( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) 12-11-90
1973-ല്‍ സുപ്രീംകോടതി ജഡ്ജിയായി, കൃഷ്ണയ്യര്‍ നിയമിക്കപ്പെട്ടതു മുതലുള്ള പലകാര്യങ്ങളും ചീഫ് ജസ്റ്റീസ് മിശ്ര ഓര്‍മ്മിപ്പിച്ചു. സാമൂഹ്യ നീതിക്കുവേണ്ടി സുപ്രീംകോടതി ഇന്നു പലതും ചെയ്യുന്നുണ്ട്. പക്ഷെ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ വി.ആര്.കൃഷ്ണയ്യര്ക്കുള്ളതാണ് എന്ന് മിശ്ര ചൂണ്ടിക്കാണിച്ചു. പരമ്പരാഗതമായ നീതിനിര്‍വഹണത്തിന്റെ പാതയില്‍നിന്ന് മനുഷ്യത്വാധിഷ്ഠിതമായ നീതിനിര്വഹണത്തിലേക്ക് സുപ്രീംകോടതിയെ മാറ്റിയെടുത്ത സാമൂഹ്യപ്രസ്ഥാനമാണ്, ജസ്റ്റീസ് വി. ആര്. കൃഷ്ണയ്യരെന്ന് ജസ്റ്റീസ് മിശ്ര അഭിപ്രായപ്പെട്ടു. ഓരോ വിധിന്യായത്തിലൂടെയും നിയമത്തിന്റെ പുതിയ വഴികള്‍ അദ്ദേഹം തുറന്നുകൊടുത്തു. ഭരണഘടന, കോടതികള്‍ക്ക് നല്‍കിയിരിക്കുന്ന അധികാരം അതിരറ്റതാണെന്ന് കാണിച്ചുകൊടുത്തത് കൃഷ്ണയ്യരാണ്.
കോടതിയുടെ പരിധി സാമൂഹികരംഗത്തേക്കും സാമൂഹിക പ്രശ്നങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ഉത്തരവാദിയും അദ്ദേഹം തന്നെ. വ്യക്തികളുടെ താത്പര്യം സമൂഹത്തിന്റെ താത്പര്യത്തെക്കാള്‍ താഴെയാണെന്ന് ഒരിക്കല്‍ വിധിെയഴുതാനും ജസ്റ്റീസ് കൃഷ്ണയ്യര്‍ തയ്യാറായിട്ടുണ്ട്. അതെ തുടര്‍ന്ന്, നൂറുകണക്കിന് കേസുകളില്‍ പിന്നീട് വിധി ഉണ്ടായ കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൃഷ്ണയ്യര്‍, ഇന്ത്യയിലെ 84 കോടി ജനങ്ങള്‍ക്കും അവകാശപ്പെട്ട ആളാണെന്നുംകൂടി പറഞ്ഞിട്ടാണ് മിശ്ര ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. ഉദ്യോഗത്തിലിരുന്ന കാലത്ത് ചെയ്തതിനെക്കാള്‍ സാമൂഹിക നീതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ പത്തുവര്ഷങ്ങളില് കൃഷ്ണയ്യര്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശതാബ്ദി ആഘോഷിക്കാന്‍ കൃഷ്ണയ്യര്‍ക്ക് ഇടയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
കേരള ചീഫ് ജസ്റ്റീസ് മളീമഠ് ആണ് അദ്ധ്യക്ഷതവഹിച്ചത്. കേസുകള്‍ തീര്‍ക്കുന്ന കാര്യത്തില്‍ കൃഷ്ണയ്യര്‍ക്കുള്ള കഴിവിനെ അദ്ദേഹം പ്രശംസിക്കയുണ്ടായി. സുപ്രീംകോടതിയില്‍ ഏഴരവര്‍ഷംകൊണ്ട്, 700 കേസുകളില്‍ തീര്പ്പുകല്പിക്കാന് അദ്ദേഹത്തിന് സാധിച്ചു എന്ന് മളീമഠ് ചൂണ്ടിക്കാണിച്ചു. കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് യു.എല്‍.ഭട്ട്, ജസ്റ്റീസ് പി.കെ.ഷംസുദ്ദീന്, ജസ്റ്റീസ് ടി.വി.രാമകൃഷ്ണന് എന്നിവരും റിട്ട. ജസ്റ്റീസും അഴിമതി നിരോധന കമ്മീഷന് ചെയര്‍മാനുമായ ടി.ചന്ദ്രശേഖരമേനോനും ആണ്, തുടര്‍ന്നു പ്രസംഗിച്ചത്. ഇന്ത്യയുടെ പ്രശസ്തപുത്രനായ കൃഷ്ണയ്യര്‍, നിയമജ്ഞര്‍ക്ക് ഒരു യൂണിവേഴ്സല്‍ ‘ഗുരു’ ആണെന്ന് ഭട്ട് പറഞ്ഞു. ഷംസുദീന്‍, ഒന്നാം തരം മലയാള പ്രസംഗകനാണെന്ന് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞുകേട്ടപ്പോള്‍ ഞാന്‍ കരുതി, അദ്ദേഹം മലയാളത്തിലാവും സംസാരിക്കുക എന്ന്. മൂന്നുമണിക്കൂറില്‍ ആകെ കേട്ട മലയാള പ്രസംഗം ടി.പി.പീതാംബരന്മാസ്റ്ററു (എം. എല്‍. എ.)ടേതു മാത്രമായിരുന്നു.
