ഇ. എം. എസ്. പറയുന്നതുപോലെ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായിക്കൂട. നമുക്കു നിയമമില്ലാത്തതല്ല കുഴപ്പം. ഉള്ള നിയമം പാലിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാന കുഴപ്പം. അക്കാര്യത്തില്‍ നമ്മുടെ വലിയ രാജ്യം കൊച്ചുസിംഗപ്പൂരില്നിന്നു പലതും പഠിക്കേണ്ടതുണ്ട്.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും)
ഓഗസ്റ്റ് 27, 1990
കോട്ടയത്ത്, ഇക്കഴിഞ്ഞ നാലാഴ്ചകളില്‍ ഒരു ബന്ദും നാലഞ്ച് ഹര്‍ത്താലുകളും നടന്നിട്ടുണ്ട്. അതില്‍ ഒന്ന് ഇന്നലെയായിരുന്നു. തലേ ദിവസം ഒരു റബ്ബര്‍ കടയിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിക്കാനായിരുന്നു, ഹര്‍ത്താല്‍. വ്യാപാരസ്ഥാപനങ്ങള്‍ അട(പ്പി)ച്ചിടുക എന്നാണ് ഹര്ത്താലെന്നു പറഞ്ഞാല്‍ അര്‍ത്ഥം. ഇതിനു രണ്ടു ദിവസം മുമ്പ് മറ്റൊരു ഹര്‍ത്താല്‍ കഴിഞ്ഞതേയുള്ളു. ഈ ഹര്‍ത്താല്‍ ജില്ല മുഴുവന്‍ വ്യാപിച്ചുകിടന്നതായിരുന്നു. ഒരു ചരിത്രപാഠപുസ്തകത്തിലെ ഏതാനും ഭാഗം മുസ്ളിം മതവികാരത്തെ വ്രണപ്പെടുത്തി എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്.
ഈയാഴ്ച മറ്റൊന്നുകൂടി വരുന്നു എന്നു കേട്ടു. ഒരു വിദ്യാലയത്തില്‍ നടത്തിയ നാടകം ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചു എന്നാണ് പരാതി. ഇതിനു മുന്കൈെയടുക്കുന്നവര് പറയുന്നത്, കഴിഞ്ഞ ദിവസം, മുസ്ളിങ്ങള്‍ പ്രകടനം നടത്തിയത് കണ്ടില്ലേ, ക്രിസ്ത്യാനികളും അത് മാതൃകയാക്കി മുന്നോട്ടു പോകേണ്ടതല്ലേ, എന്നാണ്. ഒരു നാടകത്തിന്റെ പേരിലും ലോകപ്രസിദ്ധമായ ഒരു പുസ്തകത്തിന്റെ പേരിലും കുഴപ്പമുണ്ടാക്കിയ പുതിയ പാരമ്പര്യവും ഇതിന്റെ പിന്നിലുണ്ട്.
ഇനിയൊരു ദിവസത്തെ ഹര്‍ത്താലും പ്രകടനവും ഉത്തര്‍പ്രദേശിലെ ഒരു വിദ്യാലയം നടത്തുന്ന കന്യാസ്ത്രീകളുടെ മേല്‍ സാമൂഹ്യവിരുദ്ധര്‍ കാട്ടിക്കൂട്ടിയ അഴിഞ്ഞാട്ടത്തിന്റെ പേരിലായിരുന്നു. അതിനു മുമ്പത്തെ ഹര്‍ത്താല്‍ തിരുനക്കരക്ഷേത്രത്തിലെ ഒരാനയെ പാപ്പാനോ പാപ്പാന്മാരോ തല്ലിക്കൊന്നതിന്റെ പേരിലുമായിരുന്നു. ഇവിടെപ്പറഞ്ഞ കാര്യങ്ങൡലൊക്കെ ഒരു കൂട്ടം ആളുകള്‍ക്കു തീവ്രമായ ദുഃഖമുണ്ടായിരുന്നിരിക്കാം. അല്ലെങ്കില്‍ അമര്‍ഷമാവാം. അതുകൊണ്ട് ഹര്‍ത്താല്‍ വേണമെന്നു തോന്നുന്നവര്‍ അതു നടത്തട്ടെ. പക്ഷേ, റോഡ് നിര്‍മ്മിച്ചിട്ടുള്ളത് വഴി പോക്കര്‍ക്ക് നടക്കാനും വാഹനങ്ങള്‍ ഓടിക്കാനുംകൂടിയാണെന്ന് ഒരു ഓര്‍മ്മയെങ്കിലും പ്രകടനം നടത്തുന്നവര്‍ക്കു വേണം. അതുകൊണ്ടു റോഡിന്റെ ഒരുവശത്തുകൂടി ഒറ്റവരിയായോ ഇരട്ടവരിയായോ നടന്നു പോകണം. റോഡ് നിറഞ്ഞുപോകാന് അവകാശമില്ല; വാഹനം തടയാനുള്ളതുമല്ല.
