകൃഷ്ണന് എന്റെ അടുത്ത സുഹൃത്താണ്. കാര്‍ട്ടൂണിസ്റ്റ് ശങ്കറുടെ കൂടെയാണ് പ്രവര്‍ത്തിക്കുന്നത്. രാമകൃഷ്ണനെ കണ്ടയുടനെ ഞാന്‍ ചോദിച്ചത് ‘ശങ്കരപ്പിള്ളച്ചേട്ടന്‍ എങ്ങനെ?’ എന്നായിരുന്നു. ‘വളരെ മോശമാണ്: ഏതു നിമിഷവും അതു സംഭവിക്കാം’ എന്നു മറുപടി. പിറ്റേന്ന് കോഴിക്കോട്ടു മടങ്ങിയെത്തിയപ്പോള്‍ കിട്ടിയ വര്‍ത്തമാനം ‘ശങ്കര്‍ അന്തരിച്ചു’ എന്നതായിരുന്നു.
എത്രയോ കാലമായി ഡല്‍ഹിയില്‍ ചെന്നാല്‍ ശങ്കരപ്പിള്ളച്ചേട്ടനെ കാണാതെ ഞാന്‍ മടങ്ങുക പതിവില്ല. ഏതാനും മണിക്കൂര്‍ അദ്ദേഹത്തോ ടൊപ്പം ചെലവിടും. കാര്‍ട്ടൂണുകളെപ്പറ്റി ചേട്ടന് എന്നോടധികം സംസാരിച്ചിട്ടില്ല. ബാലസാഹിത്യത്തെപ്പറ്റി ധാരാളം പറയും. മലയാളത്തിലെ പല മഹാന്മാരുടെയും കൃതികളെ നിര്‍ദ്ദയം വിമര്‍ശിക്കും. അദ്ദേഹം തുടങ്ങിയ ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റിനെപ്പറ്റി,അതിന്റെ പ്രസിദ്ധീകരണങ്ങളെപ്പറ്റി വാതോരാതെ പ്രസംഗിക്കും. ഒടുവിലായപ്പോള്‍ അത് പറയുന്നത് ഒരൊറ്റ കാര്യമായി ചുരുങ്ങി. അത്, തന്റെ പാവമ്യൂസിയത്തെപ്പറ്റിയാവും- ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള പാവകള്‍- ജീവന് തുടിക്കുന്ന പാവകള്‍. അദ്ദേഹം കൂടെ വന്ന് ഓരോന്നും കാണിച്ചു വിശദീകരിക്കും. ലോകത്തില്‍ മറ്റൊരിടത്തും പാവകളുടെ ഇത്ര വലിയൊരു കളക്ഷന്‍ ഇല്ലത്രെ. എങ്കിലും ഞാന്‍ ഒന്നോ രണ്ടോ മണിക്കൂര്‍കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുവെട്ടിച്ചു മാറിക്കളയും, സമയക്കുറവുകൊണ്ട്.
എണ്‍പത്തിഏഴാമത്തെ വയസ്സിലാണ് ശങ്കര്‍ അന്തരിച്ചത്. നീണ്ടകാലം അസുഖമായി കിടന്നു. മരണം അപ്രതീക്ഷിതമെന്നു പറയാനാവില്ല. അകാലത്തിലുള്ളതുമല്ല. എങ്കിലും… ശങ്കരപ്പിള്ളച്ചേട്ടനെ കാണാന്‍ കഴിയാത്ത ഒരു ഡല്‍ഹിയെപ്പറ്റി എനിക്കു ചിന്തിക്കാന്‍ വിഷമം. അടുത്ത മാസം എനിക്ക് ഡല്‍ഹിക്കു പോകണം. ആ പാവമ്യൂസിയം കാണുമ്പോള്‍ എനിക്കു സന്തോഷിക്കാനാവില്ല. കരയാനേ കഴിയൂ.