(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും) ആഗസ്റ്റ് 8, 1988
8-8-’88നു വൈകിട്ട് 8 മണിക്കാണ് ഞാനിത് എഴുതാന്‍ തുടങ്ങുന്നത്. രാവിലെ എഴുതാമെന്നു വച്ചിരുന്നതാണ്. അതു മാറ്റാനുള്ള കാരണം പിന്നീട് പറയാം. നാല് ‘എട്ട്’ ഒരുമിച്ചെഴുതാന്‍ കഴിയുന്നത് ഈ നൂറ്റാണ്ടില്‍ ഇന്നുമാത്രമാണ്. ഇനി നൂറ് വര്‍ഷം കഴിഞ്ഞ്, 2088 ആഗസ്റ്റ് 8ന് ഇങ്ങനെ എഴുതാന്‍ കഴിയും. 9999 എന്നെഴുതാന്‍ ഈ നൂറ്റാണ്ടില്‍ത്തന്നെ നമുക്കു കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. പതിനൊന്നു വര്‍ഷംകൂടി കാത്തിരുന്നാല്‍ മതി. 7777 എന്നും നാം എഴുതിയിരുന്നു, പതിനൊന്നു വര്‍ഷം മുമ്പ്. ആറിന്റെയും അഞ്ചിന്റെയുമൊക്കെ കഥയും ഇങ്ങനെതന്നെ. പക്ഷേ ഇവിടെ എട്ടിന്റെ കാര്യമാണ് പറയുന്നത്. 8 ഭാഗ്യനമ്പറായി കരുതുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട്, ഈ ദുനിയാവില്; 13 നിര്‍ഭാഗ്യത്തിന്റെ നമ്പരായി കണക്കാക്കുന്നതുപോലെതന്നെ. എട്ടിന്റെ ആരാധകര്‍ ചൈനീസ് വംശജരായ സിംഗപ്പൂര്‍, ഹോങ്കോങ്, മലേഷ്യ നിവാസികളാണെന്നു തോന്നുന്നു.
ഹോങ്കോങ്ങിലെ ഒരു ചൈനീസ് ബിസിനസ്സ്കാരന് തന്റെ കാറിന് 8 എന്ന നമ്പര്‍ കിട്ടാന്‍വേണ്ടി 90 ലക്ഷം രൂപ മുടക്കിയത്രെ. സിംഗപ്പൂരില്‍ കാന്റണീസ് ഭാഷ സംസാരിക്കുന്ന ചൈനീസ് വംശജര്‍ക്ക് എട്ടിനോട് കൂടുതല്‍ പ്രേമം. അവരുടെ ഭാഷയില്‍ എട്ടിനു ‘പാറ്റ്’ എന്നാണ് പറയുക. പാറ്റിന് അര്‍ഥം ഐശ്വര്യം, സമൃദ്ധി എന്നൊക്കെയാണ്. അതുകൊണ്ട് അവര്‍ക്ക് 8 ഐശ്വര്യത്തിന്റെ പ്രതീകമാണ്. ഒരെട്ടു തന്നെ ഭാഗ്യമാണെങ്കില്‍ നാലെട്ടു കൂടിയാലത്തെ കാര്യം പറയാനുണ്ടോ. ‘അഷ്ടപ്രേമികള്’ തുള്ളിച്ചാടുകതന്നെചെയ്യും, ഇന്ന്. ഹോങ്കോങ്ങില്‍ ഇന്നു 300 വിവാഹങ്ങള്‍ നടക്കുന്നു. ക്വലാലംപൂരിലെ ഒരു ഹോട്ടലില്‍ പുരാതനമായ ചൈനീസ് സംഘനൃത്തം ഇന്നുരാത്രി 8.08നു തുടങ്ങും. ഞാനിതെഴുതുന്ന സമയത്ത് നൃത്തം നടക്കുകയാണ്. ഈ വര്‍ഷം എട്ടു വയസ്സു തികയുന്ന 88 കുട്ടികള്‍ക്ക് ‘ന്യൂസ് ട്രെയിറ്റ് ടൈംസ്’ എന്ന പത്രം എട്ടു നഗരങ്ങളില്‍ വിരുന്നു നല്‍കും. ഈ പത്രംതന്നെ ഇന്ന് 88 തികയുന്നവര്‍ക്കും സമ്മാനം നല്കുന്നു. ഇന്നു പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്കുമുണ്ട് സമ്മാനം. ഇങ്ങനെ നൂറുകൂട്ടം ഭ്രാന്തുകള്‍.
