( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 23.1.1992
‘ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ പിതാവേ’ എന്നാരംഭിക്കുന്ന ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥന കേരളത്തിലെ അക്രിസ്ത്യാനികള്ക്കും പരിചിതമാവും. കുട്ടികളും പ്രായമായവരുമൊക്കെ ഇത് ദിവസവും ഉരുവിടുന്നത് അവര്‍ കേട്ടിരിക്കണം. എന്നാല്‍ ഈ പ്രാര്‍ത്ഥന ദിവസവും രാവിലെ പല ഭാഷകളില്‍ ചൊല്ലുന്ന ഒരാളിനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആദ്യം മലയാളത്തില്‍. പിന്നെ സംസ്കൃതം. മൂന്നാമത് ലത്തീന്‍. അടുത്തത് ഗ്രീക്ക്. അവസാനം ഇംഗ്ലീഷും. ഇത് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ജോസഫ് മുണ്ടശ്ശേരിയാണ്. കഥാപുരുഷന് ഐ.സി.ചാക്കോയും. മുണ്ടശ്ശേരി മാസ്റ്റര്‍ പലപ്പോഴും പുളിങ്കുന്നില്‍ ഐ.സി.യുടെ വീട്ടില്‍ പോകാറുണ്ട്…… താമസിക്കാറുമുണ്ട്.
ഒരുദിവസം വെളുപ്പിനു മാസ്റ്റര്‍ ഉണര്‍ന്നുകിടക്കുകയാണ്. മണി അഞ്ച്. അടുത്തമുറിയില്‍നിന്ന് ഐ. സി.യുടെ പ്രാര്‍ത്ഥന, അഞ്ചു ഭാഷയില്‍. മുണ്ടശ്ശേരിക്കിതു നന്നേ രസിച്ചു. രാവിലെ മുണ്ടശ്ശേരിയുടെ ചോദ്യം: ‘എന്താ ചാക്കോച്ചാ ഇത്രയധികം ഭാഷകളില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ആവശ്യം?’ മറുപടി: ‘അദ്ദേഹത്തിന് ഏതു ഭാഷയാണിഷ്ടമെന്നറിഞ്ഞുകൂട ല്ലോ; ഇഷ്ടമുള്ളത് സ്വീകരിക്കട്ടെ.’ ഈ പ്രാര്ത്ഥനക്കഥയുടെ കാര്യം ഇന്നലെ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളേജില്‍വച്ച് നൂറുകണക്കിനു വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വിളമ്പിയത് മലയാളസാഹിത്യത്തറവാട്ടിലെ കാരണവരായ തകഴി ശിവശങ്കരപ്പിള്ളയാണ്. ഐ.സി.ചാക്കോ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു തകഴി. 1875ലെ ക്രിസ്മസ്സ് ദിനത്തില്‍ ഭൂജാതനായ ഐ.സി.യുടെ ജീവ ചരിത്രത്തിലേക്കൊന്നും ഞാനിപ്പോള്‍ കടക്കുന്നില്ല. അദ്ദേഹത്തിന്റെ ആദ്യഗുരുനാഥന് പിതാവുതന്നെയായിരുന്നു. അക്ഷരമാലയും സിദ്ധ രൂപവും അമരകോശവുമൊക്കെകഴിഞ്ഞ് ശ്രീരാമോദന്തം, ശ്രീകൃഷ്ണ വിലാസം, ശാകുന്തളം, മേഘസന്ദേശം ഇങ്ങനെപോയി ആദ്യവിദ്യാഭ്യാസം.
