( കാലത്തിന്റെ നാള്‍വഴിയില്‍ നിന്നും ) ആഗസ്റ്റ്, 1984
ജൂലൈ 16-ാം തീയതി രാവിലെ റേഡിയോയില്‍നിന്നാണ് ആ വാര്‍ത്ത കേട്ടത്. എന്റെ പ്രിയപ്പെട്ട ബാലന് മരിച്ചുവെന്ന്. നമ്മുടെ ഏറ്റവും പുതിയ തലമുറ കെ. ബാലകൃഷ്ണന് എന്ന പേരുതന്നെ കേട്ടിട്ടുണ്ടാവില്ല. പക്ഷേ, 1940-കളില്‍, ബാലകൃഷ്ണന് എന്ന പേരു ദിവസവും മൂന്നുനേരം ഓര്‍മിച്ചിരുന്ന ഒരു ജനതയാണ്, തിരുവിതാംകൂറിലുണ്ടായിരുന്നത്. ബാലന് സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയത്, വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. തിരുവനന്തപുരത്തും മധുരയിലും അദ്ദേഹം പഠിച്ചിരുന്ന കാലത്തു മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ആരാധനാപാത്രമായിത്തീര്‍ന്നു. ബാലന്റെ പ്രസംഗംകേട്ടു സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ചെറുപ്പക്കാര്‍ ഒട്ടും കുറവായിരുന്നില്ല.
1946-ല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കാലത്തെ ഒരു സംഭവം ഞാന്‍ ഓര്‍മിക്കുന്നു. (ഞങ്ങള്‍ അന്ന് ഒരു പ്രത്യേക വാര്‍ഡില്‍ തടങ്കലില്‍ കഴിയുകയാണ്–ഞങ്ങള്‍ എന്നു പറഞ്ഞാല്‍ സി.കേശവന്, കുമ്പളത്തു ശങ്കുപ്പിള്ള, കെ.എം.ചാണ്ടി, കോട്ടയം ഭാസി, പൊന്‍കുന്നം വര്‍ക്കി തുടങ്ങി പത്തോ പന്ത്രണ്ടോപേര്). കുമ്പളത്തു ശങ്കുപ്പിള്ള എട്ടോ പത്തോ ദിവസത്തെ പരോളില്‍ വീട്ടില്‍ പോയിരുന്നു. പരോളില്‍ പോകുന്ന കാലത്തു രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പങ്കെടുത്തുകൂടാ; ഒരു രാഷ്ട്രീയയോഗത്തില്‍ കേള്വിക്കാരനായിപ്പോലും. കരുനാഗപ്പള്ളിയിലോ, അടുത്തോ കെ.ബാലകൃഷ്ണന് പ്രസംഗിക്കുന്ന ഒരു യോഗമുണ്ടായിരുന്നു. കുമ്പളം ഏതോ വീട്ടിനുള്ളിലിരുന്ന് ആ പ്രസംഗം മുഴുവന്‍ കേട്ടു. എന്നിട്ടു ജയിലില്‍ തിരിച്ചെത്തിയപ്പോള്‍, സി. കേശവനോടു പറഞ്ഞ വാക്കുകള്‍ ഇന്നും അതേപടി ഞാന്‍ ഓര്‍മിക്കുന്നു:
‘എടോ, താന്‍ പുറത്തിറങ്ങിയാല്‍ എവിടെയെങ്കിലും പ്രസംഗിക്കാമെന്നു കരുതേണ്ട. തന്റെ മോന്റെ പ്രസംഗം ഞാനൊന്നു കേട്ടു. താനെത്ര ജ•ം ജനിച്ചാലും അതുപോലൊരു പ്രസംഗം ചെയ്യാന്‍ പറ്റുകയില്ല.’ തന്റെ പ്രസംഗവൈഭവംകൊണ്ടു പതിനായിരക്കണക്കിനു ജനങ്ങളെ ഇളക്കിമറിച്ചിട്ടുള്ള സി. കേശവനോടാണ് കുമ്പളം ഇങ്ങനെ പറഞ്ഞത്. ഏതായാലും അധികം താമസിയാതെ ബാലനും സെന്‍ട്രല്‍ ജയിലില്‍ എത്തി. ബാലന് സി. ക്ലാസിലായിരുന്നു.