പിന്നെ കടയടപ്പിക്കണമെന്ന ഭ്രാന്തും ഉപേക്ഷിക്കണം. ആര്‍ക്കെങ്കിലും അവരുടെ വികാരം പ്രകടിപ്പിക്കാന്‍ കട അടപ്പിക്കണമെന്നു തോന്നുന്നു എങ്കില്‍ അവര്‍ അടച്ചുകൊള്ളട്ടെ. മുഷ്ടി ചുരുട്ടിക്കൊണ്ടോ, കണ്ണുരുട്ടിക്കൊണ്ടോ, കല്ലെറിഞ്ഞോ കടകളും മറ്റും അടപ്പിക്കുന്ന ഏര്‍പ്പാടും ഉപേക്ഷിക്കണം. ഇതൊക്കെ ചെയ്യുന്നത്, അഥവാ ചെയ്യിക്കുന്നത്, ചുളുവില്‍ നേതാവാകാന്‍ ശ്രമിക്കുന്ന ആരെങ്കിലുമാവും. താനില്ലെങ്കില്‍ തന്റെ സമുദായമോ മതമോ തകര്‍ന്നു വീണു തരിപ്പണമാകുമെന്നു സാധാരണക്കാരെ വിശ്വസിപ്പിക്കാന്‍ ഇവര്‍ക്ക് എളുപ്പം കഴിയുന്നു.
ഇതുവരെ പറഞ്ഞതൊക്കെ ചെറിയ കാര്യങ്ങള്‍ മാത്രമാണ് പ്രാദേശിക തലത്തില്‍ —മിക്കവാറും ടൗണിന്റെ ചില ഭാഗങ്ങളെ മാത്രം കേന്ദ്രീകരിച്ചു ചില്ലറ ശല്യങ്ങള് ചെയ്യാന്‍ കഴിയുന്ന ഹര്‍ത്താലുകളും മറ്റു മാണ്. ഇനി പറയാനുള്ളത് മാരകമായ ബന്ദ് എന്ന ദുര്ഭൂതത്തെപ്പറ്റിയത്രെ.
നമ്മുടെ അവസാനത്തെ ബന്ദ് 13-ാം തീയതിയായിരുന്നു. 15-നോ മറ്റോ വച്ചിരുന്നത് 13ലേക്കു മാറ്റുകയാണു ചെയ്തത്. കൊള്ളരുതാത്ത ഒരു കാര്യത്തിനാണ്, തങ്ങള്‍ നേതൃത്വം നല്‍കുന്നതെന്ന് സംഘാടകര്‍ക്ക് നേരത്തേ തോന്നിയിരിക്കും. എന്നാല്‍ പിന്നെ കൊള്ളരുതാത്ത 13 ആണ് അതിനു നന്നെന്നു കരുതിയിട്ടുണ്ടാവണം. തികച്ചും സമാധാനപരമെന്ന്, ബന്ദിനു നേതൃത്വം നല്കിയവര് അവകാശപ്പെടുന്നുണ്ടെങ്കിലും ആ ദുര്‍ദിനം മൂന്നുപേരുടെ മരണത്തിനിടയാക്കി. കോയമ്പത്തൂര്‍ക്കു കാറില്‍ പോകുകയായിരുന്ന ഒരു ഗള്‍ഫ്മലയാളിയെ പാലക്കാട്ടുവച്ച് എറിഞ്ഞു കൊന്നു. കെ. എസ്. ആര്. ടി. സി. യുടെ 100 ബസുകള്‍ക്ക് കേടുവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. ചില ബസ്സുകള്‍ നിശ്ശേഷം നശിപ്പിച്ചു എന്നും കേട്ടു. പൊതുവേ ശാന്തമായിരുന്നു എന്നുവച്ചിട്ടുള്ള സ്ഥലമാണ് കോട്ടയം. കോട്ടയത്തുതന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ബന്ദുകാര്‍ കയറി അക്രമം കാണിച്ചു (ഇതിനു മുമ്പത്തെ ബന്ദിന് ഒരു ബാങ്ക് മാനേജരുടെ മൂക്കിനു പേപ്പര്വെയ്റ്റുകൊണ്ടുള്ള ഇടി ഏല്‍ക്കേണ്ടിവന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കുന്നു. ഇന്നും മൂക്ക് നേരെ ആയിട്ടില്ലെന്നുംകൂടി പറയട്ടെ).
