( ‘കാലത്തിന്റെ നാള്‍വഴി‘ യില്‍ നിന്നും ) 11-10-1985
ഇത്രയുമൊക്കെ മുഖവുര പറഞ്ഞത് തിരുവനന്തപുരത്തുവച്ച് ആരുമറിയാതെ ഒരു മാന്യന് ചാന്സലരും വൈസ് ചാന്സലരുംകൂടി ഡോക്ടറേറ്റ് നല്കിയ കഥ പറയാന്‍വേണ്ടിയാണ്. ഡോക്ടറേറ്റ് ലഭിച്ച മാന്യന് അതിനര്‍ഹനാണ് എന്ന കാര്യത്തില്‍ എനിക്ക് ഒട്ടും തര്‍ക്കമില്ല. എനിക്കു മാത്രമല്ല അന്നവിടെ വി.ജെ.ടി. ഹാളില്‍ കൂടിയിരുന്ന വമ്പിച്ച സദസ്സിനും അഭിപ്രായവ്യത്യാസംവരാനിടയില്ല.എന്നിട്ടും അവിടെ സന്നിഹിതരായിരുന്ന ഒരൊറ്റ പത്രപ്രതിനിധിപോലും ഇക്കാര്യം ശ്രദ്ധിച്ചില്ല.
പ്രൊഫ. കെ.എ. ഐസക്കിന് യാത്രയയപ്പ്. ഗവര്‍ണര്‍ കൃത്യസമയത്തു വന്നു. അദ്ധ്യക്ഷത വഹിച്ചത് വൈസ് ചാന്‍സലര്‍.പ്രാര്‍ത്ഥനയും സ്വാഗതവും കഴിഞ്ഞ് ഗവര്‍ണരുടെ ഉദ്ഘാടനപ്രസംഗം തുടങ്ങി. ഗവര്‍ണര്‍ തുടങ്ങിയതുതന്നെ ഡോക്ടര്‍ ഐസക്ക് എന്നു സംബോധനചെയ്തുകൊണ്ടാണ്. ഒന്നല്ല ഏഴു പ്രാവശ്യംകൂടി ഗവര്‍ണര്‍ ഇതാവര്‍ത്തിക്കുകയും ചെയ്തു. ഗവര്‍ണര്‍ കേരളാ യൂണിവേഴ്സിറ്റിയുടെ ചാന്സലര്കൂടി ആണെന്ന് ഓര്‍മിക്കുക.അടുത്തത് വൈസ്ചാന്‍സലര്‍ പി.എസ്. ഹബീബ് മുഹമ്മദിന്റെ അദ്ധ്യക്ഷപ്രസംഗമായിരുന്നു. അദ്ദേഹവും ഐസക്കിന്റെ കാര്യം പറയുന്നിടത്തെല്ലാം ഡോക്ടര്‍ കൂട്ടിച്ചേര്‍ത്താണ് സംസാരിച്ചത്.
പിന്നാലെ വന്ന ഡോ. വി.കെ. സുകുമാരന്‍നായര്‍ (മുന്‍ വൈസ് ചാന്‍സലര്‍) അങ്ങനെയൊന്നും പറഞ്ഞില്ല. പ്രൊഫ. ഐസക്ക് എന്നുതന്നെയാണ് ആദ്യന്തം ഉപയോഗിച്ചത്. പത്മാരാമചന്ദ്രനും പി. ഗോവിന്ദപ്പിള്ളയും പ്രൊഫ. ഐസക്കില്തന്നെ ഒതുങ്ങിനിന്നു. ചാന്സലരും വൈസ് ചാന്സലരുംകൂടി ഐസക്കിനു ഡോക്ടറേറ്റ് നല്കിയ കാര്യം പിന്നാലെ വന്നവര്‍ മനസ്സിലാക്കാതെപോയി. ചാന്സലരും വൈസ്ചാന്സലരുംകൂടി പൊതുയോഗത്തില്‍വച്ചു ഡോക്ടറേറ്റ് നല്കിയതിന്റെശേഷം സിന്‍ഡിക്കേറ്റും സെനറ്റും അംഗീകരിക്കയാണോ ഇനി ചെയ്യാന്‍ പോകുന്നതെന്നറിഞ്ഞില്ല.
തികച്ചും ഡോക്ടറേറ്റ് അര്‍ഹിക്കുന്ന ആളാണ് ഐസക്ക്. ജോണ്‍ മത്തായി വൈസ് ചാന്‍സലറായിരിക്കുന്ന കാലത്താണെന്നു തോന്നുന്നു, ഐസക്കിനെ നിയമിച്ചത്. (ഞാനറിയുന്ന കാലത്ത് അദ്ദേഹം ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ലൈബ്രറിയുടെ ലൈബ്രേറിയനായിരുന്നു. 1955-ലാണ് ഞാനവിടെ പോയത്).കേരള സര്‍വകലാശാലയില്‍ ലൈബ്രറിസയന്സിന്റെ പ്രൊഫസറായി പത്തുമുപ്പതുവര്‍ഷം ഐസക്ക് പ്രവര്‍ത്തിച്ചിരിക്കും. യൂണിവേഴ്സിറ്റി ലൈബ്രറിയെ ഒരു യഥാര്‍ത്ഥ ലൈബ്രറിയാക്കിയത് ഐസക്കിന്റെ അത്യദ്ധ്വാനംമൂലമാണ്. അഞ്ചുവര്‍ഷം മുമ്പുവരെ അദ്ദേഹം യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ലൈബ്രേറിയനുംകൂടിയായിരുന്നു. ഇന്ത്യയൊട്ടുക്കും അംഗീകാരം നേടിയ ഒരു ലൈബ്രറി ശാസ്ത്രജ്ഞന്‍കൂടിയായ പ്രൊഫ. ഐസക്കിനെ ‘നാഷനല്‍ ലെക്ചറര്‍’ പദവി നല്കി കേന്ദ്രസര്‍ക്കാര്‍ ബഹുമാനിക്കുകയുംചെയ്തു. ഇങ്ങനെയൊക്കെയാണെങ്കില്‍ ഐസക്കിന് ഒരു ഡോക്ടറേറ്റ് നല്‍കുന്നതിന് എന്തിനു മടിക്കണം? ചാന്സലരും വൈസ്ചാന്സലരും വളരെ ഉചിതമായി അദ്ദേഹം സര്‍വീസില്‍നിന്നു പിരിയുന്ന സമയത്ത് ഈ ബഹുമതി നല്കി ആദരിച്ചു.
പത്രക്കാര്‍ക്ക് അതു കാണാനോ കേള്‍ക്കാനോ കഴിയാതെപോയി.