(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) നവംബര്‍ 14, 1988
ഇന്ന്, ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണ്. 99 വയസ്സ് തികയുന്ന ദിനം. ജന്മശതാബ്ദിയാഘോഷം ഇന്നു തുടങ്ങി അടുത്തവര്‍ഷം ഇതേ ദിവസം അവസാനിക്കും. കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കയാണ്. അതുകൊണ്ടാണോ എന്നറിയില്ല, നെഹ്റുവിന് ഇന്നു 100 തികയുന്നു എന്ന് കുറെപ്പേര് ധരിച്ചുവച്ചിട്ടുണ്ട്. അതില്‍ നമ്മുടെ ചില പ്രമുഖപത്രങ്ങളും ഉള്‍പ്പെടും. അതേപ്പറ്റി പിന്നീട് പറയാം.
ജവാഹര്ലാലിനെപ്പറ്റിയുള്ള രണ്ടു പരിപാടികളില്‍ എനിക്കു സംബന്ധിക്കേണ്ടിവന്നു. ഒന്ന്, ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ മൂന്നു കുട്ടികളുമായി ഒരു ചര്‍ച്ച. നെഹ്റുവിന്റെ ജീവിതത്തില്‍നിന്നു കുട്ടികള്‍ക്ക് കൂടുതല്‍ താത്പര്യം വരുന്ന ചില ‘ചെറിയ കാര്യങ്ങള്‍’ തപ്പിയെടുത്ത് അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ, കുട്ടികളെ പരിചയപ്പെട്ടപ്പോള്‍ കുറച്ചു ‘വലിയ കാര്യങ്ങളും’ കൂടിയാകാമെന്നുവച്ചു. ക്രൈസ്റ്റ്നഗര്‍ ഹൈസ്കൂളിലെ ആര്.വേണു ഗോപാല്‍ (ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡ്), കൃഷ്ണകുമാര്‍ (അഞ്ചാം സ്റ്റാന്‍ഡേര്‍ഡ്), ഫോര്‍ട്ട് ഗേള്‍സ് ഹൈസ്കൂളിലെ ടി.ആര്.ഷീജ (ഏഴാം സ്റ്റാന്‍ഡേര്‍ഡ്), എന്നിവരായിരുന്നു എനിക്കു കൂട്ടിനു കിട്ടിയ കുട്ടികള്‍. മൂവരും മിടുക്കര്‍. സ്വാതന്ത്ര്യസമരത്തെപ്പറ്റി ഒരു മുഖവുര പറഞ്ഞിട്ട്, ഇതിനു നേതൃത്വം നല്കിയ ഏറ്റവും പ്രമുഖവ്യക്തി ആരെന്ന് ചോദിച്ചപ്പോള്‍ മഹാത്മാഗാന്ധി എന്നു പറയാന്‍ ആര്‍ക്കും വിഷമം വന്നില്ല (മുന്‍പ് ഗുജറാത്തില്‍നിന്നു വന്ന ഒരു പിഎച്ച്.ഡി.ക്കാരന് പ്രൊഫസറുടെ കഥ ഞാനെഴുതിയിരുന്നല്ലോ. ഗുജറാത്തില്‍ ജനിച്ച ഏറ്റവും വലിയ മഹാന് ആരെന്ന ചോദ്യത്തിന് യോഗേന്ദ്ര മക്വാന എന്നുത്തരം പറഞ്ഞ ആള്. ആ കഥ കുട്ടികളോടു പറഞ്ഞില്ലെങ്കിലും ഓര്‍മയില്‍വന്നു).