നാട്ടിലെ വിലവര്‍ദ്ധനവിനും ക്രമസമാധാനനില വഷളായതിനും എതിരെയാണത്രേ ബന്ദു നടത്തിയത്. വിലവര്ദ്ധനവിനുത്തരവാദികള് പ്രധാനമായും കേന്ദ്രസര്‍ക്കാരാണ്. ദേശസാല്കൃതബാങ്കിനെ ഉപദ്രവിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ മനംമാറ്റാമെന്നു ബന്ദികള്‍ കരുതിയിരിക്കുമോ എന്ന് നിശ്ചയമില്ല. ക്രമസമാധാനനില നേരെയാക്കുന്നതിന് വാഹനങ്ങളുടെ നേര്‍ക്കു കല്ലെറിയുന്നതും നല്ല മാര്‍ഗ്ഗമാണെന്ന് അവര്‍ കരുതുന്നുണ്ടാവും.
ഗള്‍ഫിലും സിംഗപ്പൂരിലും ദീര്‍ഘകാലം താമസിച്ചിട്ടുള്ള ഒരു മാന്യന്, ബന്ദിന്റെ വിവരങ്ങള്‍ വായിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘വണ്ടിക്കു കല്ലെറിയുന്നവനെ കാണുന്ന നിമിഷം വെടിവെക്കുന്ന നിയമം വരണം. പോലീസിന്റെ വെടിയേറ്റ് മൂന്നോ നാലോ പേര് മരിച്ചെന്നു മനസ്സിലായാല്‍ കല്ലേറ് താനേ നില്ക്കും. കടയിലും ബാങ്കിലും കയറി അക്രമം കാണിക്കുന്നവനെ കഠിനമായി ശിക്ഷിക്കയും വേണം.’
ശരിയാണ്, നാം നിയമം ചിലടത്തെല്ലാം മാറ്റേണ്ടിവരും. സ്വാതന്ത്ര്യ ത്തിന്റെ തോതും വെട്ടിച്ചുരുക്കണം. ഇ. എം. എസ്. പറയുന്നതുപോലെ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായിക്കൂട. നമുക്കു നിയമമില്ലാത്തതല്ല കുഴപ്പം. ഉള്ള നിയമം പാലിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാന കുഴപ്പം. അക്കാര്യത്തില്‍ നമ്മുടെ വലിയ രാജ്യം കൊച്ചുസിംഗപ്പൂരില്നിന്നു പലതും പഠിക്കേണ്ടതുണ്ട്. സിംഗപ്പൂരില്‍ വളരെക്കാലം താമസിച്ചിട്ടുള്ള വിലാസിനി (എം.കെ.മേനോന്) അടുത്ത ദിവസം പറഞ്ഞ ഒരു സംഗതി ഓര്‍മ്മവരുന്നു. സിംഗപ്പൂരിലെ കഥതന്നെ.
