ഇന്ത്യയിലെ മികച്ച എഴുത്തുകാരുടെ പേരു പറയാന്‍ പറഞ്ഞാല്‍ അക്കൂട്ടത്തില്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പേരു പലരും ആദ്യം ഓര്‍മ്മിക്കയില്ല. കാരണം, അവര്‍ മറ്റു രംഗങ്ങളില്‍ വളരെ വലിയവരായിരുന്നു എന്നതുതന്നെ. കേശവമേനോന്റെ കാര്യവും ഇങ്ങനെയാണെന്നു ഞാന്‍ പറയും.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) സെപ്തംബര്‍, 1986
കേശവമേനോനെപ്പറ്റി സ്വൽപം വരികള്‍ ഇപ്രാവശ്യം എഴുതണമെന്ന് തോന്നി. കേശവമേനോന് എന്നു പറഞ്ഞാല്‍ ഏതു കേശവമേനോന് എന്ന് ആരും ചോദിക്കയില്ല ഇന്ന്. കാരണം കേരളത്തില്‍ ഒരു കേശവമേനോനെ ഉണ്ടായിട്ടുള്ളു. ഇനി മറ്റൊരു കേശവമേനോന് ഉണ്ടാകുമെന്നു തോന്നുന്നില്ല.
കെ. പി. കേശവമേനോന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന കാലമാണിത്. എട്ടുവര്‍ഷം മുമ്പാണ് അദ്ദേഹം അന്തരിച്ചത്. വേണമെങ്കില്‍ നൂറാം ജന്മദിനം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന് അതില്‍ സംബന്ധിക്കാനാവും എന്ന് എനിക്കു ചിലപ്പോള്‍ തോന്നിയിരുന്നു. തൊണ്ണൂറാം വയസ്സിലും നല്ല ആരോഗ്യവാനായിരുന്നു കേശവമേനോന്.
സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമാണ്, വിദേശത്തുനിന്നും തിരിച്ചെത്തി വീണ്ടും മാതൃഭൂമിയുടെ പത്രാധിപത്യം അദ്ദേഹം ഏറ്റെടുത്തത്. അതിനുശേഷം കോഴിക്കോട്ടു പോകുന്ന എല്ലാ അവസരങ്ങളിലും കേശവമേനോനെ കാണുക എന്റെ പതിവായിരുന്നു. എന്നു മാത്രമല്ല, കോഴിക്കോട്ടെത്തിയാല്‍ കേശവമേനോനെ കാണുക എന്നതാവും എന്റെ പരിപാടിയിലെ ആദ്യയിനം. അരമണിക്കൂറോ, ചിലപ്പോള്‍ അതില്‍ കുറച്ചോ സമയമേ എടുക്കാറുള്ളു. എങ്കിലും എപ്പോഴും പുതുതായി എന്തെങ്കിലും സമ്പാദിച്ചുകൊണ്ടാണ്, ഞാന്‍ മുറിക്കു പുറത്തുകടക്കുന്നത്. കോട്ടയത്ത് എപ്പോഴെല്ലാം കേശവമേനോന് വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഞങ്ങള്‍ കണ്ടുകൂടാറുണ്ട്. അതൊക്കെ ഏതെങ്കിലും പൊതു സ്ഥലത്തോ, അല്ലെങ്കില്‍ അദ്ദേഹം താമസിക്കുന്നിടത്തോ വച്ചാവും. ഒരു ദിവസം അദ്ദേഹത്തിന് എന്റെ വീട്ടില്‍ വരണമെന്നു തോന്നി. നേരത്തേ എന്നെ അറിയിച്ചു, വൈകിട്ട് ആറുമണികഴിഞ്ഞ് ദേവലോകത്ത് എത്തുമെന്ന്.
