”ഈ സംഭവത്തിലാണ്, ഞാന്‍ ആദ്യമായി മറ്റുള്ളവരില്‍നിന്ന് ഉയര്‍ന്ന സ്ഥാനത്ത് എത്തിയത്. അത് രാഷ്ട്രപതിയാകും വരെ തുടര്‍ന്നു. മറ്റൊരു ഗുണംകൂടികിട്ടി. തൊലിക്കട്ടി എന്നു പറയാം അതിനെ. പില്ക്കാലത്ത് ഞാന്‍ വഹിച്ച പല സ്ഥാനങ്ങള്‍ക്കും തൊലിക്കട്ടി ആവശ്യമായിരുന്നു.” ഈ രണ്ട് മഹത് കാര്യങ്ങളും സാധിച്ചുകൊടുത്ത വിദ്യാലയത്തെ നന്ദിയുള്ളവര്ക്കു മറക്കാനാവില്ലല്ലോ
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ഒക്ടോബർ 19, 1997
രാഷ്ട്രപതിയുടെ ഇപ്രാവശ്യത്തെ സന്ദര്‍ശനത്തെപ്പറ്റി വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമേ ഞാന്‍ എഴുതിയുള്ളു. മൂന്നു ദിവസത്തെ പര്യടനമെന്നാണ് ഔദ്യോഗികമായ അറിയിപ്പ് (ചിലപ്പോഴൊക്കെ നാലു ദിവസമെന്നും ഔദ്യോഗികരേഖകളില്‍ കണ്ടു). ആകെ പര്യടനത്തിനുമാറ്റിവച്ച സമയത്തില്‍ എഴുപതുശതമാനവും കോട്ടയത്തിനുവേണ്ടിമാത്രമായി വച്ചിരിക്കയായിരുന്നു. കോട്ടയം നഗരത്തില്‍ മാമ്മന്മാപ്പിളഹാളിന്റെ ഉദ്ഘാടനം മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി സമയം ഉഴവൂരായിരുന്നു എന്നു പറഞ്ഞാല്‍ അസത്യമാകില്ല. നാരായണന് പഠിച്ച മൂന്നു സ്കൂളുകള്‍ കുറിച്ചിത്താനം ഗവണ്മെന്റ് എല്‍.പി. സ്കൂള്‍ ആദ്യം. ഈ സ്കൂളിന്റെ പേര് ഇപ്പോള്‍ ‘കെ.ആര്.നാരായണന് സ്കൂള്‍’ എന്നു മാറ്റിയിരിക്കയാണ്. ഇതു വേണ്ടിയിരുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്.
പിന്നെ ഉഴവൂരെ ഒ.എല്‍.എല്‍. സ്കൂളും കുറവിലങ്ങാട് സെന്റ്മേരീസ് ഹൈസ്കൂളും (ഇനി കൂത്താട്ടുകുളത്തിനടുത്തുള്ള വടകരസ്കൂളും ബാക്കിയുണ്ട്. അടുത്ത സന്ദര്‍ശനത്തില്‍ അവിടെ പോകുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊന്ന് സി.എം.എസ്. കോളേജാണ്. ഉപരാഷ്ട്രപതി എന്ന നിലയില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇവിടെ വന്നിരുന്നു). ഇതിലെ ഒ.എല്‍.എല്‍. സ്കൂളിനെ ആദ്യം സന്ദര്‍ശിക്കാം നമുക്ക് (ഒ.എല്‍.എല്‍. എന്നുവച്ചാല്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്). ഇവിടെ പഠിച്ചപ്പോള്‍ ഫീസ് കൊടുക്കാന്‍ നിവൃത്തിയില്ലാതെ ബെഞ്ചിന്റെ മുകളില്‍ കയറ്റിനിര്‍ത്തി. ഇതേപ്പറ്റി നാരായണന്റെ വര്‍ണ്ണന അതീവസുന്ദരമാണ്: ”ഈ സംഭവത്തിലാണ്, ഞാന്‍ ആദ്യമായി മറ്റുള്ളവരില്‍നിന്ന് ഉയര്‍ന്ന സ്ഥാനത്ത് എത്തിയത്. അത് രാഷ്ട്രപതിയാകും വരെ തുടര്‍ന്നു. മറ്റൊരു ഗുണംകൂടികിട്ടി. തൊലിക്കട്ടി എന്നു പറയാം അതിനെ. പില്ക്കാലത്ത് ഞാന്‍ വഹിച്ച പല സ്ഥാനങ്ങള്‍ക്കും തൊലിക്കട്ടി ആവശ്യമായിരുന്നു.” ഈ രണ്ട് മഹത് കാര്യങ്ങളും സാധിച്ചുകൊടുത്ത വിദ്യാലയത്തെ നന്ദിയുള്ളവര്ക്കു മറക്കാനാവില്ലല്ലോ.