നാല്പതുവയസ്സുള്ള ജവാഹര്ലാലിനെയാണ് ഞാനാദ്യം കുട്ടികളുടെ മുമ്പിലവതരിപ്പിച്ചത്—1929 ഡിസംബര്‍ 31-ാം തീയതി ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചുകൊണ്ട് പൂര്‍ണസ്വാതന്ത്ര്യമാണ് ഇന്ത്യയുടെ ലക്ഷ്യം എന്നു പ്രഖ്യാപിച്ച നെഹ്റുവിനെ. പക്ഷേ, ഞാന്‍ ഇടയ്ക്കൊന്നു നിറുത്തിയിട്ട് ഒരു കൊല്ലംകൂടി പിന്നിലേക്കു കുട്ടികളെ കൊണ്ടുപോയി. കല്‍ക്കത്താ കോണ്‍ഗ്രസ്. 1928 ഡിസംബര്‍ 31. ജവാഹറിന്റെ അച്ഛന് മോത്തിലാല്‍ ആണ്, ആ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നത്. കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയിരുന്ന ഇന്ത്യയുടെ കരട് ഭരണഘടന അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു: ‘ഇതാ ഞങ്ങള്‍ക്കു വേണ്ടിയും ഞങ്ങളുടെ രാജ്യത്തിനുവേണ്ടിയും ഒരു ഭരണഘടനയുടെ കരട് തയ്യാറാക്കിയിരിക്കുന്നു. ഇത് അംഗീകരിക്കുക. അതിന് ഒരു വര്‍ഷത്തെ കാലാവധി തരുന്നു -1929 ഡിസംബര്‍ 31 വരെ. ആ തീയതി കഴിഞ്ഞാല്‍ ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യപ്രഖ്യാപനം നടത്തും. ലക്ഷ്യം ത്വരിതപ്പെടുത്താനുള്ള സമരപരിപാടികള്‍ പ്രാവര്ത്തികമാക്കുകയുംചെയ്യും.
ബ്രിട്ടന് ഇതൊന്നും ഗൗരവമായി എടുത്തമട്ടു കാണിച്ചില്ല. പക്ഷേ ജനങ്ങളുടെ ആവേശം മൂത്തു. അവര്‍ ലാഹോര്‍സമ്മേളനം കാത്തിരിക്കയാണ്. ലാഹോര്‍ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരിക്കണം എന്നതിനെപ്പറ്റിയായി, മുതിര്‍ന്ന കോണ്‍ഗ്രസ്സുകാരുടെ ആലോചന. മോത്തിലാലിന്, ഗാന്ധിജിയാവണമെന്നാണ് ആഗ്രഹം. മറ്റു പലരും അങ്ങനെ ചിന്തിക്കയുംചെയ്തു. പക്ഷേ, ഗാന്ധിജി ആഗ്രഹിച്ചത് ജവാഹര്‍ലാല്‍ അധ്യക്ഷനാവണമെന്നായിരുന്നു.
നെഹ്റുവിനുവേണ്ടി പിന്മാറിക്കൊണ്ട് ഗാന്ധിജി പറഞ്ഞ വാക്കുകള്‍ ഞാന്‍ കുട്ടികളെ കാണാപ്പാഠം പഠിപ്പിച്ചു. ‘താന്‍ ജീവിക്കുന്ന ചുറ്റുപാടുകളെക്കാള്‍ വളരെയേറെ മുന്നോട്ടു കടന്നു ചിന്തിക്കുന്ന ആളാണ് ജവാഹര്‍. അതേ സമയം വിനീതനും പ്രായോഗികബുദ്ധിയും. പളുങ്കുപോലെ തെളിവുറ്റ മനുഷ്യന്. ആ കൈകളില്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി ഭദ്രമായിരിക്കും.’ കോണ്‍ഗ്രസ് അധ്യക്ഷപദം ജവാഹര്‍ലാലിന് ഒഴിഞ്ഞുകൊടുത്തുകൊണ്ട് മോത്തിലാല്‍ പറഞ്ഞതിങ്ങനെയാണ്: ‘അച്ഛനു നേടാന്‍ കഴിയാതെപോയത് മകനിതാ നേടുന്നു.’
