(‘കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും’) 12-2-86
മാണിയുടെ ശവസംസ്കാരസമയത്ത് സുരേഷ് കുറുപ്പ് (എം.പി.) ആണെന്നു തോന്നുന്നു ജോണ്‍ ഏബ്രഹാമിന്റെ മരണവാര്‍ത്ത എന്നോടു പറഞ്ഞത്. ഏത് ജോണ്‍ ഏബ്രഹാം എന്നു ഞാന്‍ ചോദിച്ചു. ‘സിനിമ’ എന്നു മറുപടി പറയും. നിഘണ്ടുകാരന് എന്ന നിലയില്‍ മാണിക്കുണ്ടായിരുന്ന വലിപ്പംതന്നെ കോട്ടയംകാരനായ ജോണിനുമുണ്ടായിരുന്നു.
48 വയസ്സുവരെ ജീവിച്ച മഹാനായ ആ ചലച്ചിത്ര സംവിധായകനില്‍നിന്നു വേണ്ടത്ര ‘ഫലം’ നമുക്കു ലഭിച്ചിട്ടില്ല എന്നതു തീര്‍ച്ചയാണ്. സംഗീതത്തിലും സാഹിത്യത്തിലുമൊക്കെ പലതും ചെയ്യാന്‍ കഴിവുണ്ടായിരുന്ന ആ വലിയ മനുഷ്യന് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയായിപ്പോയത് നമ്മുടെ നാടിന്റെ കഷ്ടകാലമെന്നല്ലാതെ എന്തു പറയാനാണ്.
പണ്ട്, വയലാര്‍ രാമവര്‍മ്മയുടെ ശവദാഹച്ചടങ്ങില്‍ സംബന്ധിച്ചിട്ടു മടങ്ങിവരുമ്പോള്‍ കൂടെയുണ്ടായിരുന്ന കെ.ജി.എന്‍.നമ്പൂതിരിപ്പാടിനോടു ഞാന്‍ പറഞ്ഞത്, ‘ഇത്തരം മരണങ്ങളെ ആത്മഹത്യ എന്നു വേണം പറയാന്‍’ എന്നായിരുന്നു. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്ഭരായ നമ്മുടെ കലാകാരന്മാര് ഇങ്ങനെ ‘ആത്മഹത്യ’ ചെയ്യാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ സമൂഹത്തിനു കഴിയുമോ?