( കാലത്തിന്റെ നാള്‍വഴിയില്‍ നിന്ന് ) ജനുവരി 9, 1989
ഒരു നല്ല വത്സരം സ്വപ്നം കണ്ടുകൊണ്ട് കിടന്നുറങ്ങി. ഉണര്‍ന്നിട്ട് ആദ്യം കിട്ടിയ വിവരം പ്രിയപ്പെട്ട ജി.ശങ്കരപ്പിള്ളയുടെ മരണത്തെപ്പറ്റിയായിരുന്നു. നടനും നാടകകൃത്തും നടകാചാര്യനുമെല്ലാമായിരുന്നു ശങ്കരപ്പിള്ള. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഒഫ് ഡ്രാമയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന്, മഹാത്മാഗാന്ധി സര്‍വകലാശാല പുതുതായി ആരംഭിച്ച ‘സ്കൂള്‍ ഒഫ് ലറ്റേഴ്സ്’ന്റെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തതു കുറച്ചു മാസങ്ങള്‍ക്കുമുമ്പു മാത്രമാണ്.
ശങ്കരപ്പിള്ളയെ ഹൃദ്രോഗം ബാധിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കിയത് അഞ്ചാറു ദിവസം മുമ്പു മാത്രമാണ്. രണ്ടോ മൂന്നോ ദിവസം ഐ.സി. യൂണിറ്റിലായിരുന്നെങ്കിലും വേഗം സുഖം പ്രാപിക്കുന്നു എന്നായിരുന്നു വിവരം. ഒന്നാം തീയതി രാവിലെയും അസുഖത്തിന്റെ മട്ടില്ലായിരുന്നു. സുഹൃത്തുക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും വൈസ്ചാര്സിലര്ക്കുമെല്ലാം പുതുവത്സരാശംസകള്‍ നേര്‍ന്ന ശങ്കരപ്പിള്ളയുടെ ഭാവം പെട്ടെന്നു മാറി. മരണം യാതൊരു ദാക്ഷിണ്യവും കാണിച്ചില്ല. അങ്ങനെ 1989-നെപ്പറ്റി ഉണ്ടായിരുന്ന ശുഭാപ്തിവിശ്വാസത്തിന് ഹാനിതട്ടി.