(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ആഗസ്റ്റ്, 1984
1984 ആഗസ്റ്റ് 12 ഞായറാഴ്ച കോട്ടയത്ത് ദര്‍ശന സാംസ്കാരികകേന്ദ്രത്തിന്റെ ഉദ്ഘാടനം. എറണാകുളത്തെ ചാവറ കള്‍ച്ചറല്‍ സെന്റര്‍പോലെ കര്മെലീത്താ വൈദികരുടെ ആഭിമുഖ്യത്തിലുള്ള മറ്റൊരു കേന്ദ്രം.
മുഖ്യമന്ത്രി കരുണാകരനാണ് ഉദ്ഘാടകന്‍. സമയം ഉച്ചകഴിഞ്ഞ് 3-30. ഉച്ചകഴിഞ്ഞ് എന്നു പ്രത്യേകം എടുത്തുപറയാന്‍ കാര്യമുണ്ട്. മുഖ്യമന്ത്രി ഈയിടെ ഒരു പുസ്തകപ്രകാശനം നടത്തിയത് വെളുപ്പിനു നാലുമണിക്കായിരുന്നു.
ഞങ്ങള്‍ കുറച്ചു നേരത്തേ എത്തി. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ മനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യു, വൈസ് ചാന്‍സലര്‍ ഡോ. എ.ടി. ദേവസ്യ, ദീപിക ചീഫ് എഡിറ്റര്‍ ഡോ. വിക്ടര്‍ നരിവേലി, മനോരാജ്യം ചീഫ് എഡിറ്റര്‍ റേച്ചല്‍ തോമസ് തുടങ്ങിയവര്‍. യോഗം നടക്കുന്ന ആഡിറ്റോറിയത്തിന്റെ മുകളിലുള്ള ഒരു മുറിയിലാണു ഞങ്ങള്‍.
”മുഖ്യമന്ത്രിയല്ലേ, ഒരു മണിക്കൂറെങ്കിലും താമസിക്കും.” ആരോ ഉറപ്പിച്ചുപറഞ്ഞു.
”ഒരു മണിക്കൂറേ ഉള്ളെങ്കില്‍ ഭാഗ്യം.” മറ്റൊരു മാന്യന്. അങ്ങനെയിരിക്കെ, അതാ കയറിവരുന്നു, സാക്ഷാല്‍ മുഖ്യമന്ത്രി. മൂന്നര അടിക്കാന്‍ മൂന്നു മിനിറ്റുകൂടിയുണ്ട്. നിങ്ങള്‍ പറഞ്ഞേക്കാം, മുഖ്യമന്ത്രി സമയത്ത് എത്തുക എന്നതു ചെറിയ കാര്യമല്ലെന്ന്. ചായ കഴിക്കാന്‍ അഞ്ചാറുമിനിറ്റ് ചെലവഴിച്ചു. അതിനിടെ സംസാരം എങ്ങനെയോ ടെലിവിഷനെപ്പറ്റിയായി.
കെ.എം. മാത്യു പറഞ്ഞു: ”ടെലിവിഷന്‍ പ്രചാരത്തില്‍ വരുന്നതോടെ പത്രങ്ങളുടെ പ്രചാരം കുറയും.” മറ്റു ചിലരും ഇതിനെ പിന്താങ്ങി.
പെട്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അദ്ദേഹം പറഞ്ഞു: ”പത്രങ്ങള്‍ക്കു കുഴപ്പമൊന്നും വരില്ല. ടെലിവിഷനില്‍ കാണുക നടന്ന കാര്യങ്ങള്‍, സത്യമായവ മാത്ര മായിരിക്കും. സത്യമല്ലാത്ത കാര്യങ്ങള്‍ പത്രത്തില്‍നിന്നല്ലേ അറിയാന്‍ പറ്റൂ?” കൂട്ടച്ചിരിയില്‍ എല്ലാ പത്രാധിപമുഖ്യന്മാരും മുങ്ങിപ്പോയി.