ഒ.എല്‍.എല്‍. മൈതാനത്തെ ആള്‍ക്കൂട്ടം സകലരെയും ഒരുപോലെ വിസ്മയഭരിതരാക്കി. ഒന്നാമത്, നാരായണന്‍തന്നെ. അദ്ദേഹം ചോദിച്ചു. ”ഉഴവൂരില്‍, എന്റെ നാട്ടില്‍ ഇത്രയും ജനങ്ങള്‍ ഉണ്ടോ?” ഇന്ത്യയുടെ വിവിധപ്രദേശങ്ങളില്നിന്നുമാത്രമല്ല വിദേശപത്രപ്രതിനിധികളും ഫോട്ടോഗ്രാഫര്‍മാരും ഒരുപോലെ പറഞ്ഞു: ”ഇത് വിശ്വസിക്കാവുന്നതിനപ്പുറത്താണ്. ഇതുപോലൊന്നു കണ്ടിട്ടില്ല. ജനങ്ങളുടെ വികാരപ്രകടനം ഞങ്ങളെ അത്ഭുതപ്പെടുത്തി.”
നാരായണന് രാഷ്ട്രപതിയായിത്തീര്‍ന്ന ദിവസം ഉഴവൂരിലെ ആഘോഷം ദൂരദര്‍ശനില്‍ കണ്ട മുംബൈയിലെ ഒരു വ്യാപാരപ്രമുഖനായ മുരളിദിയോറ ഒ.എല്‍.എല്‍. സ്കൂളിന് അത്യാധുനിക കമ്പ്യൂട്ടര്‍ കേന്ദ്രം തുടങ്ങാന്‍ രണ്ടരലക്ഷം രൂപ സംഭാവന ചെയ്യാന്‍ തീരുമാനിച്ച വിവരം ഉഴവൂരില്‍ പ്രഖ്യാപിക്കപ്പെട്ടു. 19-ാം തീയതി ഉച്ചയ്ക്കു 12.35-ന് ഉഴവൂരെ കോച്ചേരില്‍ വീട്ടിലെത്തിയ നാരായണന്റെ വേഷം സാധാരണ ഉഴവൂര്ക്കാരുടേതില്നിന്ന് വ്യത്യസ്തമായിരുന്നില്ല. വെള്ളമുണ്ടും ജുബ്ബയും. പത്നി ഉഷയും പേരക്കുട്ടി ചന്ദ്രികയുമാണ് കൂടെ ഉണ്ടായിരുന്നത്.
ടൂറിസം വകുപ്പ് രാഷ്ട്രപതിക്കും കുടുംബത്തിനും വേണ്ട ഓണസദ്യ ഒരുക്കിക്കൊണ്ടുവന്നിരുന്നു. സാമ്പാറും അവിയലും കാളനും ഓലനും തീയലും തോരനും കടുമാങ്ങയും പാവയ്ക്ക അച്ചാറും പപ്പടവും രണ്ടുകൂട്ടം പായസവും. പുറമേ പൊരിച്ച കരിമീനും കശുവണ്ടിസൂപ്പും. പക്ഷേ, നാരായണന് കഴിച്ചത്, ചേച്ചി ഗൗരി പാകം ചെയ്ത ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത ഇലയടയും അരിപിടിയും അപ്പവും ഇറച്ചിക്കറിയും. മറ്റുള്ളവര്‍ ടൂറിസംവകുപ്പിന്റെ സദ്യ ഉണ്ടു.
