( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 1995 ജനുവരി 22
കേരളത്തിലെ ഏറ്റവും വലിയ ഗാന്ധിയന്‍ എന്നറിയപ്പെട്ടിരുന്ന ഡോ.ജി.രാമചന്ദ്രന് 1995 ജനുവരി 17-ാം തീയതി അതിരാവിലെ നെയ്യാറ്റിന്‍കര യിലെ സ്വവസതിയില്‍ അന്തരിച്ചു. അഖിലേന്ത്യാ പ്രശസ്തനായ ഒരു മലയാളി എന്ന് രാമചന്ദ്രനെ വിശേഷിപ്പിക്കാം. രവീന്ദ്രനാഥ ടാഗോറിന്റെ കീഴില്‍ തത്ത്വശാസ്ര്തവും സാഹിത്യവും എടുത്തു പഠിച്ച ജി. രാമചന്ദ്രന് നല്ല പ്രസംഗകനും ഒന്നാംതരം എഴുത്തുകാരനുമായിരുന്നു — മലയാളത്തിലും ഇംഗ്ലീഷിലും.
1930 കളുടെ ഒടുവില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് തുടങ്ങുന്ന കാലത്ത് തുടങ്ങിയതാണ് ഞങ്ങളുടെ ബന്ധം. അതിന് 57 വര്‍ഷത്തെ പഴക്കമുണ്ടെന്നു വേണമെങ്കില്‍ പറയാം. ടാഗോറിന്റെ വിശ്വഭാരതിയില്‍നിന്ന് നേരെ ഗാന്ധിജിയുടെ സബര്‍മതിയിലേക്ക് (1925) വന്ന രാമചന്ദ്രന്റെ പ്രവര്‍ത്തനമണ്ഡലം ഇന്ത്യയൊട്ടുക്ക് വ്യാപിച്ചു കിടക്കുന്നതായിരുന്നു. എങ്കിലും സ്റ്റേറ്റ് കോണ്ഗ്രസ്സിന്റെപ്രവര്ത്തനത്തിന്റെ പ്രധാന ഘട്ടങ്ങളിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു. 1948-ല്‍ കുറച്ചുകാലം പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നിട്ടുമുണ്ട്.
ടി.വി. സുന്ദരമയ്യങ്കാരുടെ പുത്രി ഡോ.സൗന്ദരമായിരുന്നു ജി. ആറിന്റെ പത്നി. ഇവരുടേത് പ്രേമവിവാഹമായിരുന്നു. വധൂവരന്മാരെ അനുഗ്രഹിക്കാന്‍ ഗാന്ധിജി മധുരയിലെത്തി. ഗാന്ധിജി സ്വന്തം കൈകൊണ്ടു നെയ്ത കല്യാണപ്പുടവ സൗന്ദരത്തിനു സമ്മാനിക്കയും ചെയ്തു. ഡോ.സൗന്ദരം കേന്ദ്രമന്ത്രിസഭയില്‍ ഡെപ്യൂട്ടി മന്ത്രിയായിരുന്നു നെഹ്റുവിന്റെ കാലത്ത്. അക്കമ്മചെറിയാന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സൗന്ദരം. അതുകൊണ്ടുതന്നെ അവരെ അക്കമ്മയുടെ വീട്ടില്‍വച്ചു കാണാനും പരിചയപ്പെടാനും എനിക്കു കഴിഞ്ഞു. രാമചന്ദ്രനും സൗന്ദരവുംകൂടിയാണ് അംബാത്തുറയില് (മധുരയ്ക്കടുത്ത്) ഗാന്ധിഗ്രാം സര്‍വ്വകലാശാല സ്ഥാപിച്ചത്. ദീര്‍ഘകാലം ഗാന്ധിഗ്രാമിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം സര്‍വ്വകലാശാല ആരംഭിച്ചപ്പോള്‍ വൈസ് ചാന്സലറുമായിത്തീര്ന്നു.
