(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) മെയ് 17, 1987
കഴിഞ്ഞ ലേഖനത്തില്‍ ജീവിച്ചിരിക്കുന്ന പത്തു പത്രങ്ങളെപ്പറ്റിയാണെഴുതിയത്. ഇന്നു മരിച്ച പത്രങ്ങളെപ്പറ്റി എഴുതുന്നു. അത് ഇരുപതിലേറെയുണ്ട്. മരിച്ച പത്രങ്ങള്‍ ഇത്രയേ ഉണ്ടായിരുന്നുള്ളു എന്ന് ആരും ധരിക്കരുത്. എന്റെ കൈവശം ഇത്രയേ ഉള്ളു എന്നുമാത്രം.
ആദ്യം ‘ധര്‍മദേശം’ ആകട്ടെ. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിരുന്ന പ്രഭാതദിനപത്രം. കുന്നത്തു ജനാര്‍ദ്ദന മേനോന് മുഖ്യ പത്രാധിപരും കെ. താണുമലയന്‍ ജനറല്‍ മാനേജരുമായിരുന്നു. തീയതി 1122 കന്നി എട്ട്. (1946 സെപ്തംബര്‍ 24). മലയാളവര്‍ഷമാണ് അച്ചടിച്ചിട്ടുള്ളത്. എന്നു മാത്രമല്ല, പത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന അക്കങ്ങള്‍ മുഴുവനും മലയാളമാണ്. ‘പണ്ഡിറ്റ്ജി കോണ്‍ഗ്രസ് അദ്ധ്യക്ഷപദം ഒഴിയുന്നു’ എന്നതാണ് പ്രധാന വാര്‍ത്ത. ധര്മദേശത്തിന്റെ സെപ്തംബര്‍ 29-ലെ ലക്കവുമുണ്ട്. ‘1946 ഒക്ടോബര്‍ 1-ാം തീയതി മദ്രാസ് പ്രസിഡന്‍സിയുടെ ചരിത്രത്തില്‍ ഒരു രക്തലേഖാദിനമായിരിക്കും. അന്നാണ് മദ്യവര്‍ജനം നടപ്പാക്കുക.’ മദ്രാസ് പ്രധാനമന്ത്രി ടി. പ്രകാശത്തിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രിമാരുടെ അന്നത്തെ പേര് പ്രധാനമന്ത്രി എന്നായിരുന്നു.
(സെപ്തംബര്‍ 2-ന് നെഹ്റുവിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപംകൊണ്ടിരുന്നു. സംസ്ഥാനങ്ങളില്‍ കോൺഗ്രസ് ‘പ്രധാനമന്ത്രി’ മാരുടെ ഭരണവും). തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് ടി. എം. വറുഗീസ് ന്യൂദല്‍ഹിയില്‍ ഗാന്ധിജിയെ സന്ദര്‍ശിച്ചതാണ് മറ്റൊരു വാര്‍ത്ത. കോപ്പഗേയില് സമ്മേളിച്ച ലോക ഭക്ഷ്യകോണ്ഫറന്സില് തിരുവിതാംകൂര്‍ പ്രതിനിധി ജി. പി. പിള്ള സംബന്ധിച്ചതായി ലണ്ടനില്‍നിന്ന് റോയിട്ടര്‍ വാര്‍ത്തയുമുണ്ട്. (പത്രങ്ങളുടെ പേജും വിലയും ഇനി പറയുന്നില്ല. എല്ലാം നാലു പേജ്. ഞായറാഴ്ച ആറോ എട്ടോ പേജായിരിക്കും. വില ഒരണ, ഒന്നേകാലണ, ഏഴു ന. പ., എട്ടു ന.പ. എന്നിങ്ങനെ). ‘മലബാര്‍ മെയില്‍’ 1957 സെപ്തംബര്‍ 29-ലേതാണ്. എറണാകുളത്തുനിന്ന്. പത്രാധിപര്‍ ഫാ. തോമസ് വെളുത്തേടത്ത് എറണാകുളം മെത്രാപ്പോലീത്തയുടെ ഉടമസ്ഥതയിലുള്ള പത്രം പ്രസിദ്ധീകരണത്തിന്റെ 21-ാം വര്‍ഷമാണ്. ‘തൊഴിലാളി’ തൃശൂരില്‍നിന്ന് ഫാദര്‍ ജോസഫ് വടക്കന്റെ പത്രാധിപത്യത്തില്‍ നടന്നിരുന്ന പത്രമാണ്. മുന്‍മന്ത്രി ബി. വെല്ലിങ്ടണ്‍, മന്ത്രിയാകും മുമ്പ് ഇതിന്റെ സഹപത്രാധിപനോ അസ്സല് പത്രാധിപരോ ആയിരുന്നു. 1957 സെപ്തംബര്‍ 26-ലെ പത്രമാണ് ഇവിടെയുള്ളത്.
