(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) നവംബർ 12, 1990
ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ ജന്മദിനാഘോഷത്തെപ്പറ്റിയാണ് ഇന്ന് എഴുതുന്നത്. ഡോ.അനന്തമൂര്‍ത്തിക്ക് ഒരാഴ്ചമുമ്പ് കോട്ടയത്ത് നല്കിയ അതീവഹൃദ്യമായ ഒരു സ്വീകരണത്തെപ്പറ്റിയാണ്, എഴുതാന്‍ വച്ചിരുന്നതെങ്കിലും നടന്നില്ല. താരതമ്യേന യാത്രയും ജോലിഭാരവും കുറഞ്ഞിരുന്ന ഒരാഴ്ചയായിരുന്നു കടന്നുപോയത്. എന്നിട്ടും എഴുതാന്‍ കഴിയാതെ വന്നു. ആരോഗ്യം മോശമായിരുന്നതുതന്നെ കാരണം എന്നുപറയുകയാണ്, ശരി. പക്ഷെ, ഇന്ത്യയുടെ അവസ്ഥ കഴിഞ്ഞ കുറെ ദിവസങ്ങളില്‍ മനസ്സിനെ വളരെ അസ്വസ്ഥമാക്കിയിരുന്നു എന്നുകൂടി ഇവിടെ പറയട്ടെ.
നമുക്ക് കൃഷ്ണയ്യരിലേക്കുതന്നെ തിരിയാം. അദ്ദേഹത്തിന്റെ 75-ാം ജന്മവാര്‍ഷികം ഗംഭീരമായി ആഘോഷിക്കണമെന്ന് സുഹൃത്തുക്കള്‍ക്കും ആരാധകന്മാര്ക്കുമൊക്കെ തോന്നിയത് കുറെ മാസങ്ങള്‍ക്കു മുമ്പാണ്. ജസ്റ്റിസ് ജാനകിയമ്മ അദ്ധ്യക്ഷയും അഡ്വക്കേറ്റ് ജി. ജനാര്‍ദ്ദനക്കുറുപ്പ് ജനറല്‍ കണ്‍വീനറുമായി ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ’90 നവംബര്‍ 10, 11 തീയതികളില്‍ ആഘോഷം നടത്താനാണുദ്ദേശിച്ചിരുന്നതെങ്കിലും പിന്നീടത് ‘ഏകദിനാഘോഷ’മാക്കി മാറ്റുകയാണ് ചെയ്തത്. ഒരു ദിവസമെന്നു പറഞ്ഞാല്‍ ശരിക്കും ഒരു ദിവസം —രാവിലെ ഒമ്പതരമുതല്‍ വൈകീട്ട് ഒമ്പതരയ്ക്കപ്പുറം നീണ്ടിരിക്കും. മൂന്നു സമ്മേളനങ്ങളും കലാപരിപാടികളും. ഒരു യോഗത്തില്‍ പ്രബന്ധമോ പ്രസംഗമോ എന്തോ ഒന്ന് എനിക്കും വച്ചിരുന്നു. എങ്കിലും എന്നെ ഒഴിവാക്കാന്‍ നേരത്തേതന്നെ ഞാനെഴുതുകയുണ്ടായി. അവിടെ നടന്ന നിരവധി പ്രസംഗങ്ങളില്‍ വി.ആര്. കൃഷ്ണയ്യരുമായുള്ള ബന്ധത്തെപ്പറ്റി പലരും സൂചിപ്പിച്ചു. അപ്പോള്‍ എന്റെ കാര്യം ഞാനും ആലോചിച്ചുനോക്കി. ജനാര്‍ദ്ദനക്കുറുപ്പ് മാത്രമേ എന്റെ ഒപ്പം നില്ക്കുന്നുള്ളു. 1957-ലാണ്, കുറുപ്പും ഞാനും കൃഷ്ണയ്യരെ പരിചയപ്പെടുന്നത്. കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭയില്‍ അദ്ദേഹം അംഗമായി വന്നകാലം. നിയമവും ഇറിഗേഷനുമായിരുന്നു, അദ്ദേഹത്തിന്റെ വകുപ്പുകള്‍. രണ്ടിലും മറ്റാര്‍ക്കും കഴിയാത്ത പലതും ചെയ്തുവച്ച മന്ത്രിയായിരുന്നു കൃഷ്ണയ്യര്‍. 1959-ല്‍ ഞങ്ങള്‍ ഒരുമിച്ച് സോവിയറ്റ് യൂണിയനിലും സ്വീഡനിലും പര്യടനം നടത്തിയ കാര്യവും ഓര്‍മ്മിക്കുന്നു. ശ്രീമതി രാമേശ്വരി നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഒരു നാല്പതംഗസംഘത്തില് കൃഷ്ണയ്യരും പത്നിയും ഡോ.