രഘുവംശവും മാഘവും നൈഷധവുമൊക്കെ തന്നെത്താന്‍ പഠിച്ചു. പതിനൊന്നാം വയസ്സില്‍ ഇംഗ്ലീഷ്സ്കൂളില്ചേര്ന്ന ചാക്കോ, അതിനുമുമ്പുതന്നെ സംസ്കൃതത്തില്‍ പാണ്ഡിത്യം നേടിയിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ആലപ്പുഴയിലായിരുന്നു. ഹെഡ്മാസ്റ്റര്, അധ്യാപകമഹര്‍ഷി ആര്.ഈശ്വരപിള്ളയും. 17-ാം വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായ ഐ.സി.മാന്നാനത്ത് അദ്ധ്യാപകനായി. ഒപ്പം ദീപികയുടെ സഹപത്രാധിപരും. തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിലാണ് (ഇന്ന് യൂണി.കോളേജ്) ബി.എ.യ്ക്ക് പഠിച്ചത്. എഫ്.എ.യ്ക്ക് (ഇന്റര്‍മീഡിയറ്റ്) സംസ്കൃതവും ബി.എ.യ്ക്ക് ഗണിതവുമായിരുന്നു ഐച്ഛികവിഷയം. പിന്നെ പഠിത്തം ലണ്ടനിലായി. ഫിസിക്സിലും എന്‍ജിനീയറിംഗിലും ബിരുദമെടുത്തശേഷം 1906-ല്‍ നാട്ടില്‍ തിരിച്ചെത്തി. തിരുവനന്തപുരത്തും ലണ്ടനിലും പഠിക്കുന്ന കാലത്ത് യൂറോപ്യന്‍ സാഹിത്യത്തില്‍ അവഗാഹം നേടി. ഒപ്പം പ്രധാന യൂറോപ്യന്ഭാഷകളെല്ലാം വശമാക്കുകയും ചെയ്തിരുന്നു.
‘ഐ.സി.ചാക്കോ പണ്ഡിതനായിരുന്നു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം ചെയ്ത സേവനം വിലപ്പെട്ടതാണ്; പ്രത്യേകിച്ചും വ്യാകരണരംഗത്ത്.’ തകഴി ശിവശങ്കരപ്പിള്ളയുടെ സ്മാരകപ്രഭാഷണം തുടങ്ങിയത് അങ്ങനെയാണ്. താന്‍ വ്യാകരണംപഠിച്ചിട്ടുള്ള കൂട്ടത്തിലല്ലെന്ന് തകഴി പറഞ്ഞു. ‘ഞാന്‍ മാത്രമല്ല, ദേവും ബഷീറും വ്യാകരണം പഠിച്ചിട്ടില്ല, പറയാനുള്ള കാര്യങ്ങള്‍ വിശദമായും വ്യക്തമായും പറയാന്‍ കഴിയുമെങ്കില്‍ വ്യാകരണം പുറകെ പിച്ചച്ചിരട്ടയുമായി വന്നുകൊള്ളും.’ പാണിനീയപ്രദ്യോതം എന്ന അതിപ്രസിദ്ധമായ വ്യാകരണഗ്രന്ഥത്തെപ്പറ്റി തകഴി എടുത്തുപറഞ്ഞു. തികച്ചും ശാസ്ത്രീയമായ അടിസ്ഥാ നത്തിലാണത് രചിച്ചിട്ടുള്ളത്. (ഗുരുമുഖത്തുനിന്നല്ലാതെ സംസ്കൃതം പഠിക്കാനാഗ്രഹിക്കുന്നവര്ക്കുവേണ്ടി രചിച്ചിട്ടുള്ള സംസ്കൃത വ്യാകരണമാണ് പാണിനീയപ്രദ്യോതം.
1955-ല്‍ ആണ് ഈ പുസ്തകം പൂര്ണ്ണരൂപത്തില്ക്കൂടി പുറത്തുവന്നത്…… പിറ്റേവര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് പ്രദ്യോതം അര്‍ഹമായി. വലിയ സൈസില്‍ 800 ലധികം പേജുവരുന്ന ഈ പുസ്തകത്തിന് ഒരു പുതിയപതിപ്പ് വന്നിട്ടില്ല എന്നത് തികച്ചും ഖേദകരമത്രെ.) തകഴി തുടര്‍ന്നു: ‘ഐ.സി.യുടെ അതിപ്രശസ്തകാവ്യമായ ക്രിസ്തു സഹസ്രനാമം ആദ്യം ചൊല്ലിക്കേട്ടത് ഈ കലാലയത്തില്വച്ചാണ്. വിഷ്ണുസഹസ്രനാമം, ദേവീസഹസ്രനാമം, ലളിതാസഹസ്രനാമം എന്നിവയുടെ മട്ടില്‍ രചിച്ചിട്ടുള്ളതാണ് ക്രിസ്തു സഹസ്രനാമം. കണ്ണടച്ചിരുന്നു ഭക്തിപൂര്‍വ്വം ചൊല്ലിയാല്‍ ക്രിസ്തുവിന്റെ രൂപം നിങ്ങള്‍ക്ക് വ്യക്തമാകും.’