‘നവകേരള’മാണ് മറ്റൊരു പത്രം. പത്രാധിപര്‍ പന്തളം പി. ആര്. മാധവന്‍പിള്ള. എറണാകുളത്തുനിന്ന്. 1951 സെപ്തംബര്‍ 30. ഒരു വാര്‍ത്തയുടെ തലവാചകങ്ങള്‍ കാണുക: ‘ചൈനീസ് ജനതയുടെ പുരോഗതി ഏഷ്യന്‍ ജനതയെ ആവേശഭരിതരാക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാവോസേതൂങ്ങിനയച്ച സന്ദേശം.’ ഒരു കോഴിക്കോട് റിപ്പോര്‍ട്ടിന്റെ തലക്കെട്ട്: ‘കോണ്‍ഗ്രസുകാരുടെ ഇടയില്‍ സീറ്റിനുവേണ്ടി വടംവലി’ (ഗാന്ധിജി മരിച്ചിട്ട് മൂന്നു വര്‍ഷം കഴിഞ്ഞതേയുള്ളുവെന്നുകൂടി ഓര്‍മിക്കുക).
തിരുവനന്തപുരത്തുനിന്ന് സാഹിത്യകാരനായ ടി. എന്‍. ഗോപിനാഥന്‍നായര്‍ ‘വീരകേസരി’ എന്ന പേരില്‍ ഒരു ദിനപത്രം കുറെക്കാലം നടത്തിയിരുന്നു. എന്റെ മുമ്പിലുള്ളത് 1952 മാര്‍ച്ച് 22-ലേത്. ഇന്ത്യന്‍ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള ചട്ടങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു എന്നതാണു പ്രധാന വാര്‍ത്ത. മറ്റൊന്നിന്റെ തലക്കെട്ടില്‍ ‘പാഠപുസ്തകങ്ങള്‍ സമയത്തു കിട്ടുമോ’ എന്നു ചോദിച്ചിരിക്കുന്നു. രണ്ടും ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ള കാര്യങ്ങള്‍തന്നെ. ‘പൗരകാഹള’മാണ് മറ്റൊന്ന്. ചീഫ് എഡിറ്റര്‍ കെ. പി. ഗോപാലമേനോന്‍ തിരുവനന്തപുരം. 1951 സെപ്തംബര്‍ 4, ‘മദ്രാസില്‍ പെണ്ണുങ്ങളുടെ ഗുസ്തി’ ‘ഷാന്പൂരില് ട്രെയിനപകടം, 20 പേര് മരിച്ചു.’ ഇതൊക്കെ ഒന്നാം പേജ് വാര്‍ത്തകളാണ്. ‘മന്ത്രിസഭാ രൂപീകരണത്തില്‍ പ്രശ്നങ്ങള്‍—കൊച്ചിയില്‍നിന്നുള്ള നാമനിര്‍ദ്ദേശം ലിഭിച്ചിട്ടില്ല’ (അന്ന് തിരു-കൊച്ചിയാണ് സംസ്ഥാനം). ഇതാണു മറ്റൊരു വാര്‍ത്ത. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മേലുള്ള നിരോധനം പിന്‍വലിക്കാന്‍ ഇ. ഗോപാലകൃഷ്ണമേനോന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നു. എ. കെ. ഗോപാലന്റെ പ്രസ്കോണ്‍ഫറന്‍സ് തിരു-കൊച്ചിയില്‍ നിരോധിച്ചു എന്നു തുടങ്ങി ഉദ്ധരിക്കാന്‍ കൊള്ളാവുന്ന പല വാര്‍ത്തകളും ഈ ലക്കത്തിലുണ്ട്. പൗരകാഹളത്തിനുശേഷം ‘പൗരശക്തി’യാകട്ടെ. കോഴിക്കോട്ടുനിന്ന് കളത്തില്‍ വറുഗീസും ബി.സി. വറുഗീസും കൂടിയാണു നടത്തിയിരുന്നതെന്നാണ് ഓര്മ. പേര് പത്രത്തില്‍ കാണുന്നില്ല. 1951 മെയ് 2. എട്ടാം വര്‍ഷമാണ്. പ്രധാന വാര്‍ത്ത: ‘ജനാധിപത്യവും സോഷ്യലിസവും പരസ്പരവിരുദ്ധമല്ല—അശോക് മേത്തയുടെ പാലക്കാടു പ്രസംഗം.’