എന്‍.നാരായണന്‍നായരും (ലാ അക്കാദമി) വി. പരമേശ്വരനും (സി.ഐ.സി.സി. ബുക്ഹൗസ്) ഞാനും അംഗങ്ങളായിരുന്നു. അന്നു തുടങ്ങിയ ബന്ധം കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷമായി തുടരുന്നു. രണ്ടുമാസം മുമ്പ് ഡി.സി. ബുക്സിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് വി.ആര്.കൃഷ്ണയ്യരാണ് എന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കുക.
10-ാം തീയതി ശനിയാഴ്ച രാവിലെ വളരെ ക്ലേശിച്ചിട്ടാണ്, കഷ്ടിച്ച് ഒമ്പതരമണിയ്ക്ക് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിലെത്താന്‍ കഴിഞ്ഞത്. തികച്ചും സമ്പന്നമായ ഒരു സദസ്സ്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്രയും കേരള ചീഫ് ജസ്റ്റിസ് മളിമഠും തുടങ്ങി ഒട്ടുവളരെ ജഡ്ജിമാര്‍, ഇന്ത്യയിലെ അതിപ്രമുഖരായ അഭിഭാഷകര്‍, കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന അഭിഭാഷകരും സാംസ്കാരിക പ്രവര്‍ത്തകരും എല്ലാം എല്ലാം. ഉദ്ഘാടന സമ്മേളനം എന്നു പറഞ്ഞാല്‍ ആശംസാ സമ്മേളനം ആയിരുന്നു. 11.30-നു തീരണം, അച്ചടിച്ചിട്ടുള്ള പരിപാടിയനുസരിച്ച്. പിന്നെ 12 മുതല്‍ നാലുവരെ നീളുന്ന ഒരു സെമിനാര്‍-വര്‍ഗ്ഗീയതയെപ്പറ്റി. ഇതിനിടയ്ക്ക് ഊണുകഴിക്കാന്‍ 45 മിനിറ്റ് മാറ്റി വച്ചിട്ടുണ്ട്. വൈകീട്ട് പൊതുസമ്മേളനവും സാംസ്കാരികപരിപാടിയും.
ഉച്ചവരെയുള്ള പരിപാടികളില്‍ പങ്കെടുത്തിട്ട് മടങ്ങാനാണ്, ഞാന്‍ നിശ്ചയിച്ചിരുന്നത്. അങ്ങനെ ചെയ്യുകയും ചെയ്തു. രാവിലത്തെ യോഗം, സംഘാടകര്‍ നിശ്ചയിച്ചിരുന്ന സമയത്ത് തുടങ്ങിയെങ്കിലും തീര്‍ക്കാനാവില്ലെന്ന് എനിക്കു ബോദ്ധ്യമായിരുന്നു. വിവിധ യോഗങ്ങളില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികള്‍ 32 പേരാണ്. അതില്‍ മൂന്നുപേരെ കാണുകയും കേള്‍ക്കുകയും ചെയ്യണമെന്നുണ്ടായിരുന്നു, എനിക്ക്. ഒന്ന്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മിശ്രതന്നെ. മറ്റു രണ്ടു പേര് കെ.കെ. വേണുഗോപാലും രാംജത്മലാനിയും. മലയാളിയായ വേണുഗോപാല്‍ സീനിയര്‍ അഡ്വക്കേറ്റും സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡണ്ടുമാണ്. ജെത്മലാനി സീനിയര്‍ അഡ്വക്കേറ്റും എം.പി.യും വിവിധരംഗങ്ങളില്‍ അതിപ്രശസ്തനുമാണ്. വേണുഗോപാലും ജെത്മലാനിയും രണ്ടാമത്തെ യോഗത്തിലാണ്, പങ്കെടുക്കേണ്ടത്. ആദ്യയോഗം താമസിച്ചാല്‍ ഇവരെ കാണാന്‍ തരപ്പെടാതെ വരുമെന്നോര്‍ത്ത് ദുഃഖിച്ചു. മിശ്ര, ഉദ്ഘാടകനായതുകൊണ്ട് കുഴപ്പമില്ല.