കെ.ആര്.ഇലങ്കത്ത്, കേരളസംസ്ഥാന ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ 1983-ല്‍ അന്തരിച്ചപ്പോള്‍ ഞങ്ങളെല്ലാംകൂടി ജി.രാമചന്ദ്രനെ പ്രസിഡന്റാക്കി. അദ്ദേഹത്തിന് അന്നുതന്നെ 80 നടുത്ത് പ്രായമുണ്ടായിരുന്നു. മറ്റു പലവിധ ജോലിത്തിരക്കുകളും. അതുകൊണ്ട് ഒരു വര്‍ഷത്തിലധികം പ്രസിഡന്റുപദവി വഹിക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. അതുകഴിഞ്ഞ് 1984-ല്‍ ഞാന്‍ ആ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. എനിക്ക് അത്ഭുതം തോന്നിയ ഒരു കാര്യം, അദ്ദേഹം പ്രസിഡന്റ്പദം എന്നെ ഏല്പിച്ച സമയത്ത് എനിക്കു ചില ഉപദേശങ്ങള്‍ തന്നു. അതിലൊന്ന്, സംഘടനയിലെ മൂന്നുപേരുടെ പേരു പറഞ്ഞിട്ട് അവരെ വിശ്വസിച്ചുകൂടെന്നായിരുന്നു. വളരെ കുറച്ചുനാളത്തെ പരിചയം വച്ചുകൊണ്ടാണ് അദ്ദേഹം മേല്പറഞ്ഞ ഉപദേശം എനിക്കു തന്നത്. അത് വളരെ ശരിയായിരുന്നുവെന്ന് പിന്നീട് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. ഞാന്‍ പ്രസിഡന്റായ ഉടനെ കോട്ടയത്തുവച്ചു നടത്തിയ സ്വാതന്ത്ര്യസമരഭടന്മാരുടെ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. ആ സമയത്ത് എന്റെ ഭവനവും സന്ദര്‍ശിച്ചു.
തിരുവനന്തപുരത്ത് ദൂരദര്ശന് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ജി രാമചന്ദ്രനുമായി ഒരു അഭിമുഖം സംപ്രേഷണം ചെയ്യണമെന്ന് അധികൃതര്‍ തീരുമാനിച്ചു. ജി. ആറിനെ ഇന്റര്‍വ്യു ചെയ്യാന്‍ എന്നെയാണ് ദൂരദര്ശന് ചുമതലപ്പെടുത്തിയത്. മാധവീമന്ദിരത്തിലെ ലൈബ്രറിയില്‍ വച്ചുതന്നെ അതു നടത്തണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. ആ മുറി അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. കാരണം, ഗാന്ധിജി 1937-ല്‍ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ ഒരു ദിവസം രാമചന്ദ്രന്റെകൂടെ താമസിച്ചു. അത് 1937 ജനുവരി 14-നായിരുന്നു. അന്നു മുതല്‍ ആ മുറിയുടെ പവിത്രത പരിരക്ഷിക്കാന്‍വേണ്ടി അത് ലൈബ്രറിയാക്കി മാറ്റുകയാണുണ്ടായത്.
ഞാന്‍ ഒരിക്കല്‍ ഈ മുറി ഒരു പുസ്തകപ്രകാശനത്തിന് ഉപയോഗിച്ച കഥ പറയാം. സംഭവം നടന്നത് 1985 ഡിസംബര്‍ 28-ാം തീയതി ഉച്ചയ്ക്ക് 12 മണിക്കായിരുന്നു. പുസ്തകം മന്മഥ് നാഥ ഗുപ്ത രചിച്ച കോണ്‍ഗ്രസ്സിന്റെ നൂറു വര്‍ഷം (പരിഭാഷ). കൃത്യം 100 വര്‍ഷം മുന്‍പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജന്മമെടുത്തത് 1885 ഡിസംബര്‍ 28 ഉച്ചയ്ക്ക് 12-ന് ബോംബെയിലെ ഗോകുല്‍ദാസ് തേജ്പാല്‍, സംസ്കൃത കോളേജില്‍വച്ചായിരുന്നു (അദ്ധ്യക്ഷതവഹിച്ചത് ഡബ്ലിയു. സി. ബാനര്‍ജി) മാധവീമന്ദിരത്തില്‍ പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത് ജി. രാമചന്ദ്രനാണ്. ചെറിയ ഒരു സദസ്സ് സന്നിഹിതരായിരുന്നു. വൈകുന്നേരം തിരുവനന്തപുരം വൈ.എം.സി. എയില്വച്ച് ഇതു പ്രമാണിച്ച് ഒരു മീറ്റിംഗുമുണ്ടായിരുന്നു. അതില്‍ മുഖ്യപ്രസംഗം നിര്‍വ്വഹിച്ചതും ജി.ആര്.തന്നെയായിരുന്നു.