കടലാസോ സിഗററ്റ്കുറ്റിയോ തീപ്പെട്ടിക്കൊള്ളിയോ അതുപോലെ എന്തെങ്കിലും സാധനമോ റോഡിലിട്ടാല്‍ ശിക്ഷ ഉറപ്പാണ്. അതു നടപ്പാക്കിയ കാലത്തെ കഥയാണ് വിലാസിനി പറഞ്ഞത്. പിറ്റേ കൊല്ലം ജനുവരി ഒന്നുമുതല്‍ നിയമം നടപ്പിലാക്കുമെന്നും അത് ലംഘിച്ചാല്‍ ‘500 ഡോളര്‍വരെ’ പിഴ ശിക്ഷ ഉണ്ടാകുമെന്നും വമ്പിച്ചതോതില്‍ പ്രചാരണം നല്കി. ‘500 ഡോളര്‍ വരെ’എന്നു പറഞ്ഞാല്‍ 5 ഡോളറോ മറ്റോ ആയിരിക്കും ആദ്യം പിടികൂടപ്പെടുന്നവര്‍ക്ക് നല്കുന്ന ശിക്ഷ എന്നു പലരും കരുതി. ജനുവരി 1 എത്തി. നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ കര്‍ശനമായ സംവിധാന മുണ്ടാക്കി. ആദ്യദിവസം 2000ല്‍ പരം പേരെ പിടികൂടി. എല്ലാവര്ക്കും 500 ഡോളര്‍ എന്ന പരമാവധി ശിക്ഷ ലഭിച്ചു. അതോടെ നിയമം ശരിക്ക് പാലിക്കാന്‍ ജനം പഠിക്കുകതന്നെ ചെയ്തു.
1977-ല്‍ ഞങ്ങള്‍ സിംഗപ്പൂരില്‍ പോയപ്പോള്‍, അഞ്ചു മിനിട്ട് ഇടവിട്ടു സിഗരറ്റിനു തീകൊളുത്തുന്ന ഒരാള്‍ കൂടെ ഉണ്ടായിരുന്നു. അദ്ദേഹം സിംഗപ്പൂരിലുണ്ടായിരുന്ന സമയത്തു കാറില്‍വച്ചു വലിച്ചിട്ടേ ഇല്ല — സിഗററ്റ്കുറ്റിയോ തീപ്പെട്ടിക്കൊള്ളിയോ അറിയാതെ പുറത്തേക്ക് എറിഞ്ഞുപോയാല് സംഭവിക്കാവുന്ന തകരാറിനെപ്പറ്റിയുള്ള ചിന്തകൊണ്ട്. പൊതുസ്ഥലത്തുവച്ചു സിഗററ്റ് വലിച്ചാല്‍ ഒരു ലക്ഷം രൂപയോ മറ്റൊ പിഴയിടുന്ന ഒരു നിയമം സിംഗപ്പൂരില്‍ ഈയിടെ നിലവില്വന്നിട്ടുണ്ടെന്നുകൂടി നമ്മുടെ വലിയന്മാര് അറിഞ്ഞിരിക്കുന്നത് നന്ന്.
നമ്മള് പറഞ്ഞുവന്നത് ബന്ദിനെപ്പറ്റിയാണ്: 13ാംതീയതിയിലെ ബന്ദുകൊണ്ട് ഒരു ഗുണമുണ്ടായിട്ടുണ്ടെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. എ.കെ.ആന്റണിയും പി. കെ. വാസുദേവന്‍നായരും എം. എം. ലോറന്‍സും ബന്ദിനെതിരായി പ്രതികരിച്ചു എന്നതാണ് മേല്‍പ്പറഞ്ഞ ഗുണം. എല്ലാ പാര്ട്ടിനേതാക്കന്മാരും ഈ വഴിക്ക് ചിന്തിച്ചാല്‍ നന്ന്. തികച്ചും പ്രാകൃതമായ ഈ സമരമുറ പരിഷ്കൃതലോകത്തിന് ഒട്ടും പറ്റിയതല്ലെന്ന ബോധം നമ്മുടെ രാഷ്ട്രീയക്കാര്ക്കുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ബന്ദുമായി വരുന്നവര്‍ ഏതു പാര്‍ട്ടിക്കാരായാലും അവരെ രാജ്യദ്രോഹികളായി മുദ്രകുത്താൻ രാഷ്ട്രീയമില്ലാത്ത പൊതുജനമെങ്കിലും തയ്യാറാകണം.