കുട്ടികളും ഞാനും കൂടി വളരെവേഗം ലാഹോറിലെ രാവിനദിയുടെ വിശാലമായ മണല്‍പ്പരപ്പിലെത്തി (1929 ഡിസംബര്‍ 31 ചൊവ്വാഴ്ച). സമയം അര്ധരാത്രിയോടടുക്കുന്നു. എല്ലാ കണ്ണുകളും ഘടികാരത്തി ലാണ്. 12 അടിക്കാന്‍ 10 മിനിറ്റുകൂടി. ഓ, ഇനി അഞ്ചുമിനിറ്റുമാത്രം. നാല്, മൂന്ന്, രണ്ട്, ഒന്ന്. ക്ലോക്കില്‍ 12 അടിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രഖ്യാപനം വരുന്നു: ‘അവര്‍ക്ക് നാം അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു. ഇനിമേല്‍ വഴങ്ങിക്കൊടുക്കുന്നത്, മനുഷ്യനോടും ദൈവത്തോടും കാട്ടുന്ന പാതകമായിരിക്കും. പൂര്‍ണ സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ ലക്ഷ്യം. അതില്‍ക്കുറഞ്ഞ ഒന്നുകൊണ്ടും നാം തൃപ്തിപ്പെടുന്നതല്ല.’ പ്രഖ്യാപനം തുടങ്ങിയതോടെ ആണ്ടും മാസവും തീയതിയും ദിവസവും മാറിയ കാര്യം ഞാന്‍ കുട്ടികളെ ഓര്‍മിപ്പിച്ചു. എന്നിട്ടും മാറ്റം എന്താണെന്നു ചോദിച്ചു. ഉത്തരം: ‘1930 ജനുവരി ഒന്ന് ബുധനാഴ്ച.’ ജനുവരി 26ന് ഇന്ത്യയെങ്ങും പൂര്‍ണ സ്വാതന്ത്ര്യപ്രതിജ്ഞ നടത്തണമെന്നും സമ്മേളനം തീരുമാനിച്ചു. 1947 വരെയും അത് ആചരിച്ച കാര്യവും പറഞ്ഞിട്ട് ഞങ്ങള്‍ ആനന്ദഭവനത്തിലേക്ക് അലഹബാദില്‍ നെഹ്റുകുടുംബം പോന്നു. നാലുവയസ്സുള്ള കൊച്ചു ജവാഹര്‍ അവിടെ ഓടിനടക്കുന്നു. അവന്റെ ജന്മദിനത്തില് തുലാഭാരം നടത്തിവന്ന കഥ കുട്ടികള്‍ക്കു വിവരിച്ചുകൊടുത്തു. ത്രാസിന്റെ മറ്റേത്തട്ടിലെ ഗോതമ്പ് അവന്‍തന്നെയാണ് പാവങ്ങള്‍ക്ക് എടുത്തുകൊടുക്കുക. ഒരിക്കല്‍ തുലാഭാരം കഴിഞ്ഞ് അമ്മ പറഞ്ഞു: ‘മോനേ ഇനി അടുത്തകൊല്ലം.’ ജവാഹര്‍ അത് സമ്മതിച്ചില്ല. ‘എന്റെ ജന്മദിനം കൊല്ലത്തില്‍ ഒരിക്കല്‍ പോരാ. കൂടെക്കൂടെ വേണം.’ മോത്തിലാല്‍ കൂട്ടുകാരുമൊത്ത് വീഞ്ഞു കുടിക്കുന്നത് കണ്ടിട്ട് ‘അമ്മേ, അച്ഛന് ചോര കുടിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടോടിയ ജവാഹറിനെയും ഞങ്ങള്‍ കണ്ടു.
പക്ഷേ, ജവാഹര്ലാലിനു മറ്റു കുട്ടികളെപ്പോലെ സ്കൂളില്‍ പോയി പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചില്ല. പ്രഗല്ഭന്മാരായ ഗുരുക്കന്മാരുടെ കീഴില്‍ ഭാഷയും സാഹിത്യവും ശാസ്ത്രവുമെല്ലാം പഠിച്ചു. എന്തിന് 13 വയസ്സായപ്പോള്‍തന്നെ അവന് ഇംഗ്ലീഷ് സാഹിത്യത്തിലെ മികച്ച കൃതികള്‍ പലതും വായിച്ചുതീര്‍ത്തു. 15-ാം വയസ്സില്‍ ഇംഗ്ലണ്ടിലെ ഹാരോ സ്കൂളില്‍ ചേര്‍ന്നു. മിക്ക വിഷയങ്ങള്‍ക്കും ക്ളാസ്സില്‍ ഒന്നാമന്. കേംബ്രിജില്‍നിന്ന് ഓണേഴ്സ്. പിന്നെ നിയമ വിദ്യാഭ്യാസവും ബാര്‍ അറ്റ്ലാ. അലഹബാദില്‍ തിരിച്ചെത്തി. അച്ഛനെപ്പോലെ കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആദ്യം ഉദ്ദേശിച്ചു. കോടതിയില്‍ പോവുകയും ചെയ്തു. 