( ‘കാലത്തിന്റെ നാള്‍വഴി‘ യില്‍ നിന്നും ) ഒക്ടേബര് 13, 1988
പ്രതിപക്ഷനേതാവ് കെ.കരുണാകരന്റെ സപ്തതി ആഘോഷം ഒക്ടോബര്‍ ഒന്പതിനു കോട്ടയത്ത് നടന്നു. ഞാനൊരു കേള്വിക്കാരനായിട്ടാണ് യോഗത്തിനു പോയത്. മുമ്പില്‍ ചെന്നിരിക്കയും ചെയ്തു. പക്ഷേ കരുണാകരന്റെ നിര്‍ബന്ധത്തിനു വഴങ്ങി എനിക്ക് മുകളിലേക്കു കയറേണ്ടിവന്നു. അതുകൊണ്ടു പ്രസംഗിക്കയുംചെയ്തു. സപ്തതി ആഘോഷിക്കുന്നതിനെക്കാള്‍ കുറെക്കൂടി ഔചിത്യം കരുണാകരന് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതാണ് എന്നായിരുന്നു എന്റെ അഭിപ്രായം. അതു മനസ്സില്‍വച്ചുകൊണ്ട്, ഏതുവര്ഷത്തിലാണു കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങിയെതെന്നു ഞാന്‍ അന്വേഷിച്ചു. ‘1934-ല്‍’ എന്നുത്തരം. അമ്പതിനുപകരം 54 വര്‍ഷമായിരിക്കുന്നു. 1948 മുതല്‍ ഏതാണ്ട് എല്ലാ തെരഞ്ഞെടുപ്പിലും കരുണാകരന് വിജയിച്ചിട്ടുണ്ട്.
ഒരഭിമുഖത്തില്‍ കരുണാകരന് ഇങ്ങനെ പറഞ്ഞിരിക്കുന്നു: കേരളപ്പിറവിക്കുശേഷം നടന്ന തെരഞ്ഞെടുപ്പ്. തൃശൂര്‍ ഭാഗത്ത് എവിടെനിന്നു വേണമെങ്കിലും എനിക്കു മത്സരിക്കാമായിരുന്നു. പക്ഷേ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ ഡോ.എ.ആര്.മേനോന് സ്ഥാനാര്‍ഥിയാണ്. തനിക്കെതിരെ ആരെങ്കിലും മത്സരിച്ച്, കെട്ടിവച്ച പണം നേടാമെങ്കില്‍ താന്‍ തോറ്റതായി കണക്കാക്കും എന്ന് മേനോന് പ്രഖ്യാപിച്ചിരിക്കുന്നു. ഈ വെല്ലുവിളി സ്വീകരിക്കാന്‍ മറ്റാരും മുന്നോട്ടുവന്നില്ല. ഞാനവിടെ കയറിനിന്നു. ഞാന്‍ 1000 വോട്ടിനാണു തോറ്റത്. അങ്ങനെ പ്രഗല്ഭനായ ഡോ. എ.ആര്.മേനോനെ ഞാന്‍ ‘തോല്പിച്ചു’.
1965 മുതല്‍ കരുണാകരന് മാളയില്‍നിന്നാണ് സ്ഥിരമായി ജയിച്ചുവന്നിട്ടുള്ളത്. 1948-ല്‍ ആദ്യമായി ജയിച്ച് കൊച്ചി നിയമസഭയില്‍ ചെന്ന കാലത്തെപ്പറ്റി കരുണാകരന് ഇങ്ങനെ അനുസ്മരിക്കുന്നു: ‘പ്രൊഫ. എല്‍.എം.പൈലിയായിരുന്നു സ്പീക്കര്‍. പ്രഗല്ഭരായ ബാലകൃഷ്ണമേനോന്, പനമ്പിള്ളി ഗോവിന്ദമേനോന്, ഇക്കണ്ടവാരിയര്‍, സി.എ. ഔസേപ്പ്, സഹോദരന് അയ്യപ്പന്, ജോസഫ് മുണ്ടശ്ശേരി, ആനി തയ്യില്‍, കെ.കെ.വിശ്വനാഥന്, എ.എം.തോമസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സഭയിലേക്കാണ് ഞാന്‍ കടന്നു ചെന്നത്. പ്രഗല്ഭമതികളുടെ ആ ഒത്തുചേരല്‍ എത്രയോ ഉന്നതമായ മാനദണ്ഡം പുലര്‍ത്തിയിരുന്നു. കേരള പാര്‍ലമെന്റ് ചരിത്രത്തിലെ സുവര്‍ണകാലമായിരുന്നു, അത്.
ചര്‍ച്ചയൊക്കെ എത്രയോ ഉയര്‍ന്ന തലത്തിലായിരുന്നു. അസംബ്ലി നടപടികളൊക്കെ തനി ബ്രിട്ടീഷ് മാതൃകയില്‍. എത്ര കൃത്യവും ചിട്ടയും. ഞാന്‍ ആദ്യത്തെ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തത് ഒരാഴ്ചക്കാലം രാവും പകലും നിയമസഭാ ലൈബ്രറിയില്‍ കുത്തിയിരുന്നു പഠിച്ച ശേഷമാണ്. ഇന്ന് ഇതൊക്കെ ആരു ഗൗനിക്കുന്നു? നേരെ അസംബ്ലിയിലേക്കു വരുന്നു. എന്തെങ്കിലും കുറെ രാഷ്ട്രീയം തട്ടിവിടുന്നു, എന്നുകൂടി കരുണാകരന് കൂട്ടിച്ചേര്‍ത്തു.