( ‘കാലത്തിന്റെ നാള്‍വഴി‘ യില്‍ നിന്നും ) സെപ്റ്റംബര്‍, 1986
കേശവമേനോനെപ്പറ്റി സ്വല്പം വരികള്‍ ഇപ്രാവശ്യം എഴുതണമെന്ന് തോന്നി. കേശവമേനോന് എന്നു പറഞ്ഞാല്‍ ഏതു കേശവമേനോന് എന്ന് ആരും ചോദിക്കയില്ല ഇന്ന്. കാരണം കേരളത്തില്‍ ഒരു കേശവമേനോനെ ഉണ്ടായിട്ടുള്ളു. ഇനി മറ്റൊരു കേശവമേനോന് ഉണ്ടാകുമെന്നു തോന്നുന്നില്ല. കെ. പി. കേശവമേനോന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന കാലമാണിത്. എട്ടുവര്‍ഷം മുമ്പാണ് അദ്ദേഹം അന്തരിച്ചത്. വേണമെങ്കില്‍ നൂറാം ജന്മദിനം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന് അതില്‍ സംബന്ധിക്കാനാവും എന്ന് എനിക്കു ചിലപ്പോള്‍ തോന്നിയിരുന്നു. തൊണ്ണൂറാം വയസ്സിലും നല്ല ആരോഗ്യവാനായിരുന്നു കേശവമേനോന്.
കോഴിക്കോട്ടെത്തിയാല്‍ കേശവമേനോനെ കാണുക എന്നതാവും എന്റെ പരിപാടിയിലെ ആദ്യയിനം. അരമണിക്കൂറോ, ചിലപ്പോള്‍ അതില്‍ കുറച്ചോ സമയമേ എടുക്കാറുള്ളു. എങ്കിലും എപ്പോഴും പുതുതായി എന്തെങ്കിലും സമ്പാദിച്ചുകൊണ്ടാണ്, ഞാന്‍ മുറിക്കു പുറത്തുകടക്കുന്നത്. കോട്ടയത്ത് എപ്പോഴെല്ലാം കേശവമേനോന് വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഞങ്ങള്‍ കണ്ടുകൂടാറുണ്ട്. ഒരു ദിവസം അദ്ദേഹത്തിന് എന്റെ വീട്ടില്‍ വരണമെന്നു തോന്നി. 88 ആണെന്നു തോന്നുന്നു അന്നത്തെ പ്രായം. നാലുമണിക്ക് എത്തണമെന്നു പറഞ്ഞ് ഒരു മീറ്റിങ്ങിനു ക്ഷണിക്കുക. നമ്മള് കൃത്യസമയത്ത് എത്തുന്നു. പലപ്പോഴും നടത്തിപ്പുകാര്കൂടി ഉണ്ടാവില്ല. ഒന്നോ, ഒന്നരെയോ മണിക്കൂര്‍ കഴിഞ്ഞാവും മീറ്റിങ് തുടങ്ങുക. ഈ വകയില്‍ എത്രയോ സമയമാണ് നഷ്ടപ്പെടുക. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം കേശവമേനോനെ ഓര്‍ത്തുപോകും.
1977 മെയ് 14. കൊട്ടാരത്തില്‍ ശങ്കുണ്ണിസ്മാരകമന്ദിരത്തിനു ശിലാസ്ഥാപനം നടത്തുന്ന ദിവസം. രാവിലെ 11-നാണു ചടങ്ങ്. അന്ന് കേന്ദ്രമന്ത്രിയായ പനമ്പിള്ളി ഗോവിന്ദമേനോനും കേശവമേനോനും ഒക്കെയുണ്ട്. നേരത്തേതന്നെ പ്രമാണികളെല്ലാം എത്തി. ടി.ബി.യില്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കയാണ്. മണി 11.05 ആയി. കേശവമേനോന്റെ ഉള്‍ക്കണ്ണുകൊണ്ട് 11 കഴിഞ്ഞ കാര്യം കണ്ടിരിക്കും. ‘പനമ്പിള്ളീ, സമയം 11 ആയില്ലേ, ഉടനെ പോകണം.’ കേശവമേനോന് പറഞ്ഞു. എല്ലാവരും എഴുന്നേറ്റു യോഗസ്ഥലത്തേക്കു നീങ്ങി.
കോഴിക്കോട്ടുനഗരത്തിനെങ്കിലും ‘സമയബോധം’ ഉണ്ടാക്കാന്‍ കേശവമേനോനു കഴിഞ്ഞിരുന്നു; ഇന്ന് ആ ബോധം കോഴിക്കോട്ടുകാര്ക്കില്ലെങ്കിലും.
1977 ജൂണ്‍ 4-ന് കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള സ്മാരകത്തിന്റെ ഉദ്ഘാടനം. കേശവമേനോനാണ് ഉദ്ഘാടകന്‍. അദ്ദേഹം തലേന്നുതന്നെ എത്തി. മനോരമ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നു. ഞങ്ങള്‍ മനോരമയില്‍, വര്ഗീസ്മാപ്പിളയെപ്പറ്റിയുള്ള ഒരു സിമ്പോസിയത്തില്‍ പങ്കെടുക്കുകയാണ്. ആരോ ഓടിവന്ന് രഹസ്യമായി എന്നോടു പറഞ്ഞു, കേശവമേനോന് സ്മാരകമന്ദിരത്തിന്റെ മുകളിലേക്കു കയറിക്കൊണ്ടിരിക്കുന്നു എന്ന്. ഞാന്‍ കെ. എം. മാത്യുവിനെ വിവരം അറിയിച്ചശേഷം അങ്ങോട്ടു പാഞ്ഞു. ഞാന്‍ എത്തുമ്പോഴേക്ക് അദ്ദേഹം നാലാം നിലയും കഴിഞ്ഞു ടെറസിലെത്തിയിരിക്കുന്നു. അവിടെ നിന്നുകൊണ്ടു പട്ടണത്തിന്റെ വിവിധ ഭാഗങ്ങള്‍ ചോദിച്ചറിയുന്നു. കണ്ണിന്റെ കാഴ്ച നിശ്ശേഷം നഷ്ടപ്പെട്ടിട്ട് ദശവര്ഷങ്ങള്തന്നെ പിന്നിട്ട ഒരു 90 കാരന്റെ സാഹസിക കൃത്യം! താന്‍ ഉദ്ഘാടനം ചെയ്യുന്ന മന്ദിരത്തെപ്പറ്റി തനിക്കു നേരിട്ടറിവു കിട്ടണമെന്നതായിരിക്കണം, അദ്ദേഹത്തിനുള്ള ന്യായം.