(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) 1995 മാര്‍ച്ച് 26
ശനിയാഴ്ച നട്ടുച്ചനേരത്ത് കോട്ടയത്തുനിന്ന് എറണാകുളത്തിനു പുറപ്പെട്ടു. നാലുമണിക്ക് ഒരു പുസ്തകപ്രകാശനവും തുടര്‍ന്ന് സെമിനാറും. ‘ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍: ജനഹൃദയങ്ങളില്‍ ഒരു ന്യായാധിപന്’ എന്നാണ് പുസ്തകത്തിന്റെ പേര്. കൃഷ്ണയ്യരുടെ ജീവചരിത്രം ഒരു പ്രത്യേക രീതിയില്‍ രവി കുറ്റിക്കാട്ട് രചിച്ചിരിക്കുന്നു. നീതിനിര്‍വ്വഹണത്തിന് മനുഷ്യന്റെ ഉള്ത്തുടിപ്പുനല്കി സാമൂഹ്യപ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റിയത് കൃഷ്ണയ്യരെന്ന ന്യായാധിപന്റെ സുപ്രധാന വിധികളാണെന്ന് ഗ്രന്ഥകാരന് വാദിക്കുന്നു. ഓരോ വിധിന്യായത്തിലും, നിയമത്തിന്റെ അനേകം പുതുവഴികള്‍ വെട്ടിത്തെളിച്ചാണ് കഥാപുരുഷന് മുന്നോട്ടുപോയതെന്നും.
ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ എറണാകുളം ജില്ലാ കമ്മിറ്റിയാണ് യോഗം സംഘടിപ്പിച്ചത്. ഇ.എം.എസ്.നമ്പൂതിരിപ്പാട്, അഡ്വക്കേറ്റ് കെ.ജനാര്‍ദ്ദനക്കുറുപ്പിന് പുസ്തകം നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. ഭാരതീയ വിദ്യാഭവനില്ക്കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്തത് ജസ്റ്റിസ് ഉഷാ സുകുമാരനാണ്. ജസ്റ്റിസ് കൃഷ്ണയ്യര്‍ യോഗത്തില്‍ സംബന്ധിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചത്. പക്ഷേ, അദ്ദേഹം ഈ സമയത്ത് കാനഡയിലായിരുന്നു.
കൃഷ്ണയ്യര്‍ ന്യായാധിപന് മാത്രമല്ല, മഹാനായ മനുഷ്യസ്നേഹിയും പൊതുജനസേവകനും രാഷ്ട്രീയപ്രവര്‍ത്തകനും ഭരണകര്ത്താവുമായിരുന്നുവെന്ന് ഇ.എം.എസ്. പറഞ്ഞു. ഇവയെല്ലാം ചേര്‍ന്നാലേ കൃഷ്ണയ്യരുടെ വ്യക്തിത്വം പൂര്‍ണ്ണമാകുകയുള്ളൂ. ന്യായാധിപന് എന്ന നിലയില്‍ ജനങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ കൃഷ്ണയ്യര്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1957-ലെ മന്ത്രിസഭയില്‍ അംഗമായിരുന്ന കൃഷ്ണയ്യരുമൊന്നിച്ച് 25 മാസം ഭരണം നടത്തിയ കാലത്തെ അനുഭവങ്ങള്‍ ഇ.എം.എസ്. അനുസ്മരിച്ചു.
