( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ആഗസ്റ്റ് 3, 1986
ഒരുമാസംമുമ്പ്, കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ പതിനൊന്നിന്, കേരളത്തിലെ കോണ്‍ഗ്രസ് (ഐ) സ്വന്തം ഭവനത്തില്‍ പാര്‍പ്പുറപ്പിച്ചു. തലസ്ഥാനനഗരിയില്‍ 43 സെന്റ് സ്ഥലവും മനോഹരമായ ഒരു കെട്ടിടവും കോണ്‍ഗ്രസ്സിനുണ്ടായി. ഇന്ദിരാഭവനം എന്ന് അതിനു പേരും നല്കി.
എനിക്കു തെറ്റി: ‘ഇന്ദിരാഭവന്’ എന്നാണ് ശരിയായ പേര്. ഞാനതിനെ ഭവനമാക്കിയതാണ് തെറ്റ്. ഞാനിങ്ങനെ തെറ്റിക്കാന്‍ ഉത്തരവാദി മഹാകവി വള്ളത്തോള്‍ ആണ്. പണ്ട്, എന്നു പറഞ്ഞാല്‍ 1957-ല്‍, കോട്ടയത്ത് ഞങ്ങള്‍ സാഹിത്യപരിഷത്തിന്റെ വാര്‍ഷികം ആഘോഷിച്ചു, തിരുനക്കരമൈതാനത്ത്.
സമ്മേളനസ്ഥലത്തിന് കണ്ടത്തില്‍ വറുഗീസ് മാപ്പിളനഗര് എന്നു നാമകരണംചെയ്യുകയും ചെയ്തു. സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ സമ്മതിച്ചിരുന്നത് വള്ളത്തോള്‍ ആയിരുന്നു. ഞങ്ങള്‍ നഗറിന്റെ കാര്യം എഴുതി അറിയിച്ചപ്പോള്‍ മഹാകവി മറുപടി അയച്ചത് ഇങ്ങനെയായിരുന്നു: നഗരം എന്ന നല്ല വാക്കു നമ്മുടെ ഭാഷയിലുണ്ടല്ലോ? അതിനുപകരം ഹിന്ദിക്കാരന്റെ നഗര്‍ നമ്മള് എടുക്കുന്നത് ഒട്ടും ഭംഗിയല്ല.’ ഞങ്ങള്‍, അതനുസരിച്ചു. വറുഗീസ് മാപ്പിള നഗരത്തില്‍വച്ചായിരുന്നു ആഘോഷം നടത്തിയത്. അതുകൊണ്ട് ഞാനിവിടെ ഇന്ദിരാഭവനം എന്നു പറയുന്നത് കോണ്‍ഗ്രസ്സുകാരും കോണ്ഗ്രസ്ഭക്തന്മാരും ക്ഷമിക്കുക. നമുക്ക് തിരിയെ ഇന്ദിരാഭവനത്തിലേക്കു വരാം.
മുഖ്യമന്ത്രി കരുണാകരന് ഭദ്രദീപം കൊളുത്തി ഗൃഹപ്രവേശനം നടത്തി. കെ.പി.സി.സി. പ്രസിഡണ്ട് പത്മരാജന് കോണ്‍ഗ്രസ് പതാക ഉയര്‍ത്തി. ഇതൊക്കെ നല്ല കാര്യങ്ങള്‍. വേണമെങ്കില്‍ കമലത്തെ വിളിച്ചു പാലുകാച്ചല്കര്മ്മവുംകൂടി നടത്താമായിരുന്നു. ഇരുപത്തിയഞ്ചു ലക്ഷം രൂപ കൊടുത്താണ് ഈ മന്ദിരം വാങ്ങിയത്. 1986-ലെ ഇരുപത്തഞ്ചു ലക്ഷം രൂപ. കോണ്‍ഗ്രസ്സിന്റെ നല്ല കാലത്തെ ഇരുപത്തയ്യായിരം രൂപയുടെ വിലപോലുമില്ല ഇന്നത്തെ 25 ലക്ഷത്തിന്. 25 ലക്ഷം ക. പിരിച്ചെടുക്കാന്‍ ഭരണത്തിലിരിക്കുന്ന ഏതു പാര്‍ട്ടിക്കും 25 ദിവസത്തിന്റെ അദ്ധ്വാനംപോലും ആവശ്യമില്ല. ഭരണത്തില്‍ അല്ലാത്തവര്‍ക്കു ചിലപ്പോള്‍ 30 ദിവസം വേണ്ടിവന്നേക്കും.
പാര്ട്ടിപ്രവര്ത്തകരില്നിന്നു പിരിച്ച ഫണ്ടുകൊണ്ട് കോണ്‍ഗ്രസ്സിന് സ്വന്തമായി ഒരു ഭവനം ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ എ.കെ. ആന്റണി അഭിമാനംകൊണ്ടു. മുഖ്യമന്ത്രിയുടെ കാര്യം പറയാനുമില്ല. ‘ആര്‍ക്കും കടപ്പെടാതെ, ഒരു സ്വാധീനവും ഉപയോഗിക്കാതെ പാര്‍ട്ടിപ്രവര്‍ത്തകരില്‍നിന്ന് ഒരു രൂപയും രണ്ടുരൂപയും പിരിച്ചുണ്ടാക്കിയ ഫണ്ടുകൊണ്ടാണ് ഈ ഭവനം സ്വന്തമാക്കിയത്.’ കരുണാകരന് പറഞ്ഞു. ഇങ്ങനെ ചെറിയ തുക പിരിച്ച് സ്വന്തം കെട്ടിടമുണ്ടാക്കിയ രാഷ്ട്രീയപാര്‍ട്ടി കേരളത്തിലെന്നല്ല, ഇന്ത്യയില്‍ മറ്റെങ്ങുമില്ലെന്നുംകൂടി മുഖ്യമന്ത്രി പറയുകയുണ്ടായി.
ഒരു രൂപയും രണ്ടുരൂപയും വീതം പിരിച്ചുണ്ടാക്കിയ ഫണ്ടുകൊണ്ടാണ് കെട്ടിടം സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി തറപ്പിച്ചു പറയുന്നതു കേള്‍ക്കുമ്പോള്‍ വല്ലവര്‍ക്കും സംശയമുണ്ടാകാം. ഒന്നാമത്തെ കാര്യം ഇപ്പോള്‍, ഒറ്റരൂപ കിട്ടാനില്ല എന്നതുതന്നെ. എട്ടുലക്ഷംപേരെങ്കിലും ഒരു രൂപവീതം നല്‍കിയിരിക്കണം. മറ്റൊരു എട്ടുലക്ഷം പേര് രണ്ടുരൂപാനോട്ടുകളും നല്‍കിയിരിക്കണം. രണ്ടുരൂപാനോട്ടുകളുടെ കാര്യത്തില്‍ ആര്‍ക്കും പരാതിയില്ല. ഇഷ്ടംപോലെ കിട്ടാനുണ്ട്. പക്ഷേ, ഒരു രൂപാനോട്ടിന്റെ കാര്യം അങ്ങനെയല്ല. കടുത്ത ക്ഷാമം എവിടെയും. കേരളത്തില്‍ കുറെ മാസങ്ങളായി ഒറ്റനോട്ടിനു വിഷമം വന്ന തിന്റെ രഹസ്യം ഇപ്പോഴല്ലേ മനസ്സിലായത്—എട്ടുലക്ഷം നോട്ടുകള്‍ കോണ്ഗ്രസ്സുകാര് കൈയടക്കിവച്ചുകളഞ്ഞു.