പക്ഷെ സംഭവിച്ചത് എങ്ങനെയെന്നു കേള്‍ക്കുക. രണ്ടാമത്തെ യോഗത്തില്‍ (സെമിനാര്‍) മുഖ്യപ്രഭാഷകനായ രാംജെത്മലാനി ആദ്യയോഗം തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍തന്നെ പ്രസംഗവേദിയിലെത്തി. ആ യോഗത്തില്‍ ഒരു ആശംസാപ്രസംഗം നടത്തുകയും ചെയ്തു. മുന്‍നിരയില്‍, ഞാനിരുന്നതിനടുത്ത് ഒരു കസേര ഒഴിഞ്ഞുകിടന്നിരുന്നു. ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന് വന്ന് ആ സീറ്റു കൈയടക്കി. കഴിഞ്ഞ കാര്യങ്ങളെപ്പറ്റി അദ്ദേഹം ചിലതെല്ലാം എന്നോടു ചോദിക്കയും ചെയ്തു. സംഘാടകരില്‍ ചിലര്‍ അദ്ദേഹത്തോടു വളരെ ബഹുമാനം പ്രകടിപ്പിക്കുന്നതും കണ്ടു. ഒടുവില്‍, അദ്ദേഹത്തോടുതന്നെ ചോദിക്കേണ്ടി വന്നു ആരാണെന്ന്. ‘കെ.കെ.വേണുഗോപാല്‍’ എന്ന് ഉത്തരം. എനിക്ക് അത്ഭുതം തോന്നി. ഞാന്‍ പറഞ്ഞു: താങ്കളുടെ പേര് ഞാന്‍ ഏതാണ്ടു ദിവസവുംതന്നെ കേള്‍ക്കാറുണ്ട്. കാണണമെന്നു വിചാരിച്ചിട്ടു നടന്നില്ല. ഇത്ര ചെറുപ്പമാണെന്ന് കരുതിയിരുന്നില്ല. അത്ര ചെറുപ്പമൊന്നുമല്ല എന്നായി വേണുഗോപാല്‍ (പിന്നീട് മറ്റുതരത്തില്‍ എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത് 48 കാരനാണ് അദ്ദേഹം എന്നത്രെ. മദ്രാസിലെ പ്രശസ്ത അഭിഭാഷകനായിരുന്ന എം.കെ.നമ്പ്യാരുടെ മകന്). ഇതോടുകൂടി എനിക്കു കണ്ടേ മതിയാവൂ എന്നു തോന്നിയിരുന്നു. മൂവരെയും കണ്ടുകഴിഞ്ഞു. സെമിനാറില്‍ വേണുഗോപാലിന്റെ ഉദ്ഘാടനപ്രസംഗവുംകൂടി കേട്ടിട്ടാണ് ഞാന്‍ മടങ്ങിയത്.