ജി.ആറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത കണ്ട് മൂന്നാലു ദിവസം കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ അദ്ദേഹം സുഖമായി നെയ്യാറ്റിന്കരയ്ക്കുപോയി എന്ന വിവരമാണ് കിട്ടിയത്. അടുത്ത് തിരുവനന്തപുരത്തു പോകുമ്പോള്‍ നെയ്യാറ്റിന്‍കരപോയി കാണാമെന്നു വിചാരിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. വിവരമറിഞ്ഞിട്ട് ഉടനെ പുറപ്പെടാനായില്ല. പിറ്റേന്നു രാവിലെ പുറപ്പെട്ടെങ്കിലും സംസ്കാരകര്‍മ്മത്തില്‍ പങ്കെടുക്കത്തക്കവണ്ണം നെയ്യാറ്റിന്‍കര എത്താന്‍ കഴിഞ്ഞില്ല. രാവിലെ 11 -നായിരുന്നു സംസ്കാരം. ഉച്ചകഴിഞ്ഞ് 2 മണിക്കുശേഷം ഞാന്‍ മാധവീമന്ദിരത്തിലെത്തി. പുറകുവശത്ത് പ്രത്യേകം തയ്യാറാക്കിയ ചിതയില്‍ തീ ജ്വലിച്ചുനില്ക്കുന്നു. ഞാനവിടെ ‘അഗ്നിസാക്ഷി’യായി നാലഞ്ചുമിനിറ്റ് നേരം ധ്യാനനിരതനായി നിന്നു. മാധവീമന്ദിരം ട്രസ്റ്റിന്റെ സെക്രട്ടറി, ജി.ആറിന്റെ താങ്ങും തണലുമായി പത്തുപതിനഞ്ചുവര്‍ഷം പ്രവര്‍ത്തിച്ച സിസ്റ്റര്‍ മൈഥിലിയെ കണ്ട് അനുശോചനം അറിയിച്ചു. ആ സമയത്തുതന്നെയാണ് മൈഥിലിയുടെ മാതാപിതാക്കള്‍ യാത്രപറഞ്ഞ് പിരിഞ്ഞതും. അവര്‍ മധുരയിലേക്കു തിരികെപ്പോയി.
സേവനപാരമ്പര്യമുള്ള മധുരയിലെ ഒരു കുടുംബമാണ് അവരുടേത്. 1979 മുതല്‍ സിസ്റ്റര്‍ മൈഥിലി ട്രസ്റ്റ് സെക്രട്ടറി എന്ന നിലയില്‍ അതിനോടനുബന്ധിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിവരുന്നു. മൈഥിലി എന്നെ കണ്ടയുടനെ പറഞ്ഞു: ”ഞങ്ങള്‍ മാമനെ പരലോകത്തേക്കയച്ചു” എന്നിട്ട് തലേന്നു രാവിലത്തെ കാര്യങ്ങള്‍ വിശദീകരിച്ചു. ”മാമന് (ജി.ആര്.) വെളുപ്പിന് അഞ്ചരയ്ക്കുണര്ന്നു. പതിവു പോലെ റേഡിയോയിലെ സുഭാഷിതം കേട്ട്, ചായ കുടിക്കാന്‍ തുടങ്ങി. മുഴുവനാക്കിയില്ല. അതിനിടയ്ക്ക് ഒരു വശത്തേക്കു ചെരിഞ്ഞു. അതവസാനമായിരുന്നു.” വളര്‍ത്തുമകള്‍ മായയും ഭര്‍ത്താവ് പ്രസാദുമുണ്ടായിരുന്നു അവിടെ. ചിതയ്ക്കു സമീപം റീത്തുകളെല്ലാം ഭംഗിയായി ക്രിമീകരിച്ചു വച്ചിരിക്കുന്നു. ഉപരാഷ്ട്രപതി, മുഖ്യമന്ത്രി, സ്പീക്കര്‍, എ.കെ.ആന്റണി, മന്ത്രിമാര്‍, പ്രധാനപത്രങ്ങള്‍ എല്ലാമുണ്ടവിടെ. തമിഴ്നാട് ഗവണ്മെന്റിന്റെ വക റീത്തും കണ്ടു.