ഡിസംബർ 13, 1991
ശനിയാഴ്ച രാത്രി കുറെ ഇരുട്ടിയപ്പോള്തന്നെ കേട്ടു, തിങ്കളാഴ്ച ബന്തിന് ആഹ്വാനം ചെയ്തിരിക്കുന്നു എന്ന്. ഞായറാഴ്ച രാവിലെ കിട്ടിയ പത്രങ്ങള്‍ ഇത് സ്ഥിരീകരിക്കയുംചെയ്തു. എങ്കിലും അന്നു പകലും രാത്രിയും റേഡിയോയിലും ടി. വി.യിലും വന്ന വാര്‍ത്തകള്‍ സശ്രദ്ധം കേള്‍ക്കുകയും കാണുകയും ചെയ്തു. ശനിയാഴ്ച കടുത്ത ക്ഷോഭത്തില്‍ പ്രഖ്യാപിച്ച ബന്ത് പിന്‍വലിക്കാനുള്ള തന്റേടം (ഗാന്ധിജിയുടെ ഭാഷയില്‍) 24 മണി ക്കൂര്‍ കഴിയുമ്പോഴെങ്കിലും ഉണ്ടാകുമെന്നു വിശ്വസിച്ചു. മറ്റൊരു ബന്ത് കഴിഞ്ഞിട്ട് 10 ദിവസംമാത്രമേ ആയിട്ടുള്ളുതാനും. രാഷ്ട്രീയക്കാര്‍ക്ക് വിവേകമുണ്ടാകുമെന്നു വിചാരിക്കുന്നവന് വിഡ്ഢിയാണെന്ന് ആരോ പറഞ്ഞിട്ടുള്ളത് അപ്പോള്‍ ഓര്‍മ്മയില്‍വന്നു.
തിങ്കളാഴ്ച രാവിലെ ഞാന്‍ എന്റെ ആഫീസിലേക്ക് നടന്നു. മൂന്നു കിലോമീറ്റര്‍ നടക്കുക പ്രയാസമുള്ള കാര്യമായി തോന്നിയില്ല. വഴിയില്‍ പലേടത്തും കല്ലും തടിയും പിടിച്ചുവച്ച് വഴിതടഞ്ഞിരുന്നു. പോലീസ് അതു മാറ്റിക്കളഞ്ഞു. ഒരിടത്ത് കുറെ ടാര്വീപ്പകള് വച്ചിരുന്നു. അതൊക്കെ സമരക്കാര്‍ മറിച്ച് റോഡിനു കുറുകെ ഒഴിച്ചു. വണ്ടിക്കുമാത്രമല്ല, നടന്നു പോകാനും വിഷമം. റോഡ് നിറഞ്ഞു ടാര്‍ ഒഴുകുന്നതുകണ്ടപ്പോള് ഒരു സരസന് പറയുന്നതുകേട്ടു നമ്മുടെ ‘രാഷ്ട്രീയസംസ്കാരത്തിന്റെ പ്രതീകം’ എന്ന്.
കടകളൊന്നും തുറന്നിട്ടില്ല. വണ്ടികള്‍ ഓടുന്നില്ല. ഇരുചക്രവാഹന ങ്ങള് മാത്രം അവിടെ ഓടുന്നുണ്ട്. കളക്ടറേറ്റിലും മറ്റ് സര്ക്കാരാഫീസുകളിലും പേരിനുള്ള ജോലിമാത്രമേ നടക്കുന്നുള്ളു. കെ. എസ്. ആര്. ടി. സി. വണ്ടികളും ഓടുന്നില്ല. ഇടയ്ക്ക് ഞാനൊന്ന് റെയില്‍വേസ്റ്റേഷന്‍വരെ പോയി. ബോംബെയില്നിന്നും ഡല്‍ഹിയില്‍നിന്നും മറ്റുംവന്ന യാത്രക്കാര്‍, സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം, പ്ലാറ്റ്ഫോറത്തില്‍ കിടക്കുന്നു. ഭക്ഷണമില്ല. വെള്ളംകൂടി കിട്ടാനില്ല. കോട്ടയത്തും പരിസരത്തുമുള്ള കുറെ യാത്രക്കാര്‍ വീട്ടിലേക്ക് ഫോണ്‍ചെയ്യുന്നു. വീട്ടില്‍നിന്നുള്ള മറുപടി ‘ഇവിടെനിന്ന് ആള് വരാന്‍ കഴിയുകയില്ല. വണ്ടിയില്ല.’