‘നവജീവന്‍’ 1954 ഫെബ്രുവരി 15, തൃശൂര്‍, പത്രാധിപര്‍ ജോസഫ് മുണ്ടശ്ശേരി—പുസ്തകം ഒന്ന് ലക്കം 54. ‘ഇന്നുമുതല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം കുഴിച്ചുമൂടി ജനങ്ങളുടെ ഗവണ്മെന്റ് സ്ഥാപിക്കാന്‍ കോണ്‍ഗ്രസ്സിതര പുരോഗമന സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടുചെയ്യുക.’ ഒന്നാം പേജില്‍ വലിയ അക്ഷരങ്ങളില്‍ അടിച്ചിട്ടുള്ള അഭ്യര്‍ത്ഥനയാണ്. മുണ്ടശ്ശേരി ആ തെരഞ്ഞെടുപ്പില്‍ ജയിച്ചു എന്നാണ് ഓര്മ. നവജീവന്റെ 1957 ഓഗസ്റ്റ് 30-ലെ ലക്കവുംകൂടി കാണുക. പി. കെ. ഗോപാലകൃഷ്ണനാണു പത്രാധിപര്‍ (1956 നവംബര്‍ 1-ന് കേരളസംസ്ഥാനം നിലവില്‍ വന്നു. അന്നു പ്രസിഡണ്ട് ഭരണമാണ്. 1957 ഫെബ്രുവരി-മാര്‍ച്ച് തെരഞ്ഞെടുപ്പ്. ഏപ്രില്‍ 5-ന് ഇ.എം.എസ്. മന്ത്രിസഭ അധികാരമേറ്റു. മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രി). ‘ജനാധിപത്യത്തെ മാനിക്കുന്ന നല്ല ഭരണം—കേരളാഗവണ്മെന്റിന് ജയപ്രകാശ് നാരായണന്റെ പ്രശംസ.’ ഇതും നവജീവനിലെ വാര്‍ത്തയാണ്.
ആലപ്പുഴനിന്ന് എ. പി. ഉദയഭാനുവിന്റെ പത്രാധിപത്യത്തില്‍ ‘പ്രബോധം’ എന്നൊരു ദിനപത്രമുണ്ടായിരുന്നു. എന്റെ മുന്നിലുള്ളത് 1948 ഏപ്രില്‍ 4-ന്റെ ലക്കമാണ് (പുസ്തകം 1-ലക്കം 8). മാര്‍ച്ച് 24-നാണ് തിരുവിതാംകൂറില്‍ പട്ടം-വറുഗീസ്-കേശവന് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്. എങ്കിലും ഒരു മന്ത്രിയെപ്പറ്റിയും ഒരു വാക്കുപോലും പത്രത്തില്‍ കണ്ടില്ല.