യോഗം തുടങ്ങി. സ്വാഗതപ്രസംഗത്തില്‍ പതിവുപോലെ, ഉദ്ഘാടകന്റെ ഗുണഗണങ്ങള്‍ അക്കമിട്ടു നിരത്തി, ആ വൈദികന്. കൂട്ടത്തില്‍ ഇങ്ങനെയൊരു പ്രയോഗവുംകൂടി: ”മറിഞ്ഞുവീണാല്‍, നാലുകാലില്‍ നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്.” സദസ്സ് ചിരിയിലമര്‍ന്നു. മുഖ്യമന്ത്രിയും നന്നായി ചിരിച്ചു. ഒന്നുമില്ലാതെ സദാ ചിരിക്കുന്ന മുഖ്യമന്ത്രി ഇത്ര സുന്ദരമായ ഒരു ഫലിതം കേട്ടാല്‍ ചിരിക്കാതിരിക്കുമോ?
ഓഗസ്റ്റ് 12, 1990
ഞാന്‍ ഇത് എഴുതുന്നത് ആഗസ്റ്റ് 12-ാം തീയതി ഞായറാഴ്ച രാത്രിയാണ്. ആറു വര്‍ഷംമുമ്പ് ഇതേ തീയതി. അതും ഞായറാഴ്ച രാത്രിയാണ്, കുങ്കുമത്തിന് ആദ്യമായി ചെറിയകാര്യങ്ങള്‍ എഴുതിയത്. അത്, അന്നു പിറന്നുവീണ ദര്‍ശന സാംസ്കാരികകേന്ദ്രത്തിന്റെ ഉദ്ഘാടനത്തെപ്പറ്റിയായിരുന്നു. ഉദ്ഘാടനം നടത്തിയത് മുഖ്യമന്ത്രി കരുണാകരനായിരുന്നെങ്കില്‍ ഇന്ന് ആറാം വാര്‍ഷികത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത് സാംസ്കാരികവകുപ്പുമന്ത്രി രാമകൃഷ്ണനാണ്. അന്നു മൂന്നു മണിക്കായിരുന്നു ചടങ്ങ്. ഇന്നും അങ്ങനെ തന്നെ. ഹാളും പ്രസംഗവേദിയും ഒന്നുതന്നെ. ‘എല്ലാം അതേപോലെ’ എന്നു പറഞ്ഞപ്പോള്‍ ഒരു കഥ പറയാനുണ്ട്. എന്റെ കഥയല്ല.
ഒന്നാംദിവസം, വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് റബ്ബര്‍ബോര്‍ഡ് ചെയര്‍പേഴ്സണും എഴുത്തുകാരിയുമായ ജെ. ലളിതാംബിക പറഞ്ഞ കഥയാണ്. അവര്‍ 12 വര്‍ഷംമുമ്പ് കോട്ടയത്ത് കളക്ടറായിരുന്നു. അന്നു കണ്ട മുഖങ്ങളെല്ലാം അതുപോലെ ഇന്നും കാണുന്നുണ്ട്; ആര്‍ക്കും ഒരു മാറ്റവുമില്ല. പട്ടണത്തിന്റെ രൂപത്തിനും മാറ്റമില്ല. അവര്‍ പറഞ്ഞു. തുടര്‍ന്ന് ഒരു കഥ.
