(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ജനുവരി, 1986
‘പേരുകൊണ്ടുള്ളകുഴപ്പ’ത്തെപ്പറ്റി മൂന്നാലു മാസം മുമ്പ് ഞാനെഴുതിയിരുന്നു. വീണ്ടും എഴുതേണ്ടിവന്നു, ഇപ്പോള്‍.
(ഈ.വി. ഒരിക്കല്‍ ‘പേരുകള്‍’ എഴുതി. പിന്നെ ‘വീണ്ടും പേരുകള്‍’ എഴുതി—ചിരിയും ചിന്തയും കാണുക).
ഞാന്‍ മുമ്പ് എഴുതിയത് എന്റെ പേരുകൊണ്ടുണ്ടായ കുഴപ്പങ്ങളെപ്പറ്റിയാണ്. ഇപ്രാവശ്യം അതല്ല. ഏഷ്യന്‍ ഗെയിംസിന്റെ സ്കോര്‍ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട ചില പേരുകളുടെ കാര്യം നിങ്ങള്‍ വായിച്ചിരിക്കും.
‘ജോസഫ്, എം. 483’ എന്താണിതു കണ്ടാല്‍ തോന്നുക? കളിക്കളത്തിലിറങ്ങിയത് ഏഞ്ചല്‍ മേരി ജോസഫ് എന്ന വനിത.
ദേവയ്യ ആര്. 481 എന്നു കണ്ടാല്‍ കുമാരി റീത്താ ദേവയ്യ എന്നു മനസ്സിലാക്കണം. ഏബ്രഹാം എസ്. എന്നു ബോര്‍ഡില്‍ കണ്ടത് മിസ് ഷൈനി ഏബ്രഹാമാണ്.
നമ്മുടെ ശ്രീമതി റോസമ്മ പുന്നൂസ് ഒരിക്കല്‍ എക്സ്പ്രസ് ബസ്സില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തു. എഴുതിപ്പിടിപ്പിച്ചത് ആര്. പുന്നൂസ് എന്നും. കണ്ടക്ടര്‍ ആള്‍മാറാട്ടത്തിന് റോസമ്മയെ ശകാരിച്ചു. ഇറക്കിവിടാനും തുടങ്ങി.
ഏഷ്യാഡില്‍ പേരു ചുരുക്കിക്കളഞ്ഞെങ്കില്, മറിച്ചുള്ള അനുഭവങ്ങളുമുണ്ട്. പൂര്‍വ ജര്‍മന്‍ പത്രങ്ങളില്‍, സ്വര്‍ണം നേടിയ വത്സമ്മയുടെ പേരഅച്ചടിച്ചത് എം.ഡി. വത്സമ്മ എന്നല്ല, ‘മാനത്തൂര്‍ ദേവസ്യ വത്സമ്മ’ എന്നായിരുന്നു. ഇവിടെ പേരു നീട്ടിയതുകൊണ്ടു കുഴപ്പമൊന്നും വന്നില്ലെങ്കിലും നീണ്ടപേര് മൂന്നാലുദിവസം മുമ്പ് കുറച്ചു കുഴപ്പമുണ്ടാക്കി. കേരള ഹൈക്കോടതിയില്‍ ഡിസംബര്‍ 15-ാം തീയതി രണ്ടു പുതിയ ജഡ്ജിമാരെ നിയമിച്ചു. വടക്കന്മാര് വീട്ടില്‍ ശിവരാമന്നായരും, കൃഷ്ണസ്വാമി സുന്ദരപരിപൂര്ണനുമാണ് അവര്‍. നേരുപറഞ്ഞാല്‍ ശിവരാമന്നായര്, കുഴപ്പമൊന്നുമുണ്ടാക്കിയില്ല. രണ്ടാമത്തെ ദേഹം നമ്മുടെ പത്രക്കാരില്‍ ചിലരെ കുഴപ്പത്തിലാക്കി. ഒരു പ്രമുഖ ദിനപത്രം ‘ഹൈക്കോടതിയില്‍ മൂന്നു ജഡ്ജിമാരെ നിയമിച്ചു’ എന്നാണു തലക്കെട്ടുനല്‍കിയത്. അവര്‍ കൃഷ്ണസ്വാമി സുന്ദരപരിപൂര്ണനെ രണ്ടായി മുറിച്ചു. (ഞാനിതെഴുതുമ്പോള്‍ ജഡ്ജിമാര്‍ ചാര്‍ജെടുത്തിട്ടില്ല. അതുകൊണ്ട് ഇതു കോര്ട്ടലക്ഷ്യമാവില്ലെന്നു കരുതുന്നു.)