‘കേരളജനത’യുടെ പത്രാധിപര്‍ പട്ടം താണുപിള്ളയും സി. നാരായണപിള്ള (എം.പി.)യുമായിരുന്നു. തിരുവനന്തപുരത്തുനിന്ന് 1957 ഒക്ടോബര്‍ ഒന്നിലെ പത്രമാണ് എന്റെ കൈയില്‍ ഉള്ളത്.
‘കേരളത്തില്‍ ഒരു ദേശീയ ഗവണ്മെന്റാണ് ഭരണം നടത്തുന്നത്. കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ലെങ്കില്‍ ഗോവ-കാശ്മീര്‍ പ്രശ്നങ്ങള്‍ ഞങ്ങള്‍ പരിഹരിക്കും. കേരള മുഖ്യമന്ത്രി ഇ.എം.എസ്.ന്റെ സര്വ്വംദേശീയമായ ജലന്തര്‍ പ്രസംഗം’—പ്രധാന വാര്‍ത്തയുടെ തലക്കെട്ടുകളാണിത്.
പിന്നീട് മുഖ്യമന്ത്രി ആയ ആര്. ശങ്കര്‍ പത്രാധിപത്യം വഹിച്ചിരുന്നതാണ് ‘ദിനമണി.’ കൊല്ലം 1957 ആഗസ്റ്റ് 21. രണ്ടു വാര്‍ത്തകള്‍ ഉദ്ധരിക്കാം. (1) കേന്ദ്രപ്രതിരോധമന്ത്രി വി. കെ. കൃഷ്ണമേനോന് നാളെ വെളുപ്പിന് 8.40-ന് വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തും. (2) കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കുംഭകോണപദ്ധതി. 140 ബസ്സുകള്‍ വാങ്ങാനുള്ള തീരുമാനങ്ങളുടെ പിറകിലുള്ള ‘ചിന്താമധുര’ലാക്കുകള്‍. കൗമുദി ബാലകൃഷ്ണന് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന കെ. ബാലകൃഷ്ണന് (സി. കേശവന്റെ മകന്) കുറെക്കാലം ദിനപത്രവും നടത്തിയിരുന്നു. ബാലനും കൈനിക്കര പത്മനാഭപിള്ളയുമായിരുന്നു പത്രാധിപന്മാര്. 1957 ആഗസ്റ്റ് 31-ലെ രണ്ടുമൂന്നു വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു: (1) മലയാ സ്വതന്ത്ര രാഷ്ട്രമായി—ആഗസ്റ്റ് 30 അര്‍ദ്ധരാത്രി. (2) തിരുവനന്തപുരത്തുനിന്നു തലസ്ഥാനം മാറ്റാനുള്ള ആലോചനയെ എതിര്‍ത്തുകൊണ്ട് മേയര്‍ ഗോവിന്ദന്‍കുട്ടിനായരുടെ പ്രസ്താവന. (3) കേരള ബജറ്റിന്റെ ചില ഭാഗങ്ങള്‍ ചോര്‍ത്തിയെടുത്തു നേരത്തേ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയതു സംബന്ധിച്ച കൗമുദിക്കെതിരെയുള്ള കേസിന്റെ വിചാരണ സെപ്റ്റംബര്‍ 10-ന് ആരംഭിക്കുന്നു. കൗമുദി ഒരു തിരുവനന്തപുരം പത്രമായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
കെ. എസ്. പി. നേതാവ് മത്തായി മാഞ്ഞൂരാന് എറണാകുളത്തുനിന്നു പ്രസിദ്ധപ്പെടുത്തി വന്നതാണ്. ‘പ്രകാശം’ (1957 സെപ്റ്റംബര്‍ 28, പുസ്തകം 1, ലക്കം 37). കൊല്ലത്തുനിന്ന് തങ്ങള്‍ കുഞ്ഞ് മുസലിയാര്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന ദിനപത്രമാണ് പ്രഭാതം. എ. എ. റഹിമും ഇതിന്റെ പിന്നിലുണ്ടായിരുന്നു. 1955 നവംബര്‍ 17-ന്റെ പത്രം പന്ത്രണ്ടാം വര്‍ഷത്തിലേക്കു കടന്നിരിക്കുന്നു.
