(കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 2.5.1996
പ്രധാനമന്ത്രിമാരുടെ മണ്ഡലം എന്ന പേരിലാണ് റായ്ബറേലി ഏറെ പ്രസിദ്ധമായത്. ഇന്ദിരാഗാന്ധി ഈ മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി വഴിവിട്ടുതന്നെ പല ആനുകൂല്യങ്ങളും നടപ്പാക്കി. ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ്ഗാന്ധി 1952-ല്‍ ജയിച്ചത് ഇവിടെനിന്നാണ്. പിന്നെ 1957-ലും. പിന്നീടാണ് റായ്ബറേലി ഇന്ദിരയുടെ മണ്ഡലമായി മാറിയത്. അടിയന്തരാവസ്ഥയെ തുടര്‍ന്നുവന്ന 1977-ലെ തിരഞ്ഞെടുപ്പാണ്, ഏറെ അറിയപ്പെടുന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അന്നിവിടെ പരാജയപ്പെട്ടു.
ഞാനന്നു ഡല്‍ഹിയിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പുദിവസം റായ്ബറേലി സന്ദര്‍ശിക്കണമെന്ന് എനിക്ക് തോന്നി. സാഹിത്യകാരനായ എസ്.കെ. മാരാരെയും കൂട്ടിനു കിട്ടി. ദീര്‍ഘമായ യാത്രചെയ്ത് പോളിങ് ദിവസം രാവിലെ ഞങ്ങള്‍ റായ്ബറേലിയിലെത്തി വൈകുംവരെ അവിടെ കഴിച്ചുകൂട്ടുകയും ചെയ്തു. ഉച്ചകഴിഞ്ഞപ്പോള്‍ എനിക്കു മനസ്സിലായി ഇന്ദിര തോല്‍ക്കുമെന്ന്. ആ വിവരം അപ്പോള്‍തന്നെ സമയവുംകൂടി രേഖപ്പെടുത്തി കോട്ടയം പ്രസ്സ്ക്ലബ്ബിലേക്ക് എഴുതി അയച്ചു.
ഫലപ്രഖ്യാപനം കുറെദിവസം കഴിഞ്ഞാണു പുറത്തുവന്നത്. രാജ്നാരായണന് വിജയിച്ചു. 1980-ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിര റായ്ബറേലി തിരിയെ പിടിച്ചു. പിന്നെ ആ മണ്ഡലം നെഹ്റുകുടുംബക്കാരുടെ വകയായിമാറ്റി. ഇപ്രാവശ്യം മത്സരിക്കുന്നത് നെഹ്റുകുടുംബത്തില്‍ പെട്ട ഷീലാകൗളിന്റെ പുത്രന് വിക്രംകൗളാണ്. ഷീലാകൗള് കുറച്ചുദിവസംമുമ്പ് ഗവര്‍ണര്‍സ്ഥാനം രാജിവയ്ക്കേണ്ടിവന്ന കഥ ഓര്‍മ്മിക്കുക. ബി.ജെ.പി.യും ജനതാദളും ബി.എസ്.പി.യുമൊക്കെ ഇവിടെ മത്സരിക്കുന്നുണ്ട്.