‘ഒരു മാന്യന് താന്‍ 30 വര്‍ഷം മുമ്പ് പഠിച്ചിരുന്ന കോളേജും അത് സ്ഥിതിചെയ്യുന്ന നഗരവുമൊക്ക ഒന്നു കാണണമെന്നു തോന്നി. നഗര ത്തിന്റെ പ്രധാന സ്ഥാനത്തിറങ്ങി കോളജിലേക്കു നടന്നു. റോഡിന്റെ ഇരുവശങ്ങളും പഴയപടിതന്നെ. കോളജിലെത്തി. അവിടെയും എല്ലാം പഴയപോലെ. ഹോസ്റ്റലില്‍ താന്‍ താമസിച്ചിരുന്ന മുറി കാണണമെന്നുവച്ചു. 25-ാം നമ്പര്‍ മുറിയുടെ വാതില്ക്കലെത്തി. വാതിലടച്ചിരിക്കുന്നു. മൂന്നാലു പ്രാവശ്യം മുട്ടിയപ്പോള്‍ വാതില്‍ തുറന്നു. ആ ചെറുപ്പക്കാരനെ സൂക്ഷിച്ചു. അയാള്‍ക്ക് പ്രസാദമില്ല. മുറിയിലെ മേശയും അലമാരയുമൊക്കെ ശ്രദ്ധിച്ചു. ഒന്നിനും മാറ്റമില്ല. എല്ലാം അന്നത്തെപ്പോലെതന്നെ.
അവര്‍ സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ മൂലയ്ക്കു വിഴുപ്പ് കൂട്ടിയിരിക്കുന്നതിനിടയില്നിന്ന് ഒരു പെണ്‍കുട്ടി തലപൊക്കി. യുവാവ് പറഞ്ഞു: ‘ഇതെന്റെ കുഞ്ഞമ്മയുടെ മകളാണ്.’ മാന്യന് പൊട്ടിച്ചിരിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു: ‘കൊള്ളാം, ഞാനന്നു പറഞ്ഞ അതേ മറുപടിതന്നെ. ഒന്നിനും മാറ്റമില്ല.’
ജില്ലാകളക്ടര്‍ എന്ന നിലയില്‍ തനിക്ക് ഏറ്റവുമധികം സഹകരണം ലഭിച്ചത് കോട്ടയത്തുനിന്നാണെന്ന് ലളിതാംബിക ഓര്‍മ്മിച്ചു. കോട്ടയത്തേക്കു വീണ്ടും വന്നപ്പോള്‍ തന്റെ തറവാട്ടിലേക്കു തിരിയെവന്ന അനുഭവമാണുള്ളതെന്നും അവര്‍ പ്രസ്താവിച്ചു. ദര്‍ശന സാംസ്കാരികകേന്ദ്രം ആറ് വര്‍ഷത്തില്‍, മറ്റൊരു സംഘടനയ്ക്ക് 25 വര്‍ഷംകൊണ്ട് ചെയ്യാവുന്നതിലധികം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ചു പറയുന്നതിനിടയില്‍ ലളിതാംബികയുടെ നിരീക്ഷണം ഇങ്ങനെ പോയി: ‘മൂന്നുനാലു വയസ്സുള്ള കുട്ടികള്‍ പുസ്തകഭാരവുമായി റോഡിലൂടെ കുനിഞ്ഞുനടക്കുന്ന കാഴ്ച ദിവസവും കാണാം. ചിരിക്കാനും കളിക്കാനും അവര്‍ക്കു സമയമില്ല.’ തിരുവനന്തപുരത്താണെങ്കില്‍ രാവിലെ ആറുമണിക്കു ട്യൂഷനുവേണ്ടി ഓടുന്ന കുട്ടികളെ കാണാമെന്നും അവര്‍ പറഞ്ഞു. മറ്റൊന്നിനും അവര്‍ക്ക് സമയം കിട്ടുകയില്ല. കലയും സാഹിത്യവുമൊന്നും അവര്‍ക്കു വേണ്ട. ഈ പശ്ചാത്തലത്തിലാണ് കോട്ടയത്ത് ദര്‍ശനയുടെ പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത്. ടി.വി. യുടെ അതിപ്രസരംമൂലമുണ്ടാകുന്ന തകരാറുകള്‍ എത്ര വലുതാണെന്ന് അവര്‍ വിവരിച്ചു. ഒരു മകന് മാത്രമുള്ള ഒരമ്മയുടെ കാര്യം ഉദാഹരിക്കയും ചെയ്തു. ‘എന്റെ മകന് ഉപരിപഠനത്തിനു പോയാലുടനെ ഞാന്‍ ഈ സാധനം (ടി.വി.) തല്ലിപ്പൊളിച്ചു തോട്ടിലെറിയും.’ നിങ്ങള്ക്കിപ്പോള്തന്നെ ഇതു മാറ്റിക്കൂടെ എന്നു ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത് മകന് വീടുവിട്ട് ഇറങ്ങിപ്പോകും എന്നാണ്.
