( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 9.4.1995
ഇതിനിടെ കേരള സര്‍ക്കാര്‍ ഒരു ജാലിയന്‍വാലാബാഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 27-നു ഡര്‍ബാര്‍ ഹാളില്‍വച്ച് കമ്മിറ്റിയുടെ പ്രഥമയോഗം നടന്നു-മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ എ.പി. ഉദയഭാനുവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കെ.കെ.എന്‍. കുറുപ്പും കൂത്താട്ടുകുളം മാത്യു ജോണും ഞാനും മന്ത്രിമാരായ ജോര്‍ജ്, പത്മ എന്നിവരുമൊക്കെ യോഗത്തില്‍ പങ്കെടുത്തു-പത്തിരുപതു പേര്.
എന്താണ്, ഇപ്പോള്‍ ജാലിയന്‍വാലാബാഗ് ദുരന്തത്തിനു പ്രസക്തി എന്നു ചിലരെങ്കിലും ചിന്തിച്ചുകൂടായ്കയില്ല. 1919 ഏപ്രില്‍ 13-നായിരുന്നു സംഭവം. ലോകം കണ്ടിട്ടുള്ള ക്രൂരകൃത്യങ്ങളുടെ മുമ്പില്‍ നില്ക്കുന്ന സംഭവം എന്നോ മറ്റോ പറഞ്ഞാലേ ശരിയാകൂ. ജനറല്‍ ഡയര്‍ എന്ന പട്ടാളമേധാവിക്ക് ‘ഭ്രാന്ത്’ പിടിച്ചിരുന്നുവോ? അമൃത്സറിലെ ജാലിയന്‍വാലാബാഗില്‍ വൈകുന്നേരം കൂടിയ ആയിരക്കണക്കായ ജനക്കൂട്ടത്തെ ഒരു മുന്നറിവും കൂടാതെ യന്ത്രത്തോക്കുപയോഗിച്ച് വെടിവച്ചു വീഴ്ത്തി. 400ലധികംപേര്‍ അപ്പോള്‍തന്നെ മരിച്ചു. 1000 ത്തിലധികം പേര്‍ക്കു സാരമായ മുറിവും. എന്നിട്ട് ഡയര്‍ അലറി: ”1650 ഉണ്ടകളെ ഉണ്ടായിരുന്നുള്ളൂ. അതു തീര്‍ത്തു. പിന്നെയും ഉണ്ട ഉണ്ടായിരുന്നെങ്കില്‍…”
ജാലിയന്‍വാലാബാഗ് സംഭവത്തിന്റെ 75-ാം വാര്‍ഷികം ഇന്ത്യയൊട്ടുക്കും ആചരിക്കണമെന്നു പ്രധാനമന്ത്രിയോ മറ്റോ തീരുമാനിച്ചു. എന്നിട്ടു സംസ്ഥാനങ്ങളോടും പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 13-നു 75 വര്‍ഷം തികഞ്ഞു. പിന്നെ ആറുമാസവുംകൂടി കടന്നുപോയിരിക്കുന്നു! (30-9-1994)
ജാലിയന്വാലാദിനത്തിനും ഈയാഴ്ച കോട്ടയം സാക്ഷ്യം വഹിച്ചു. 1919 ഏപ്രില്‍ 13-ന് പഞ്ചാബിലെ സുവര്‍ണ്ണനഗരമായ അമൃത്സറില് നടന്ന കൂട്ടക്കൊല(ബ്രിട്ടീഷ് ഭരണത്തിലെ ഏറ്റവും കറുത്ത അദ്ധ്യായം)യുടെ 100ലധികം ചിത്രങ്ങള്‍ കെ.പി.എസ്. മേനോന് ആഡിറ്റോറിയത്തില്‍ രണ്ടു ദിവസം പ്രദര്‍ശിപ്പിച്ചു. കെ.ഇ. മാമ്മനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. രണ്ടാം ദിവസത്തെ സമാപനയോഗം എന്‍.എന്‍. പിള്ള ഉദ്ഘാടനം ചെയ്തു. കല്ലേലി രാഘവന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. ഞാന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ആര്.ജി. പണിക്കരും പി.പി.വിത്സനും പ്രസംഗിച്ചു. കളക്ടര്‍ ഷീലാ തോമസ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വേണു നന്ദിയും പറഞ്ഞു. ജില്ലയിലെ സ്വാതന്ത്ര്യസമരഭടന്മാരുടെ സംഗമവും നടന്നു.