1916-ല്‍ ഗാന്ധിജിയുമായി പരിചയപ്പെട്ടു, ലക്നോ കോണ്‍ഗ്രസ് സമ്മേളനത്തില്‍വെച്ച്. ഇതേവര്‍ഷംതന്നെ കമലാകൗളുമായുള്ള വിവാഹം നടന്നു. പിറ്റേവര്‍ഷം ഇന്ദിരയുടെ ജനനം. ജവാഹര്‍ലാലിന്റെ ശ്രദ്ധ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലായി. സ്വന്തം വരുമാനമൊന്നുമില്ല.അച്ഛന്റെ അടുക്കല്‍ ചെന്നു. ‘അച്ഛാ, എനിക്കിങ്ങനെ ജീവിക്കാന്‍ വയ്യ. ഞാനും ഭാര്യയും മക്കളും അച്ഛന്റെ പ്രയത്നത്തെ ആശ്രയിച്ചു ജീവിക്കുന്നത് ശരിയല്ല.’ അച്ഛന്റെ മറുപടി: ‘നിന്റെ ചിന്താഗതി തെറ്റായ വഴിയിലൂടെ പോകുന്നു. കുറച്ചു പണം സമ്പാദിച്ച് സുഖമായി കഴിയാന്‍ ആര്‍ക്കും വിഷമമില്ല. അതിനെക്കാള്‍ എത്രയോ വലിയ കൃത്യത്തിലാണ് നീ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു മഹത്തായ രാജ്യത്തിന്റെ കാര്യമാണത്. നീ ഇപ്പോള്‍ ചെയ്യുന്ന ജോലി ആവുന്നത്ര നന്നായി ചെയ്യുക. അതുമാത്രം മതി. നമ്മുടെ ആവശ്യത്തിനു വേണ്ട പണമുണ്ടാക്കാന്‍ ഇന്നെനിക്കു കഴിയും.’ ഇക്കാര്യങ്ങളെല്ലാം കുട്ടികളുമായി ഞാന്‍ പങ്കിട്ടു. ഇതിനപ്പുറം ചിലതുംകൂടി. അതെല്ലാം ഇവിടെ പകര്‍ത്താനാവില്ല. റേഡിയോവില്‍ ഈ പരിപാടി നവംബര്‍ 12 ന് വന്നു.
ഇന്നു രാവിലെ ആലപ്പുഴ എസ്. ഡി.വി. ഹൈസ്കൂളില്‍ വച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പരിപാടി. രണ്ടേ രണ്ടുപ്രസംഗം മാത്രം. ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.പി. സി.മേനോന്, സ്വാതന്ത്ര്യസമര സേനാനിയായ നെഹ്റുവിനെപ്പറ്റി പ്രസംഗിച്ചപ്പോള്‍, ഞാന്‍ എഴുത്തുകാരനായ നെഹ്റുവിനെയാണവതരിപ്പിച്ചത്. നെഹ്റു ഒമ്പതു വര്‍ഷമാണ് ജയിലില്‍ കഴിച്ചു കൂട്ടിയത്. നെഹ്റുവിന്റെ ജയില്‍ജീവിതം നമുക്ക് മൂന്ന് മികച്ച ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്തു. ഒന്ന്: വിശ്വചരിത്രാവലോകം. മകള്‍ക്കയച്ച കത്തുകളുടെ രൂപത്തിലാണ് പുസ്തകം. 196 കത്തുകള്‍. ഒന്നാമത്തെകത്ത് നൈനി സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ദിരയുടെ 13-ാം ജന്മദിനത്തില് (1930) എഴുതിയതാണ്. 18 കത്തുകള്‍ നൈനി ജയിലില്‍നിന്ന്. രണ്ടെണ്ണം കപ്പലില്‍നിന്ന്. പിന്നെ 35 എണ്ണം ബെറീലി ജയിലില്‍നിന്നും. ബാക്കി യെല്ലാം ഡെറാഡൂണ്‍ ജയിലില്‍നിന്നും എഴുതിയവയത്രെ. 1930 ഒക്ടോബറിനും 1933 ആഗസ്റ്റിനും ഇടയ്ക്ക് എഴുതിയവയാണെല്ലാം. 1934-ല്‍ ആദ്യപതിപ്പ് പുറത്തുവന്നു. പരിഷ്കരിച്ച പതിപ്പ് 38 ലും.