പ്രഭാതത്തിന്റെ 1957 ആഗസ്റ്റ് 24 ലക്കത്തില്‍നിന്ന്: (1) സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകള്‍ ഗവണ്മെന്റിലേക്കു മാറ്റാന്‍ വ്യവസ്ഥചെയ്യുന്ന വകുപ്പു പാസ്സാക്കി. കോണ്‍ഗ്രസ്, പി. എസ്. പി. നേതാക്കളുടെ ഭേദഗതികള്‍ തള്ളപ്പെട്ടു. (2) കേരളത്തില്‍ അരക്ഷിതാവസ്ഥ ഇല്ല—ആര്. എസ്. പി. നേതാവ് ത്രിദീപ് ചൗധരി.
ദീനബന്ധു എറണാകുളത്തുനിന്ന് കോണ്‍ഗ്രസ് നേതാക്കന്മാര് നടത്തിയിരുന്ന പത്രമാണ്. 1957 ഒക്ടോബര്‍ 4-ലെ ലക്കമാണ് എന്റെ മുന്നിലുള്ളത്. പത്രാധിപര്‍ എം. എന്‍. ശിവരാമന്നായര്. കോട്ടയം സാഹിത്യപരിഷത് സമ്മേളനത്തില്‍ മഹാകവി വള്ളത്തോള്‍ ചെയ്ത അദ്ധ്യക്ഷപ്രസംഗം ഏതാണ്ടു പൂര്‍ണരൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. അതില്‍നിന്നു മൂന്നാലു വരി ഉദ്ധരിക്കട്ടെ: ‘കോട്ടയത്ത് കളരിക്കല്‍ ബസാറില്‍ ഒരു സരസ്വതി ക്ഷേത്രംപോലെ വര്‍ത്തിക്കുന്ന നാഷനല്‍ ബുക്സ്റ്റാളിന്റെ മുഖ്യ ശില്പിയായ ശ്രീമാന്‍ ഡി.സി.യുടെയും ശ്രീ കാരൂര്‍, വെട്ടൂര്‍ മുതലായ കേളികേട്ട കഥാകൃത്തുക്കളുടെയും സശ്രദ്ധമായ സംരക്ഷണംമൂലം പ്രായത്തില്‍ കവിഞ്ഞ വലിപ്പം വച്ച സാഹിത്യപ്രവര്‍ത്തക സഹകരണസംഘമത്രെ, സാഹിത്യപരിഷത്തിനെ ഇവിടെ വരുത്തിയതും…’
കൊല്ലത്തുനിന്നു പ്രശസ്തമായ നിലയില്‍ നടത്തിയിരുന്ന മലയാളരാജ്യം ദിനപത്രവും അതിസുന്ദരമായിരുന്ന മലയാളരാജ്യം ചിത്രവാരികയും ശ്രീരാമവിലാസം പ്രസ്സും പുസ്തകശാലയും എല്ലാം ഇന്നു നാമാവശേഷമായിരിക്കുന്നു. എന്റെ കൈവശം ദിനപത്രത്തിന്റെ ഒരു ലക്കമേയുള്ളു. 1957 ആഗസ്റ്റ് 20. ഇതുതന്നെ 30-ാം വര്‍ഷമത്രെ. ദേശീയപ്രവര്‍ത്തനത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന കെ. ജി. ശങ്കറാണ് മലയാള രാജ്യത്തിന്റെ ആദ്യത്തെ മാനേജിങ് എഡിറ്റര്‍. സ്പീക്കറായിരുന്ന വി. ഗംഗാധരനും ഈ സ്ഥാപനത്തോടു ബന്ധപ്പെട്ടിരുന്നു.