ഇനി, ആശംസാസമ്മേളനത്തിലേക്കു കടക്കാം. ജനാര്‍ദ്ദനക്കുറുപ്പിന്റെ സ്വാഗതപ്രസംഗത്തിനിടയ്ക്ക് ഒന്നിലധികം തവണ മൈക്ക് പണിമുടക്കി. ‘ഇവിടെ കൂടിയിരിക്കുന്നവര്‍ക്കെല്ലാം കൃഷ്ണയ്യരോട് ആദരവുണ്ട്; മൈക്കിനൊഴിച്ച് — കുറുപ്പു പറഞ്ഞു. ചീഫ് ജസ്റ്റീസ് മിശ്ര എത്ര ക്ലേശം കഴിച്ചാണ്, രാത്രി ബോംബെ വഴി യാത്ര ചെയ്ത് കൊച്ചിയിലെത്തിയതെന്നും സ്വാഗതപ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. മാത്രമല്ല, ഇന്ന് ഡല്‍ഹി വിടാന്‍ വയ്യാത്ത ഒരു ദിവസവുമാണ് (പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങ് രാവിലെ 11 മണിക്കായിരുന്നല്ലോ.)
ഇതു പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി ഇവിടെ ചൂണ്ടിക്കാണിക്കണമെന്ന് തോന്നി. അത് ഇതാണ്: രാവിലെ ഒമ്പതരമണിക്ക് യോഗം തുടങ്ങുമ്പോള്‍ വി.പി. സിംഗായിരുന്നു പ്രധാനമന്ത്രി. യോഗം 12.30 നവസാനിച്ചപ്പോള്, ചന്ദ്രശേഖര്‍ ആണ് പ്രധാനമന്ത്രി.
1973-ല്‍ സുപ്രീംകോടതി ജഡ്ജിയായി, കൃഷ്ണയ്യര്‍ നിയമിക്കപ്പെട്ടതു മുതലുള്ള പലകാര്യങ്ങളും ചീഫ് ജസ്റ്റീസ് മിശ്ര ഓര്‍മ്മിപ്പിച്ചു. ലാകമ്മീഷനംഗമായിരുന്ന കൃഷ്ണയ്യരുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹം അനുസ്മരിക്കയുണ്ടായി. സാമൂഹ്യ നീതിക്കുവേണ്ടി സുപ്രീംകോടതി ഇന്നു പലതും ചെയ്യുന്നുണ്ട്. പക്ഷെ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ വി.ആര്.കൃഷ്ണയ്യര്ക്കുള്ളതാണ് എന്ന് മിശ്ര ചൂണ്ടിക്കാണിച്ചു.
പരമ്പരാഗതമായ നീതിനിര്‍വഹണത്തിന്റെ പാതയില്‍നിന്ന് മനുഷ്യത്വാധിഷ്ഠിതമായ നീതിനിര്വഹണത്തിലേക്ക് സുപ്രീംകോടതിയെ മാറ്റിയെടുത്ത സാമൂഹ്യപ്രസ്ഥാനമാണ്, ജസ്റ്റീസ് വി. ആര്. കൃഷ്ണയ്യരെന്ന് ജസ്റ്റീസ് മിശ്ര അഭിപ്രായപ്പെട്ടു. ഓരോ വിധിന്യായത്തിലൂടെയും നിയമത്തിന്റെ പുതിയ വഴികള്‍ അദ്ദേഹം തുറന്നുകൊടുത്തു. ഭരണഘടന, കോടതികള്‍ക്ക് നല്‍കിയിരിക്കുന്ന അധികാരം അതിരറ്റതാണെന്ന് കാണിച്ചുകൊടുത്തത് കൃഷ്ണയ്യരാണ്. കോടതിയുടെ പരിധി സാമൂഹികരംഗത്തേക്കും സാമൂഹിക