(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഒക്ടോബര്‍, 1982
മലയാളത്തില്‍ ആദ്യം അച്ചടിച്ച പുസ്തകം ഏതെന്നു ചോദിച്ചാല്‍ ‘സംക്ഷേപവേദാര്‍ത്ഥം’ എന്നു പറയാന്‍ ഹൈസ്കൂള്‍ കുട്ടികള്‍ക്കെങ്കിലും കഴിയും, ഇന്ന്. റോമിലാണ് അതച്ചടിച്ചതെന്നും അവര്‍ പറയും. വര്‍ഷം 1772 എന്നു പറയാനും കഴിഞ്ഞേക്കും. അടുത്തു കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ സംക്ഷേപവേദാര്ത്ഥത്തെപ്പറ്റി— ആ പുസ്തകം കണ്ടിട്ടില്ലാത്തവര്ക്കുകൂടി — പഠിക്കാന്‍ അവസരം ലഭിച്ചിരുന്നു. 1980-ല്‍ ഈ പുസ്തകത്തിന് ഒരു രണ്ടാംപതിപ്പുണ്ടായി. ഇപ്രാവശ്യം റോമിലല്ല, തിരുവനന്തപുരത്താണതച്ചടിച്ചത്. (ഡി. സി. ബുക്സും കാര്‍മല്‍ പബ്ലിഷിങ് സെന്ററും ചേര്‍ന്നു പ്രസിദ്ധപ്പെടുത്തിയ സംക്ഷേപവേദാര്ത്ഥത്തിന് ഈയിടെ ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി.)
റോമിലെ സര്വഭാഷാമുദ്രാലയത്തിലാണ് 276 പേജുള്ള ഈ മലയാളപുസ്തകം 210 വര്‍ഷം മുമ്പ് അച്ചടിച്ചത്. ഫാദര്‍ ക്ലമന്റ് പിയാനിയസ് എന്ന ഇറ്റാലിയന്‍ വൈദികനാണ് ഗ്രന്ഥകാരന്. അദ്ദേഹം 1757-ല്‍ കേരളത്തിലെത്തി. പത്തുപന്ത്രണ്ടു വര്‍ഷംകൊണ്ട് മലയാളവും സംസ്കൃതവും പഠിച്ചിട്ടാണ് മലയാളഗ്രന്ഥരചനയ്ക്കു മുതിര്‍ന്നത്. 1769-ല്‍ റോമിലേക്ക് പുറപ്പെട്ടു. അഞ്ചുവര്‍ഷം അവിടെ താമസിച്ചു. അതിനിടയിലാണ് വളരെ ക്ലേശം കഴിച്ച്, മലയാള അക്ഷരങ്ങള്‍ കൊത്തിയുണ്ടാക്കി, സംക്ഷേപവേദാര്‍ത്ഥം അച്ചടിച്ചത്.
(ഇതിനും 94 വര്‍ഷങ്ങള്‍ക്കുമുമ്പ് ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ പ്രസിദ്ധപ്പെടുത്തിയ ‘ഹോര്‍തൂസ് മലബാറിക്കൂസ്’ എന്ന ലത്തീനിലുള്ള സസ്യശാസ്ത്രഗ്രന്ഥത്തിലാണ് മലയാളം ആദ്യമായി അച്ചടിച്ചുവന്നതെന്ന കാര്യം ഇവിടെ ഓര്‍മിക്കുക. 12 വാല്യത്തിലുള്ള ഈ ഗ്രന്ഥം 1678 മുതല്‍ 1703 വരെയുള്ള ഇരുപത്തഞ്ചു വര്‍ഷംകൊണ്ടാണ് ആംസ്റ്റര്‍ഡാമില്‍ അച്ചടിച്ചത്. കേരളത്തിലെ സസ്യങ്ങളെപ്പറ്റിയുള്ളതാണ് ഗ്രന്ഥം. നിറയെ ചിത്രങ്ങളുമുണ്ട്. ഓരോ ചിത്രത്തിന്റെയും അടിയില്‍ നാലു ഭാഷയില്‍ ചിത്രത്തിന്റെ പേര് ചേര്‍ത്തിരിക്കുന്നു. അതിലൊന്ന് മലയാളമാണ്. ഒന്നാം വാല്യത്തില്‍ ചേര്‍ത്തലക്കാരനായ ഇട്ടി അച്യുതന് വൈദ്യന്റെ ഒരു പ്രസ്താവനയും മലയാളത്തില്‍ അച്ചടിച്ചിരിക്കുന്നു.)
