ഇംഗ്ലീഷ് മീഡിയം ഭ്രാന്ത് വ്യാപിച്ചുതുടങ്ങിയതോടെയാണ്, നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം താഴോട്ടുപോകാന്‍ തുടങ്ങിയത്. ഇന്നത്തെ മട്ടിലാണു നാം മുന്നോട്ടു പോകുന്നതെങ്കില്‍, അടുത്ത തലമുറയിലോ അതിനപ്പുറത്തോ മറ്റൊരു ചങ്ങമ്പുഴ കേരളത്തിലുണ്ടാകുമെന്നു പ്രതീക്ഷിച്ചുകൂടെന്ന അഭിപ്രായവും എനിക്കുണ്ട്
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) നവംബർ 10, 1996
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 85-ാം ജന്മവാര്‍ഷികം പ്രമാണിച്ച്, ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ ഒക്ടോബര്‍ 10 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ നടന്ന ആഘോഷങ്ങള്‍ വലിയ തോതിലായിരുന്നു. ആദ്യദിവസത്തെ പരിപാടി സാംസ്കാരിക ജാഥയായിരുന്നെങ്കില്, രണ്ടാംദിവസം അക്ഷരശ്ലോകമത്സരവും മൂന്നാംദിവസം മലയാളസമ്മേളനവും അവസാനദിവസം കവിസമ്മേളനവും നടന്നു. ഇടയ്ക്കൊരു ദിവസം പോട്ടയില്‍ എന്‍.ജി.നായര്‍ രചിച്ച ‘ചങ്ങമ്പുഴയുടെ കാവ്യസുധ’ എന്ന ഗ്രന്ഥം സാംസ്കാരിക വകുപ്പുമന്ത്രി രാമകൃഷ്ണന് പ്രകാശിപ്പിച്ചു. മലയാളസമ്മേളനം ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫ് ആണ്. ഈ സമ്മേളനത്തില്‍ മാത്രമേ എനിക്കു പങ്കെടുക്കാന്‍ കഴിഞ്ഞുള്ളു. ഡോ. ജോര്‍ജ് ഇരുമ്പയം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഞാനും പ്രസംഗിച്ചു. പിരപ്പന്‍കോട് മുരളിയും ഡോ.കെ.എസ്. രാധാകൃഷ്ണനും ബാലചന്ദ്രന് ചുള്ളിക്കാടുമായിരുന്നു മറ്റു പ്രസംഗകര്‍. സമാപനസമ്മേളനത്തില്‍ തകഴി ശിവശങ്കരപ്പിള്ളയും വി.ആര്.കൃഷ്ണയ്യരും പങ്കെടുത്തു. എം.കെ.സാനു അധ്യക്ഷത വഹിച്ച സിമ്പോസിയം, എം.എന്‍.വിജയന് ഉദ്ഘാടനം ചെയ്തു. രമണനെ ആസ്പദമാക്കി കെടാമംഗലം സദാനന്ദന്റെ കഥാപ്രസംഗവുമുണ്ടായിരുന്നു.
‘മനുഷ്യനു പെറ്റമ്മ തന് ഭാഷതാന്‍’ എന്ന് വള്ളത്തോള്‍ പറഞ്ഞിട്ടില്ലേ. അതേ മട്ടില്‍ ഭാഷയെ കാണുന്ന ആളാണു താനെന്നു മന്ത്രി പറഞ്ഞു. നമ്മുടെ വിദ്യാഭ്യാസരീതിയുടെ അപാകതയെപ്പറ്റി മന്ത്രി ദുഃഖിതനാണ്. ഒന്നാംക്ലാസ്സില്‍നിന്നു മാത്രം കൊല്ലം ജില്ലയില്‍ കഴിഞ്ഞവര്‍ഷം പൊഴിഞ്ഞുപോയവര് 5000 വരും. പ്രൈമറിസ്കൂളില്‍ മലയാളം മാത്രമേ പഠിപ്പിക്കാവൂ എന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ഇന്ന് ഒരു ഭാഷയും ശരിക്കും പഠിക്കുന്നില്ല എന്ന അവസ്ഥയാണുള്ളത്. പത്താംക്ലാസ്സില്‍ പരീക്ഷയ്ക്ക് എഴുതുന്നവരില്‍ മൂന്നില്രണ്ടുഭാഗത്തിനും 210 മാര്‍ക്കിനുപോലും അര്‍ഹതയില്ലെന്നു മന്ത്രി ചൂണ്ടിക്കാണിച്ചു.
മലയാളത്തിന്റെ കാര്യം പറയാനാളില്ല എന്നതാണ് ഇന്നത്തെ സ്ഥിതി എന്നു ഡോ. ഇരുമ്പയം പറഞ്ഞു. അയര്‍ലണ്ട് എന്ന കൊച്ചുരാജ്യത്ത് ഐറിഷാണ് പഠിപ്പിക്കുന്നത്; ഇംഗ്ലീഷല്ല. 1986-ല്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ ഒരു വിധിയുടെ കാര്യം അധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചു. മലയാളം മൂന്നാംഭാഷയായി പഠിപ്പിക്കാനാണ്, അതില്‍ പറയുന്നത്. കോത്താരിക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാനും ആര്‍ക്കും താത്പര്യമില്ല എന്ന് ഇരുമ്പയം ചൂണ്ടിക്കാട്ടി.
സ്വന്തം ഭാഷയിലല്ലാതെ, വിദേശഭാഷ കൊച്ചുകുട്ടികളുടെ തലയില്‍ കെട്ടിവയ്ക്കുന്ന ലോകത്തെ ഏകപദേശം എന്ന നിലയില്‍ കേരളം അറിയപ്പെടുമെന്നു ഞാന്‍ പ്രസ്താവിച്ചു. അപ്പര്പ്രൈമറിതലം വരെ മറ്റൊരു ഭാഷയും പഠിപ്പിച്ചുകൂടെന്ന ഇ.എം.എസ്സിന്റെ അഭിപ്രായമാണ്, എനിക്കുമുള്ളതെന്നു ഞാന്‍ പറഞ്ഞു. ഇംഗ്ലീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം കിട്ടിയിട്ട് 50 വര്‍ഷം തികയുന്ന അവസരത്തിലും മലയാളികള്‍ ഇംഗ്ലീഷിന്റെ അടിമകളായിക്കഴിയുന്നു. ഔദ്യോഗികഭാഷയ്ക്കു കമ്മിറ്റിയുമൊക്കെ വച്ചുതുടങ്ങിയത്, കേരളപ്പിറവിയോടടുത്താണെങ്കിലും 40 വര്‍ഷത്തിനിടയില്‍ കാര്യമായി ഒന്നും നടന്നിട്ടില്ലെന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചു. ഇംഗ്ലീഷ് മീഡിയം ഭ്രാന്ത് വ്യാപിച്ചുതുടങ്ങിയതോടെയാണ്, നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം താഴോട്ടുപോകാന്‍ തുടങ്ങിയത്. ഇന്നത്തെ മട്ടിലാണു നാം മുന്നോട്ടു പോകുന്നതെങ്കില്‍, അടുത്ത തലമുറയിലോ അതിനപ്പുറത്തോ മറ്റൊരു ചങ്ങമ്പുഴ കേരളത്തിലുണ്ടാകുമെന്നു പ്രതീക്ഷിച്ചുകൂടെന്ന അഭിപ്രായവും എനിക്കുണ്ട്.