(കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ഒക്ടോബര്‍ 25, 1993
രണ്ടുമൂന്നാഴ്ചമുമ്പാണ്, കൊച്ചിക്കടുത്തുള്ള വൈപ്പിന്‍ കത്തോലിക്ക പള്ളിയിലെ വൈദികന്, അദ്ദേഹത്തിന്റെ ഇടവകയില്‍പ്പെട്ട ഒരു കുട്ടിക്കു മാമ്മോദീസ നിഷേധിച്ച വാര്‍ത്ത കണ്ടത്. കത്തോലിക്ക വിശ്വാസമനുസരിച്ചുള്ള ഏഴ് കൂദാശകളില്‍ ആദ്യത്തേതാണ്, മാമ്മോദീസ. ഒരു കുട്ടി ജനിച്ചാല്‍ മാമ്മോദീസ മുക്കിയാല്‍ മാത്രമേ അവന് (അവള്) ക്രിസ്ത്യാനിയായിത്തീരുകയുള്ളു എന്നാണു വിശ്വാസം. വൈദികന്റെ അടുക്കല്‍ കുട്ടിയെ കൊണ്ടുചെന്നാലുടനെ മാമ്മോദീസ മുക്കിക്കൊടുക്കേണ്ടതാണു മര്യാദ. മാമ്മോദീസ നടത്താന്‍ വൈദികന് വേണമെന്നില്ല എന്നത് മറ്റൊരു കാര്യം. എങ്കിലും ഒരു കീഴ്വഴക്കം എന്ന നിലയില്‍ സഭാംഗങ്ങള്‍ പള്ളിയിലെത്തി വൈദികനെ ആശ്രയിച്ചുവരുന്നു.
എങ്കിലും നമ്മുടെ വൈപ്പിന്വൈദികന് 43 ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിക്കു മാമ്മോദീസ നിഷേധിക്കാന്‍ ധൈര്യപ്പെട്ടു. അന്ന് ആ പള്ളിയില്‍ മൂന്നുപേരാണ് മാമ്മോദീസയ്ക്കുവേണ്ടി ചെന്നത്. രണ്ടെണ്ണം നടത്തിക്കൊടുക്കാന്‍ അച്ചന് തയ്യാറായി. മൂന്നാമത്തെയാള്‍, അഗസ്റ്റിന് അട്ടിപ്പേറ്റി, അള്‍ത്താരയോടു സമീപിച്ചപ്പോള്‍ വൈദികന്, നിയമസഭാ നടപടിയെ അനുകരിച്ച് ഇറങ്ങിപ്പോക്കുനടത്തി. അഗസ്റ്റിന്റെ സഹോദരിയുടെ ഭര്‍ത്താവ്, മറ്റൊരു വൈദികന് നടത്തിയ ധ്യാനപ്രസംഗത്തില്‍ പങ്കെടുത്തതാണത്രെ വൈപ്പിനിലെ അച്ചന് അനിഷ്ടമായത്. ഒടുവില്‍ അഗസ്റ്റിന് തന്നെ തന്റെ മകളുടെ മാമ്മോദീസ നടത്തി, തൃപ്തനായി.
ഈ കഥ പത്രത്തില്‍ കണ്ടപ്പോഴാണ്, ഇതിനുമുമ്പ് നടന്ന ഒരു കല്യാണത്തിന്റെ കാര്യം ഓര്‍മ്മവന്നത്. തൊടുപുഴയ്ക്കടുത്തുള്ള കുറുമണ്ണിലാണ്, സംഭവം. വൈദികന് വിവാഹം നിഷേധിച്ചു. തീയതി, ആഗസ്റ്റ് 29. വരന്റെ പേര് ടോമി. വധു സാലി. എന്താണ്, അച്ചന്റെ ദൃഷ്ടിയില്, വരന് ചെയ്ത മഹാപരാധം എന്നറിയേണ്ടേ? ടോമി ഒരു ഡി.വൈ.എഫ്.ഐ. പ്രവര്ത്തകനാണെന്നതുതന്നെ. ഒരാളുടെ രാഷ്ട്രീയവിശ്വാസത്തിന്റെ പേരില്‍ അയാള്‍ക്കു വിവാഹം നിഷേധിക്കാന്‍ വൈദികന് അധികാരമുണ്ടോ എന്നതാണ് പ്രശ്നം. വരന് മാത്രമല്ല, മറ്റ് ചില പ്രമാണികളും ഈ നടപടിക്കെതിരെ ശബ്ദമുയര്ത്തുകയുണ്ടായി. ഒരു മുന്‍ എം. എല്‍.എ. തന്നെ വൈദികന്റെ നടപടി തിരുത്തണമെന്ന് മെത്രാനോട് അപേക്ഷിച്ചു. ഇടവകപ്രതിനിധികളില് കുറേയധികം പേര് ചേര്‍ന്ന് മെത്രാന്റെ മുമ്പില്‍ ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. എല്ലാം നിഷ്ഫലമായതേയുള്ളു.
