( ‘കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും’) 10.11.96
മിനിയാന്ന്, മെയ് 29-ന്, ഉണര്‍ന്നപ്പോള്‍ കേട്ടത് ചരണ്‍സിങ്ങിന്റെ ചരമവാര്‍ത്തയാണ്. അന്നും പിറ്റേന്നും മറ്റു പല മരണങ്ങളെപ്പറ്റിയും കേള്‍ക്കേണ്ടിവന്നു. മലയാളഭാഷയ്ക്ക് കനത്ത നഷ്ടമാണ് വെട്ടം മാണിയുടെ മരണം വരുത്തിവച്ചത്. ജോണ്‍ ഏബ്രഹാം ഇന്ത്യന്‍ സിനിമയുടെ ആശാകേന്ദ്രമായിരുന്നു. ‘രാംസ്കി’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പി. രാമന്മേനോന് ആത്മഹത്യചെയ്തത് ഒരാഴ്ച മുമ്പാവണം. പക്ഷേ, ഞാന്‍ അക്കാര്യം ഇന്നലെ മാത്രമേ അറിഞ്ഞുള്ളു. ഈ നാലുപേരെപ്പറ്റിയും സ്വല്പം വരികള്‍ ഇവിടെ എഴുതട്ടെ. ചരണ്‍ ഒഴിച്ചുള്ളവരുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
‘മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ് ദിവംഗതനായി എന്നു രാവിലെ റേഡിയോയില്‍ കേട്ടപ്പോള്‍ വലിയ ദുഃഖം തോന്നി’.മലയാളത്തിലെ ഒരു പ്രസിദ്ധ പത്രലേഖകന് തന്റെ ലേഖനം തുടങ്ങുന്നതിങ്ങനെയാണ്. ഇതേ വാര്‍ത്തയാണ് ഞാനും കേട്ടത്. പക്ഷേ, എനിക്ക് ഒട്ടും ദുഃഖം തോന്നിയില്ല. ഇന്നലെ വി. പി. സിങ്ങിന്റെ അമ്മ മരിച്ചു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയ ദുഃഖംപോലും ഉണ്ടായില്ല എന്നതാണ് സത്യം. ലക്ഷക്കണക്കിനു ജനങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട് എന്ന് എനിക്കറിയാം; ആരാധിക്കുന്നവരുമുണ്ടാവാം. ഞാന്‍ ഇതെഴുതുന്നത് ചരണ്‍സിങിന്റെ ശവസംസ്കാരച്ചടങ്ങുകള്‍ ടെലിവിഷനില്‍ കണ്ടതിനുശേഷമാണ്.
കിസാന്‍ ഘട്ടത്തില്‍ കൂടിയ പതിനായിരങ്ങളെ ഞാന്‍ കണ്ടു; അവരുടെ വികാരങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു. എത്രയോ ദേശീയ നേതാക്കന്മാരുടെ മരണം എന്നെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. 1948 ജനുവരി 30-നും 1964 മെയ് 27-നും ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്താണ് ചരണ്സിങ്ങിനെപ്പറ്റി ഇതിന്റെ ശതാംശംപോലും ചലനം എന്റെ മനസ്സിനുണ്ടാകാത്തത്?ചരണ്‍, കര്‍ഷകന്റെ ഏറ്റവും വലിയ ബന്ധുവാണ്. ജനതാപ്പാര്‍ട്ടിയുടെ ചിഹ്നമായ ‘കലപ്പയേന്തിയ കര്ഷകന്’ ചരണ്‍സിങ്ങിന്റെ കണ്ടുപിടിത്തമാണെന്നു കേട്ടിട്ടുണ്ട്. സാമ്പത്തികശാസ്ത്രത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോഴും ലളിതജീവിതം നയിക്കുന്ന നേതാവ്. സ്വാതന്ത്ര്യം കിട്ടിയ കാലംമുതല്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാംഗം. പാര്‍ലമെന്റംഗം. ഉത്തര്‍പ്രദേശില്‍ വളരെക്കാലം മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നു.
പക്ഷേ, ഹിന്ദിമേഖലയ്ക്കപ്പുറത്ത് ഇന്ത്യയുണ്ടെന്നു മനസ്സിലാക്കിയിട്ടില്ലാത്ത ‘ദേശീയ’ നേതാവായിരുന്നു അദ്ദേഹം. കുറെ ദിവസങ്ങള്‍ വേണ്ട, ആഴ്ചകളായിക്കൊള്ളട്ടെ, ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ചരണ്‍സിങ് അക്കാലത്തുപോലും ദക്ഷിണേന്ത്യ കണ്ടിട്ടില്ല. എന്തും ചെയ്തും അധികാരത്തില്‍ കയറിപ്പറ്റണം എന്നതായിരുന്നു ചരണ്‍സിങ്ങിന്റെ മുദ്രാവാക്യം. ജനതാസര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം കാട്ടിക്കൂട്ടിയ കസര്‍ത്തുകള്‍ മഹാത്മാഗാന്ധി ജനിച്ച രാജ്യത്തിനു മാനക്കേടു വരുത്തിവച്ചിട്ടുണ്ട്. ഒരനുശോചനസന്ദേശത്തില് മൊറാര്‍ജി പറഞ്ഞു: ‘മരിച്ചവരെക്കുറിച്ചു തിന്മ പറയുന്നതു ശരിയല്ലെങ്കിലും ചരണ്‍സിങ്ങിനെ ഒരിക്കലും നല്ലൊരു ഗാന്ധിയന്‍ എന്നു പറയാനാവില്ല.’ ഗാന്ധിയന്‍ എന്ന പദത്തിനു പകരം മാന്യന് എന്ന് ഉപയോഗിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. എന്നോടു വിയോജിക്കുന്നവര്‍ ക്ഷമിക്കുക.