വീട്ടില്‍ വന്നുകയറിയ ഉടനെ വീടിനെപ്പറ്റി പലതും ചോദിച്ചു. എന്നാണു പണിതീര്‍ന്നത് എന്നു തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍. അങ്ങനെ വന്ന ഉടനെതന്നെ അദ്ദേഹം എന്റെ വീടുമുഴുവന്‍ ‘കണ്ടു.’ പിന്നെ പല കാര്യങ്ങളും സംസാരിച്ചു. പോകാന്‍ ധൃതികൂട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു: ‘പതിനഞ്ചു മിനിറ്റിനകം ചപ്പാത്തി തയ്യാറാകും; കഴിച്ചിട്ടുപോകാമെന്ന്.’ കേശവമേനോന്റെ മറുപടി: ‘എനിക്ക് ഇപ്പോള്‍ ചപ്പാത്തി വേണ്ട. ഇവിടെ വന്ന്, ഞാന്‍ ഊണുകഴിക്കാം; ഇനി കോട്ടയത്തു വരുമ്പോള്‍.’ അടുത്ത പ്രാവശ്യം വരുന്ന ദിവസം മുന്‍കൂട്ടി അറിയിച്ചു. ഊണിനു വേണ്ട വിഭവങ്ങള്‍ എന്തൊക്കെയാണെന്ന് അദ്ദേഹത്തിന്റെ ‘കണ്ണാ’യി പ്രവര്‍ത്തിക്കുന്ന ശ്രീനിവാസനില്‍നിന്നു നേരത്തേ മനസ്സിലാക്കിയിരുന്നു.
കേശവമേനോന് ഭക്ഷണപ്രിയനാണെന്നാണ് വയ്പ്. അതുകൊണ്ടുതന്നെ എന്റെ ഭാര്യ, ഊണു പരമാവധി നന്നാക്കാന്‍ ശ്രമിച്ചു. ഊണുകഴിഞ്ഞ് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കാനും അദ്ദേഹം മറന്നില്ല. പക്ഷേ, ഭക്ഷണത്തിന്റെ അളവ് വളരെ കുറച്ചിരുന്നു. 88 ആണെന്നു തോന്നുന്നു അന്നത്തെ പ്രായം.
ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ഇപ്പോഴും ഞാന്‍ കേശവമേനോനെ ഓര്‍മിക്കും. നാലുമണിക്ക് എത്തണമെന്നു പറഞ്ഞ് ഒരു മീറ്റിങ്ങിനു ക്ഷണിക്കുക. നമ്മള് കൃത്യസമയത്ത് എത്തുന്നു. പലപ്പോഴും നടത്തിപ്പുകാര്കൂടി ഉണ്ടാവില്ല. ഒന്നോ, ഒന്നരെയോ മണിക്കൂര്‍ കഴിഞ്ഞാവും മീറ്റിങ് തുടങ്ങുക. ഈ വകയില്‍ എത്രയോ സമയമാണ് നഷ്ടപ്പെടുക. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം കേശവമേനോനെ ഓര്‍ത്തുപോകും.
1977 മെയ് 14. കൊട്ടാരത്തില്‍ ശങ്കുണ്ണിസ്മാരകമന്ദിരത്തിനു ശിലാസ്ഥാപനം നടത്തുന്ന ദിവസം. രാവിലെ 11-നാണു ചടങ്ങ്. അന്ന് കേന്ദ്രമന്ത്രിയായ പനമ്പിള്ളി ഗോവിന്ദമേനോനും കേശവമേനോനും ഒക്കെയുണ്ട്. നേരത്തേതന്നെ പ്രമാണികളെല്ലാം എത്തി. ടി.ബി.യില്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കയാണ്. മണി 11.05 ആയി. കേശവമേനോന്റെ ഉള്‍ക്കണ്ണുകൊണ്ട് 11 കഴിഞ്ഞ കാര്യം കണ്ടിരിക്കും. ‘പനമ്പിള്ളീ, സമയം 11 ആയില്ലേ, ഉടനെ പോകണം.’ കേശവമേനോന് പറഞ്ഞു. എല്ലാവരും എഴുന്നേറ്റു യോഗസ്ഥലത്തേക്കു നീങ്ങി.
കോഴിക്കോട്ടുനഗരത്തിനെങ്കിലും ‘സമയബോധം’ ഉണ്ടാക്കാന്‍ കേശവമേനോനു കഴിഞ്ഞിരുന്നു; ഇന്ന് ആ ബോധം കോഴിക്കോട്ടുകാര്ക്കില്ലെങ്കിലും.