കൃഷ്ണസ്വാമി എന്നത് ഒരു ജഡ്ജി. സുന്ദരപരിപൂര്ണ്ണന് മറ്റൊരു ജഡ്ജിയും. ഈ. വി. കൃഷ്ണപിള്ളയുടെ പേരുകള്‍ വല്ലതും ആയിരുന്നെങ്കിലോ? ഇതാ ഉദാഹരണം: ‘വേണുഗോപാലവീണ ഗീതരസബാലഗംഗാധരന്.’
ഇങ്ങനെ വല്ലവരെയും ജഡ്ജിയാക്കിയിരുന്നെങ്കില് മൂന്നോ നാലോ ആയി മുറിച്ചേനെ, നമ്മുടെ ദിനപത്രം.
ബ്രിട്ടനില്‍നിന്നു പ്രസിദ്ധപ്പെടുത്തിയ ഒരു സാഹിത്യവിജ്ഞാനകോശത്തില് മലയാളസാഹിത്യത്തെപ്പറ്റി വിവരിക്കുന്ന ഒരു ഖണ്ഡികയുണ്ട്. അതില്‍ മൂന്നു സാഹിത്യനായകന്മാരുടെ പേരുകള്‍ മാത്രമേയുള്ളു— ഇവരെയൊന്നും നമ്മളാരും കേട്ടിട്ടുണ്ടാവില്ലതാനും. ടി. ആര് എഴുത്തച്ഛന്, കെ. കെ. നമ്പ്യാര്‍, ടി. എസ്. പിള്ള ഇതാണ് പേരുകള്‍. മുഴുവനും വായിച്ചുകഴിയുമ്പോള്‍ നമുക്കു പിടികിട്ടും പുള്ളികളെ. (1) സാക്ഷാല്‍ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് 2. കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ 3. തകഴി ശിവശങ്കരപ്പിള്ള. ബ്രിട്ടനില്വരെ പോകണമെന്നില്ല. വടക്കേ ഇന്ത്യയിലും പലപ്പോഴും ടി. എസ്. പിള്ള പ്രത്യക്ഷപ്പെടാറുണ്ട്.
ഈയിടെ ഡോ. അയ്യപ്പപ്പണിക്കര്‍ ‘ഇന്ത്യന്‍ ഓഥര്‍’ എന്ന മാസികയില്‍ തകഴി ശിവശങ്കരപ്പിള്ളയെപ്പറ്റി എഴുതിയ ലേഖനത്തില്‍ ടി. എസ്. പിള്ള എന്നല്ല, തകഴി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത് എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്.
തകഴിയുടെ ചെമ്മീന്‍ ലണ്ടനില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ തകഴി എസ്. പിള്ള എന്നാക്കി പേര്. ചെക്ക് ഭാഷയില്‍ ടി. ശിവശങ്കരപ്പിള്ളയാണ്. ജര്മനില് വന്നപ്പോള്‍ കവറില്‍ ടി. എസ്. പിള്ളയും അകത്ത് തകഴി ശിവശങ്കരപ്പിള്ളയുമായി. റഷ്യക്കാര്‍ വളരെ മര്യാദയ്ക്ക് തകഴി ശിവശങ്കരപ്പിള്ള എന്നുതന്നെവച്ചു. പക്ഷേ, അവര്‍ കെ.പി.എസ്. മേനോന്റെ പുസ്തകത്തില്‍ കെ. പി. ശിവശങ്കരമേനോന്‍ എന്നാണച്ചടിച്ചത്; മര്യാദ കൂടിപ്പോയി.
