( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ഡിസംബര്‍ ’89
സുപ്രീംകോടതി ജഡ്ജി കുമാരി ഫാത്തിമ ബീവിക്കു കോട്ടയത്ത് ഒരു സ്വീകരണം. ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഡിസംബര്‍ 28-ന് മാമ്മന്‍മാപ്പിള ഹാളില്‍ കൂടിയ യോഗത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷതവഹിച്ചു. താന്‍ അഭിഭാഷകനായിരുന്ന കാലത്ത് കോട്ടയത്ത് സബ്ജഡ്ജിയായിരുന്ന ബീവിയുടെ കോടതിയില്‍ കേസ് നടത്തിയ പല അനുഭവങ്ങളും തോമസ് വിവരിച്ചു. അന്നുതന്നെ ഒരു മികച്ച ന്യായാധിപ എന്ന പേര് അവര്‍ക്കുണ്ടായിരുന്നു എന്നും അദ്ധ്യക്ഷന്‍ പറഞ്ഞു.
ലോകത്തിലെ ആദ്യത്തെ മുസ്ലിം വനിതാജഡ്ജി (സുപ്രീംകോടതി) യാണ് ബീവിയെന്നു ജില്ലാ കളക്ടര്‍ അല്‍ഫോന്‍സ് കണ്ണന്താനം പ്രസ്താവിക്കയുണ്ടായി. 1958-ല്‍ ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ച അവരുടെ ഉയര്‍ച്ച തികച്ചും അര്‍ഹിക്കുന്നതാണെങ്കിലും, അസൂയാവഹമാണെന്ന് ആംശസാപ്രസംഗം നടത്തിയ പി.എന്‍.കെ.പിള്ള, എന്‍.കെ.പൊതുവാള്, എം.പി.ഗോവിന്ദന്‍നായര്‍, ടി.കെ.ഗോപാലകൃഷ്ണപ്പണിക്കര് എന്നിവര്‍ ചൂണ്ടിക്കാട്ടി.
എന്റെ പ്രസംഗത്തില്‍, ഒരു പ്രസംഗക എന്ന നിലയില്‍ (അതും മലയാളത്തില്‍) ഫാത്തിമ ബീവിക്കുള്ള അതുല്യസ്ഥാനത്തെപ്പറ്റി എടുത്തുപറഞ്ഞു. അതേപ്പറ്റി ഒരു വര്‍ഷം മുമ്പ് ചെറിയകാര്യങ്ങളില്‍ എഴുതിയിരുന്ന കാര്യവും അനുസ്മരിച്ചു.ഇനിയും കൂടുതല്‍ ഉയരത്തിലേക്ക് ബീവിക്കു പോകാനിടയാകട്ടെ എന്നും ആശംസിച്ചു. ഇതിനപ്പുറത്ത് മൂന്നോ നാലോ സ്ഥാനങ്ങളേ ഇന്ത്യയിലുള്ളൂ എന്നും ചൂണ്ടിക്കാണിക്കയുണ്ടായി.
ഫാത്തിമ ബീവിയുടെ പ്രസംഗത്തില്‍, കേസുകളുടെ തീരുമാനത്തിന് ഇന്നുണ്ടാകുന്ന കാലതാമസത്തെപ്പറ്റി ദുഃഖം പ്രകടിപ്പിച്ചു. കേസുകളുടെ എണ്ണം കൂടുന്നതാണ് നീതിനിര്‍വഹണത്തില്‍ താമസമുണ്ടാകുന്നതിനു കാരണമെന്നവര്‍ പറഞ്ഞു. തികച്ചും അര്‍ഹമായ കേസുകള്‍ മാത്രമേ ഉന്നതന്യായപീഠത്തിലേക്കു വിടാവൂ എന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. ഇതിനൊക്കെ മാറ്റംവരുത്താന്‍ തന്നെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യുമെന്നും മിസ് ബീവി പ്രസ്താവിച്ചു.