1977 ജൂണ്‍ 4-ന് കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള സ്മാരകത്തിന്റെ ഉദ്ഘാടനം. കേശവമേനോനാണ് ഉദ്ഘാടകന്‍. അദ്ദേഹം തലേന്നുതന്നെ എത്തി. മനോരമ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നു. ഞങ്ങള്‍ മനോരമയില്‍, വര്ഗീസ്മാപ്പിളയെപ്പറ്റിയുള്ള ഒരു സിമ്പോസിയത്തില്‍ പങ്കെടുക്കുകയാണ്. ആരോ ഓടിവന്ന് രഹസ്യമായി എന്നോടു പറഞ്ഞു, കേശവമേനോന് സ്മാരകമന്ദിരത്തിന്റെ മുകളിലേക്കു കയറിക്കൊണ്ടിരിക്കുന്നു എന്ന്. ഞാന്‍ കെ. എം. മാത്യുവിനെ വിവരം അറിയിച്ചശേഷം അങ്ങോട്ടു പാഞ്ഞു. ഞാന്‍ എത്തുമ്പോഴേക്ക് അദ്ദേഹം നാലാം നിലയും കഴിഞ്ഞു ടെറസിലെത്തിയിരിക്കുന്നു. അവിടെ നിന്നുകൊണ്ടു പട്ടണത്തിന്റെ വിവിധ ഭാഗങ്ങള്‍ ചോദിച്ചറിയുന്നു. കണ്ണിന്റെ കാഴ്ച നിശ്ശേഷം നഷ്ടപ്പെട്ടിട്ട് ദശവര്ഷങ്ങള്തന്നെ പിന്നിട്ട ഒരു 90 കാരന്റെ സാഹസിക കൃത്യം!
താന്‍ ഉദ്ഘാടനം ചെയ്യുന്ന മന്ദിരത്തെപ്പറ്റി തനിക്കു നേരിട്ടറിവു കിട്ടണമെന്നതായിരിക്കണം, അദ്ദേഹത്തിനുള്ള ന്യായം. രാഷ്ട്രീയരംഗത്ത് അതുല്യമായ സംഭാവന നല്കിയ കേശവമേനോനെപ്പറ്റി ഞാനിവിടെ ഒന്നും പറയുന്നില്ല.
പക്ഷേ, സാംസ്കാരിക രംഗത്തെ കേശവമേനോനെപ്പറ്റി ഒന്നും പറയാതിരിക്കാന്‍ എനിക്കാവില്ലല്ലോ.
‘മാതൃഭൂമി’യുടെ ഉത്ഭവത്തിനും വളര്‍ച്ചയ്ക്കും അദ്ദേഹത്തിന്റെ സംഭാവന എത്രയോ വലുതാണ്. ‘മാതൃഭൂമി’യെ മാതൃഭൂമിയുടെ ശബ്ദമാക്കി മാറ്റാന്‍ കേശവമേനോനു കഴിഞ്ഞു എന്ന് ഒറ്റ വാക്കില്‍ പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കട്ടെ. ഐക്യകേരളത്തിനുവേണ്ടിയുളള ഏറ്റവും ഉറച്ച ശബ്ദമുണ്ടാക്കിയത് അദ്ദേഹമാണ്. എത്രയോ രാഷ്ട്രീയനേതാക്കന്മാരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ്, മലയാളം സംസാരിക്കുന്ന ജനങ്ങള്‍ക്ക് സ്വന്തമായി ഒരു സംസ്ഥാനം വേണമെന്ന പ്രക്ഷോഭണത്തിന് അദ്ദേഹം നേതൃത്വം നല്‍കിയത്.
ഇന്ത്യയിലെ മികച്ച എഴുത്തുകാരുടെ പേരു പറയാന്‍ പറഞ്ഞാല്‍ അക്കൂട്ടത്തില്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പേരു പലരും ആദ്യം ഓര്‍മ്മിക്കയില്ല. കാരണം, അവര്‍ മറ്റു രംഗങ്ങളില്‍ വളരെ വലിയവരായിരുന്നു എന്നതുതന്നെ. കേശവമേനോന്റെ കാര്യവും ഇങ്ങനെയാണെന്നു ഞാന്‍ പറയും.
എന്‍.വി. പറഞ്ഞതുപോലെ, കവിത ഒഴിച്ചു സാഹിത്യത്തിന്റെ മിക്ക വിഭാഗങ്ങളിലും കേശവമേനോന് കൈവച്ചിട്ടുണ്ട്. ‘കഴിഞ്ഞകാലം’ എന്ന ആത്മകഥ മലയാളത്തിലെ ആത്മകഥാ വിഭാഗത്തിന്റെ മുന്നില്‍ നില്ക്കുന്നു. സാഹിത്യ അക്കാദമി ഈ പുസ്തകത്തിന് അവാര്‍ഡ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
‘രാഷ്ട്രപിതാവ്’ (രണ്ടു വാല്യം), യേശുക്രിസ്തു എന്നിവ ഉള്‍പ്പെടെ ജീവചരിത്രസാഹിത്യത്തിന് അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവന വളരെ വലുതാണ്. ക്ലേശിക്കുന്ന മനസ്സിനെ സാന്ത്വനപ്പെടുത്താനുതകുന്ന എത്രയോകൃതികളാണ് അദ്ദേഹം എഴുതിക്കൂട്ടിയിട്ടുള്ളത്. തന്റെ പുസ്തകങ്ങളില്കൂടി കെ.പി.കേശവമേനോന് മലയാളികളുടെ മനസ്സില്‍ വളരെക്കാലം ജീവിക്കും.
