സാഹിത്യത്തിലും മറ്റു വിഷയങ്ങളിലും ശ്രീധരന്റെ പരന്നവായന എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ എഴുത്തിലുള്ള വേഗവും. ചുരുക്കത്തില്‍ ശ്രീധരന്റെയും നാരായണന്റെയും വേര്‍പാട് നമ്മുടെ സാംസ്കാരികരംഗത്തിനേറ്റ ആഘാതമാണ്.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഒക്ടോബർ 24, 1996
ഇന്നു രാവിലെ ആറുമണിക്ക് ഉണര്‍ന്ന ഉടനെ മനോരമയിലെ തോമസ് ജേക്കബ് വിളിച്ചിട്ട്, നേരിയ സ്വരത്തില്‍ പറഞ്ഞു: ”സി.പി.ശ്രീധരന് കുറച്ചുമുമ്പു മരിച്ചു.” അപ്രതീക്ഷിതമായിരുന്നു ശ്രീധരന്റെ മരണം. എങ്കിലും അത്ഭുതം തോന്നിയില്ല. അഞ്ചെട്ടു മാസം മുമ്പ് അദ്ദേഹം മരിച്ചു എന്നു കേട്ടസമയം ഒരാഴ്ചയില്‍ ഒന്നിലധികം പ്രാവശ്യമുണ്ടായിട്ടുണ്ട്. ശ്രീചിത്രാ ആശുപത്രിയിലെ അതിവിദഗ്ദ്ധമായ ചികിത്സയാണ് ശ്രീധരനു ജീവിതം ഇത്രയുംകൂടി നീട്ടിക്കൊടുത്തത്.
ഞങ്ങള്‍ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ കാലങ്ങളെപ്പറ്റിയെല്ലാം ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നു. പിണങ്ങേണ്ടിവന്നത് എല്ലാംതന്നെ സാഹിത്യപ്രവര്‍ത്തകസഹകരണസംഘം സംബന്ധിച്ച കാര്യങ്ങള്‍ക്കാണ്. അവിടെത്തന്നെ ഇണങ്ങി പ്രവര്‍ത്തിച്ച സമയങ്ങളും കുറവല്ല. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്റെ പേരില്‍ കേസ് കൊടുക്കുന്നതിനു പ്രാരംഭമായി വക്കീല്നോട്ടീസയയ്ക്കുകവരെ ചെയ്തു. എങ്കിലും ഞങ്ങള്‍ എന്നും സുഹൃത്തുക്കളുമായിരുന്നു. ശ്രീധരന്റെ വീട്ടില്‍ എന്തെങ്കിലും വിശേഷമുള്ളപ്പോള്‍ ഞങ്ങള്‍ കുടുംബസമേതം അവിടെയെത്തും; അതുപോലെ മറിച്ചും.
സാ.പ്ര.സ. സംഘത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡണ്ടായിരുന്നതിന്റെ ബഹുമതി സി.പി.ശ്രീധരനുള്ളതത്രെ. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ കാര്യവും അങ്ങനെതന്നെ. മലയാള മനോരമയുടെ പത്രാധിപസമിതി അംഗമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ മുഖ്യ പത്രാധിപരായി വളരെ വര്‍ഷങ്ങള്‍ അദ്ദേഹമുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ കേരള ടൈംസിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കയുണ്ടായി.
സാഹിത്യത്തിലും മറ്റു വിഷയങ്ങളിലും ശ്രീധരന്റെ പരന്നവായന എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ എഴുത്തിലുള്ള വേഗവും. ചുരുക്കത്തില്‍ ശ്രീധരന്റെയും നാരായണന്റെയും വേര്‍പാട് നമ്മുടെ സാംസ്കാരികരംഗത്തിനേറ്റ ആഘാതമാണ്. അതുപോലെ പുഷ്പിതാജോണിന്റേത് സാമൂഹികരംഗത്തും. ഇന്നു വൈകിട്ട് നാരായണന്റെയും ശ്രീധരന്റെയും മരണത്തില്‍ അനുശോചിക്കാന്‍ കോട്ടയം പബ്ലിക്ലൈബ്രറി വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുത്തതിനുശേഷമാണ് ഞാനിത് എഴുതുന്നത്.
നവംബർ 6, 1996
തിങ്കളാഴ്ച തൃശൂരായിരുന്നു എന്റെ പ്രോഗ്രാം. കേരള സ്റ്റേറ്റ് ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷന്റെ രജതജൂബിലി (1997) ആഘോഷിക്കുന്നതിനെപ്പറ്റി ആലോചിക്കാനുള്ള യോഗം. മടങ്ങുംവഴി ഇടപ്പള്ളിക്കടുത്ത്, സി.പി. ശ്രീധരന്റെ വീടും സന്ദര്‍ശിച്ചു. എളമക്കര സി.പി.യുടെ സപിണ്ഡി അടിയന്തിരദിനമായിരുന്നു അന്ന്. അദ്ദേഹത്തോട് അടുപ്പമുള്ള സാഹിത്യകാരന്മാരും പത്രപ്രവര്‍ത്തകരുമൊക്കെ എത്തിയിരുന്നു. പിറ്റേന്ന് എന്റെ ആഫീസിലെത്തിയപ്പോള്‍ സി.പി.ശ്രീധരന്റെ കത്ത് തലേദിവസം വന്നത് കണ്ടു. പി.കുഞ്ഞിരാമന്‍നായരുടെ പേരിലുള്ള ഒരു ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു ശ്രീധരന്. പി.യുടെ ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനുവേണ്ടി ഫാറം പൂരിപ്പിച്ചയച്ചിരുന്നു. അത് ഒപ്പിട്ടു മടക്കി അയച്ചിരിക്കയാണ്. കൂട്ടത്തില്‍ ഒരു കത്തുമുണ്ട്. അത് 23-ന് എഴുതിയതത്രെ. 24-ന് അതിരാവിലെയാണ് മരണം സംഭവിച്ചത്. മിക്കവാറും എനിക്കു ലഭിച്ച കത്ത് അവസാനത്തേതാകണം. കത്തിലെ കൈപ്പട ശ്രീധരന്റെ സ്വന്തമാണ്. അതില്‍ ഒരത്ഭുതം കണ്ടു; ‘പ്രിയപ്പെട്ട ഡി.സി. സാര്‍’ എന്നാണതിലെ സംബോധന. ‘പ്രിയപ്പെട്ട ഡി.സി.’ എന്നുമാത്രമാണ് മുമ്പൊക്കെ എഴുതിയിട്ടുള്ളത്. സംസാരിക്കുന്നതും അങ്ങനെതന്നെ. എന്താണ്, ഇതിനു കാരണമെന്ന് ഒരു പിടിയും കിട്ടുന്നില്ല.