അവസാനത്തെ കത്തില്‍ (1936 ആഗസ്റ്റ് 9) രണ്ടു വരി ഇതാ: ‘കഴിഞ്ഞു മകളേ, ഈ നീണ്ടകഥ ഇതാ തീര്‍ന്നു. എന്റെ രണ്ടു കൊല്ലത്തെ ശിക്ഷാവിധി അതിന്റെ അന്ത്യത്തോട് അടുത്തിരിക്കുന്നു. ഇന്നുമുതല്‍ 33 ദിവസംകൂടി കിടന്നാല്‍ മതി: മൂന്നരമാസവും ഇളവു കിട്ടിയിട്ടുണ്ട് നല്ലനടപ്പുകാരായ തടവുകാര്‍ക്കുള്ള ഇളവ്. ഇത് എന്റെ ആറാമത്തെ ജയില്‍വാസമാണ്….’ 1600ല്‍ പരം പേജാണ് ഈ വിശിഷ്ട ലോകചരിത്രത്തിലുള്ളത്. രണ്ട്: ആത്മകഥ. എഴുതാനെടുത്ത കാലം 1934 ജൂണ്‍ മുതല്‍ 1935 ഫെബ്രുവരിവരെ. ‘എന്റെ ജീവിതത്തിലെ പ്രത്യേകിച്ചും ദുഃഖഭൂയിഷ്ഠമായ ഒരു കാലഘട്ടത്തിലാണ് ഈ പുസ്തകം എഴുതിയതെന്ന് വായനക്കാര്‍ ഓര്‍മിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.’ ആമുഖത്തില്‍ ജവാഹര്‍ലാല്‍, പറയുന്നു, ഗ്രന്ഥകാരന്റെ പ്രിയ പത്നി രോഗം മൂര്‍ച്ഛിച്ചു കിടക്കുന്ന കാലഘട്ടമായിരുന്നു അത്. അന്നു തന്നെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാല് വിടാന്‍ ഗവണ്മെന്റ് തയ്യാറായിരുന്നു. അദ്ദേഹം വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. ഒരു ദിവസം നെഹ്റു ജയിലില്‍ നിന്ന് പരോളില്‍ ആശുപത്രിയിലെത്തി കമലയെ കണ്ടു. തീര്‍ത്തും അവശയായിക്കിടക്കുന്ന അവര്‍ പിരിയാന്‍ നേരത്ത് നെഹ്റുവിനോട് തല കുനിക്കാന്‍ ആംഗ്യം കാണിച്ചു. നെഹ്റു അതനുസരിച്ചു. കമല പറഞ്ഞു: ‘അങ്ങ് എന്തു വന്നാലും ഗവണ്മെന്റിന് വഴങ്ങിക്കൊടുക്കരുത്.’ കമല 1936-ല്‍ അന്തരിച്ചു. ഈ ആത്മകഥ ‘കഥാവശേഷയായ കമലയ്ക്ക്’ ആണ് സമര്‍പ്പിച്ചിരിക്കുന്നത്. മൂന്നാമത്തെ പുസ്തകം: ഇന്ത്യയെ കണ്ടെത്തല്‍. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് 1942 ആഗസ്റ്റ് 9 മുതല്‍ 45 മാര്‍ച്ച് 31 വരെ അഹമ്മദ്നഗര്‍കോട്ട ജയിലില്‍ കിടക്കുന്ന കാലത്ത് എഴുതി. പുസ്തകരചന 1944 ഏപ്രില്‍മുതല്‍ സെപ്തംബര്‍വരെയുള്ള അഞ്ച് മാസത്തിനിടയിലാണ് നിര്‍വഹിച്ചത്. 1948ലാണ് പുസ്തകം പുറത്തു വന്നത്.
ഡോ.കെ.എം.ജോര്‍ജിന്റെ എന്നെ ആകര്‍ഷിച്ച പ്രതിഭാശാലികള്‍ എന്ന ഗ്രന്ഥത്തിലെ ആദ്യത്തെ അധ്യായം ജവാഹര്‍ലാല്‍ നെഹ്റു ആണ്. ജോര്‍ജ് ഡല്‍ഹിയില്‍ സാഹിത്യ അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കാലത്തെപ്പറ്റി പറയുന്ന ഭാഗം ഞാന്‍ സദസ്സിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ‘1954ലാണ് അക്കാദമി സ്ഥാപിച്ചത്. അന്നുമുതല്‍ മരിക്കുംവരെ അക്കാദമിയുടെ പ്രസിഡന്റായിരുന്നു നെഹ്റു. ഈ പത്തു വര്‍ഷത്തിനിടയില്‍ 60 കമ്മിറ്റിയോഗങ്ങള്‍ കൂടിയിട്ടുണ്ട്. 58 പ്രാവശ്യവും നെഹ്റു സംബന്ധിച്ചിട്ടുണ്ട്. കമ്മിറ്റി മീറ്റിങ് 9.30 നാണെങ്കില്‍ നെഹ്റു 9.29-ന് എത്തും. ഒരൊറ്റ പ്രാവശ്യവും താമസിച്ചിട്ടില്ല.’