യോഗത്തില്‍ അധ്യക്ഷത വഹിച്ച റവ. ഡോ. ജെയിംസ് നരിതൂക്കില്‍, തുടങ്ങിയതിങ്ങനെയാണ്: ‘ഈശ്വരനാണ് ലോകം സൃഷ്ടിച്ചതെങ്കില്‍, ആ ലോകത്തിലല്ല മനുഷ്യന് ഇന്നു വസിക്കുന്നത്; മനുഷ്യന്‍തന്നെ സൃഷ്ടിച്ച ഒരു ലോകത്തിലാണ്.’ ഏതെങ്കിലും ചെറുപ്പക്കാരനോട് ഒരു നല്ല പുസ്തകം വായിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കുമോ? മറിച്ച് മനുഷ്യന്റെ മൃഗീയവാസനകളെ ഉണര്‍ത്തുന്ന പ്രസിദ്ധീകരണങ്ങളാണെങ്കില് ആദ്യന്തം വായിക്കും. നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ ഇത്രമാത്രം അധഃപതിച്ചുകൂടാ എന്നും അദ്ദേഹം പ്രസ്താവിച്ചു. അച്ചന്റെ ഇടതുവശത്ത് മനോരമ ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററും വലതുവശത്ത് മംഗളം വാരികയുടെ ചീഫ് എഡിറ്ററും ഇരിപ്പുണ്ടായിരുന്നു.
കോട്ടയത്ത്, പഴയ മുഖങ്ങള്‍ കാണുന്നു എന്ന് ലളിതാംബിക പറഞ്ഞത് വയസ്സന്മാരെ ഉദ്ദേശിച്ചാണെന്ന് കെ. എം. മാത്യു പറഞ്ഞു. ചെറുപ്പക്കാരെ മുമ്പോട്ടു കൊണ്ടുവന്നാലേ നമുക്കു നന്നാകാന്‍ കഴിയൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ദീപികയുടെ മാനേജിംഗ് എഡിറ്റര്‍ ജോസഫ് കുര്യനും എം. സി. വറുഗീസും പ്രസംഗിച്ചു. കൂടാതെ സാ. പ്ര. സ. സംഘം പ്രസിഡണ്ട് ശ്രീമന്ദിരം കെ. പി. യും. അദ്ദേഹത്തിന്റെ പേര് രണ്ട് പ്രസംഗകരെങ്കിലും തെറ്റിച്ചു—ഒരാള്‍ ‘മന്ദിരം ഗോപി’ എന്നും മറ്റൊരാള്‍ മി. മന്ദിരം കെ. പി. എന്നുമാക്കിക്കളഞ്ഞു.
രണ്ടാംദിവസം നാടകസന്ധ്യ ആയിരുന്നു. നാടകത്തെപ്പറ്റിയുള്ള ചര്‍ച്ച. ‘സ്കൂള്‍ ഒഫ് ഡ്രാമ (കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ) അവതരിപ്പിച്ച നാടകവും. മൂന്നാംദിവസം കോട്ടയം സിറ്റിസണ്‍സ് കൗണ്‍സിലിന്റെയും സീനിയര്‍ സിറ്റിസന്‍സ് ഫാറത്തിന്റെയും സഹകരണത്തോടെ നടത്തിയ സെമിനാര്‍. വിഷയം: കോട്ടയം: വളര്‍ച്ചയും വികാസവും! സുകുമാര്‍ അഴീക്കോടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടനത്തിനും വിഷയം നിശ്ചയിച്ചു കൊടുത്തിരുന്നു: ‘കോട്ടയംഎന്റെ ദൃഷ്ടിയില്’എന്ന്. അഴീക്കോട് ഇങ്ങനെ തുടങ്ങി: ‘കോട്ടയത്തെപ്പറ്റിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ കണ്ണൂര്കാരനെ വിളിച്ചിരിക്കുന്നു. കാസര്‍കോടുകാരനെ കിട്ടിക്കാണുകയില്ല. പിന്നെ ഒരു ന്യായമേയുള്ളു. ഡി. സി. എവിെടയോ പറഞ്ഞിട്ടുണ്ട്, ‘ഏതു കോട്ടയംകാരനെയുംകാള് കോട്ടയത്ത് പ്രസംഗിച്ചിട്ടുള്ളത് ഞാന്‍ ആണെന്ന്.’