സെപ്റ്റംബര്‍ 8 , 1994
കെ.പി. കേശവമേനോന്റെ 108-ാം ജന്മദിനമായിരുന്നു 1994 സെപ്റ്റംബര്‍ 1-ന്. തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ ചര്‍ച്ചാവേദി സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തില്‍ ഗവര്‍ണര്‍ രാച്ചയ്യ സംബന്ധിക്കുമെന്ന് വച്ചിരുന്നു. പക്ഷേ, അദ്ദേഹം സംസ്ഥാനത്തിനു പുറത്തെവിടെയോ കുടുങ്ങിപ്പോയി. വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീറായിരുന്നു ഉദ്ഘാടകന്‍. കേശവമേനോന്റെ ധീരോദാത്തമായ പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഉയര്‍ത്തിപ്പിടിച്ച തത്ത്വങ്ങള്‍ക്കുവേണ്ടി ശക്തമായ സമീപനം സ്വീകരിച്ച ആദര്‍ശധീരനായിരുന്നു കേശവമേനോനെന്നും ബഷീര്‍ അഭിപ്രായപ്പെട്ടു.
വി.എം. സുധീരനായിരുന്നു, മുഖ്യപ്രസംഗകന്. കേരളത്തിന്റെ മാര്‍ഗ്ഗദീപം എന്നാണ് അദ്ദേഹം കേശവമേനോനെ വിശേഷിപ്പിച്ചത്. സമൂഹത്തെ നേരായ പാതയിലൂടെ നയിക്കുകയായിരുന്നു ”നാം മുന്നോട്ട്” എന്ന പേരില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ ലക്ഷ്യം. രാജ്യനന്മയായിരുന്നു പ്രധാനം. ഭാര്യ രോഗബാധിതയായി കിടക്കുന്ന സമയത്താണ്, കേശവമേനോന് വൈക്കംസത്യാഗ്രഹത്തില് പങ്കെടുത്തത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കേരളത്തില്‍ അടിത്തറ പാകിയത് അദ്ദേഹമായിരുന്നു. കേരളത്തിലെ നിസ്സഹകരണപ്രവര്ത്തനത്തിന്റെ ജീവാത്മാവ് കേശവമേനോന് ആണെന്ന് ബ്രിട്ടീഷ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ള വിവരവും സുധീരന് ചൂണ്ടിക്കാട്ടി.
എ.പി. ഉദയഭാനുവിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ എം. അച്യുതനും ഡോ. വി.കെ. സുകുമാരന്‍നായരും ഞാനും പ്രസംഗിക്കയുണ്ടായി. 1923 മാര്‍ച്ച് 17ന് മാതൃഭൂമി പത്രം പുറത്തുവന്ന ദിവസമായിരുന്നു കേശവമേനോന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദപ്രദമായ ദിവസമെന്ന് ഞാന്‍ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം എന്ന നിലയിലാണ് അന്ന് പത്രം ആരംഭിച്ചത്. അതിനുവേണ്ടി അദ്ദേഹം സഹിച്ച ക്ലേശം കുറച്ചൊന്നുമായിരുന്നില്ല. കേരളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളായിരുന്നു, അദ്ദേഹമെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ മുപ്പതോളം ഗ്രന്ഥങ്ങളും, വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിയാണ് രചിച്ചത്. ജീവചരിത്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്കി. ‘കഴിഞ്ഞകാലം’ എന്ന ആത്മകഥ, മലയാളത്തിലെ ആത്മകഥകളുടെ കൂട്ടത്തില്‍ ഏറ്റവും മുന്തിയതത്രെ. സമയനിഷ്ഠയുടെ കാര്യത്തില്‍ കേശവമേനോന് നമുക്കെല്ലാം മാതൃകയാണ്. അദ്ദേഹത്തിന്റെ കാലശേഷമുള്ള 15 വര്‍ഷങ്ങളില്‍ നമ്മുടെ ‘സമയബോധം’ നഷ്ടപ്പെട്ടുകൊണ്ടാണിരിക്കുന്നതെന്നും ഞാന്‍ പറയുകയുണ്ടായി.