കഴിഞ്ഞയാഴ്ച മദ്രാസില്‍ നടന്ന ‘ഇന്ത്യന്ഗ്രന്ഥകാര’ സമ്മേളനത്തിന്റെ കവിയരങ്ങില്‍ കവിത വായിക്കാന്‍ നമ്മുടെ ചെമ്മനം ചാക്കോയെ വിളിച്ചത് ‘ചെമ്മാനം ചക്കൊ’ എന്നായിരുന്നു. ഇതു സാരമില്ലെന്നു തോന്നും. ‘ശ്വാനവിജ്ഞാന’ത്തിന്റെ കഥ കേട്ടാല്‍. കേരള സാഹിത്യ അക്കാദമി കഴിഞ്ഞമാസം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അതില്‍ ഭാഷാശാസ്ത്രത്തിനുള്ള ഐ.സി. ചാക്കോ അവാര്‍ഡ് ലഭിച്ചത് ഡോ. പ്രബോധചന്ദ്രന്നായരുടെ ‘സ്വനവിജ്ഞാനം’ എന്ന ഗ്രന്ഥത്തിനാണ്. നമ്മുടെ മിക്ക ദിനപത്രങ്ങളും അത് ‘ശ്വാനവിജ്ഞാന’മാക്കി. തന്റെ ശ്വാനന് മരിച്ചപ്പോള്‍, വിലാപകാവ്യം എഴുതിയ ആളാണ് ഐ.സി. ചാക്കോ. അതുകൊണ്ട് ശ്വാനവിജ്ഞാനമാകാം. (ദിനപത്രങ്ങളില്‍നിന്ന് അതേപടി പകര്‍ത്തിയ കറന്റ് ബുള്ളറ്റിനിലും ശ്വാനന് കടന്നുകൂടി.)
ഒരാഴ്ചമുമ്പ് കേരള സാഹിത്യ അക്കാദമി ബ്രിട്ടീഷ് ഭാഷാശാസ്ത്രപണ്ഡിതനായ ഡോ. ആഷര്‍ക്ക് ഫെലോഷിപ്പ് നല്കി ബഹുമാനിച്ച വിവരം ഓര്‍ത്തപ്പോള്‍ പേരിന്റെ ഒരു കാര്യംകൂടി ഓര്‍മവന്നു.
1960-നടുത്താണെന്നു തോന്നുന്നു. ഡോ. ആഷറുടെ ബഹുമാനാര്‍ത്ഥം കോട്ടയത്ത് ഞാന്‍ ഒരു സല്‍ക്കാരം നല്കി. സാഹിത്യകാരന്മാരും പൗരപ്രമാണികളുമായി പത്തുനൂറുപേര് സംബന്ധിച്ചു. ചിലെരാക്കെ പ്രസംഗിച്ചു. ആഷറുടെ മറുപടി പ്രസംഗത്തില്‍ എന്നെപ്പറ്റി ഡി.സി. കിഴക്കെമുറി എന്നല്ല, മാനത്തൂര്‍ ദേവസ്യ വത്സമ്മ മട്ടിലാണു പറഞ്ഞത്. പത്തുപതിനഞ്ചു വര്‍ഷമായി കോട്ടയത്തു കഴിഞ്ഞിരുന്ന എന്റെ മുഴുവന്‍പേരും കോട്ടയത്തുകാര്‍ മനസ്സിലാക്കിയത് എഡിന്‍ബറോയില്‍നിന്നു സായ്പ് വന്നു പറഞ്ഞപ്പോളാണ്.