അഡ്വക്കേറ്റ് ജനറലും ചെറുകഥാകൃത്തും ഗ്രന്ഥകാരനുമായ കെ. സുധാകരന്റെ പ്രസംഗത്തില്‍, കൃഷ്ണയ്യര്‍ 49 പുസ്തകങ്ങളുടെ കര്‍ത്താവാണെന്ന് ചൂണ്ടിക്കാട്ടി. സുധാകരന്, കൃഷ്ണയ്യരെ ആദ്യം കണ്ടത് തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീതസഭയില്‍ കര്ണ്ണാടകസംഗീതത്തെപ്പറ്റി പ്രസംഗിക്കുമ്പോളാണ്. അന്ന് അദ്ദേഹം മന്ത്രിയായിരുന്നു. ബാംഗ്ലൂരിലെ നാഷനല്‍ സ്കൂള്‍ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റിയുടെ ഡയറക്ടര്‍ ഡോ.എന്‍.ആര്. മാധവമേനോന് ആയിരുന്നു മറ്റൊരു പ്രസംഗകന്. തന്റെ ഗുരുവാണ് കൃഷ്ണയ്യര്‍ എന്ന് മേനോന് പറഞ്ഞു. സുപ്രീംകോടതിയിലെ പല ജഡ്ജിമാരും ചീഫ് ജസ്റ്റീസുമാരുമൊക്കെ അദ്ദേഹത്തെ ഗുരു എന്നു വിളിക്കാറുണ്ട് എന്നും മേനോന് ചൂണ്ടിക്കാട്ടി. രണ്ടു വ്യത്യസ്ത സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍, കൃഷ്ണയ്യരുടെ സംഭാവനകളെപ്പറ്റി പിഎച്ച്. ഡി.ക്കു ഗവേഷണം നടത്തിവരുന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. നമ്മുടെ ജുഡീഷ്യറിയുടെ പോരായ്മകളെപ്പറ്റി ഇത്ര തുറന്ന വിമര്‍ശനം നടത്തിയിട്ടുള്ള മറ്റൊരു ന്യായാധിപനും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് പീതാംബരന്‍മാസ്റ്റര്‍ പറഞ്ഞു. ഫോര്‍ഡ് ഫൗണ്ടേഷനിലെ (ഡല്‍ഹി) ആര്. സുദര്ശന് കൃഷ്ണയ്യര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
രാംജത്മലാനിയുടെ ആശംസാപ്രസംഗം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കൃഷ്ണയ്യരുടെ അഭിപ്രായങ്ങള്‍ പലതിനോടും താന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഒരു ആരാധകനാണ് താനെന്ന് ജത്മലാനി പറയുകയുണ്ടായി. സാമൂഹികനീതിക്കുവേണ്ടി കൃഷ്ണയ്യര്‍ നിര്‍വഹിച്ചിട്ടുള്ള സേവനം വിലപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1970-ല്‍ ലാകമ്മീഷനംഗമെന്ന നിലയില്‍ ഒറീസയില്‍ ചെന്നപ്പോള്‍ രംഗനാഥ് മിശ്ര തങ്ങളുടെ ആതിഥേയനായിരുന്നുവെന്ന് വി.ആര്. കൃഷ്ണയ്യര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അന്നു മുതല്‍ തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. കഴിഞ്ഞ പ്രാവശ്യം ഞാന്‍ ദല്‍ഹിയില്‍ ഉണ്ടായിരുന്നപ്പോള്‍ ചീഫ് ജസ്റ്റിസിനെക്കാണാന് തരപ്പെട്ടില്ല. അടുത്തപ്രാവശ്യം വരുമ്പോള്‍ കാണാം എന്ന് ഫോണിലൂടെ പറഞ്ഞപ്പോള്‍ മിശ്രയുടെ മറുപടി, അതിനു മുമ്പ് ഞാന്‍ കൊച്ചിയില്‍ വരും. നിങ്ങളുടെ ജന്മദിനത്തിന് !! എന്നായിരുന്നു. ചീഫ്ജസ്റ്റീസാണ് ഇന്നത്തെ മുഖ്യാതിഥി എന്ന് താനന്ന് അറിഞ്ഞിരുന്നില്ലെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: ‘എനിക്കിന്ന് 75 വയസ്സായി. അതൊരു താക്കീതാണ്. ജീവിതത്തിലെ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിപദം ഏറ്റെടുത്തുകൊണ്ടു പറഞ്ഞത്, താന്‍ ഇന്ത്യയുടെ സേവകനാണ് എന്നായിരുന്നു. ഈ ബോധം നമുക്ക് എന്നും വേണം.’
പ്രസംഗം തുടങ്ങുമ്പോള്‍, അഡ്വ. ബാലഗംഗാധരമേനോന് കൃഷ്ണയ്യരെ ഒരു കസവുകവണി അണിയിച്ചു. അത് ധരിച്ചുകൊണ്ടാണ് പ്രസംഗം തുടര്‍ന്നത്. കൃഷ്ണയ്യരുടെ വേഷത്തില്‍ അത് സ്ഥിരമാക്കാന്‍ കൊള്ളാമെന്നു തോന്നി.