പക്ഷേ അങ്ങനെയങ്ങ് ഭ്രാന്ത് എന്നു പറയാമോ? വേണ്ട, ഞാന്‍ പറയുന്നില്ല. കാരണം എനിക്കുമുണ്ട് സ്വല്പം ഭ്രാന്ത്. അല്പം വ്യത്യസ്തമായ രീതിയിലാണെന്നു മാത്രം. ജനുവരി ഒന്ന്, ചിങ്ങം ഒന്ന് ഇതിനോടാണെനിക്കു പ്രേമം. ഞാനും മൂന്നാലു കൂട്ടുകാരുംകൂടി എന്‍.ബി.എസ്.തുടങ്ങിയത് (1945) ജനുവരി ഒന്നിനാണ്. പുതിയൊരു വീടു പണിതിട്ടു കേറിത്താമസിക്കാന്‍ മൂന്നുമാസം കാത്തിരുന്നു ഞാന്‍, ജനുവരി ഒന്നിന് (1964) വേണ്ടി. എന്റെ മകളുടെ കല്യാണം ചിങ്ങം ഒന്നിനാണു നടത്തിയത്. ഇക്കൊല്ലവും ചിങ്ങം ഒന്നിന്, കറന്റ് ബുക്സിന്റെ കോഴിക്കോട്ടെ രണ്ടാമത്തെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യാന്വച്ചിരുന്നു. (എങ്കിലും അപ്രതീക്ഷിതമായ കാരണങ്ങളാല്‍ അതു രണ്ടുമൂന്നു ദിവസംകൂടി മാറ്റേണ്ടിവന്നു). പല വര്‍ഷങ്ങളിലും പുസ്തക പ്രകാശനത്തിനു ഞാന്‍ ചിങ്ങം ഒന്ന് ഉപയോഗിച്ചിട്ടുണ്ട്. ഉദ്ഘാടന ങ്ങള്‍ക്കും മറ്റും എനിക്ക് പ്രിയപ്പെട്ട മറ്റൊരു ദിവസം ആഗസ്റ്റ് 15ആണ്—ഇന്ത്യയുടെ സ്വാതന്ത്ര്യദിനം. ഇങ്ങനെ ചെയ്യുമ്പോള്‍ പലപ്പോഴും ചില ‘വിശ്വാസി’കളായ സുഹൃത്തുക്കളുടെ ശകാരം കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. കാരണം, ആഗസ്റ്റ് 15 എന്നും കര്‍ക്കടകത്തിലേ വരൂ. കര്‍ക്കടകം നിര്‍ഭാഗ്യത്തിന്റെ മാസമാണത്രെ. (ഇപ്രാവശ്യത്തെ സ്വാതന്ത്ര്യദിനം കര്‍ക്കടകം 31 നാണ്. 32ം കൂടി കഴിഞ്ഞ് ആഗസ്റ്റ് 17നു വരും ചിങ്ങം ഒന്ന്.)
ലോകചരിത്രത്തില്‍തന്നെ ആഗസ്റ്റ് 8ന് ഒരു സ്ഥാനവും ഇല്ലെന്നാണ് ചരിത്രകാരന്മാര് പറയുന്നത്. 6നും 7നും 9നും ഒക്കെ പ്രാധാന്യമുണ്ടത്രെ. 1945ലെ ആഗസ്റ്റ് 6ഉം 9ഉം ലോകത്തിന്റെ ശപിക്കപ്പെട്ട ദിനങ്ങളായിരുന്നു. ആറാംതീയതി രാവിലെ 816നാണ് ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ അമേരിക്ക യു—േനിയം ബോംബു വര്‍ഷിച്ചത്. നിമിഷങ്ങള്‍ക്കകം മൂന്നരലക്ഷം ജനങ്ങള്‍ നിവസിച്ചിരുന്ന ആ നഗരം ചാമ്പലായി മാറി. 20 മൈല്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപറ്റി. ഒരു ലക്ഷത്തിലധികം പേര് ഉടനെ മരിച്ചു. ആഗസ്റ്റ് ഒമ്പ തിനു പകല്‍ 11 മണിക്ക് നാഗസാക്കി നഗരത്തിനുമേലും അമേരിക്കയുടെ പ്ലൂട്ടോണിയം ബോംബ് വീണു.
