( ‘കാലത്തിന്റെ നാള്‍വഴി‘ യില്‍ നിന്നും ) 28.3.98
കേരളത്തിന് അടുത്തകാലത്തെങ്ങും പരിഹരിക്കാനാവാത്തനഷ്ടമാണ് ഇ.എം.എസ്സിന്റെ നിര്യാണത്തോടുകൂടി ഉണ്ടായിരിക്കുന്നത്. ഈ നഷ്ടം ഒരു രാഷ്ട്രീയകക്ഷിക്കോ മറ്റേതെങ്കിലും വിഭാഗത്തിനോ ഉള്ളതല്ല; മൂന്നു കോടിയിലധികം വരുന്ന കേരളീയര്‍ക്ക് ആകമാനം സംഭവിച്ച നഷ്ടമത്രെ. മൂന്നാലു വര്‍ഷം മുമ്പാണ്, കോട്ടയത്ത് ഇ.എം.എസ്സിന്റെ ഒരു പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങ്. ഞാനും അവിടെ ഒരു ചെറിയ പ്രസംഗം ചെയ്തു. അതിനിടയ്ക്ക് ഞാനിങ്ങനെ പറഞ്ഞു: ‘‘ഇ.എം.എസ്സിനു ദൈവത്തെപ്പറ്റി എന്താണഭിപ്രായമെന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ, ദൈവത്തിന്, ഇ.എം.എസ്സിനെപ്പറ്റി നല്ല അഭിപ്രായമാണുള്ളത്.” സദസ്യര്‍ കൈയടിച്ചു ചിരിച്ചു. ഇ.എം.എസ്സിന്റെ മരണത്തെപ്പറ്റി കേട്ടപ്പോള്‍ ഞാനിക്കാര്യം ഓര്‍മ്മിച്ചു. അദ്ദേഹത്തിന് ‘കിടന്നു’ മരിക്കുന്നതിന് ഇഷ്ടമായിരുന്നില്ല. എന്നു പറഞ്ഞാല്‍, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കാനായിരുന്നു, ഇഷ്ടം.
മാര്‍ച്ച് 19-ന്, വൈകിട്ട് 3.50-നായിരുന്നു മരണം. ഉച്ചയ്ക്കുമുമ്പ് ഒന്നല്ല രണ്ടു ലേഖനം എഴുതി. സ്വന്തം പേനകൊണ്ട് അത് തിരുത്തിക്കൊടുക്കുകയും ചെയ്തു. പിന്നെ രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ എല്ലാം കഴിഞ്ഞു.ഒട്ടുവളരെ സംസ്ഥാന നിയമസഭകളും പാര്‍ലമെന്റും ദുഃഖം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയങ്ങള്‍ പാസ്സാക്കി. ഇ.എം.എസ്. കേരളത്തിന്റേതു മാത്രമല്ല, ഭാരതത്തിന്റെ മഹാപുത്രനായിരുന്നു എന്നു തെളിയിക്കാനും കഴിഞ്ഞു.ശനിയാഴ്ചതന്നെ കോട്ടയത്ത് പൗരമഹായോഗം കൂടുകയുണ്ടായി (വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ശവദാഹവും മറ്റും നടന്നത്).
ചരിത്രം സൃഷ്ടിക്കുകയും ചരിത്രത്തോടൊപ്പം നടക്കുകയും ചരിത്രം മാറ്റിമറിക്കുകയും ചെയ്ത ജനകീയ നേതാവാണ്, ഇ.എം.എസ്. എന്ന് ഉദ്ഘാടകനായ മന്ത്രി ടി.കെ. അഭിപ്രായപ്പെട്ടു. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ചതിനോടൊപ്പം പ്രായോഗികരാഷ്ട്രീയത്തിന്റെ വക്താവുമായിരുന്നു അദ്ദേഹം. ഭൂപരിഷ്കരണനിയമം ഉള്‍പ്പെടെ അദ്ദേഹം ഭരണാധിപനായിരുന്ന കാലത്തു നടപ്പാക്കിയ പദ്ധതികള്‍ക്കൊക്കെ ക്രാന്തദര്ശിത്വമുണ്ടായിരുന്നു എന്ന് ടി.കെ. അഭിപ്രായപ്പെട്ടു. ഏറ്റവുമൊടുവില്‍, കേരളത്തിന്റെ വികസന കാര്യത്തില്‍ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാടിലും ഇതേ ദീര്‍ഘവീക്ഷണം കാണാമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താല്‍ ‘ഇ.എം.എസ്സിനു സമം ഇ.എം.എസ്. മാത്രം’ എന്ന് ആരും പറഞ്ഞുപോകും.
ഞാന്‍ സംസാരിച്ചത്, ഇ.എം.എസ്. എന്ന എഴുത്തുകാരനെപ്പറ്റിയാണ്. 90-ാം വയസ്സിലും ഇത്രയധികം എഴുതാനുള്ള കരുത്ത് മറ്റാര്ക്കാണുണ്ടായിരുന്നത്? ഗാന്ധിജിയുടെ സമ്പൂര്‍ണ്ണകൃതികള്‍ 100 വാല്യമായി കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ്, ഇന്ത്യയിലെ ഏറ്റവും വലിയ എഴുത്തുകാരന് എന്ന് ഗാന്ധിജി അറിയപ്പെടുന്നത്. ഇ.എം.എസ്സിന് ഇന്ത്യയില്‍ രണ്ടാം സ്ഥാനം കിട്ടണം, ഇക്കാര്യത്തില്‍. മരിക്കുന്ന ദിവസം ഉച്ചകഴിഞ്ഞാണ് ഇ.എം.എസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്കുമുമ്പ് അദ്ദേഹം രണ്ടു ലേഖനം എഴുതിയിരുന്നു. മലയാളത്തില്‍ മാത്രമല്ല, ഇംഗ്ലീഷിലും അദ്ദേഹം എഴുതിക്കൂട്ടിയ ലേഖനങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും കണക്കില്ല.