‘മനുഷ്യാവകാശസംരക്ഷണത്തിന്റെ കാലികപ്രസക്തി’യായിരുന്നു സെമിനാറിന്റെ വിഷയം. സുകുമാര്‍ അഴീക്കോടായിരുന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. രക്ഷകനായി വരുന്നവന്റെ പീഡനം പീഡിപ്പിക്കുന്നവന്റെ പീഡനത്തെക്കാള്‍ ഭയങ്കരമാണെന്ന് ഡോ.സുകുമാര്‍ അഴീക്കോട് പറഞ്ഞു. മനുഷ്യനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം മനുഷ്യനെ ദ്രോഹിക്കുന്ന പ്രവര്‍ത്തനമായി മാറുന്നു. വെളുത്ത മനുഷ്യന്റെ കറുത്ത ഹൃദയത്തെപ്പറ്റി, ഇറ്റലി അബിസീനിയ ആക്രമിച്ച കാലത്ത് ജി. ശങ്കരക്കുറുപ്പ് എഴുതിയിട്ടുണ്ട്. ഇന്ന് അതു കൂടുതല്‍ സത്യമായിരിക്കയാണ്. ഇതിനെപ്പറ്റി സാഹിത്യകാരന്മാര് പ്രതികരിക്കണമെന്നും അഴീക്കോട് ചൂണ്ടിക്കാട്ടുകയുണ്ടായി. ഇ.എം.എസും ജനാര്‍ദ്ദനക്കുറുപ്പും എം.എ.ബേബി എം.പി.യും അഡ്വ.കുന്നത്തുകാല്‍ സുകുമാരന്‍നായരും ഐ.വി.ദാസും ഞാനും സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു. മനുഷ്യാവകാശമെന്നു കേട്ടാല്‍ കൊതുകിന്റെ ആക്രമണത്തില്‍നിന്നു രക്ഷകിട്ടാനുള്ള അവകാശത്തെപ്പറ്റിയാവും എറണാകുളത്തു താമസിക്കുന്നവര്‍ ആദ്യം ചിന്തിക്കുക എന്നു ഞാന്‍ തുടക്കത്തില്‍ പറഞ്ഞു. വെള്ളക്കാരന്റെ കറുത്ത ഹൃദയത്തിന് ഏറ്റവും പുതിയ ഉദാഹരണമായി ഇറാക്കിലെ ഉപരോധത്തിന്റെ ഉദാഹരണവും ഞാനെടുത്തുകാണിച്ചു. ഭക്ഷണവും മരുന്നുമില്ലാതെ ഒരു ലക്ഷം കുട്ടികളാണവിടെ കഴിഞ്ഞവര്‍ഷം മരിച്ചത്. ലോയേഴ്സ് യൂണിയന് ജില്ലാഘടകത്തിന്റെ പ്രസിഡന്റ് അഡ്വ. എന്‍.എ. അലിയാണ് സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ചത്. സെക്രട്ടറി സി.പി. ഉദയഭാനു സ്വാഗതമാശംസിച്ചു.
കൃഷ്ണയ്യരുടെ കഥ പറഞ്ഞില്ലേ. ഇന്നലെ കാനഡയിലാണ്. ഇന്ന്, പക്ഷേ, യു.എസ്സിലായിരിക്കും. നാളെ ദല്‍ഹിയിലോ ലണ്ടനിലോ ആവാം.
കേരളത്തിലെ പറക്കുംസ്വാമി എന്ന പേരിലറിയപ്പെട്ടിരുന്ന സ്വാമി വിഷ്ണുദേവാനന്ദ മൂന്നാലു വര്ഷംമുന്പ് കാലയവനികയ്ക്കപ്പുറം മറഞ്ഞു. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ക്ക് ആ പേരു നല്കിയാല് നന്നായിരിക്കുമെന്നു തോന്നുന്നു. ”പറക്കും സ്വാമി.”
(വിഷ്ണുദേവാനന്ദ അദ്ദേഹത്തിന്റെ ബൈക്കുപോലുള്ള പ്ലെയിന്‍ പറപ്പിച്ചുകൊണ്ട് ലോകപര്യടനം നടത്തിയിരുന്നു. അതുകൊണ്ടാണ് പറക്കുംസ്വാമി എന്ന പേരു കിട്ടിയത്. കാനഡയിലെ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു സ്വാമിയുടെ ആസ്ഥാനം. 1983-ല്‍ ഞാന്‍ കുറെദിവസം അവിടെ താമസിച്ചിരുന്നു.)