ഈ അവസരത്തിലാണ്, ഓശാന പത്രാധിപര്‍ ജോസഫ് പുലിക്കുന്നേല്‍ മുന്നോട്ടുവന്നത്. പള്ളിക്കു സമീപം പഞ്ചായത്ത് മൈതാനത്ത്, പെട്ടെന്നു പന്തല്‍ ഉയര്‍ന്നു. പുലിക്കുന്നേല്‍ കാര്‍മ്മികനായി. മതപരമായ എല്ലാ ആചാരാനുഷ്ഠാനങ്ങളോടുംകൂടി അദ്ദേഹം, വിവാഹം നടത്തിക്കൊടുത്തു. കത്തോലിക്കവിശ്വാസമനുസരിച്ച്, യഥാര്‍ത്ഥ കാര്മ്മികര് വരനും വധുവുമാണ്. പുരോഹിതന് വെറും സഹായിമാത്രം. വിവാഹച്ചടങ്ങിനു സാക്ഷികളായി ഇടവകക്കാരില്‍ വലിയൊരു വിഭാഗം സന്നിഹിതരായിരുന്നു. സാധാരണ, വിവാഹച്ചടങ്ങിനിടയില്‍ വൈദികന് പ്രസംഗിക്കാറുണ്ട്. ജോസഫ് പുലിക്കുന്നേലും പ്രസംഗിച്ചു. കത്തോലിക്ക വിവാഹത്തിന്റെ ദൈവശാസ്ത്രം അദ്ദേഹം വിവരിച്ചു. പൗരസ്ത്യകാനോന്‍ നിയമത്തിലെ 832-ാം വകുപ്പനുസരിച്ച്, സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ വിവാഹം നടത്താന്‍ അനുവാദമുണ്ടെന്ന് പുലിക്കുന്നേല്‍ പറഞ്ഞു. അതനുസരിച്ച് ഈ വിവാഹം സാധൂകരണാര്ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ക്രിസ്തു തന്റെ ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമേ ഒരു സാമൂഹികച്ചടങ്ങില് പങ്കെടുത്തിട്ടുള്ളു. കാനായില്‍ നടന്ന കല്യാണമായിരുന്നു അത്. അന്ന്, അവിടെ വീഞ്ഞുതീര്ന്നുപോയതില് കുണ്ഠിതപ്പെട്ട ഗൃഹനാഥനെ, വെള്ളം വീഞ്ഞാക്കിക്കൊടുത്തു സഹായിച്ച ക്രിസ്തുവിന്റെ സഭയില്‍ വിവാഹംമുടക്കി, സഭാംഗങ്ങള്‍ക്കു ഹൃദയവേദന ഉണ്ടാക്കിയ നടപടി തികച്ചും അക്ഷന്തവ്യമാണ്.” പുലിക്കുന്നേല്‍ അഭിപ്രായപ്പെട്ടു.
വിവാഹകര്മ്മത്തിനുശേഷം നടന്ന അനുമോദനയോഗത്തില്‍ മുന്‍മന്ത്രി പ്രൊഫ. എന്‍.എം. ജോസഫ്, മുന്‍ എം. എല്‍.എ. പി.സി. ജോര്‍ജ്, ജില്ലാ കൗണ്‍സില്‍ പ്രസിഡണ്ട് ടി.വി. ഏബ്രഹാം എന്നിവരായിരുന്നു മുഖ്യപ്രസംഗകര്‍. പുറമേ വരന്റെയും വധുവിന്റെയും പഞ്ചായത്ത് പ്രസിഡണ്ടുമാരും പ്രസംഗിച്ചു. കോണ്‍ഗ്രസ്സ്, കേരളകോണ്‍ഗ്രസ് (എം.ജെ.യും), മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നിവയുടെ പ്രതിനിധികളും പ്രസംഗിക്കുകയുണ്ടായി. ഇതിനുമുമ്പും ജോസഫ് പുലിക്കുന്നേല്‍, വൈദികനേതൃത്വം വിലക്കു കല്പിച്ച വിവാഹം നടത്തിക്കൊടുത്തിട്ടുണ്ട്. വികാരി നിരോധിച്ച ഒരു ശവസംസ്കാരം പള്ളി സെമിത്തേരിയില്‍ നടത്തിക്കൊടുത്ത പാരമ്പര്യവും അദ്ദേഹത്തിനുണ്ട്.