( കാലത്തിന്റെ നാള്‍വഴിയില്‍ നിന്ന് ) ഒക്ടോബര്‍, 1984
ഒക്ടോബര്‍ 9. കോഴിക്കോടിന് ട്രെയിനില്‍ യാത്ര… പിറ്റേദിവസം കോഴിക്കോട്ട് ബാസല്‍മിഷന്റെ 15-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗുണ്ടര്‍ട്ട് സിമ്പോസിയം നടത്തുന്നു. അതില്‍ പങ്കെടുക്കുകയാണ്, ലക്ഷ്യം. ഇടയ്ക്ക് ഒരു കുറ്റബോധം. ഇല്ലിക്കുന്നില് ഇതുവരെ ഞാന്‍ പോയിട്ടില്ല. അടുത്ത കാലത്തും ഗുണ്ടര്‍ട്ട് സ്മാരകത്തെപ്പറ്റി ഞാന്‍ ചിലതെല്ലാം എഴുതിയിരുന്നു. എത്രയോ തവണ ഗുണ്ടര്ട്ടിനെപ്പറ്റി പ്രസംഗിച്ചിട്ടുണ്ട്. നാലഞ്ചു ദിവസം മുമ്പ് കോട്ടയത്ത് റോട്ടറിക്ലബ്ബില് മലയാളപത്രങ്ങളുടെ ചരിത്രത്തെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ മലയാളത്തിലെ ആദ്യത്തെ പത്രമായ ‘രാജ്യസമാചാര’ (1847)ത്തെക്കുറിച്ചു പറഞ്ഞിരുന്നു. അത് കല്ലച്ചില്‍ അച്ചടിച്ച ഇല്ലിക്കുന്നിനെപ്പറ്റിയും, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഗുണ്ടര്ട്ടിനെപ്പറ്റിയുമൊക്കെ.
തലശ്ശേരിയില്‍ എത്രയോ തവണ ഞാന്‍ പോയിട്ടുണ്ട്. എന്നിട്ടും ഇല്ലിക്കുന്നില് പോയിട്ടില്ല- അക്ഷന്തവ്യമായ തെറ്റ്. അതുകൊണ്ട് ഇപ്രാവശ്യം ഇല്ലിക്കുന്നു സന്ദര്‍ശിച്ചിട്ടേ, ഗുണ്ടര്‍ട്ട് സിമ്പോസിയത്തില്‍ പങ്കെടുക്കൂ എന്ന് വണ്ടിയില്‍വെച്ചു തീരുമാനിച്ചു. കോഴിക്കോട്ടെത്തിയ ഉടനെ സിമ്പോസിയത്തിന്റെ പ്രധാന സംഘാടകനായ ജോണ്‍ ഓച്ചംതുരുത്തിനെ വിളിച്ച് രാവിലെ തലശ്ശേരിക്കു പോകുമെന്നറിയിക്കുകയും ചെയ്തു.
രാവിലെ തോന്നി, വീരേന്ദ്രകുമാറിനെക്കൂടി കൂട്ടിക്കൊണ്ടുപോകുന്നതു നന്നായിരിക്കുമെന്ന്. എം. പി. വീരേന്ദ്രകുമാര്‍ (മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടര്‍) ആണ്, സിമ്പോസിയം ഉദ്ഘാടനംചെയ്യുന്നത്; ഞാന്‍ അദ്ധ്യക്ഷനും. വീരന്, ഇല്ലിക്കുന്ന് കണ്ടിട്ടുണ്ടാവില്ല.