മലയാളി ആണ് ഇനിയൊരു പത്രം. ഈയിടെ ശതാബ്ദി ആഘോഷിച്ച ദീപികയേക്കാള്‍ ഒരു വര്‍ഷം മുമ്പ് ആരംഭിച്ചതാണ് മലയാളി. സി. വി. രാമന്‍പിള്ളയും എം. ആര്. മാധവവാര്യരും മലയാളിയുടെ പത്രാധിപത്യം വഹിച്ചിരുന്നു. ഇടയ്ക്കു മുടങ്ങിപ്പോയിട്ടുണ്ട്. 1954 ജൂണ്‍ 9-ലെ ലക്കത്തില്‍ 57-ാം വര്‍ഷം എന്നു കാണുന്നു. അഴകത്ത് ഇ. രാമക്കുറുപ്പാണ് പത്രാധിപര്‍. ഉത്തരവാദഭരണം കിട്ടിയിട്ട് ഒമ്പതു വര്‍ഷം കഴിഞ്ഞപ്പോള്‍ തിരു-കൊച്ചിയിലെ കോണ്‍ഗ്രസ് എങ്ങനെയിരുന്നു എന്നറിയാന്‍ മലയാളിയിലെ ഒരു വാര്‍ത്ത കണ്ടാല്‍ മനസ്സിലാകും. ഇതാ, അത്. ‘കളത്തില്‍ വേലായുധന്നായര്, ടി. എം. വറുഗീസ്, എ. ജെ. ജോണ്‍ മുതലായി അധികാരത്തില്‍ കയറിക്കൂടാനിടയായ ഏതാനും പേരുടെ പ്രവൃത്തികളാണ് തിരു-കൊച്ചി കോണ്‍ഗ്രസ്സിനു വന്നുചേര്‍ന്ന അധഃപതനത്തിനു കാരണമെന്നും അവര്‍ സ്വമേധയാ രാഷ്ട്രീയരംഗത്തുനിന്നു പിന്മാറിയില്ലെങ്കില് അടിച്ചു പുറത്താക്കണമെന്നും ജി. ചന്ദ്രശേഖരപിള്ള, നെടുമങ്ങാട് കേശവന്നായര്, വരദരാജന് നായര്‍ എന്നിവര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഗര്‍വാളിനെ ധരിപ്പിച്ചു.’ മറ്റൊരു വാര്‍ത്ത: ‘ജൂണ്‍ 14 തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചിലേക്ക് ജസ്റ്റിസ് കെ. എസ്. ഗോവിന്ദപ്പിള്ള, ജസ്റ്റിസ് ടി. കെ. ജോസഫ് എന്നിവരെ നിയമിച്ചിരിക്കുന്നു.’
‘ദേശബന്ധു’ കോട്ടയത്തുനിന്ന് കെ. എന്‍. ശങ്കുണ്ണിപ്പിള്ളയുടെ ഉടമസ്ഥതയില്‍ നടന്നിരുന്ന ദിനപത്രമാണ്; ആര്.കെ. കര്‍ത്താവ് പത്രാധിപരും. ഒരുകാലത്തു വളരെ ഒച്ചപ്പാടുണ്ടാക്കിയ പത്രം. നല്ല നിലവാരം പുലര്‍ത്തിയ ദേശബന്ധു ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ സി. എന്‍. ശ്രീകണ്ഠന്‍നായരായിരുന്നു. 1953 ഒക്ടോബര്‍ 2-ലെ ദേശബന്ധുവില്‍ തലേദിവസം ആന്ധ്രസംസ്ഥാനം പ്രധാനമന്ത്രി നെഹ്റു ഉദ്ഘാടനം ചെയ്ത വാര്‍ത്തയുണ്ട്. ടി. പ്രകാശത്തിന്റെ മന്ത്രിസഭയില്‍ എന്‍. സഞ്ജീവ റെഡ്ഡി (പിന്നീട് ഇന്ത്യന്‍ പ്രസിഡണ്ടായി) ഡെപ്യൂട്ടി മുഖ്യമന്ത്രി ആണെന്നും 1957 ആഗസ്റ്റ് 31-ന്റെ ലക്കത്തില്‍ സര് സി.