( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ആഗസ്റ്റ് 8, 1988
മറിച്ചുനോക്കിയപ്പോള്‍, ‘കോണ്‍ഫ്ളിക്ട് ഇന്‍ ദ കഥീഡ്രല്‍’ എന്ന ഒരു ലേഖനം കണ്ടു. ജോസഫ് പുലിക്കുന്നേലിന്റെയും ആര്‍ച്ച്ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസിന്റെയും ഫോട്ടോകൂടി കണ്ടപ്പോള്‍ രസം തോന്നി. പിന്നോക്കവര്ഗങ്ങളില്നിന്ന് ക്രിസ്തുമതത്തിലേക്കു മതപരിവര്‍ത്തനം ചെയ്തവരുടെ ദുരവസ്ഥയിലേക്കു വിരല്‍ചൂണ്ടുന്നതാണു ലേഖനം. ഈയിടെ കോട്ടയത്ത്സമ്മേളിച്ച അഖിലേന്ത്യാ മെത്രാന് സംഘടന (സി.ബി.സി.ഐ.) ഗൗരവമായി ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഇത്.
പുലിക്കുന്നേല്‍ കത്തോലിക്കാ അല്മായ അസ്സോസിയേഷന്റെ സെക്രട്ടറിയാണ്. അദ്ദേഹം ഈ അഭിമുഖത്തിലൂടെ ചോദിക്കുന്നത്, സമ്പന്നമായ കത്തോലിക്കാസഭ ‘അവശക്രിസ്ത്യാനി’കള്‍ എന്നു പറയപ്പെടുന്നവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുവേണ്ടി കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ എന്തുചെയ്തു എന്നാണ്. ഓശാന മാസികയുടെ എഡിറ്റര്‍ കൂടിയായ ജോസഫ് പുലിക്കുന്നേല്‍, സഭാനേതൃത്വത്തിന്റെ പല പ്രവൃത്തികളെയും നിരന്തരം നിശിതമായി വിമര്‍ശിക്കുന്ന ആളാണ്. പുലിക്കുന്നേല്‍ സെക്രട്ടറിയായുള്ള, ‘ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ’ പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ നൂറ് വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനായി പ്രതിമാസം 100 രൂപ ധനസഹായം നല്കിവരുന്നു. മറ്റ് പല സാമൂഹ്യ സേവനങ്ങളും ഈ സംഘടന നിര്‍വഹിക്കുന്നുണ്ട്.
കോളജ് അധ്യാപകനായി ജീവിതം ആരംഭിച്ച പുലിക്കുന്നേല്‍ ഒന്നാംതരം പ്രസംഗകനും എഴുത്തുകാരനുംകൂടിയാണ്. ഇങ്ങനെ നാനാ തരത്തില്‍ തിരക്കുപിടിച്ച ഈ 56 കാരന് അടുത്തകാലത്ത് പുതിയൊരു പ്രവര്ത്തനമേഖലയിലേക്കുകൂടി കടന്നിരിക്കുന്നു. ഒരു ദിവസം രാവിലെ അദ്ദേഹം എന്റെ വീട്ടിലെത്തി. കാറില്‍നിന്ന് ഒരു പായ്ക്കറ്റ് പുറത്തേക്ക് എടുത്തു. ചീര, വെണ്ടയ്ക്ക, പയര്‍, ഏത്തയ്ക്കാ തുടങ്ങിയ സാധനങ്ങള്‍. എല്ലാം പുലിക്കുന്നേലിനെപ്പോലെതന്നെ കൊഴുത്തുതടിച്ചു സുന്ദരമായവ. താന്‍ പച്ചക്കറി കൃഷിയിലേക്കും കൂടി തിരിഞ്ഞിരിക്കയാണെന്ന് അദ്ദേഹം അറിയിച്ചു. പച്ചക്കറിക്കടയില്‍നിന്നു കിട്ടുന്ന, തമിഴ്നാട്ടില്‍ നിന്നും മറ്റും വരുന്ന, ചതഞ്ഞ് വാടിക്കരിഞ്ഞ സാധനങ്ങളുടെ സ്ഥാനത്ത് തനി ഫ്രഷ് പച്ചക്കറി. മാത്രമല്ല. രാസവളങ്ങള്‍ ചേര്ക്കില്ലെന്നുംകൂടി വച്ചിട്ടുണ്ട്. അതുമൂലം രുചികൂടും. ആരോഗ്യത്തിനും നന്ന്. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പച്ചക്കറികള്‍ക്കു വില വേണ്ടാ.
മേലില്‍ കൊണ്ടുവരുമ്പോള്‍ വില രൊക്കം കൊടുത്തിരിക്കണം. പിന്നെ ഒന്നു രണ്ടാഴ്ചത്തേക്ക് ആളെ കണ്ടില്ല. അടുത്തപ്രാവശ്യം വന്നപ്പോള്‍ ഒരു പ്ലാസ്റ്റിക് കവറില്‍ അമ്പതു ചെറുനാരങ്ങാ. വില 12.50 ക. മാത്രം. മാര്‍ക്കറ്റില്‍ അമ്പതുപൈസയെങ്കിലും വിലവരുന്ന സാധനം. നില്ക്കാന് സമയമില്ല, ഉടനെ കാശു വേണമെന്നു പറഞ്ഞു. ഞാനങ്ങനെ ചെയ്തു. പച്ചക്കറികള്‍ എവിടെ എന്നന്വേഷിച്ചപ്പോള്‍, വീട്ടില്‍ ആവശ്യക്കാര്‍ ക്യൂ നില്‍ക്കുകയാണെന്നും അതുകൊണ്ട് പുറത്തേക്കു കൊണ്ടുവരാന്‍ കഴിയാതെ വന്നിരിക്കുന്നു എന്നും മറുപടി (ജോസഫ് പുലിക്കുന്നേല്‍ താമസിക്കുന്നത് ഭരണങ്ങാനത്തിനടുത്തുള്ള ഇടമറ്റം എന്ന ഗ്രാമത്തിലാണ്. ഓഫീസ് പാലായിലും).