സുഗതകുമാരിയും ഒ.എന്‍.വി.യും അയ്യപ്പ പ്പണിക്കരും മലയാളത്തിലെ മറ്റൊരു കവിത്രയമാണ് എന്നും വിഷ്ണുനാരായണന്‍ നമ്പൂതിരി ഇവരോടു തോളുരുമ്മി നില്‍ക്കുന്നുവെന്നും അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ജൂലൈ 29, 1990
പുസ്തകം കൂടിപ്പോകുന്നുണ്ടെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ ജീവിക്കുന്നത് പുസ്തകത്തിന്റെ കൂടെയല്ലേ? അപ്പോള്‍ സ്വാഭാവികമായും പുസ്തകത്തിന് സ്വല്പം തൂക്കം കൂടും.
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസി(കെ.സി.സി.)ന്റെ പ്രസിദ്ധീകരണമാണ്”വെളിച്ചം തേടുന്നവര്‍’ എന്ന കവിതാസമാഹാരം. ഇത് ഏതാണ്ട് പള്ളിക്കാര്യമാണെന്ന് കരുതിക്കൂടായ്കയില്ല. ആ ധാരണ മാറ്റുക. ഒ.എന്‍.വി.കുറുപ്പ്, അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ചെമ്മനം ചാക്കോ, പുത്തന്‍കാവ് മാത്തന് തരകന്, ബാലചന്ദ്രന് ചുള്ളിക്കാട് തുടങ്ങി 21 പേരുടെ കവിതകള്‍. ഓരോ കവിതയ്ക്കും സാമാന്യം ദീര്‍ഘമായ മുഖക്കുറിപ്പ്; ഡോ. കെ. എം. തരകന്റെ അവതാരിക എന്നു പേരിട്ടിരിക്കുന്ന നീണ്ട പഠനവും. കെ.സി.സി.യും ‘കാസാ’യും (ചര്‍ച്ചസ് ഓക്സിലറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍) കൂടി തിരുവനന്തപുരത്തു സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിച്ചവയാണ് ഇതിലെ മിക്ക കവിതകളും.
മാങ്ങാനത്ത് കൂടിയ പ്രകാശനച്ചടങ്ങില്‍ കെ. എം. തരകനാണ് അദ്ധ്യക്ഷതവഹിച്ചത്. സഖറിയ മാര്‍ തിയോഫിലോസ് പ്രകാശനം നിര്‍വ്വ ഹിച്ചു. ക്രിസ്ത്യാനികള്‍ കവിതയില്‍ പിന്നോക്കമാണെന്ന് പറഞ്ഞ തരകന് ‘നന്നായി വായിച്ചു കേള്‍പ്പിച്ചാല്‍ ക്രിസ്ത്യാനിയും കവിത ആസ്വദിക്കും’ എന്നുകൂടി പറയുകയുണ്ടായി. സുഗതകുമാരിയും ഒ.എന്‍.വി.യും അയ്യപ്പ പ്പണിക്കരും മലയാളത്തിലെ മറ്റൊരു കവിത്രയമാണ് എന്നും വിഷ്ണുനാരായണന്‍ നമ്പൂതിരി ഇവരോടു തോളുരുമ്മി നില്‍ക്കുന്നുവെന്നും അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. കെ.സി.സി. സെക്രട്ടറി എം. കുര്യന്, സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ച ഒരു സംഗതി കേള്‍ക്കുക. മെത്രാന്മാരില് കവിത വായിക്കുന്നവരും, അഥവാ വായിച്ചാല്‍ ആസ്വദിക്കാന്‍ കഴിവുള്ളവരും ചുരുക്കമാണ്. ഇതില്‍നിന്ന് ഭിന്നമാണ്, സഖറിയ തിരുമേനിയുടെ അവസ്ഥ.
ഈ സമാഹാരത്തിലെ കവിതകളുടെ അന്തസ്സത്ത മനസ്സിലാക്കാന്‍ തരകന്റെ പഠനം സഹായിക്കുമെന്നു പറഞ്ഞ മാര്‍ സഖറിയാസ്, താന്‍ ആലുവ യു. സി. കോളേജില്‍ പഠിക്കുന്നകാലത്ത് ഒരു കവിത എഴുതിയ കഥ വിവരിച്ചു: ‘ഞാന്‍ ഒരിക്കലേ കവിത എഴുതിയിട്ടുള്ളു. വിദ്യാര്‍ത്ഥിസമരം കൊടുമ്പിരിക്കൊണ്ടുനില്‍ക്കുന്ന കാലം. എന്റെ കവിതയും പാടിക്കൊണ്ടു ഞങ്ങള്‍ ബസ്സിനുമുമ്പില് കിടന്ന് സമരംചെയ്തു. ആവശ്യത്തിനു തല്ലു കിട്ടി. അതോടെ കവിതയെഴുത്തു നിര്‍ത്തി.’
രണ്ടാമത്തെ പുസ്തകം ‘തുള്ളിമഴ’ ആണ്. കുങ്കുമം വായനക്കാര്‍ക്ക് പരിചയമുള്ള ജേക്കബ് സാംസണ് മുട്ടടയാണ് ഗ്രന്ഥകാരന്. ഉള്ളടക്കം കവിതതന്നെ. 200 കവിതയില്‍ കുറയില്ല. പക്ഷേ എല്ലാംകൂടി 108 പേജിലൊതുങ്ങും; അവതാരികയെന്നും മറ്റുമുള്ള പത്തിരുപതു പേജ് ഉള്‍പ്പെടെ. അവതാരികാകാരനായ വിഷ്ണുനാരായണന്നമ്പൂതിരിയാ യിരുന്നു അദ്ധ്യക്ഷന്‍. പ്രകാശനം നിര്‍വ്വഹിച്ചത് ഹാസസാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റുമായ സുകുമാര്‍. യോഗോദ്ഘാടനം നിര്‍വ്വഹിച്ചത് ആനന്ദക്കുട്ടനും. ചെമ്മനവും മറ്റും കവിതകള്‍ അവതരിപ്പിച്ചു. യോഗം തിരുവനന്തപുരത്തായിരുന്നു എന്നു പറയാന്‍ മറന്നുപോയി. അവിടെ ഒരു ഡെപ്യൂട്ടികളക്ടറുണ്ട് സനല്‍കുമാര്‍. കവിതയെഴുതും. നന്നായി ചൊല്ലും. ഭംഗിയായി പാടും. അദ്ദേഹവും ചടങ്ങില്‍ പങ്കെടുത്തു.
‘തുള്ളിമഴ’യിലെ ഒരു കവിതമാത്രം സാമ്പിളിന് ഇവിടെ ഉദ്ധരിക്കാം. കവിതയുടെ പേര് ‘ചെരിപ്പ്’. ആകെ നാലു വരിയേയുള്ളു.
‘പ്രാര്‍ത്ഥനകഴിഞ്ഞ് ഞാന്‍
നോക്കവേ ദേവാലയ
മുറ്റത്ത് വെച്ചോരെന്റെ
ചെരിപ്പു കാണുന്നില്ല.
ദൈവങ്ങളെല്ലാം കാലില്‍
ചെരിപ്പില്ലാതെനട
ക്കുന്നതിന് കാര്യമെനിക്ക
ങ്ങനെ വെളിവായി.’