പി. രാമസ്വാമി അയ്യരുമായി നടന്ന ഒരഭിമുഖത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍നിന്ന് ഒരു ഭാഗം: ‘കേരളത്തിലെ വിദ്യാഭ്യാസരംഗം മുഴുവന്‍ കത്തോലിക്കാ പൗരോഹിത്യം കൈയടക്കിവച്ചിരിക്കുകയാണ്. ഗവണ്മെന്റ് വിദ്യാഭ്യാസത്തിനുവേണ്ടി ഒരു ഡിപ്പാര്‍ട്ടുമെന്റ് വച്ചിരിക്കുന്നതുതന്നെ അവര്‍ക്കിഷ്ടമല്ല. വിദ്യാഭ്യാസത്തിനു മാറ്റിവച്ചിട്ടുള്ള പണം മുഴുവന്‍ തങ്ങളെ ഏല്പിച്ചാല് മാത്രമേ വിദ്യാഭ്യാസം ശരിക്കു നടക്കൂ എന്നാണവരുടെ വിശ്വാസം. വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം കാത്തോലിക്കാപ്പള്ളി കേരളത്തില്‍ ഒരു സമാന്തരഗവണ്മെന്റ് തന്നെ സ്ഥാപിച്ചിരിക്കയാണ്. അതു വളരെ ശക്തവുമാണ്. ഇതിനു മാറ്റം വരുത്താന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. കമ്യൂണിസ്റ്റ്പാര്‍ട്ടി മാത്രമാണ് കത്തോലിക്കാപ്പള്ളിക്കുള്ള എതിരാളി. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കമ്യൂണിസ്റ്റുകാര്‍ ജയിക്കുന്നതാണ് എനിക്കിഷ്ടം.’
ചാക്കോ എം. കരുവേലിത്തറയുടെ ഉടമസ്ഥതയില്‍ കോട്ടയത്തുനിന്ന് പത്തിരുപതുകൊല്ലം പ്രസിദ്ധപ്പെടുത്തിവന്ന പത്രമാണ് ‘പൗരദ്ധ്വനി’. പത്രപ്രവര്‍ത്തനത്തില്‍ പല നൂതനസമ്പ്രദായങ്ങളും നടപ്പാക്കാന്‍ പൗരദ്ധ്വനിക്കു കഴിഞ്ഞിട്ടുണ്ട്. മലയാള മനോരമ പൂട്ടിക്കിടന്ന (1938 സെപ്തംബര്‍ 9 മുതല്‍ 1947 നവംബര്‍ 29 വരെ) കാലത്ത് ഈ പത്രത്തിന്റെ പ്രചാരം വളരെക്കൂടിയിരുന്നു. വാര്‍ത്ത മറ്റു പത്രങ്ങളെക്കാള്‍ മുമ്പു കൊടുക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്ന പൗരദ്ധ്വനി, കേസരി ബാലകൃഷ്ണപിള്ള രോഗഗ്രസ്തനായി കിടന്നപ്പോള്ത്തന്നെ മരിച്ചു എന്ന വാര്‍ത്ത പ്രസിദ്ധപ്പെടുത്തി (1954 ജൂലൈ 20-ലെ പത്രമാണ് എന്റെ പക്കലുള്ളത്).
തൃശൂരെ ഗോമതി (1948 ഒക്. 18), എറണാകുളത്തെ ദീപം (1957 സെപ്. 26) എന്നീ പ്രഭാത ദിനപത്രങ്ങളും തിരുവനന്തപുരത്തുനിന്നു പ്രസിദ്ധപ്പെടുത്തിവന്ന പൊതുജനം (1957 ജൂലൈ 10), കേരളം (1957 സെപ്. 19) എന്നീ സായാഹ്നപത്രങ്ങളുമാണിനി ഉള്ളത്. ഗോമതിയുടെ പത്രാധിപര്‍ വി. കെ. രാഘവന്‍നായരും ദീപത്തിന്റേത് തോമസ് ചെറിയാനും ആയിരുന്നു. പൊതുജനം കെ. കാര്‍ത്തികേയനും കേരളം കെ.വി.എസ്. ഇളയതുമാണ് പ്രസിദ്ധപ്പെടുത്തിയിരുന്നത്.