ഇനി രണ്ടാമത്തെ മലയാളപുസ്തകത്തെപ്പറ്റി അന്വേഷിക്കാം. അതും മലയാളനാട്ടിലല്ല അച്ചടിച്ചത്. പക്ഷേ, ഇന്ത്യയിലാണ്. കായങ്കുളത്തുകാരനായ പീലിപ്പോസ് റമ്പാന്റെ ചുമതലയില്‍ പരിഭാഷപ്പെടുത്തിയ ബൈബിള്‍ 1811-ല്‍ ബോംബെയിലെ കൂരിയര്‍ പ്രസ്സില്‍ അച്ചടിച്ചു. റോമിലെ അച്ചടി കഴിഞ്ഞ് 39-ാം വര്‍ഷത്തില്‍.
മൂന്നാമത്തെ മലയാളപുസ്തകം കേരളത്തിലാണ് അച്ചടിച്ചത്. അതിനുള്ള ഭാഗ്യം കോട്ടയത്ത് ലഭിച്ചു. ബെഞ്ചമിന്‍ ബെയിലി എന്ന ബ്രിട്ടീഷുകാരനായ പാതിരി 1817-ലാണ് കോട്ടയത്തു വന്നത്. അദ്ദേഹം 1821-ല്‍ സ്ഥാപിച്ച സി. എം. എസ്. പ്രസ്സില്‍നിന്ന് 1829-ല്‍ പ്രസിദ്ധപ്പെടുത്തിയ ബൈബിളാണ്, കേരളത്തിലച്ചടിച്ച ആദ്യത്തെ പുസ്തകം എന്നായിരുന്നു രണ്ടു വര്‍ഷം മുമ്പുവരെയും പൊതുവെ ധരിച്ചിരുന്നത്. 1980 ആദ്യം ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയില്‍നിന്ന് ഒരു പുസ്തകം കണ്ടുകിട്ടിയതോടെ നിലവിലിരുന്ന ധാരണ മാറ്റേണ്ടിവന്നു. 1824-ല്‍ കോട്ടയത്ത് അച്ചടിച്ച ഒരു ബാലസാഹിത്യകൃതിയാണ് ഈ പുസ്തകം.
‘ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം ഇംക്ലീശില്നിന്നു പരിഭാഷപ്പെടുത്തിയ കഥകള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. 197 പേജ് വരുന്ന ഈ പുസ്തകത്തില്‍ എട്ടു കഥകളാണുള്ളത്. ‘കോട്ടയത്ത് അച്ചടിച്ച പുസ്തകം മെശിഹാസംവത്സരം 1824’ എന്ന് ഒന്നാം വശത്തുതന്നെ കാണാം.
കേരളത്തിലാദ്യമച്ചടിച്ച ഈ പുസ്തകം ഇന്ത്യയിലെ ആദ്യത്തെ ബാലസാഹിത്യകൃതി ആയിരിക്കാനുമിടയുണ്ട്.
തെറ്റിദ്ധാരണ വരാതിരിക്കാന്‍വേണ്ടി ഇവിടെ കേരളത്തിലെ അച്ചടിയുടെ സ്വല്പം ചരിത്രംകൂടി പറയേണ്ടിയിരിക്കുന്നു. മുകളില്‍ പറഞ്ഞത് കേരളത്തിലെ ആദ്യത്തെ മലയാളം അച്ചടിയുടെ അല്ലെങ്കില്‍ മലയാള പുസ്തകപ്രസിദ്ധീകരണത്തിന്റെ കഥയാണ്. എന്നാല്‍, കേരളത്തില്‍ ആദ്യം അച്ചടിച്ച പുസ്തകം പുറത്തുവന്നത് 1578-ലാണ്. അക്കൊല്ലം കൊല്ലത്ത് ‘ദിവ്യരക്ഷകന്റെ കലാലയം’ എന്ന അച്ചടിശാലയില്‍നിന്ന് പുറത്തുവന്ന ഒരു കൊച്ചുപുസ്തകം—ഫ്രാന്‍സീസ് സേവ്യര്‍ പോര്‍ത്ത്ഗീസ് ഭാഷയില്‍ എഴുതിയ ഒരു ഗ്രന്ഥത്തിന്റെ വിവര്‍ത്തനം—ആണ് അച്ചടിയുടെ ചരിത്രത്തില്‍ വലിയ സ്ഥാനം നേടിയിരിക്കുന്നത്. ഇതിലെ ഭാഷ മലയാളവും തമിഴും കൂടിച്ചേര്ന്നതാണെങ്കിലും അച്ചടിക്ക് ഉപയോഗിച്ച ലിപി തമിഴാണ്.
