മുപ്പതാമത്തെ ജ്ഞാനപീഠം അവാര്‍ഡാണിത്. 1965-ല്‍ ജി. ശങ്കരക്കുറുപ്പാണ്, ഒന്നാമത്തെ അവാര്‍ഡിനര്‍ഹനായത് എന്ന കാര്യം ഒരിക്കല്‍ക്കൂടി ഇവിടെ ഓര്‍മ്മിക്കുക. അനന്തമൂര്‍ത്തിയുടെ ജന്മമാസത്തിലാണ്, അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത് (ജനനം 1932 ഡിസംബര്‍ 21).
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഡിസംബര്‍ 13, 1994
അനന്തമൂര്‍ത്തിക്ക് ജ്ഞാനപീഠപുരസ്കാരം കിട്ടിയെന്നറിഞ്ഞപ്പോള്‍, മലയാളിക്ക് നാലാമത്തെ ജ്ഞാനപീഠം എന്ന തോന്നലാണ്, മനസ്സില്‍ പൊന്തിവന്നത്. ജി. ശങ്കരക്കുറുപ്പ്, എസ്.കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, യു.ആര്.അനന്തമൂര്‍ത്തി എന്നിങ്ങനെ. പിറ്റേന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തയില്‍ കന്നഡയ്ക്ക് ആറാമത്തെ ജ്ഞാനപീഠം എന്നു കണ്ടപ്പോഴാണ് അബദ്ധം മനസ്സിലായത്. എങ്കിലും ആ വാര്‍ത്ത എനിക്ക് ദഹിക്കാന്‍ വിഷമം. എന്റെ ചിന്താഗതിയുള്ള കേരളീയര്‍ ധാരാളമുണ്ടാകും. തീര്‍ച്ച. ഇനി, ഒരു വിട്ടുവീഴ്ച വേണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ പപ്പാതി എന്നു പറഞ്ഞ് തീര്‍പ്പിക്കാം. മലയാളത്തിനു മൂന്നര, കന്നഡയ്ക്ക് അഞ്ചര എന്ന തോതില്‍.
1987-ല്‍ കോട്ടയത്ത് വൈസ്ചാന്‍സലറായി വന്നയിടയ്ക്കാണ് ഞങ്ങളാദ്യമായി കണ്ടുമുട്ടിയത്. അതിനുമുമ്പുതന്നെ, ശ്രദ്ധേയനായ ഒരെഴുത്തുകാരന് എന്ന നിലയില്‍ അനന്തമൂര്ത്തിയെപ്പറ്റി എനിക്കറിയാമായിരുന്നു. എനിക്കത്ഭുതം തോന്നിയ കാര്യം, എനിക്ക് അനന്തമൂര്ത്തിയെപ്പറ്റി അറിയാവുന്നതിന്റെ നാലിരട്ടി കാര്യങ്ങള്‍ എന്നെപ്പറ്റി അദ്ദേഹം പഠിച്ചുവച്ചിരിക്കുന്നു എന്നറിഞ്ഞതാണ്. അദ്ദേഹം കോട്ടയത്തുണ്ടായിരുന്ന നാലു വര്‍ഷവും ഞങ്ങള്‍ കൂടക്കൂടെ കണ്ടിരുന്നു. ബന്ധപ്പെട്ടിരുന്നു. കന്നഡയില്‍ പ്രസിദ്ധപ്പെടുത്തിയ കാലത്തു (1965)തന്നെ ഒട്ടുവളരെ ഒച്ചപ്പാടുണ്ടാക്കിയ ‘സംസ്കാര’യും ‘അവസ്ഥ‘യും ‘ഭാരതീപുര‘വും ഡി.സി ബുക്സ് പ്രസിദ്ധപ്പെടുത്തി. മലയാളത്തിന്റെ പ്രിയപ്പെട്ട ഏത് എഴുത്തുകാരന്റെയും നോവലുകള്‍ക്കൊപ്പം ഇവ മൂന്നും വിറ്റുകൊണ്ടിരുന്നുതാനും. കുറെ കഥകളുടെ ഒരു സമാഹാരവും പ്രസിദ്ധപ്പെടുത്തുകയുണ്ടായി-‘മൗനി’ എന്ന പേരില്‍. ‘ഘടശ്രാദ്ധ’യും ഏറ്റവും പുതിയ നോവലുംകൂടി മലയാളത്തില്‍ പ്രസിദ്ധപ്പെടുത്താനുള്ള ഏര്‍പ്പാടുകളും ചെയ്തുകഴിഞ്ഞു. അനന്തമൂര്‍ത്തി കോട്ടയത്തെ ഉദ്യോഗം മതിയാക്കി പോകുന്ന സമയത്ത് പറയുകയുണ്ടായി തനിക്ക് കന്നഡയില്‍നിന്ന് ലഭിക്കുന്ന റോയല്‍റ്റിയെക്കാള്‍ കൂടുതല്‍ മലയാളത്തില്‍നിന്നു കിട്ടുന്നു എന്ന്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ആദ്യം കാസര്‍കോട്ട് ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന ഒരു സമ്മേളനത്തില്വച്ചും ഇക്കാര്യം അനന്തമൂര്‍ത്തി ആവര്‍ത്തിക്കയുണ്ടായി.
മുപ്പതാമത്തെ ജ്ഞാനപീഠം അവാര്‍ഡാണിത്. 1965-ല്‍ ജി. ശങ്കരക്കുറുപ്പാണ്, ഒന്നാമത്തെ അവാര്‍ഡിനര്‍ഹനായത് എന്ന കാര്യം ഒരിക്കല്‍ക്കൂടി ഇവിടെ ഓര്‍മ്മിക്കുക. അനന്തമൂര്‍ത്തിയുടെ ജന്മമാസത്തിലാണ്, അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത് (ജനനം 1932 ഡിസംബര്‍ 21). 1965-ല്‍ ഒരു ലക്ഷം ക.യായിരുന്നു അവാര്ഡുതുകയെങ്കില് ഇപ്പോള്‍ അത് രണ്ടരലക്ഷം ക.യാണ്.
‘സംസ്കാര’ യൂറോപ്പില്വച്ചാണ് രചിച്ചത് – ഒമ്പതു ദിവസംകൊണ്ട്. ഈ കഥ പിന്നീട് ചലച്ചിത്രമാക്കിയപ്പോള്‍ രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടി. പല യൂറോപ്യന്‍ ഭാഷകളിലേക്കും സംസ്കാര വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്നു നോവലുകളും പ്രധാനപ്പെട്ട ഇന്ത്യന്‍ ഭാഷകളിലൊക്കെ തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നു. അനന്തമൂര്‍ത്തിയെ തേടിവന്ന ഉദ്യോഗങ്ങള്‍ക്ക് കണക്കില്ല. അതിലൊന്നാണ് നാഷണല്‍ ബുക് ട്രസ്റ്റ്, ഇന്ത്യയുടെ ചെയര്മാന് സ്ഥാനം. ഒരു കൊല്ലമോ മറ്റോ മാത്രമേ അവിടെ ഇരുന്നുള്ളൂ. ആ സ്ഥാനം രാജിവച്ചിട്ടാണ്, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ചെയര്മാന് സ്ഥാനത്തിന് മത്സരിച്ചത്. അതില്‍ വിജയിക്കുകയും ചെയ്തു. കേന്ദ്ര അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടില്ലാത്ത അനന്തമൂര്‍ത്തി അതിന്റെ അദ്ധ്യക്ഷനാണിന്ന്. ഇന്ത്യയുടെ ഏറ്റവും പ്രശസ്തമായ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.