കോട്ടയം എഴുത്തുകാരുടെ മെക്കയാണെന്ന് അഴീക്കോട് ചൂണ്ടിക്കാണിച്ചു. ‘എസ്. പി. സി. എസ്സും., ഡി. സി. ബുക്സും കോട്ടയത്താണ്. എഴുത്തുകാര്‍ ധനസമ്പാദനത്തിന് പ്രയാണം നടത്തുന്നു. അതുകൊണ്ട് എഴുത്തുകാരുടെ മനസ്സില്‍ തങ്ങിനില്ക്കുന്ന പേരാണ് കോട്ടയം. സരസ്വതിയെ പിടിച്ചു ലക്ഷ്മിയുമായി യോജിപ്പിക്കാന്‍ കഴിഞ്ഞതാണ് കോട്ടയത്തിന്റെ വിജയം.’
‘സി. എസ്. നായര്‍ എന്ന വലിയൊരു നിരൂപകനുണ്ടായിരുന്നു, മലബാറില്‍. വള്ളത്തോളിന്റെ ശാകുന്തളം തര്‍ജ്ജമയ്ക്ക് അവതാരിക എഴുതിയ ആള്. പക്ഷേ, നിത്യദാരിദ്ര്യത്തിലാണ് കഴിഞ്ഞത്. അദ്ദേഹം ഒരിക്കല്‍ തിരുവനന്തപുരത്തു പോയി. അന്ന്, ഉള്ളൂര്‍ അവിടെ ദിവാന് പേഷ്കാരാണ്. ഉള്ളൂരിനെ കാണാന്‍ ചെന്നു. മഹാകവി ചോദിച്ചു, സി. എസ്. നായര്‍ എത്രദിവസം തലസ്ഥാനത്തുണ്ടെന്ന്. മൂന്നു ദിവസമെന്നു മറുപടി. മൂന്നു ദിവസവും ഉപയോഗിക്കാന്‍ തന്റെ ഔദ്യോഗികകാര്‍ സി. എസ്സിന് വിട്ടുകൊടുത്തു. ഈ മഹാമനസ്കത ഇന്ന് എത്ര സാഹിത്യകാരന്മാര്ക്കുണ്ട്?’ അഴീക്കോട് ചോദിച്ചു.
മുനിസിപ്പല്‍ ചെയര്‍മാനും ജില്ലാകളക്ടരും കോട്ടയം ഡെവലപ്മെന്റ് അതോറിട്ടി (കെ. ഡി. എ.) സെക്രട്ടറിയുമൊക്കെ ഈ യോഗത്തില്‍ പ്രസംഗിച്ചു. കോട്ടയത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ പാരമ്പര്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന നാലു പ്രബന്ധങ്ങള്‍, മാത്യു ഉലകംതറ, എം. കെ. മാധവന്‍നായര്‍, ടി.കെ.ജി. നായര്‍ എന്നിവരും ഞാനും അവതരിപ്പിച്ചു. കെ. ഡി. എ സെക്രട്ടറി പി. ജെ. കുര്യന്റെ പ്രബന്ധം ‘സമഗ്ര വികസനം-മാസ്റ്റര്‍പ്ലാന്‍’ എന്നതായിരുന്നു. ഒട്ടുവളരെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍, സാഹിത്യഭംഗി കലര്‍ന്ന ഭാഷയില്‍ അദ്ദേഹം അവതരിപ്പിച്ചു. എബ്രഹാം ഈപ്പന് പാലാമ്പടം മോഡറേറ്ററായിരുന്നു.