യോഗത്തില്‍ അധ്യക്ഷതവഹിച്ചത് ഞാനാണ്. തകഴിയും ഐ.സി.യും കുട്ടനാട്ടുകാരായിരുന്നു. ഐ.സി. പുളിംകുന്നുകാരനായിരുന്നെങ്കില് ഞാന്‍ കാഞ്ഞിരപ്പള്ളിയില്‍നിന്ന് കോട്ടയത്തു വന്നു താമസിച്ച ആളാണ്. പലപ്പോഴും അദ്ദേഹത്തെ കാണാനും സംസാരിക്കാനും എനിക്കവസരം ലഭിച്ചിട്ടുണ്ട്. പുളിംകുന്നിലെ ഐ.സി. ഭവനത്തില്‍ ഒരുമണിക്കൂര്‍ ചെലവഴിച്ചിട്ട് ഞാന്‍ മടങ്ങുമ്പോള്‍ കൂടുതല്‍ വിജ്ഞനായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഭാഷകള്‍ പഠിക്കാനുള്ള താത്പര്യവും വിവിധവിഷയങ്ങളിലുള്ള അവഗാഹവും ഭാഷാശാസ്ത്രത്തിലുള്ള മഹത്തായ സ്ഥാനവും എല്ലാംകൂടി പരിഗണിച്ചാല്‍ ഐ.സി.ചാക്കോയെ ഹെര്‍മന്‍ ഗുണ്ടര്ട്ടിനോടുപമിക്കാമെന്ന് ഞാന്‍ പറയുകയുണ്ടായി.
സെന്റ് ബര്‍ക്ക്മാന്‍സ് കോളേജിലെ കാവുകാട്ട് ഹാളിലാണ് യോഗം നടത്തിയത്. അതിവിശാലമായ ഹാള്‍. മുമ്പൊക്കെ ഇത്തരം യോഗങ്ങള്‍ ചെറിയഹാളിലാണ് നടത്തിയിരുന്നത്… ഇപ്പോള്‍ സാഹിത്യ തത്പരരായ പിള്ളേര് അത് സമ്മതിക്കുന്നില്ല. ഐ.സി.യെപ്പോലെ അവര്‍ ഫിസിക്സോ ഗണിതമോ ആണ് പഠിക്കുന്നതെങ്കിലും വലിയൊരു സാഹിത്യകാരന് അവിടെ വന്നാല്‍ അവര്‍ക്കെല്ലാം അദ്ദേഹത്തെ കാണണം, കേള്‍ക്കണം. കഴിഞ്ഞമാസങ്ങളില്‍ ഒ.വി.വിജയനും ഡോ. കാരന്തും ടി.പത്മനാഭനുമൊക്കെ വന്നപ്പോള്‍ ഇത് ദൃശ്യമായിരുന്നു. ഇപ്പോള്‍ തകഴിയുടെ കാര്യവും അങ്ങനെതന്നെ. പുതിയ തലമുറ സാഹിത്യത്തില്‍ കൂടുതല്‍ താത്പര്യമെടുക്കാന്‍ അത് ഇടവരുത്തും. പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് മടത്തിപ്പറമ്പിലും മലയാളവിഭാഗത്തിലെ പ്രൊഫ. എന്‍.എസ്. സെബാസ്റ്റ്യന്‍, പ്രൊഫ. സ്കറിയ സക്കറിയ ഇവരും ഇക്കാര്യത്തില്‍ അതീവശ്രദ്ധ ചെലുത്തുന്നുണ്ട്. നന്ന്.