പ്രശ്നങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ഉത്തരവാദിയും അദ്ദേഹം തന്നെ. വ്യക്തികളുടെ താത്പര്യം സമൂഹത്തിന്റെ താത്പര്യത്തെക്കാള്‍ താഴെയാണെന്ന് ഒരിക്കല്‍ വിധിെയഴുതാനും ജസ്റ്റീസ് കൃഷ്ണയ്യര്‍ തയ്യാറായിട്ടുണ്ട്. അതെ തുടര്‍ന്ന്, നൂറുകണക്കിന് കേസുകളില്‍ പിന്നീട് വിധി ഉണ്ടായ കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൃഷ്ണയ്യര്‍, ഇന്ത്യയിലെ 84 കോടി ജനങ്ങള്‍ക്കും അവകാശപ്പെട്ട ആളാണെന്നുംകൂടി പറഞ്ഞിട്ടാണ് മിശ്ര ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
ഉദ്യോഗത്തിലിരുന്ന കാലത്ത് ചെയ്തതിനെക്കാള്‍ സാമൂഹിക നീതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ പത്തുവര്ഷങ്ങളില് കൃഷ്ണയ്യര്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശതാബ്ദി ആഘോഷിക്കാന്‍ കൃഷ്ണയ്യര്‍ക്ക് ഇടയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
കേരളചീഫ് ജസ്റ്റീസ് മളീമഠ് ആണ് അദ്ധ്യക്ഷതവഹിച്ചത്. കേസുകള്‍ തീര്‍ക്കുന്ന കാര്യത്തില്‍ കൃഷ്ണയ്യര്‍ക്കുള്ള കഴിവിനെ അദ്ദേഹം പ്രശംസിക്കയുണ്ടായി. സുപ്രീംകോടതിയില്‍ ഏഴരവര്‍ഷംകൊണ്ട്, 700 കേസുകളില്‍ തീര്പ്പുകല്പിക്കാന് അദ്ദേഹത്തിന് സാധിച്ചു എന്ന് മളീമഠ് ചൂണ്ടിക്കാണിച്ചു. കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് യു.എല്‍.ഭട്ട്, ജസ്റ്റീസ് പി.കെ.ഷംസുദ്ദീന്, ജസ്റ്റീസ് ടി.വി.രാമകൃഷ്ണന് എന്നിവരും റിട്ട. ജസ്റ്റീസും അഴിമതി നിരോധന കമ്മീഷന് ചെയര്‍മാനുമായ ടി.ചന്ദ്രശേഖരമേനോനും ആണ്, തുടര്‍ന്നു പ്രസംഗിച്ചത്. ഇന്ത്യയുടെ പ്രശസ്തപുത്രനായ കൃഷ്ണയ്യര്‍, നിയമജ്ഞര്‍ക്ക് ഒരു യൂണിവേഴ്സല്‍ ‘ഗുരു’ ആണെന്ന് ഭട്ട് പറഞ്ഞു. ഷംസുദീന്‍, ഒന്നാം തരം മലയാളപ്രസംഗകനാണെന്ന് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞുകേട്ടപ്പോള്‍ ഞാന്‍ കരുതി, അദ്ദേഹം മലയാളത്തിലാവും സംസാരിക്കുക എന്ന്. മൂന്നുമണിക്കൂറില്‍ ആകെ കേട്ട മലയാള പ്രസംഗം ടി.പി.പീതാംബരന്മാസ്റ്ററു (എം. എല്‍. എ.)ടേതു മാത്രമായിരുന്നു.