നാരായണന് രണ്ടുവര്‍ഷം പഠിച്ച കുറവിലങ്ങാടു സ്കൂളിലെത്തിയപ്പോള്‍ അവിടെ പണ്ടുണ്ടായിരുന്ന പണ്ഡിതന്മാരായ അദ്ധ്യാപകരെ ഓര്‍മ്മിച്ചു. പണ്ഡിതനും സ്കൂള്സ്ഥാപകനുമായ നിധീരിക്കല്‍ മാണിക്കത്തനാരുടെ അര്ദ്ധകായപ്രതിമ രാഷ്ട്രപതി അനാവരണം ചെയ്തു. ഈ സ്കൂളില്‍ വച്ചാണ് അദ്ദേഹം തന്റെ ആദ്യകവിത (1936) പ്രസിദ്ധപ്പെടുത്തിയത്. ഇനി നമുക്ക് ഉഴവൂരില്‍ ഒട്ടും നില്‍ക്കേണ്ട. നിന്നാല്‍ പോരാനെളുപ്പമല്ല. രാഷ്ട്രപതി തന്നെ ഇവിടെ ഒരു മണിക്കൂറിലധികം താമസിച്ചുപോയി. രണ്ടുദിവസവും അദ്ദേഹം താമസിച്ചത്, നാട്ടകത്തെ ഗസ്റ്റ്ഹൗസിലാണ്. ഒന്നാം ദിവസം തലസ്ഥാനത്തുനിന്നു കാറില്‍ യാത്രചെയ്യേണ്ടിവന്നതും തുടര്‍ന്നുള്ള യോഗവും 80-നടുത്തെത്തിയ അദ്ദേഹത്തെ അത്രയധികം അസ്വസ്ഥനാക്കിയില്ല. എങ്കിലും അന്നുരാത്രിയും പിറ്റേന്നു രാവിലെയും സന്ദര്‍ശകരെ ഒഴിവാക്കാന്‍ നിര്‍ബന്ധിതനായി എന്നു മാത്രം. രണ്ടാംദിവസം വൈകിട്ടു കുറച്ചു സന്ദര്‍ശകരെ കാണാന്‍ വെച്ചിരുന്നു. ഞാനുമതിലുണ്ടായിരുന്നു. പക്ഷേ, ഉഴവൂര്പരിപാടി വിചാരിച്ചതിലധികം നീണ്ടതിനാല്‍ അന്നും സന്ദര്‍ശകരെ ഒഴിവാക്കേണ്ടിവന്നു.
അവസാനദിവസം രാവിലെ എട്ടു മുതലുള്ള സമയം സന്ദര്‍ശകര്‍ക്കുവേണ്ടി മാറ്റിവച്ചിരുന്നു. പക്ഷേ, രണ്ടുപ്രാവശ്യം മടങ്ങിപ്പോയവരും മറ്റും അന്നു വന്നില്ല. സന്ദര്‍ശകര്‍ ഇരുന്ന മുറിയിലേക്കു രാഷ്ട്രപതി നേരെ കടന്നുവന്നു. സമയം ലാഭിക്കാനുള്ള ഒരു ‘തന്ത്ര’മായിരുന്നു അത്. അരമിനിറ്റിലും മുക്കാല്‍ മിനിറ്റിലുമൊക്കെ കണ്ടും കടലാസുള്ളതു വാങ്ങിയും നീങ്ങി. പണ്ടുമുതലുള്ള പതിവനുസരിച്ച് എനിക്ക് എപ്പോഴും കൂടുതല്‍ സമയം തരാറുണ്ട്. എങ്കിലും ഇപ്രാവശ്യം അതു ശരിയല്ലെന്ന് എനിക്കു തോന്നി. കണ്ട ഉടനെ എന്റെ രോഗത്തെപ്പറ്റിയാണ് അന്വേഷിച്ചത്. മറുപടി രണ്ടുമൂന്നു വാക്കിലൊക്കെ ഞാന്‍ ഒതുക്കി. കാന്‍സറിനു വളരെ ഫലപ്രദമായ ആയുര്‍വേദചികിത്സ നടത്തുന്ന ഒരു ഡോക്ടറെപ്പറ്റി അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വിദഗ്ദ്ധനാണദ്ദേഹം. പേരും പറഞ്ഞു. മലയാളിയല്ല. ഞാന്‍ പിന്നെ സമ്പര്‍ക്കം പുലര്‍ത്താമെന്നു പറഞ്ഞു. എളുപ്പം കാര്യം അവസാനിപ്പിച്ചു.