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ആഗസ്റ്റ് 1989
ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മശതാബ്ദി ആഘോഷിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്ഷത്തിലേറയൊയിരിക്കുന്നു. ഇന്ത്യയൊട്ടുക്കുള്ള കാര്യമാണ് ഞാന്‍ പറഞ്ഞത്. ശരിക്ക് ഇതിന് നിശ്ചയിക്കേണ്ടിയിരുന്ന കാലം 1988 നവംബര്‍ 14 മുതല്‍ 89 നവംബര്‍ 14 വരെയായിരുന്നു. എന്തിനെന്നറിഞ്ഞു കൂടാ, ആവശ്യത്തിലധികം നേരത്തേ തുടങ്ങി. ദേശീയകമ്മറ്റിയും സംസ്ഥാന കമ്മറ്റികളുമൊക്കെ രൂപീകരിച്ചു. കേരളത്തിലെ കമ്മറ്റി ഒരിക്കല്‍ വിളിച്ചുകൂട്ടിയതേയുള്ളൂ, ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരു മൊക്കെക്കൂടി. അത്രതന്നെ. മറ്റുപലടത്തുനിന്നുള്ള വിവരവും വളരെ യൊന്നും വ്യത്യസ്തമല്ല.
ഗാന്ധിജിയുടെയും ടാഗോറിന്റെയും ജന്മശതാബ്ദിയാഘോഷത്തിന് നാം പ്രകടിപ്പിച്ച ചൂടും എരിവുമൊന്നും നെഹ്റുവിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. നെഹ്റുവിന്റെ മകളുടെ മകനാണ് പ്രധാനമന്ത്രി എന്നതാണോ കാര്യം? എനിക്കറിഞ്ഞുകൂടാ. ഇന്നുമുതല്‍ 93 ദിവസം കഴിയുമ്പോള്‍ ജന്മശതാബ്ദിയുടെ കാലാവധി തീരുമെന്നുമാത്രം എനിക്കറിയാം.
കേരളത്തില്‍ അത്രയൊന്നും ശക്തി പ്രാപിച്ചിട്ടില്ലാത്ത നവഭാരത വേദി നൂറു സ്ഥലങ്ങളില്‍ നെഹ്റു ശതാബ്ദി പ്രമാണിച്ചുള്ള സെമിനാറുകള്‍ നടത്താന്‍ തീരുമാനിച്ചു. അത് നൂറു ദിവസംകൊണ്ട് — ആഗസ്റ്റ് 7 മുതല്‍ നവംബര്‍ 14 വരെ–നടത്തണമെന്നും നിശ്ചയിക്കുകയുണ്ടായി. അതിന്റെ ഉദ്ഘാടനമായിരുന്നു ആഗസ്റ്റ് ഏഴിന് എറണാകുളത്ത് പ്രസ്സ്ക്ലബ്ബില്‍ കൂടിയത്. ഡോ. എം.വി.പൈലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി സര്‍വ്വകലാശാലയുടെ മുന്‍ വൈസ്ചാന്‍സലറും പ്രശസ്ത ഗ്രന്ഥകാരനും പ്രഭാഷകനുമായ പൈലി അടുത്തകാലത്ത് കേരളത്തിലും പുറത്തുമായി ഒട്ടുവളരെ നെഹ്റുസെമിനാറുകളില് പ്രഭാഷകനായിരുന്നിട്ടുണ്ട്. അതില്‍ ഏറ്റവും ചെറുതായിരിക്കും നവഭാരതവേദിയുടെ ചടങ്ങ് എന്നു തോന്നുന്നു. എങ്കിലും പൈലിയുടെ പ്രസംഗം കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും എത്തിയിരുന്ന പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗദര്‍ശകമായി.