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ചരമദിനമാണ് ആഗസ്റ്റ് 7 (1941). ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ നിര്ണായകസമരമായിരുന്ന ക്വിറ്റിന്ത്യാസമരത്തിലെ ഏറ്റവും പ്രധാനദിനം ആഗസ്റ്റ് 9 ആണ് (1942). എങ്കിലും 7നും പ്രാധാന്യമുണ്ട്. ബോംബെയില്‍ അന്നുകൂടിയ എ.ഐ.സി.സി. സമ്മേളനമാണ്, വാര്ധായില് ജൂലൈ 14ന് വര്‍ക്കിങ് കമ്മറ്റി പാസ്സാക്കിയ പ്രമേയം അംഗീകരിച്ചത്. ജവാഹര്‍ലാല്‍ നെഹ്റു പ്രമേയം അവതരിപ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ പിന്താങ്ങി. ഗാന്ധിജിയുടെ പ്രസിദ്ധമായ ‘പ്രവര്‍ത്തിക്കുക; അല്ലെങ്കില്‍ മരിക്കുക’ (ഉീ ീൃ ഉശല) എന്ന മുദ്രാവാക്യം ബ്രിട്ടനെ ഞെട്ടിച്ചു. പ്രമേയത്തെപ്പറ്റി വിശദമായ ഒരു ചര്‍ച്ച 9ാം തീയതിക്കുവച്ചു. പക്ഷേ, അന്നു വെളുക്കുംമുമ്പ്, ഗാന്ധിജി ഉള്‍പ്പെടെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്തു. അതുകൊണ്ട് ക്വിറ്റിന്ത്യാസമരദിനമായി ആഗസ്റ്റ് 9 ആചരിക്കുന്നു.
ഇനി എട്ടിലേക്കുതന്നെ തിരിയെ വരാം. എട്ടിന്റെ കഥ പത്രങ്ങളില്‍ ഇന്നലെയും ഇന്നുമെല്ലാം കണ്ടപ്പോള്‍ എന്റെ ഓര്‍മയില്‍ വന്നത് ജൂലൈ 8ന്റെ കാര്യമാണ്. കേരളത്തിന് ആ എട്ട് ഒരു ദുര്‍ദിനമായിരുന്നു-പെരുമണ്‍ ദുരന്തത്തിന്റെ ഓര്മ വളരെ വര്‍ഷങ്ങള്‍ നമ്മുടെ മനസ്സില്‍ തങ്ങിനില്ക്കും. തീയതി മാത്രമല്ല എട്ട്. അപകടം സംഭവിച്ച സ്ഥലത്തിലുമുണ്ട് എട്ട്–‘അഷ്ടമുടി’ക്കായല്. ജൂലൈ 8ന്റെ ദുഃഖസ്മരണ രാവിലെ മനസ്സില്‍ പൊന്തിവന്നതുകൊണ്ടാണ് ഇത് എഴുതാന്‍ വൈകിട്ടത്തേക്കു മാറ്റിയത്. ഇന്ന് (ആഗസ്റ്റ് 8) വല്ല ദൗര്‍ഭാഗ്യവും ഉണ്ടാകുമോ എന്ന് ഭയം. ഏതായാലും വൈകിട്ടത്തെ ന്യൂസില്വരെ കുഴപ്പമൊന്നുമില്ല. 8888ന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. അമേരിക്കക്കാര്‍ എഴുതിയാലും ശരിയാകുമെന്നതാണു സംഗതി. നമ്മള് തീയതിമാസംആണ്ട് ഇങ്ങനെ എഴുതുമ്പോള്‍ അവര്‍ മാസംതീയതിആണ്ട് ഈ ക്രമത്തിലാണ് എഴുതുക. 1988 ആഗസ്റ്റ് 15ന് നമ്മള് 15-8-88 എന്ന് എഴുതുമ്പോള്‍ അവര്‍ 81588 എന്നാണെഴുതുക. എട്ടിന്റെയും കണക്കിന്റെയുമൊക്കെ കളി ഇവിടെ അവസാനിപ്പിക്കുകയാണ്.