1824-ലെ കോട്ടയം പുസ്തക (കുട്ടികള്‍ക്കുള്ള കഥകള്‍) ത്തിലെ ഭാഷ ഒട്ടും മെച്ചമല്ല. 1811-ലെ ബോംബെ ബൈബിളിന്റെ ഭാഷ തീര്‍ത്തും വികലവുമായിരുന്നു.
എന്നാല്‍, 1829-ല്‍ കോട്ടയത്തുനിന്ന് ബെയിലി പ്രസിദ്ധപ്പെടുത്തിയ ബൈബിളിലെ (പുതിയ നിയമം) ഭാഷ വളരെ മെച്ചമാണ്. ഒന്നര നൂറ്റാണ്ടു കഴിഞ്ഞിട്ടും മലയാളത്തിലെ ഏറ്റം നല്ല ബൈബിള്‍ ഇതാണെന്നു നിരൂപകന്മാര് പറയുന്നു. വിവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത് ബെയിലിതന്നെയാണ്. 1832-ല്‍ പഴയ നിയമവും പ്രസിദ്ധപ്പെടുത്തി.
1846-ല്‍ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും ’49-ല്‍ ഇംഗ്ലീഷ് – മലയാളം നിഘണ്ടുവും ബെയ്ലി പുറത്തുകൊണ്ടുവന്നു. ബെയ്ലി നിഘണ്ടുകാരനെന്ന നിലയില്‍ ഗുണ്ടര്ട്ടിനടുത്തുനില്ക്കാന് അര്‍ഹനല്ലെങ്കിലും സാമാന്യം ഭേദപ്പെട്ട രണ്ടു നിഘണ്ടുക്കള്‍ മലയാളത്തിനു കാഴ്ചവെച്ച്, ആദ്യത്തെ മലയാളം-ഇംഗ്ലീഷും, ഇംഗ്ലീഷ്-മലയാളവും നിഘണ്ടുകാരനായി. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ അതിപ്രസിദ്ധമായ നിഘണ്ടു—A Malayalam and English Dictionary—1872-ല്‍ മംഗലാപുരത്തു പ്രസിദ്ധപ്പെടുത്തി.
1865-ല്‍ കോട്ടയത്തുനിന്ന് റിച്ചാര്‍ഡ് കൊലിന്സ് എന്ന ഇംഗ്ലീഷുകാരന് പ്രസിദ്ധപ്പെടുത്തിയ നിഘണ്ടുവാണു നമ്മുടെ ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു. ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി പുറത്തുവന്നത്, 58 വര്‍ഷംകൂടി കഴിഞ്ഞ് 1923-ലാണ്. സി. എം. എസ്. കോളജ് പ്രിന്‍സിപ്പലായിരുന്ന റിച്ചാര്‍ഡ് കൊലിന്സിന്റെ പത്നിയാണ് ‘ഘാതകവധം’ എന്ന ആദ്യത്തെ മലയാളം നോവലിന്റെ കര്‍ത്രി.
