(‘കാലത്തിന്റെ നാള്‍വഴി’യില്‍ നിന്നും) 16-11-1997
തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ എടുത്തു കടലില്‍ എറിയാന്‍ (എറിയിക്കാന്‍) അവര്‍ക്കു കഴിഞ്ഞു.തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പുകാലം. കൂടിയാലോചനയ്ക്ക് രാജീവ്ഗാന്ധി അവരെ ഡെല്ഹിക്കുവിളിച്ചു. അവര്‍ പോയില്ല. രാജ്ഞിയുടെ വേഷം കെട്ടിയ ജയലളിത രാജീവിനെ മദ്രാസില്‍ വരുത്തി. മാത്രമല്ല, ദേവി എഴുതിക്കൊടുത്ത കടലാസ്സില്‍ ഒപ്പിടാന്‍ രാജീവ് നിര്ബ്ബന്ധിതനുമായി. തെരഞ്ഞെടുപ്പ് രാജീവിന്റെ മരണശേഷമായിരുന്നു. തരംഗം ശരിക്കും വീശി. അല്ലെങ്കില്‍തന്നെ അവര്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല.
ഇവിടെ സംഭവിച്ചത് എന്താണെന്ന് ഇന്ന് എല്ലാവര്ക്കും അറിയാം. സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന്റെ പരിമിതമായ സീറ്റുകള്‍കൂടി ഒരുമിച്ചു കൂട്ടിയാല്‍, പത്രഭാഷയില്‍ അവര്‍ തൂത്തുവാരി. പിരിച്ചുവിടപ്പെട്ട മുഖ്യമന്ത്രിയുടെ കക്ഷിക്ക് ലഭിച്ച സീറ്റ് ഒന്നുമാത്രം. പ്രതിപക്ഷമേ ഇല്ലാത്ത അവസ്ഥ. ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയില്‍ അപൂര്‍വ്വമായേ ഉണ്ടായിട്ടുള്ളൂ. (1948-ലെ തെരഞ്ഞെടുപ്പില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനും സഖ്യകക്ഷി യായ തമിഴ്നാട് കോണ്‍ഗ്രസ്സിനും കൂടി ഒരു സീറ്റ് ഒഴികെയുള്ളതെല്ലാം കിട്ടിയ കാര്യം ഓര്‍മ്മയിലുണ്ട്.)
അങ്ങനെ 1991-ല്‍ ലോകത്തിലെ ഏറ്റവും തന്റേടമുള്ള സ്ത്രീ എന്ന പദവി നേടിക്കൊണ്ട്, ഏതാണ്ട് കേരളത്തിന്റെ ഇരട്ടി ജനസംഖ്യയുള്ള തമിഴ്നാടിനെ ജയലളിത ഭരിക്കുന്നു. അധികാരത്തില്‍ പ്രവേശിച്ചതിന്റെ പിറ്റേന്ന് ഒരു ‘ചെറിയ’ സംഭവമുണ്ടായി. മുമ്പ് ജയലളിതയുടെ കൂടെ ഉണ്ടായിരുന്ന കെ.കെ.എസ്. എസ്. ആര്. രാമചന്ദ്രന് എന്ന ഒരു മുന്‍മന്ത്രി മറ്റൊരു ഛോട്ടാ പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പാണ്ടി ചിങ്കം (തമിഴ്നാട് സിംഹം) എന്ന പേരിലറിയപ്പെടുന്ന ഈ ‘മഹാവീരന്’ ജയലളിതയുടെ പാര്‍ട്ടിയിലേക്ക് തിരിയെ വരാനാഗ്രഹിച്ചു. ഒരു സുപ്രഭാതത്തില്‍ രാമചന്ദ്രനും ഭാര്യയുംകൂടി ജയലളിതയുടെ വസതിയിലെത്തി. കുറെയേറെ നേരത്തെ കാത്തുനില്പിനുശേഷം ദേവിയെ കാണാന്‍ അനുമതി ലഭിച്ചു.
രാമചന്ദ്രദമ്പതികള് ജയലളിതയുടെ കാല്ക്കല് വീണു. കുറച്ചു മിനിട്ടുകള്‍ കിടന്നു. ഒടുവില്‍ എഴുന്നേറ്റുകൊള്ളാന് അനുമതി ലഭിച്ചു. ഇനി സൂക്ഷിച്ചു കഴിഞ്ഞുകൊള്ളണം എന്ന ഉഗ്രശാസനത്തോടെ ദമ്പതികളെ വിട്ടയച്ചു. അവര്‍ മുറിവിടും മുമ്പ് ദേവിയുടെ കൂടെനിന്ന് ഫോട്ടോ എടുക്കാന്‍ അനുവാദത്തിനപേക്ഷിച്ചു. അതും അനുവദിച്ചു. രാമചന്ദ്രന് ആ ഫോട്ടോയും, താന്‍ ജയലളിതയുടെ പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന വിവരം കാണിക്കുന്ന ഒരു പ്രസ്താവനയുംകൂടി പത്രങ്ങള്‍ക്കയച്ചു. ജയലളിത ആ ഫോട്ടോ തിരിയെ എടുപ്പിച്ചിട്ട്, രാമചന്ദ്ര ദമ്പതികള്‍ തന്റെ കാല്ക്കല് വീണുകിടക്കുന്ന ഫോട്ടോ പത്രങ്ങള്‍ക്കയച്ചു കൊടുത്തു. ഇത്തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും പത്രങ്ങളില്‍ വന്നു. അതെല്ലാം ഞാനിവിടെ പകര്‍ത്തുന്നില്ല. സ്ത്രീകള്‍ക്കായാലും അഹങ്കാരം ഇത്രയും കൂടാതിരിക്കയാണ്, നന്ന്. മാര്ഗററ്റ്താച്ചറും ഇന്ദിരാഗാന്ധിയും എത്ര മര്യാദക്കാര്!