നാലാംദിവസം സമാപനസമ്മേളനമായിരുന്നു. ഡോ. സക്കറിയാസ് മാര്‍ തിയോഫിലോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സാംസ്കാരികവകുപ്പുമന്ത്രി ടി. കെ. രാമകൃഷ്ണന് ഉദ്ഘാടനംചെയ്തു. വിവരം ഇല്ലാത്ത കാര്യങ്ങള്‍ വിവരമുള്ളവരുടെ മുമ്പില്‍ പ്രസംഗിക്കുന്നവരാണ് മന്ത്രിമാരെന്ന് ടി. കെ. പ്രസ്താവിച്ചു. ദര്‍ശന നടത്തുന്ന പുസ്തകമേളയില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും, അതിന്റെ വലിപ്പം ലോകപുസ്തകമേള കഴിഞ്ഞാല്‍ മറ്റെങ്ങും കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു. മലയാളത്തില്‍ വിജ്ഞാനശാഖയുടെ വളര്‍ച്ച പോരെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മുഖ്യപ്രസംഗകനായിരുന്ന പ്രൊഫ. എം. കെ. സാനു, നിശ്ശബ്ദനായി ഇത്രയധികം കാര്യങ്ങള്‍ ചെയ്തുകൂട്ടുന്ന ഫാദര്‍ ജോസഫ് വലിയതാഴത്ത് തന്റെ ശിഷ്യനാണ് എന്നതില്‍ അഭിമാനംകൊണ്ടു. സി. എം. ഐ. സഭയുടെതന്നെ വകയായി എറണാകുളത്തു പ്രവര്‍ത്തിച്ചുവരുന്ന ചാവറ സാംസ്കാരിക കേന്ദ്രത്തെപ്പറ്റി സാനു എടുത്തുപറഞ്ഞു. ഡോ. നമ്പ്യാപറമ്പിലാണ് അതിനു ചുക്കാന്‍പിടിച്ചത്. അതു തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കാന്‍ കൂടിയ യോഗത്തില്‍ എം. കെ. കെ. നായരും സി. എന്‍. ശ്രീകണ്ഠന്‍നായരും താനും സംബന്ധിച്ചിരുന്നു എന്ന് പ്രൊഫ. സാനു അനുസ്മരിച്ചു. എല്ലാ അഭിപ്രായഗതിക്കാര്ക്കും ഒത്തുകൂടാനും ചര്‍ച്ചചെയ്യാനുമുള്ള ഒരു വേദിയാണ് ഇത്തരം സാംസ്കാരികകേന്ദ്രങ്ങള്‍. മനുഷ്യരുടെ ഇടയ്ക്ക് കാണ്ടാമൃഗവും മൂര്ഖന്പാമ്പുമെല്ലാമുണ്ട്. ഇങ്ങനെയൊക്കെ സൃഷ്ടിച്ചുവച്ചതിനു ദൈവം മനുഷ്യനോടു മാപ്പു ചോദിക്കണമെന്ന് ഓമര്‍ഖയ്യാം പറഞ്ഞിട്ടുള്ളത് സാനു ചൂണ്ടിക്കാട്ടി.
അടുത്തുതന്നെ ഉപരിപഠനത്തിന് യു. എസ്. ലേക്ക് പോകുന്ന ദര്‍ശന ഡയറക്ടര്‍ ഫാ. വലിയതാഴത്തിന്റെ മഹനീയ സേവനങ്ങളെ എല്ലാ പ്രസംഗകരും പ്രശംസിച്ചു.