ഇത്രയുമെല്ലാം കാണുമ്പോള്‍ ബന്തിന് ആഹ്വാനം ചെയ്ത നേതാക്കള്‍ തുള്ളിച്ചാടുന്നു. ‘ബന്ത് 100 ശതമാനം വിജയം.’ നെഞ്ചത്ത് കൈവച്ചുകൊണ്ട് ഏതെങ്കിലും നേതാവിനു പറയാമോ. ബന്ത് ‘വിജയിച്ച’തെങ്ങനെയാണെന്ന്? മനുഷ്യര്‍ക്ക് ജീവനും സ്വത്തും നശിക്കരുതെന്നുള്ള ആഗ്രഹം മാത്രമല്ലേ ഇത്? മൂന്നാലു ദിവസംമുമ്പ് ഒരു മദയാന ഒരു ടൗണിനെ വിറപ്പിച്ച കഥ വായിച്ചില്ലേ? പാവം ജനം കടയും വീടും അടച്ചു പൂട്ടി ഓടിയൊളിച്ചു. അതില്‍നിന്ന് എന്തു വ്യത്യാസമാണ് ബന്തിനുള്ളത്? ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി ബന്തിന് ആഹ്വാനം ചെയ്താലത്തെ അവസ്ഥ എന്തായിരിക്കും? അയാളുടെ പാര്‍ട്ടിയില്‍പ്പെട്ടവരില്‍ 95 ശതമാനവും അതു വകവയ്ക്കില്ല, അക്രമം അഴിച്ചുവിട്ടില്ലെങ്കില്‍. എത്രയോ ആയിരം കോടി രൂപയാണ് ഒറ്റദിവസത്തെ ബന്ത്കൊണ്ട് സമൂഹത്തിന് നഷ്ടപ്പെടുന്നതെന്ന് ഏതെങ്കിലും നേതാവ് ചിന്തിച്ചിട്ടുണ്ടോ? എന്റെകാര്യം എനിക്കറിയാം. ബിസിനസ്സിലെ വരവിന്റെ കുറവ് അരലക്ഷം ക.യില്‍ കുറയില്ല. ഞാന്‍ തിരുവനന്തപുരത്ത് ഒരു പുസ്തകപ്രകാശനം വച്ചിരുന്നു. അതിന്റെ അറിയിപ്പു നല്കുന്നതിനു മാത്രം പതിനായിരം രൂപ ചെലവാക്കിയിരുന്നതാണ്. എന്നിട്ടോ എനിക്ക് യോഗസ്ഥലത്ത് എത്തുകപോലും സാധ്യ മായിരുന്നില്ല. എന്റെ യാത്ര നിരോധിക്കാന്‍ ഇവര്‍ക്ക് ആര് അധികാരം നല്കി? എന്റെ ആഫീസും കടകളും ഫാക്ടറിയും അടച്ചിട്ടുകൊള്ളണ മെന്ന് ഇവര്‍ക്ക് കല്പിക്കാനുള്ള അവകാശം ആരാണ് കൊടുത്തത്? ഞാന്‍ നികുതിനല്കുന്ന ഒരു പൗരനാണ്. ഞാന്‍ മറ്റുള്ളവര്‍ക്ക് അസൗകര്യമൊന്നുമുണ്ടാക്കുന്നില്ലെങ്കില് എന്നെ തടയാന്‍ സര്‍ക്കാരിനും കാര്യമില്ല. (ഇവിടെ ഞാന്‍ എന്നു പറയുന്നതിന്റെ അര്‍ത്ഥം ഈ നാട്ടിലെ ഏതു ഞാനിനെയും ഉദ്ദേശിച്ചാണ്. ഇവിടെ രാഷ്ട്രീയനേതാവെന്നു പറഞ്ഞതുകൊണ്ട് ഇന്നു വിവരക്കേട് കാണിച്ച നേതാവ് എന്നുമാത്രമല്ല അര്‍ത്ഥം. ഈ സ്ഥാനത്ത് നാളെ മറ്റൊരു കക്ഷിയാകും വരിക. എല്ലാവരും ചിന്തിക്കാന്‍ വേണ്ടിയാണിത്രയും പറഞ്ഞുവച്ചത്). പ്രിയപ്പെട്ട നേതാക്കന്മാരെ, നിങ്ങള്‍ക്ക് ജനാധിപത്യത്തില്‍ ഒരു കഴമ്പെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ഇത്തരം ജനാദ്രോഹപ്രവൃത്തികളില്നിന്നു പിന്തിരിയുക. നന്നാകാന്‍ ഇനിയും സമയമുണ്ട്.
