(‘കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും’) ഒക്ടോബര്‍ 10,1990
ഡല്‍ഹിയില്‍ കഴിഞ്ഞാഴ്ച വന്നത് നെല്‍സണ്‍ മണ്ടേലാ നാഷനല്‍ റിസപ്ഷന് കമ്മറ്റിയുടെ മീറ്റിംഗില്‍ സംബന്ധിക്കാനാണെന്ന് എഴുതിയിരുന്നല്ലൊ. ഡോ.മണ്ടേല ഒക്ടോബര്‍ 15, 16 തീയതികളില്‍ തലസ്ഥാന നഗരിയിലുണ്ടാവുമെന്നും എഴുതിയിരുന്നു.മൂന്നുനാലു ദിവസം കോട്ടയം വിടാന്‍ വിഷമമുള്ളതു കൊണ്ടു യാത്ര ഉപേക്ഷിക്കാനാണ്, തീരുമാനിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരമണിയോടെ ‘നെല്‍സണ്‍മണ്ടേല‘ എന്ന സിനിമ ടെലിവിഷനില്‍ കാണാനിടയായി. ഉറങ്ങിക്കഴിഞ്ഞ എന്നെ, മകള്‍ വന്ന് ഉറക്കം തെളിച്ചു നിര്‍ബന്ധിച്ചതിന്റെ ഫലമായി സിനിമയുടെ മുക്കാല്‍ ഭാഗവും കണ്ടു. നമ്മുടെ ‘ഗാന്ധി‘ പോലെ മിഴിവുള്ള ഒരു ചിത്രം. അത് കണ്ടപ്പോള്‍ ഡല്‍ഹിക്കു പോകണമെന്നും മണ്ടേലയെ നേരിട്ടു കാണണമെന്നും തോന്നി.
ഞങ്ങള്‍ രാത്രി 10 കഴിഞ്ഞ് ഡല്‍ഹിയിലെത്തുകയും ചെയ്തു.ഇന്നു രാവിലെ നെല്‍സണ്‍ മണ്ടേല ഡല്‍ഹിയിലെത്തി. നേരെ രാഷ്ട്രപതിഭവനിലേക്കാണു വന്നത്. രാഷ്ട്രപതിയുടെ സ്വീകരണം കഴിഞ്ഞ് ആദ്യത്തെ ചടങ്ങ് സ്വീകരണക്കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുക എന്നതായിരുന്നു; രാഷ്ട്രപതിഭവനിലെ അശോക ഹാളില്‍വച്ച്. കമ്മിറ്റിയംഗങ്ങള്‍ ഓരോരുത്തരും മണ്ടേലയുടെ അടുക്കല്‍ കൂടി കടന്നുപോയി. ഹസ്തദാനം ചെയ്യരുതെന്നു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. നമസ്കാരം മാത്രം മതിയെന്ന്. ഞാന്‍ നമസ്കാരം പറഞ്ഞിട്ട്, കേരളത്തില്‍ നിന്നാണെന്നും കേരളം തെക്കേ അറ്റത്തുള്ള സംസ്ഥാനമാണെന്നും കൂടി പറഞ്ഞു.
മീറ്റിങ്ങിന്റെ ഏര്‍പ്പാടുകളെല്ലാം നന്നായിരുന്നു. അദ്ധ്യക്ഷന്‍ ഉണ്ടായിരുന്നില്ല. ഉപരാഷ്ട്രപതി ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ സ്വാഗതം പറഞ്ഞു. സാമാന്യം ദീര്‍ഘമായ പ്രസംഗം. തുടര്‍ന്ന് ഡോ.മണ്ടേലയുടെ പ്രസംഗം. അത്, സ്വാഗതപ്രസംഗത്തെക്കാള് നീളം കുറഞ്ഞതായിരുന്നു. ഇരുവരും എഴുതിവായിക്കയാണ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ അശോക് ഹോട്ടലിന്റെ ബാങ്ക്വറ്റ് ഹാളില്‍ വച്ച് ഡോ.മണ്ടേലയ്ക്ക് ഒരു സ്വീകരണമുണ്ടായിരുന്നു. ഇന്ത്യയിലെ സ്വാതന്ത്ര്യസമര ഭടന്മാരുടെ രണ്ടു സംഘടനകളും ചില യുവജന സംഘടനകളും കൂടി സംഘടിപ്പിച്ചതായിരുന്നു, അത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു, പ്രധാനമന്ത്രിയുടെ ഡിന്നര്‍. 100-125 പേരിലധികമില്ലായിരുന്നു ക്ഷണിക്കപ്പെട്ടവര്‍. മണ്ടേല സ്വീകരണ കമ്മറ്റിയിലെ അംഗങ്ങള്‍ എല്ലാവരുംതന്നെ സംബന്ധിച്ചു.മണ്ടേലയുമായി വളരെ അടുത്തിടപെടാനും സംസാരിക്കാനും ഞങ്ങള്‍ക്കൊക്കെ സൗകര്യം ലഭിച്ചു. ഓട്ടോഗ്രാഫ് വേണ്ടവരെയൊന്നും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ഓട്ടോഗ്രാഫ് ബുക്ക് കരുതാത്ത ഞങ്ങളില്‍ ചിലര്‍ ഡിന്നറിനുള്ള ക്ഷണക്കത്തില്‍ ഒപ്പിടുവിച്ചു സംതൃപ്തരായി. സെക്യൂരിറ്റി ഏര്‍പ്പാടുകള്‍ അകത്ത് വളരെ കര്‍ശനമാക്കിയിരുന്നില്ല.
നെല്‍സണ്‍ മണ്ടേലയ്ക്ക്, ഒരു രാഷ്ട്രത്തലവനു നല്കുന്ന ബഹുമതിയാണ് നല്‍കിയത്. നമ്മുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ആ നിലയ്ക്കാണ് അദ്ദേഹത്തെ ആദരിച്ചത്. ഭാരതം നല്കുന്ന ഏറ്റവും മികച്ച ബഹുമതിയായ ‘ഭാരതരത്ന’വും മണ്ടേലയ്ക്കു നല്കപ്പെട്ടു. ഇതിനുമുമ്പ് മറ്റൊരു വിദേശിക്കുകൂടി മാത്രമെ ഈ ബഹുമതി നല്കിയിട്ടുള്ളു – ഖാന് അബ്ദുല്ഗാഫര്ഖാനുമാത്രം. ഡല്‍ഹിയിലെ ഒരു പ്രമുഖപത്രം, ‘ഭാരതരത്നം’ നല്കപ്പെടുന്ന മൂന്നാമത്തെ വിദേശി എന്നു മണ്ടേലയെ വിശേഷിപ്പിച്ചിരിക്കുന്നത് കണ്ടു. മദര്‍തെരേസയ്ക്ക് ഇന്ത്യന്‍ പൗരത്വമാണുള്ളതെന്ന് ആ പത്രം ഓര്മ്മിച്ചിരിക്കയില്ല.