1859-ലാണ് അവര്‍ The Slayer Slain എന്ന നോവല്‍ ഇംഗ്ലീഷില്‍ എഴുതി വിദ്യാസംഗ്രഹം മാസികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. 1862-ല്‍ കൊലിന്സ് മദാമ്മ അന്തരിച്ചു. നോവല്‍ പൂര്‍ത്തിയായിരുന്നില്ല. ഗ്രന്ഥകര്‍ത്രിയുടെ ‘ആന്തരം’വിടാതെ നോവല്‍ പൂര്‍ത്തിയാക്കിയത് കൊലിന്സ് സായ്പാണ്. അതു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി, 1877-ല്‍ കോട്ടയത്തുനിന്നു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇന്ദുലേഖയ്ക്കു പന്ത്രണ്ടു വര്‍ഷം മുമ്പാണ് (കുന്ദലതയ്ക്കു പത്തുവര്‍ഷം മുമ്പും) ഘാതകവധം പുറത്തുവന്നത്. ആദ്യത്തെ ഇന്ത്യന്‍ നോവലെന്നു പറയപ്പെടുന്ന ദുര്‍ഗേശനന്ദിനി പ്രസിദ്ധപ്പെടുത്തിയത് 1865-ലാണ്. അതിനുശേഷം പന്ത്രണ്ടു വര്‍ഷം കഴിഞ്ഞാണ് ഘാതകവധം മലയാളത്തില്‍ പുറത്തുവന്നതെങ്കിലും 1859-ല്‍ത്തന്നെ മാസികയില്‍ പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയിരുന്നല്ലോ. കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളപുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തില്‍ കോട്ടയം അതിപ്രധാനമായ സ്ഥാനം വഹിച്ചിട്ടുണ്ട് എന്ന് ഒറ്റവാചകത്തില്‍ പറഞ്ഞ് ഇതിവിടെ അവസാനിപ്പിക്കാം.
സംക്ഷേപവേദാര്‍ത്ഥത്തിന്റെ കാലം മുതല്‍ 1872 വരെയുള്ള നൂറുവര്‍ഷത്തില്‍ മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങളുടെ എണ്ണം ഇരുനൂറ്റമ്പതു മാത്രമായിരുന്നു. പ്രതിവര്‍ഷം രണ്ടര പുസ്തകം. ഇപ്പോള്‍ ദിവസം മൂന്നു പുസ്തകം വീതമാണു പുറത്തിറങ്ങുന്നത്. പിന്നീടുള്ള പത്തു വര്‍ഷത്തില്‍ മുന്നൂറു പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
1881 മുതല്‍ 1890 വരെയുള്ള ദശകത്തില്‍ പുസ്തക പ്രസിദ്ധീകരണം കുറച്ചു പിറകോട്ടു പോയെങ്കിലും 1900-ലവസാനിച്ച ദശകത്തില്‍ 400 പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യവര്ഷത്തോടെ 1177 പുസ്തകങ്ങളാണ് ആകെ പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഇതില്‍ 500 എണ്ണം സാഹിത്യപ്രധാനങ്ങളായിരുന്നു. 700-നടുത്തു സാഹിത്യേതരവിഷയങ്ങളും.
മലയാളപുസ്തകപ്രസിദ്ധീകരണത്തില് 1950-നു ശേഷമാണ് വലിയ മാറ്റമുണ്ടായിട്ടുള്ളത്. ആദ്യത്തെ അരനൂറ്റാണ്ടില്‍ 10618 പുസ്തകങ്ങളുണ്ടായി. 1950-നു ശേഷമുള്ള കാല് നൂറ്റാണ്ടില്‍ 18024 പുസ്തകങ്ങളും.
1882 വരെ മലയാളത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ സംഖ്യ 35,000 ആണെന്നു കരുതുന്നു. 18-ാം നൂറ്റാണ്ടില്‍ ഒരു പുസ്തകം.19-ാം നൂറ്റാണ്ടില്‍ 1100. ഇരുപതാംനൂറ്റാണ്ടില്‍ 34000 ഇങ്ങനെ. (1975 വരെയുള്ള കണക്കുകള്‍ക്ക് അവലംബം, കേരള സാഹിത്യ അക്കാദമിയുടെ ‘മലയാള ഗ്രന്ഥസൂചി’ 3-ാം വാല്യമാണ്.)
കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ശരാശരി 1000 പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിവരുന്നു — റീപ്രിന്റ് ഉള്‍പ്പടെ. ഇതില്‍ 80-85 ശതമാനം കോട്ടയത്തുനിന്നാണെന്ന കാര്യം കൗതുകമുളവാക്കുന്നതാണ്.