അദ്ദേഹവുമൊന്നിച്ചുള്ള യാത്ര വളരെ രസകരമാണ്. പിന്നെ കാര്‍ ഉണ്ടെന്നുള്ള സൗകര്യവും. അപ്പോഴാണ് ഓര്‍മവന്നത് മൂന്നാലുമാസം മുമ്പത്തെ ഒരു കാര്യം: കോഴിക്കോട്ടെ മാതൃഭൂമിയുടെ മുമ്പില്‍വച്ച് ഒരു സായാഹ്നം ഞങ്ങള്‍ കണ്ടുമുട്ടുന്നു. എനിക്കു പിറ്റേദിവസം രാവിലെ തലശ്ശേരിക്കു പോകണമെന്നു പറഞ്ഞപ്പോള്‍, വീരന് പറഞ്ഞു, താന്‍ രാവിലെ കണ്ണൂര്‍ക്കു പോകുന്നുണ്ട്, നമുക്കൊരുമിച്ചു പോകാം എന്ന്. രാവിലെ പത്തുമണിക്കുമുമ്പ് മാതൃഭൂമിയില്‍ വരുമെന്നും. ഞാനും സമ്മതിച്ചു. എങ്കിലും രാത്രിയില്‍ കഴിഞ്ഞകൊല്ലത്തെ കാര്യം ഓര്‍മ്മവന്നു, ഞങ്ങള്‍ ഒന്നിച്ച് അമേരിക്കയിലും കാനഡയിലുമൊക്കെ ഒന്നരമാസം താമസിച്ചിരുന്നു. അന്നത്തെ സമയനിഷ്ഠയുടെ കാര്യം.
എനിക്കു പതിനൊന്നുമണിക്കു തലശ്ശേരിയില്‍ എത്തേണ്ട കാര്യമുണ്ട്. അതുകൊണ്ട് വീരേന്ദ്രകുമാറിനെ ഉപേക്ഷിച്ചിട്ട് (അക്കാര്യം വിളിച്ചുപറഞ്ഞുമില്ല) ഞാന്‍ രാവിലത്തെ ട്രെയിനില്‍ തലശ്ശേരിക്ക് പുറപ്പെട്ടു. അവിടത്തെ ജോലി കഴിഞ്ഞ് നാലുമണിയോടുകൂടി കോഴിക്കോട്ട് തിരിച്ചെത്തുകയും ചെയ്തു, നാലരമണിക്ക് വീരേന്ദ്രകുമാര്‍ വരുന്നു, കണ്ണൂര്‍ക്കു പോകാന്‍. ഇക്കഥ ഓര്‍മ്മിച്ചതുകൊണ്ട് വീരനെ വിളിക്കേണ്ടെന്നുവച്ചു.
അങ്ങനെ ഞാന്‍ തനിച്ച് ട്രെയിനില്‍ പുറപ്പെട്ടു. തലശ്ശേരിയില്‍ ഇറങ്ങിയ ഉടനെ ഒരു മാന്യനോട് ഇല്ലിക്കുന്നിലേക്കുള്ള വഴി അന്വേഷിച്ചു. അദ്ദേഹം, ഞാനാരാണെന്നു ചോദിച്ചു. പരസ്പരം അറിഞ്ഞു. അദ്ദേഹം വലിയൊരു പുസ്തകപ്രേമിയാണ്. റെയില്‍വേയിലെ ഒരുദ്യോഗസ്ഥനും. പേര് കെ.പി.വിജയരാഘവന്. ബസ്സ്റ്റാന്റിലെത്തി എന്നെ അഞ്ചരക്കണ്ടി ബസ്സില്‍ കയറ്റിവിട്ടിട്ടേ വിജയരാഘവന് പോയുള്ളു.
ബസ്സില്‍ എന്റെ അടുത്തിരുന്ന ചെറുപ്പക്കാരനോട് ഗുണ്ടര്ട്ട്ബംഗ്ലാവ് കാണാന്‍ എവിടെ ഇറങ്ങണമെന്നു തിരക്കി. അയാള്‍ കൈ മലര്‍ത്തി. കുറച്ചകലെ ഒരു എഴുപതുകാരന് ഇരിക്കുന്നു. അയാളോടു തിരക്കി, അറിഞ്ഞുകൂടാ. 125 വര്‍ഷം മുമ്പ് ഇല്ലിക്കുന്നു വിട്ടുപോയ ഒരാളെപ്പറ്റി സാധാരണക്കാരോട് ഇന്നന്വേഷിക്കുന്നതുതന്നെ ശരിയല്ലെന്നു തോന്നി. എങ്കിലും അവരൊക്കെ ഗുണ്ടര്‍ട്ട് സായ്പിനെപ്പറ്റി എന്തോ ഒക്കെ കേട്ടിട്ടുണ്ട്.