അഡ്വക്കേറ്റ് ജനറലും ചെറുകഥാകൃത്തും ഗ്രന്ഥകാരനുമായ കെ. സുധാകരന്റെ പ്രസംഗത്തില്‍, കൃഷ്ണയ്യര്‍ 49 പുസ്തകങ്ങളുടെ കര്‍ത്താവാണെന്ന് ചൂണ്ടിക്കാട്ടി. സുധാകരന്, കൃഷ്ണയ്യരെ ആദ്യം കണ്ടത് തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീതസഭയില്‍ കര്ണ്ണാടകസംഗീതത്തെപ്പറ്റി പ്രസംഗിക്കുമ്പോളാണ്. അന്ന് അദ്ദേഹം മന്ത്രിയായിരുന്നു. ബാംഗ്ലൂരിലെ നാഷനല്‍ സ്കൂള്‍ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റിയുടെ ഡയറക്ടര്‍ ഡോ.എന്‍.ആര്. മാധവമേനോന് ആയിരുന്നു മറ്റൊരു പ്രസംഗകന്. തന്റെ ഗുരുവാണ് കൃഷ്ണയ്യര്‍ എന്ന് മേനോന് പറഞ്ഞു. സുപ്രീംകോടതിയിലെ പല ജഡ്ജിമാരും ചീഫ് ജസ്റ്റീസുമാരുമൊക്കെ അദ്ദേഹത്തെ ഗുരു എന്നു വിളിക്കാറുണ്ട് എന്നും മേനോന് ചൂണ്ടിക്കാട്ടി. രണ്ടു വ്യത്യസ്ത സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍, കൃഷ്ണയ്യരുടെ സംഭാവനകളെപ്പറ്റി പിഎച്ച്. ഡി.ക്കു ഗവേഷണം നടത്തിവരുന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. നമ്മുടെ ജുഡീഷ്യറിയുടെ പോരായ്മകളെപ്പറ്റി ഇത്ര തുറന്ന വിമര്‍ശനം നടത്തിയിട്ടുള്ള മറ്റൊരു ന്യായാധിപനും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് പീതാംബരന്‍മാസ്റ്റര്‍ പറഞ്ഞു. ഫോര്‍ഡ് ഫൗണ്ടേഷനിലെ (ഡല്‍ഹി) ആര്. സുദര്ശന് കൃഷ്ണയ്യര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
രാംജത്മലാനിയുടെ ആശംസാപ്രസംഗം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കൃഷ്ണയ്യരുടെ അഭിപ്രായങ്ങള്‍ പലതിനോടും താന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഒരു ആരാധകനാണ് താനെന്ന് ജത്മലാനി പറയുകയുണ്ടായി. സാമൂഹികനീതിക്കുവേണ്ടി കൃഷ്ണയ്യര്‍ നിര്‍വഹിച്ചിട്ടുള്ള സേവനം വിലപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1970-ല്‍ ലാകമ്മീഷനംഗമെന്ന നിലയില്‍ ഒറീസയില്‍ ചെന്നപ്പോള്‍ രംഗനാഥ് മിശ്ര തങ്ങളുടെ ആതിഥേയനായിരുന്നുവെന്ന് വി.ആര്. കൃഷ്ണയ്യര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അന്നു മുതല്‍ തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. കഴിഞ്ഞ പ്രാവശ്യം ഞാന്‍ ദല്‍ഹിയില്‍ ഉണ്ടായിരുന്നപ്പോള്‍ ചീഫ് ജസ്റ്റിസിനെക്കാണാന് തരപ്പെട്ടില്ല. അടുത്തപ്രാവശ്യം വരുമ്പോള്‍ കാണാം എന്ന് ഫോണിലൂടെ പറഞ്ഞപ്പോള്‍ മിശ്രയുടെ മറുപടി, അതിനു മുമ്പ് ഞാന്‍ കൊച്ചിയില്‍ വരും. നിങ്ങളുടെ ജന്മദിനത്തിന് !! എന്നായിരുന്നു. ചീഫ്ജസ്റ്റീസാണ് ഇന്നത്തെ മുഖ്യാതിഥി എന്ന് താനന്ന് അറിഞ്ഞിരുന്നില്ലെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: ‘എനിക്കിന്ന് 75 വയസ്സായി. അതൊരു താക്കീതാണ്. ജീവിതത്തിലെ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിപദം ഏറ്റെടുത്തുകൊണ്ടു പറഞ്ഞത്, താന്‍ ഇന്ത്യയുടെ സേവകനാണ് എന്നായിരുന്നു. ഈ ബോധം നമുക്ക് എന്നും വേണം.’
പ്രസംഗം തുടങ്ങുമ്പോള്‍, അഡ്വ. ബാലഗംഗാധരമേനോന് കൃഷ്ണയ്യരെ ഒരു കസവുകവണി അണിയിച്ചു. അത് ധരിച്ചുകൊണ്ടാണ് പ്രസംഗം തുടര്‍ന്നത്. കൃഷ്ണയ്യരുടെ വേഷത്തില്‍ അത് സ്ഥിരമാക്കാന്‍ കൊള്ളാമെന്നു തോന്നി.