എ. ക്ലാസിനെക്കാള്‍ ഒരു പടികൂടി ഉയര്‍ന്ന തടങ്കല്ത്തടവുകാരായിരുന്ന ഞങ്ങള്‍ ശരിക്കും രാജകീയമായിട്ടാണ് ജയില്‍ കഴിഞ്ഞിരുന്നത്. പാലും മുട്ടയും മത്സ്യവും മാംസവുമൊക്കെ വാങ്ങാനുള്ള പ്രത്യേക അലവന്‍സ് ലഭിച്ചിരുന്നു ഞങ്ങള്‍ക്ക്. ആ വാര്‍ഡിന്റെ അകത്തെ ഭരണച്ചുമതല വഹിക്കാന്‍ (കുമ്പളത്തിന്റെ ഭാഷയില്‍ ഭക്ഷ്യമന്ത്രി) എന്നെയാണു തിരഞ്ഞെടുത്തിരുന്നത്. ആ പദവി ഉപയോഗിച്ച്, ജയിലധികൃതരുടെ ദൃഷ്ടിയില്പ്പെടാതെ, ബാലന് എന്നും ഓരോ കപ്പു പാല് കൊടുത്തയയ്ക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ജനകീയഭരണം വന്നതിന്റെ ശേഷവും ബാലന് തന്റെ തീപ്പന്തം താഴെവെച്ചിരുന്നില്ല; പിതാവ്, മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആയിരുന്നപ്പോള്‍പ്പോലും.
പത്രപ്രവര്ത്തകന് എന്നനിലയില്‍ കെ.ബാലകൃഷ്ണന്റെ സ്ഥാനം എന്നും അദ്വിതീയമായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും തങ്ങളുടെ തൂലികകൊണ്ട് എന്തൊക്കെ സാധിച്ചുവെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ബാലകൃഷ്ണന്റെ പേരും തിളങ്ങുന്ന മഷിയില്‍ രേഖപ്പെടുത്താതെ വയ്യ. രാമകൃഷ്ണപിള്ളയെയും ബാലകൃഷ്ണപിള്ളയെയുംപോലെ ബാലകൃഷ്ണനും പത്രത്തിന്റെ പേരോടുകൂടിയാണ് അറിയപ്പെട്ടിരുന്നത് ‘കൗമുദി ബാലകൃഷ്ണന്.’ ചെറുപ്പക്കാരെന്നോ, മുതിര്‍ന്നവരെന്നോ ഉള്ള വ്യത്യാസമുണ്ടായിരുന്നില്ല, കൗമുദിവായനക്കാര്ക്ക്. സത്യം പറഞ്ഞാല്‍ കൗമുദി കാണാതെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല, പലര്‍ക്കും.
പത്രപ്രവര്‍ത്തനവുമായി എനിക്കു കാര്യമായ ബന്ധമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും അഞ്ചെട്ടു വര്‍ഷം ‘കറുപ്പും വെളുപ്പും’ എന്ന ഒരു കോളം ദിവസവും ഞാന്‍ എഴുതിക്കൊണ്ടിരുന്നു. മാതൃഭൂമിയില്‍ എഴുതിയിരുന്ന കാലത്ത് ഒരു ദിവസം ബാലന്റെ ഒരു കത്തു കിട്ടി. ഒരു വലിയ കടലാസില്‍ മൂന്നുവരി മാത്രം. തലേദിവസത്തെ പത്രത്തില്‍ വന്ന എന്റെ ഒരു കുറിപ്പിനെപ്പറ്റിയാണ്. ബഹിരാകാശയാത്രയോടനുബന്ധിച്ചുവന്ന ഒരു വാര്ത്തയെപ്പറ്റിയായിരുന്നു ആ കുറിപ്പ്. ‘ഡീസി എഴുതിയപോലെ ഇത്ര മനോഹരമായ ഒരു ഫലിതം ഈ വിഷയത്തെപ്പറ്റി ലോകത്തില്‍ മറ്റാരും ഇന്ന് എഴുതിയിട്ടുണ്ടാവില്ല. അഭിനന്ദനം.’
ഞാന്‍ ആ കത്തു മാതൃഭൂമിയിലെ ഒരു വലിയ പത്രാധിപര്‍ക്ക് അയച്ചുകൊടുത്തു. അദ്ദേഹം എനിക്കയച്ച മറുപടി ഇങ്ങനെയായിരുന്നു:
‘ആ കുറിപ്പിനെപ്പറ്റി പത്രാധിപസമിതി ചര്‍ച്ചചെയ്തു ചേര്ക്കേണ്ടെന്നുവച്ചതാണ്. ഞാന്‍ നിര്‍ബന്ധിച്ചതുകൊണ്ട് ഒടുവില്‍ ചേര്‍ത്തു എന്നേയുള്ളു.’ സാഹിത്യകാരനായ ബാലകൃഷ്ണനെപ്പറ്റി ഇവിടെ ഒന്നും പറയുന്നില്ല. സാഹിത്യത്തില്‍ ബാലനുണ്ടായിരുന്ന സ്ഥാനം സാഹിത്യചരിത്രകാര•ാര്‍ക്കു കണ്ടില്ലെന്നുവയ്ക്കാനാവില്ല. എന്റെ പ്രിയപ്പെട്ട ബാലന് ഇപ്പോള്‍ എവിടെയാണെന്ന് എനിക്കറിഞ്ഞുകൂടാ. അവിടെയും അടങ്ങിയൊതുങ്ങി കഴിഞ്ഞുകൂടാന്‍ അദ്ദേഹത്തിനു കഴിയില്ല എന്നെനിക്കുറപ്പുണ്ട്.