സെപ്റ്റംബർ 27, 1996
പരുമലസംഭവം തീര്‍ച്ചയായും ദുഃഖകരമാണ്. അതേപ്പറ്റി ഞാന്‍ ആദ്യം പറഞ്ഞിട്ടുമുണ്ട്. പക്ഷേ, ബന്ദ് എന്നു പറയുന്ന ശാപം, അല്ലെങ്കില്‍ ഭ്രാന്ത് അനുവദിച്ചുകൊടുക്കണോ? 18-ാം തീയതിയിലെ ബന്ദില്‍ കുടുങ്ങിയവരുടെ എണ്ണം വളരെ വലുതായിരിക്കണം. 99 ശതമാനം ജനത്തിനും ഒരു മുന്നറിവും ലഭിച്ചിരുന്നില്ല. രാവിലെ പത്രങ്ങളില്‍നിന്നു മാത്രമാണു വിവരം ലഭിച്ചത്. തലേന്നുരാത്രി വളരെ വൈകിയാണു ഞാന്‍തന്നെ വിവരമറിഞ്ഞത്.
അമേരിക്കയില്‍ പോകേണ്ട എന്റെ ചില ബന്ധുക്കള്‍, ഭാഗ്യത്തിനു തലേന്നുതന്നെ തിരുവനന്തപുരത്ത് എത്തി താമസിച്ചു. വിമാനത്താവളത്തിലേക്ക് പോകാനുള്ള സൗകര്യം പോലീസ് ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അവര്‍ 18-ാം തീയതി രാവിലെ കോട്ടയത്തുനിന്നു തിരുവനന്തപുരത്തേക്കു പോകാമെന്നാണ് വച്ചിരുന്നതെങ്കില്‍ യാത്ര മുടങ്ങിയേനെ. മദ്രാസില്‍ 19-ന് ഒരു കമ്മിറ്റി മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന എന്റെ സുഹൃത്ത് മാത്യുജോണിന്, തീവണ്ടിക്ക് ടിക്കറ്റ് കിട്ടാതെവന്നപ്പോള്‍, ബസ്സിന് ടിക്കറ്റ് എടുത്തു. എറണാകുളത്തുനിന്നു വൈകുന്നേരം പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ മദ്രാസിലെത്തും. ഫ്രീഡം ഫൈറ്റേഴ്സ് സംഘടനയുടെ ഒരഖിലേന്ത്യാ കമ്മിറ്റിയായിരുന്നു അത്. ഞാനും പങ്കെടുക്കേണ്ടതായിരുന്നു. എങ്കിലും ഞങ്ങളുടെ ജനറല്‍ സെക്രട്ടറിമാത്രം പോയാല്‍ മതിയെന്നുവച്ചതാണ്, എന്റെ അസൗകര്യംകൊണ്ട്. കേരളത്തില്‍നിന്നുള്ള ഏക പ്രതിനിധിയുമായിരുന്നു കൂത്താട്ടുകുളം മാത്യു ജോണ്‍. ബന്ദ് ദിവസം രാവിലെ മുതല്‍ ഞങ്ങള്‍ നിരന്തരം ഫോണില്‍ സമ്പര്‍ക്കംപുലര്‍ത്തി. മൂന്നോ നാലോ പോലീസ് സ്റ്റേഷന്റെ അതിര്‍ത്തി കടന്നാലേ കൂത്താട്ടുകുളത്തുനിന്ന് എറണാകുളത്ത് എത്തിച്ചേരാനാവൂ. അങ്ങനെ ചെയ്യാനും നിശ്ചയിച്ചു. അപ്പോഴാണറിയുന്നത്, മദ്രാസില്‍നിന്നു രാവിലെ എറണാകുളത്ത് എത്തേണ്ട ബസ് കേരളത്തിന്റെ അതിര്‍ത്തിയില്‍ (വാളയാര്‍) ബന്ദുകാര്‍ തടഞ്ഞിട്ടിരിക്കുകയാണെന്ന്. അതോടുകൂടി യാത്ര സാധ്യമല്ലെന്നുറപ്പായി. ഇമ്മാതിരി നൂറുനൂറു സംഭവങ്ങള്‍ പറയാനുണ്ടാവും ഒരു ബന്ദ് ദിവസത്തെപ്പറ്റി.