ഒടുവിലത്തെ ചടങ്ങ് തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. ‘ഈ ദശകത്തിലെ ലോകമലയാളി’ എന്ന ബഹുമതി രാഷ്ട്രപതിക്കു നല്‍കിയത്, വേള്‍ഡ് മലയാളി ഫൗണ്ടേഷന്റെ പ്രസിഡണ്ട് തകഴി ശിവശങ്കരപ്പിള്ളയാണ്. മനോഹരമായ കസവു തലപ്പാവ് നാരായണനു സമ്മാനിച്ചുകൊണ്ട് തകഴി പറഞ്ഞു: ”കിരീടം എന്നും ഈ ശിരസ്സിലുണ്ടാവട്ടെ.” മലയാളി, ഒന്നാം പൗരനാകുന്നത്, നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീശങ്കരനെയാണ്, താനിവിടെ ഉദ്ദേശിക്കുന്നതെന്നും തകഴി കൂട്ടിച്ചേര്‍ത്തു. ഈ ബഹുമതി രാഷ്ട്രപതിക്കു സമ്മാനിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും വികാരാധീനനായി തകഴി പ്രസ്താവിച്ചു.
മഹാനായ തകഴി ശിവശങ്കരപ്പിള്ളയുടെ കൈയില്‍നിന്നും ഒരു പുരസ്കാരം ലഭിച്ചതില്‍ തനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണിതെന്നും നാരായണന് പറഞ്ഞു. ജൂറി താനായിരുന്നെങ്കില്‍ ഈ സമ്മാനം തകഴിക്കു നല്‍കുമായിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി. തന്റെ അനശ്വരസാഹിത്യത്തിലൂടെ മലയാളികളെ രസിപ്പിക്കയും ഉയര്‍ന്ന ചിന്താമണ്ഡലത്തിലേക്കുയര്ത്തുകയും ചെയ്ത ആളാണ് തകഴിയെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ”അധികം മലയാളം പഠിക്കാന്‍ എനിക്കവസരം ലഭിച്ചിട്ടില്ല. ഇവിടെവച്ച് പഠിച്ചതൊക്കെയേ ഉള്ളു. പണ്ട് മദ്രാസ് സര്‍വ്വകലാശാല നല്കിയ ഒരു സ്വീകരണത്തില്‍ മഹാകവി വള്ളത്തോള്‍ പറഞ്ഞ കാര്യം എന്റെ ഓര്‍മ്മയിലുണ്ട്. സംഘാടകരില്‍ ഒരാളായിരുന്ന ഡോ. ചേലനാട്ട് അച്യുതമേനോന് മലയാളത്തില്‍ പിഎച്ച്.ഡി. എടുത്തത് ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍നിന്നാണ്. അതിന്റെ വൈരുദ്ധ്യത്തെപ്പറ്റിയാണ്, മഹാകവി പറഞ്ഞത്. അന്ന് അത് വലിയൊരു തമാശയായിരുന്നു. ഇന്നു ലോകം മുഴുവന്‍ മലയാളിയുണ്ട്. മലയാളവുമുണ്ട്. മലയാളം ഇന്നു ലോകഭാഷയായിരിക്കുന്നു.”
മലയാളി ഫൗണ്ടേഷന്റെ മെഡല്‍ രാഷ്ട്രപതിക്കു സമ്മാനിച്ചത് സാംസ്കാരിക വകുപ്പുമന്ത്രി ടി.കെ. രാമകൃഷ്ണനാണ്.