ഇന്ത്യകണ്ട മഹാന്മാരില് ഏറ്റവും ഉന്നതശീര്‍ഷനായ മനുഷ്യനായിരുന്നു നെഹ്റു എന്ന് പൈലി പറഞ്ഞു. 200 വര്‍ഷം നമ്മള് നടത്തിയ സ്വാതന്ത്ര്യസമരത്തിനുശേഷം സ്വതന്ത്ര ഇന്ത്യയുടെ കൊടി ഉയര്‍ത്താനുള്ള ഭാഗ്യമുണ്ടായത് അദ്ദേഹത്തിനാണെന്നും ചൂണ്ടിക്കാണിച്ചു. നെഹ്റുവിന്റെ പല പ്രസംഗങ്ങളും അക്കാലത്ത് തലസ്ഥാനത്തുണ്ടായിരുന്ന ഡോ. പൈലി അനുസ്മരിച്ചു. ഒരിക്കല്‍ വളരെ പ്രധാനപ്പെട്ട ഒരു പ്രസംഗത്തിനുവേണ്ടി കുറിപ്പു തയ്യാറാക്കാന്‍ കാബിനറ്റ് സെക്രട്ടറിയായിരുന്ന എന്‍.ആര്. പിള്ളയോട് നെഹ്റു ആവശ്യപ്പെട്ടു. പിള്ള അത് തയ്യാറാക്കി കൊടുക്കുകയും ചെയ്തു. പക്ഷേ അതിലെ ഒരു വാക്കും പ്രധാനമന്ത്രി ഉപയോഗിച്ചില്ല.
ഭരണഘടനാ നിര്‍മ്മാണസഭയില്‍ ജവാഹര്‍ലാല്‍ ചെയ്ത ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ കാര്യവും ഡോ. പൈലി ഓര്‍മ്മിപ്പിച്ചു. അതുപോലൊരു പ്രസംഗം കേള്‍ക്കാന്‍ ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരുമെന്നും പ്രഭാഷകന്‍ പറഞ്ഞു. മതനിരപേക്ഷതയും സോഷ്യലിസവും പാര്‍ലമെന്ററി ജനാധിപത്യവുമൊക്കെ നെഹ്റുവില്‍നിന്നാണ് ഇന്ത്യ പഠിച്ചത്. ഇന്നു മതനിരപേക്ഷതയുടെ സ്ഥാനത്ത് മതമൗലികവാദികള്‍ ശക്തിപ്രാപിക്കുന്നതാണ് കാണുക. ഗവണ്മെന്റിന്റെ നിലപാട് പലപ്പോഴും അവര്‍ക്ക് സഹായകമായി ഭവിക്കുകയും ചെയ്യുന്നു.
പൈലി തുടര്‍ന്നു: പാര്‍ലമെന്റ് കൂടുന്നസമയത്ത് നെഹ്റു ഒരിക്കലും ദല്‍ഹി വിട്ടുപോയിരുന്നില്ല. കൃത്യസമയത്ത് പാര്‍ലമെന്റില്‍ എത്തുന്ന കാര്യത്തിലും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ചിലപ്പോള്‍ ഇടയ്ക്ക് മറ്റ് ഔദ്യോഗികകാര്യങ്ങള്ക്കുവേണ്ടി മാറിയിരിക്കുന്ന പ്രധാനമന്ത്രി സഭയില്‍ ബഹളമുണ്ടാകുന്ന ശബ്ദം കേട്ടാല്‍ ഓടിയെത്തും. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം മതിയായിരുന്നു സഭ ശാന്തമാകാന്‍. രണ്ടാഴ്ചയിലൊരിക്കല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ക്ക് ഒരു കത്തയച്ചിരുന്നു. അതില്‍ ഇന്ത്യയിലും പുറത്തും നടക്കുന്ന സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു. ഇന്നത് പുസ്തകരൂപത്തില്‍ വന്നിട്ടുണ്ട്. ഇന്നത്തെ ഭരണാധികാരികള്‍ക്കും അത് അത്യന്തം പ്രയോജനം ചെയ്യുമെന്ന് ഒരു മണിക്കൂറിലധികം നീണ്ട പ്രഭാഷണത്തില്‍ ഡോ. പൈലി ഉദ്ബോധിപ്പിച്ചു.