ഞാനോര്‍ത്തു: പത്തുമുപ്പതു കൊല്ലം മുമ്പ് നമ്മുടെ നാട്ടിലെ ഒരു മുഖ്യമന്ത്രി, ‘ആരാണ് ഈ ഗുണ്ടര്‍ട്ട്?’ എന്നു ചോദിച്ച കഥ.
ഇല്ലിക്കുന്നു സ്റ്റോപ്പിലിറങ്ങി കഷ്ടിച്ച് 200 മീറ്റര്‍ നടന്നപ്പോള്‍ ഗുണ്ടര്‍ട്ട് ബംഗ്ലാവിലെത്തി. അതിവിശാലമായ കെട്ടിടം. തലശ്ശേരിയില്‍ ദീര്‍ഘകാലം ജഡ്ജിയായിരുന്ന തോമസ് സ്ട്രെയിഞ്ജ് എന്ന ഇംഗ്ലീഷുകാരന്, ഇന്ത്യ വിട്ടുപോകുന്ന സമയത്ത് ബാസല്മിഷനു ദാനമായി നല്‍കിയതാണ് ഈ ബംഗ്ലാവും വിശാലമായ പറമ്പും. തലശ്ശേരി ടൗണിനു പുറത്തുള്ള ഒരു ഗ്രാമപ്രദേശമാണ്, ഇല്ലിക്കുന്ന് എന്നായിരുന്നു എന്റെ ധാരണ. പക്ഷേ, മുനിസിപ്പല്‍ ടൗണിലെ മൂന്നാംവാര്‍ഡില്‍ 340-ാം നമ്പര്‍ വീടാണ് ഇപ്പോള്‍ ഗുണ്ടര്‍ട്ട് ബംഗ്ലാവ്. ഈ ബംഗ്ലാവിലാണ് 1842-ല്‍ ഗുണ്ടര്‍ട്ടിന്റെ മകള്‍ മറിയ ജനിച്ചത്. അവരുടെ പുത്രി എഡലിയുടെ മകനാണ് പ്രസിദ്ധ ജര്‍മന്‍ സാഹിത്യകാരനായ ഹെര്‍മന്‍ ഹെസ്സെ (1946-ല്‍ നോബല്‍സമ്മാനം നേടിയ ഹെസ്സെ 1962-ല്‍ മരിച്ചു).
ഗുണ്ടര്ട്ട്ബംഗ്ലാവ് ഇന്ന് ഒരു ഹോസ്റ്റലായി മാറ്റിയിരിക്കയാണ്. തലശ്ശേരി റോട്ടറി ക്ലബ്ബ് ആഴ്ചയിലൊരിക്കല്‍ ഈ ബംഗ്ലാവിലെ ഒരു മുറിയില്‍ കൂടുന്നു. മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന് ഒരു സ്മാരകമുണ്ടാക്കാന്‍ നമുക്കു കടമയില്ലേ? സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലേ? എന്തുകൊണ്ട് ഗുണ്ടര്‍ട്ട് ബംഗ്ലാവ് ഏറ്റെടുത്ത് ഒരു സ്മാരകമാക്കിക്കൂടാ? മടങ്ങുമ്പോള്‍ ഇങ്ങനെയൊക്കെ മനസ്സില്‍ തോന്നി. സര്‍ക്കാര്‍, വള്ളത്തോള്ഭവനം ഏറ്റെടുത്ത കഥയും മനസ്സില്‍ വന്നു. നാലുമണിക്കായിരുന്നു ഗുണ്ടര്‍ട്ട് സിമ്പോസിയം തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന സമയം. ഞാന്‍ നേരത്തേ എത്തി. വീരേന്ദ്രകുമാര്‍ താമസിച്ചിരിക്കും എന്നു നിങ്ങള്‍ വിചാരിച്ചേക്കും. എന്നാല്‍, അദ്ദേഹം കൃത്യം നാലിനുതന്നെ വന്നു. പക്ഷേ, ജനം വരാന്‍ അരമണിക്കൂര്‍ വൈകി. കെ.പി.കേശവമേനോന് അരനൂറ്റാണ്ടുകാലം കോഴിക്കോട്ടുകാരെ സമയനിഷ്ഠ പഠിപ്പിച്ചിട്ടും എന്തേ ഇങ്ങനെ വരാന്‍?